عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
തല്‍ബിയത്തിന്‍റെ രൂപം
222 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما: ((أَنَّ تَلْبِيَةَ رَسُولِ اللَّهِ صلى الله عليه وسلم: لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لا شَرِيكَ لَكَ لَبَّيْكَ، إنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، لا شَرِيكَ لَكَ)) . قَالَ: وَكَانَ عَبْدُ اللَّهِ بْنُ عُمَرَ يَزِيدُ فِيهَا «لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، وَالرَّغْبَاءُ إلَيْكَ وَالْعَمَلُ» .
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നു: നിശ്ചയം അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ തൽബിയത്ത് ഇപ്രകാരമാണ്: لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لا شَرِيكَ لَكَ لَبَّيْكَ، إنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، لا شَرِيكَ لَكَ (അല്ലാഹുവേ, ഞാൻ നിന്‍റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. തീർച്ചയായും സർവ്വ സ്തുതിയും അനുഗ്രഹവും ആധിപത്യവും നിനക്കുള്ളതാണ്. നിനക്ക് യാതൊരു പങ്കുകാരനുമില്ല.)
നിവേദകൻ പറയുന്നു: അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما ഇതിൽ ഇപ്രകാരം കൂടി വർദ്ധിപ്പിക്കാറുണ്ടായിരുന്നു: «لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، وَالرَّغْبَاءُ إلَيْكَ وَالْعَمَلُ» (ഞാൻ നിന്‍റെ വിളിക്ക് വീണ്ടും വീണ്ടും ഉത്തരം നൽകുന്നു. നിന്‍റെ അനുസരണത്തിൽ ഞാൻ സൗഭാഗ്യം കണ്ടെത്തുന്നു. സർവ്വ നന്മകളും നിന്‍റെ കരങ്ങളിലാകുന്നു. നിന്നിലേക്കാണ് ആഗ്രഹങ്ങളും കർമ്മങ്ങളും സമർപ്പിക്കപ്പെടുന്നത്.)
(لَبَّيْكَ): നിനക്ക് പൂർണ്ണമായും വഴങ്ങിക്കൊണ്ടും കീഴ്പ്പെട്ടുകൊണ്ടും നിന്‍റെ ആരാധനയിലും അനുസരണത്തിലും ഞാൻ എപ്പോഴും നിലകൊള്ളുന്നു.
"ലബ്ബൈക്" (لبيك) എന്ന പദത്തിന്‍റെ വിവിധ അർത്ഥങ്ങൾ:
നിന്‍റെ വിളിക്ക് ഒന്നിനുപുറകെ ഒന്നായി ഞാൻ ഉത്തരം നൽകുന്നു.
എന്‍റെ ലക്ഷ്യവും ദിശയും നിന്നിലേക്ക് മാത്രമാകുന്നു.
നിന്നോടുള്ള എന്‍റെ നിഷ്കളങ്കത (ഇഖ്ലാസ്) ഞാന്‍ പ്രഖ്യാപിക്കുന്നു.
നിന്‍റെ അനുസരണത്തിൽ ഞാൻ എപ്പോഴും നിലകൊള്ളുന്നു.
(سَعْدَيْكَ): നിന്‍റെ അനുസരണത്തിൽ ഞാൻ സൗഭാഗ്യം കണ്ടെത്തുന്നു.
"സഅ്ദൈക്" (سعديْك) എന്ന പദത്തിന്‍റെ മറ്റു ചില അർത്ഥങ്ങൾ:
ഞങ്ങൾക്ക് ഒന്നിനുപുറകെ ഒന്നായി സൗഭാഗ്യം നൽകേണമേ.
നിന്‍റെ അനുസരണത്തിൽ സഹായത്തിന് മേൽ സഹായം നൽകേണമേ.
നിന്‍റെ അനുസരണത്തിലൂടെ എനിക്ക് ഒരു സൗഭാഗ്യത്തിന് ശേഷം വീണ്ടും സൗഭാഗ്യം നൽകേണമേ.
(الرَّغْبَاءُ): എല്ലാ നന്മകളും ആരുടെ പക്കലാണോ ഉള്ളത്, അവനോടുള്ള (അല്ലാഹുവോടുള്ള) അപേക്ഷയും തേട്ടവും.
നബി صلى الله عليه وسلم ഹജ്ജിന്‍റെയും ഉംറയുടെയും നിയമങ്ങളും ചര്യകളും മര്യാദകളും തന്‍റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്ന ഈ ഹദീസിൽ നബി صلى الله عليه وسلم യുടെ തല്‍ബിയത്തിനെ കുറിച്ച് വിവരിക്കുന്നു, ഹജ്ജിന്‍റെ മഹത്തായ അടയാളങ്ങളിലൊന്നായ തൽബിയത്ത് ഉച്ചത്തിൽ ചൊല്ലുന്നതിലൂടെ അല്ലാഹുവിന്‍റെ ഏകത്വത്തെ (തൗഹീദ്) പ്രഖ്യാപിക്കുകയും, അല്ലാഹു തന്‍റെ അടിമകളെ ആദരിച്ചുകൊണ്ട് അവരെ തന്‍റെ ഭവനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു എന്ന സന്ദേശം നൽകുകയും ചെയ്യുന്നു.
"لَبَّيْكَ اللَّهُمَّ لَبَّيْكَ..." എന്ന വചനം അല്ലാഹുവിന്‍റെ വിളിക്കുള്ള ആവർത്തിച്ചുള്ള ഉത്തരവും അവനോടുള്ള വിധേയത്വവുമാണ്. ഇതിലെ " لا شَرِيكَ لَكَ " (നിനക്ക് പങ്കുകാരില്ല) എന്ന പ്രഖ്യാപനം അല്ലാഹുവിന്‍റെ 'റബ്ബ്' എന്ന നിലയിലുള്ള അധികാരത്തിലും (റുബൂബിയ്യത്ത്), ആരാധനയിലുള്ള അർഹതയിലും (ഉലൂഹിയ്യത്ത്), അവന്‍റെ നാമഗുണവിശേഷങ്ങളിലും (അസ്മാഉ വസ്സിഫാത്ത്) ഒരേപോലെ ബാധകമാണ്. സൃഷ്ടികളിൽ ആർക്കും തന്നെ അല്ലാഹുവിന്‍റെ അനുവാദമില്ലാതെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ലെന്ന് ഇത് പ്രഖ്യാപിക്കുന്നു. ജാഹിലിയ്യാ കാലഘട്ടത്തിലെ തൽബിയത്തിൽ നിലനിന്നിരുന്ന ശിർക്കിനെ തുടച്ചുനീക്കി തൗഹീദിനെ ശുദ്ധീകരിക്കാനാണ് ഇസ്‌ലാം വന്നത്. ചുരുക്കത്തിൽ, തൽബിയത്ത് തൗഹീദിന്‍റെ മൂന്ന് വശങ്ങളെയും ഉൾക്കൊള്ളുന്നു: ആരാധനയിലെ ഏകത്വം (ഉലൂഹിയ്യത്ത്), പരമാധികാരത്തിലെ ഏകത്വം (റുബൂബിയ്യത്ത്), നാമഗുണവിശേഷങ്ങളിലെ ഏകത്വം. ഇപ്രകാരം തൽബിയത്ത് ഹജ്ജിന്‍റെ ഏകത്വ പ്രഖ്യാപനമായും, ഇബ്റാഹീം നബി عليه السلام വഴി അല്ലാഹു നൽകിയ വിളിക്ക് വിശ്വാസി നൽകുന്ന ഉത്തരമായും മാറുന്നു.
നബി صلى الله عليه وسلم ചൊല്ലിയിരുന്ന തൽബിയത്തിന്‍റെ അർത്ഥം ഇപ്രകാരമാണ്: "അല്ലാഹുവേ, ഞാൻ നിന്‍റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. തീർച്ചയായും സർവ്വ സ്തുതിയും അനുഗ്രഹവും ആധിപത്യവും നിനക്കുള്ളതാണ്. നിനക്ക് യാതൊരു പങ്കുകാരനുമില്ല."
ഇബ്നു ഉമർ رضي الله عنهما ഇതിൽ ചില വാചകങ്ങൾ കൂടി ചേർക്കാറുണ്ടായിരുന്നു, അത്:
«لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، وَالرَّغْبَاءُ إلَيْكَ وَالْعَمَلُ»
അര്‍ഥം:
"ഞാൻ നിന്‍റെ വിളിക്ക് വീണ്ടും വീണ്ടും ഉത്തരം നൽകുന്നു. നിന്‍റെ അനുസരണത്തിൽ ഞാൻ സൗഭാഗ്യം കണ്ടെത്തുന്നു. സർവ്വ നന്മകളും നിന്‍റെ കരങ്ങളിലാകുന്നു. നിന്നിലേക്കാണ് ആഗ്രഹങ്ങളും കർമ്മങ്ങളും സമർപ്പിക്കപ്പെടുന്നത്.)"
ഈ വചനങ്ങൾ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما തൽബിയത്തിൽ വർദ്ധിപ്പിച്ചതാണ്. അദ്ദേഹത്തെ കൂടാതെ മറ്റ് ചില സ്വഹാബികളിൽ നിന്നും തൽബിയത്തിൽ സമാനമായ ചില വാചകങ്ങൾ വർദ്ധിപ്പിച്ചത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം നന്മയിലെ വർദ്ധനവായാണ് പരിഗണിക്കപ്പെടുന്നത്. സ്വഹാബികൾ ഇപ്രകാരം തൽബിയത്തിൽ മാറ്റങ്ങൾ വരുത്തി ചൊല്ലുമ്പോൾ നബി صلى الله عليه وسلم അത് വിലക്കിയിരുന്നില്ല എന്ന് സ്വഹീഹായ ഹദീസുകളിൽ (ബുഖാരി, മുസ്‌ലിം) സ്ഥിരപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥിരപ്പെട്ട രൂപങ്ങള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്.
قال القاضي عياض رحمه الله تعالى: فيه إشارة إلى ما روي من زيادة الناس في التلبية من الثناء والذكر كما روي في ذلك عن عمر رضي الله عنه أنه كان يزيد لبيك ذا النعماء والفضل الحسن لبيك مرهوبا منك ومرغوبا اليك وعن بن عمر رضي الله عنه لبيك وسعديك والخير بيديك والرغباء إليك والعمل وعن أنس رضي الله عنه لبيك حقا تعبدا ورقا قال القاضي قال أكثر العلماء المستحب الاقتصار على تلبية رسول الله صلى الله عليه وسلم وبه قال مالك والشافعي والله أعلم- شرح النووي على مسلم : 8/174
ക്വാളി ഇയാള് رحمه الله പറയുന്നു: ജനങ്ങൾ തൽബിയത്തിൽ വർദ്ധിപ്പിക്കാറുള്ള സ്തുതികളെയും ദിക്റുകളെയും കുറിച്ച് ഈ ഹദീസിൽ സൂചനയുണ്ട്. ഉമർ رضي الله عنه തൽബിയത്തിൽ ഇപ്രകാരം വർദ്ധിപ്പിക്കാറുണ്ടായിരുന്നു: "لبيك ذا النعماء والفضل الحسن لبيك مرهوبا منك ومرغوبا اليك." ഇബ്നു ഉമർ رضي الله عنهما - لبيك وسعديك والخير بيديك والرغباء إليك والعمل എന്ന് വർദ്ധിപ്പിച്ചതും, അനസ് رضي الله عنه - لبيك حقا تعبدا ورقا എന്ന് ചൊല്ലിയതും ഇതിന് ഉദാഹരണങ്ങളാണ്. എങ്കിലും മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ നബി صلى الله عليه وسلم ചൊല്ലിയ തൽബിയത്ത് വചനങ്ങളിൽ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഏറ്റവും ഉത്തമം (മുസ്തഹബ്ബ്); ഇമാം മാലിക് رحمه الله, ഇമാം ശാഫിഈ رحمه الله തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണ്. [شرح النووي على مسلم 8/174].

No comments:
Post a Comment