ഫോളോ ചെയ്യാം

Wednesday, 11 February 2026

478 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 218 دروس الحديث - ഹജ്ജിന്‍റെ മീഖാത്തുകള്‍

 

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ഹജ്ജിന്‍റെ മീഖാത്തുകള്‍

كتابُ الحجِّ

ഹജ്ജ്

بابُ المواقيتِ

മീഖാത്തുകള്‍

218 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما: ((أَنَّ رَسُولَ اللهِ صلى الله عليه وسلم وَقَّتَ لأَهْلِ الْمَدِينَةِ: ذَا الْحُلَيْفَةِ. وَلأَهْلِ الشَّامِ: الْجُحْفَةَ. وَلأَهْلِ نَجْدٍ: قَرْنَ الْمَنَازِلِ. وَلأَهْلِ الْيَمَنِ: يَلَمْلَمَ. هُنَّ لَهُمْ وَلِمَنْ أَتَى عَلَيْهِنَّ مِنْ غَيْرِ أَهْلِهِنَّ، مِمَّنْ أَرَادَ الْحَجَّ أَوْ الْعُمْرَةَ. وَمَنْ كَانَ دُونَ ذَلِكَ: فَمِنْ حَيْثُ أَنْشَأَ، حَتَّى أَهْلُ مَكَّةَ مِنْ مَكَّةَ)) .

അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما വിൽ നിന്ന് നിവേദനം: «റസൂൽ صلى الله عليه وسلم മദീനക്കാർക്ക് 'ദുൽ ഹുലൈഫ'യെയും, ശാംകാർക്ക് 'അൽ-ജുഹ്ഫ'യെയും, നജ്ദുകാർക്ക് 'ഖർനുൽ മനാസിലി'നെയും, യമൻകാർക്ക് 'യലംലമി'നെയും മീഖാത്തുകളായി നിശ്ചയിച്ചു കൊടുത്തു. ഹജ്ജിനെയോ ഉംറയെയോ ഉദ്ദേശിച്ചു വരുന്ന ആ സ്ഥലക്കാർക്കും, ആ സ്ഥലങ്ങൾ വഴി കടന്നുപോകുന്ന മറ്റുള്ളവർക്കും അവ മീഖാത്തുകളാകുന്നു. ഇനി ആരെങ്കിലും ഈ സ്ഥലങ്ങളുടെ ഉള്ളിലാണ് താമസിക്കുന്നതെങ്കിൽ, അവൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് തന്നെ ഇഹ്‌റാം കെട്ടേണ്ടതാണ്. അങ്ങനെ മക്കയിലുള്ളവർ മക്കയിൽ നിന്ന് തന്നെ ഇഹ്‌റാം കെട്ടണം.»

المواقيت: ഹജ്ജിനും ഉംറയ്ക്കും എത്തുന്നവർ ഇഹ്‌റാം കെട്ടേണ്ടുന്ന ഭൂമിശാസ്ത്രപരമായ അതിരുകളെയാണ് മീഖാത്ത് എന്ന് പറയുന്നത്.


വിവരണം

മീഖാത്തുകളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും

  • ദുൽ ഹുലൈഫ (ذو الحليفة): മദീനക്കാരുടെ മീഖാത്താണിത്. നിലവിൽ ഇത് 'അബ്‌യാർ അലി' എന്നറിയപ്പെടുന്നു. മക്കയിൽ നിന്ന് ഏകദേശം 430 കിലോമീറ്റർ അകലെയാണിത്.

  • അൽ-ജുഹ്ഫ (الجحفة): ഈജിപ്ത്, ശാം, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ മീഖാത്താണിത്.  'റാബഗ്' എന്ന സ്ഥലത്തിന് സമീപമാണ് ഇത്. മക്കയിൽ നിന്ന് ഏകദേശം 201 കിലോമീറ്റർ അകലമുണ്ട്. 

  • യലംലം (يلملم): യമൻകാരുടെയും, ഇന്ത്യ, ചൈന, ജാവ (ഇന്തോനേഷ്യ) തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെയും മീഖാത്താണിത്. മക്കയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണിത്.

  • ഖർനുൽ മനാസിൽ (قرن المنازل): ത്വാഇഫ്, നജ്ദ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ മീഖാത്താണിത്. ഇന്ന് ഇത് 'അസ്സൈലുൽ കബീർ' എന്നറിയപ്പെടുന്നു. മക്കയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണിത്.

  • ദാത്തു ഇർഖ് (ذات عِرْق): ഇറാഖ്, ഇറാൻ തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിൽ നിന്ന് വരുന്നവരുടേതാണിത്. നിലവിൽ ഇത് 'അദ്ളരീബ' എന്നറിയപ്പെടുന്നു. മക്കയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയാണിത്. ദാത്തു ഇർഖ് ഈ മീഖാത്ത് ഉമർ رضي الله عنه നിശ്ചയിച്ചതാണെന്നതാണ് പ്രബലമായ അഭിപ്രായം. 

  ഉമർ رضي الله عنه തന്‍റെ അറിവിൽ പ്രവാചക ഹദീസ് എത്താതിരുന്ന സാഹചര്യത്തിൽ സ്വന്തം നിലക്ക് ഇജ്തിഹാദ് ചെയ്യുകയും ഇറാഖുകാർക്കായി 'ദാത്തു ഇർഖ്' (ذات عرق) മീഖാത്തായി നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആ നിഗമനം പ്രവാചക സുന്നത്തിന് കൃത്യമായി യോജിച്ചുവന്നു.

    ബസറയിലെയും കൂഫയിലെയും ജനങ്ങൾ ഉമർ رضي الله عنه വിന്‍റെ അടുക്കൽ വന്ന് പരാതിപ്പെട്ടു: "(നജ്ദ്കാരുടെ മീഖാത്തായ) ഖർനുൽ മനാസിൽ ഞങ്ങളുടെ വഴിയിൽ നിന്ന് അകലെയാണ്. അവിടേക്ക് പോകുന്നത് ഞങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നു." അപ്പോൾ ഉമർ رضي الله عنه തന്‍റെ ഇജ്തിഹാദിലൂടെ അവർക്കായി 'ദാത്തു ഇർഖ്' നിശ്ചയിച്ചു കൊടുത്തു. ആ സമയത്ത് ഈ വിഷയത്തിലുള്ള പ്രവാചക വചനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എങ്കിലും ആയിഷ رضي الله عنها, ജാബിർ رضي الله عنه, ഇബ്നു അബ്ബാസ് رضي الله عنهما എന്നിവർ നിവേദനം ചെയ്ത ഹദീസുകളോട് അദ്ദേഹത്തിന്‍റെ നിഗമനം പൂർണ്ണമായും ഒത്തുവന്നു.

    ഹജ്ജിന് പോകുന്നവർ ഇഹ്‌റാം കെട്ടേണ്ടുന്ന കൃത്യമായ അതിരുകൾ (മവാഖീത്തുൽ മക്കാനിയ്യ) നിശ്ചയിക്കപ്പെട്ടു.  ഇവയുടെ വിശദമായ വിധികൾ നബി صلى الله عليه وسلم യുടെ സുന്നത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍ رضي الله عنهما നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം: ഒരാൾ മസ്ജിദുന്നബവിയിൽ വെച്ച് അല്ലാഹുവിന്‍റെ റസൂലിനോട് ചോദിച്ചു: "ഞങ്ങൾ എവിടെ നിന്നാണ് ഇഹ്‌റാം ആരംഭിച്ച് തൽബിയത്ത് ചൊല്ലേണ്ടത്?" അപ്പോൾ നബി صلى الله عليه وسلم മദീനക്കാർക്ക് ദുൽ ഹുലൈഫ എന്ന സ്ഥലത്ത് നിന്ന് ഇഹ്‌റാം ആരംഭിക്കാൻ കൽപ്പിച്ചു. ഇത് മദീനയ്ക്ക് പുറത്ത് മക്കയിലേക്കുള്ള വഴിയിലുള്ള സ്ഥലമാണ്. മക്കയിൽ നിന്ന് ഏകദേശം 420 കി.മീ ദൂരെയുള്ള ഇത് മീഖാത്തുകളിൽ വെച്ച് ഏറ്റവും ദൂരെയുള്ള സ്ഥലമാണ്. ശാം ഭാഗത്ത് നിന്ന് വരുന്നവർക്ക് അൽ-ജുഹ്ഫ നിശ്ചയിച്ചു. ഇത് റാബിഗിനടുത്തുള്ള ഒരു ഗ്രാമമാണ് (മക്കയിൽ നിന്ന് ഏകദേശം 190 കി.മീ ദൂരം ആണ് റാബഗ് എന്ന സ്ഥലത്തേക്ക്). നജ്ദ് ഭാഗത്തുള്ളവർക്ക് ഖർനുൽ മനാസിൽ (ഇപ്പോൾ 'അസ്സൈലുൽ കബീർ' എന്നറിയപ്പെടുന്നു) നിശ്ചയിച്ചു. ഇത് ത്വാഇഫിന് വടക്കായി സ്ഥിതിചെയ്യുന്നു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ഉൾപ്പെടുന്ന ഉൾപ്രദേശങ്ങളാണ് നജ്ദ്. യമൻകാർക്ക് യലംലം (മക്കയ്ക്ക് തെക്ക് 85 കി.മീ) മീഖാത്തായി നബി صلى الله عليه وسلم നിശ്ചയിച്ചു.

    ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: "ഹദീസിൽ പരാമർശിച്ച ഈ പേരുകളല്ല ഇപ്പോൾ നിലവിലുള്ളത്. ദുൽ ഹുലൈഫ ഇപ്പോൾ 'അബ്‌യാർ അലി' എന്നും, ജുഹ്ഫ ഇപ്പോൾ 'റാബിഗ്' എന്നും, യലംലം 'അസ്സഅ്ദിയ്യ' എന്നും, ഖർനുൽ മനാസിൽ 'അസ്സൈലുൽ കബീർ' എന്നും, ദാത്തു ഇർഖ് 'അള്ളരീബ' എന്നുമാണ് അറിയപ്പെടുന്നത്. എങ്കിലും അല്ലാഹുവിന് സ്തുതി, ആ സ്ഥലങ്ങൾ മാറ്റമില്ലാതെ ഇന്നും മുസ്‌ലിംങ്ങൾക്കിടയിൽ സുപരിചിതമായിത്തന്നെ നിലനിൽക്കുന്നു." [അശ്ശര്‍ഹ് അൽ-മുമ്തിഅ് (7/46)].

  • ((هُنَّ لَهُمْ)) (അവ അവർക്കുള്ളതാണ്): അതായത്, ഈ മീഖാത്തുകൾ ഹദീസിൽ പരാമർശിച്ച ആ നാടുകാർക്കും അവിടത്തെ നിവാസികൾക്കും വേണ്ടിയുള്ളതാണ്. നബി صلى الله عليه وسلم യുടെ മറ്റൊരു റിപ്പോർട്ടിൽ "അവ അവിടത്തുകാർക്കുള്ളതാണ്" എന്നും വന്നിട്ടുണ്ട്.

  • ((وَلِمَنْ أَتَى عَلَيْهِنَّ مِنْ غَيْرِ أَهْلِهِنَّ)) (ആ സ്ഥലക്കാരല്ലാത്തവർ ആ വഴി വന്നാലും): അതായത്, ഒരാൾ ആ നാട്ടുകാരനല്ലെങ്കിലും ആ മീഖാത്ത് വഴി കടന്നുപോവുകയാണെങ്കിൽ അവനും അവിടെ നിന്ന് ഇഹ്‌റാം കെട്ടാവുന്നതാണ്. തന്‍റെ യഥാർത്ഥ മീഖാത്തുകളിൽ തന്നെ പോകണമെന്ന് നിർബന്ധമില്ല. ഉദാഹരണത്തിന്, ഒരു ശാംകാരൻ ഖർനുൽ മനാസിൽ വഴിയോ, ഒരു നജ്ദ്‌കാരൻ മദീനയിലെ ദുൽ ഹുലൈഫ വഴിയോ ആണ് വരുന്നതെങ്കിൽ അവർക്ക് ആ സ്ഥലങ്ങളിൽ നിന്ന് ഇഹ്‌റാം കെട്ടാവുന്നതാണ്.

  • ((وَمَنْ كَانَ دُونَ ذَلِكَ: فَمِنْ حَيْثُ أَنْشَأَ)) (അതിന് ഉള്ളിലായി ജീവിക്കുന്നവരാണെങ്കില്‍ അവർ താമസിക്കുന്നിടത്ത് നിന്ന്): അതായത്, ഒരാളുടെ വീട് ഈ മീഖാത്തുകൾക്കും മക്കക്കും ഇടയിലാണെങ്കിൽ (ഉദാഹരണത്തിന്: ജിദ്ദ, ഖുലൈസ്, ഉസ്ഫാൻ തുടങ്ങിയ പ്രദേശങ്ങൾ), അവർ തങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് തന്നെ ഇഹ്‌റാം കെട്ടേണ്ടതാണ്.

    മക്കയിൽ സ്ഥിരതാമസമാക്കിയവരോ, ഹജ്ജ് കഴിഞ്ഞ് മക്കയിൽ തുടരുന്നവരോ, അല്ലെങ്കിൽ നേരത്തെ ഒരു ഉംറ കഴിഞ്ഞ് മക്കയിൽ നിൽക്കുന്നവരോ ആയ വ്യക്തികൾ വീണ്ടും ഒരു ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ മക്കയിൽ നിന്ന് ഇഹ്‌റാം ചെയ്യാൻ പാടില്ല. പകരം, അവർ ഹറം പരിധിക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോയി അവിടെ നിന്ന് നിയ്യത്ത് ചെയ്ത് ഇഹ്‌റാം കെട്ടേണ്ടതുണ്ട്. ഉദാഹരണത്തിന്: തൻഈം (التنعيم): ഇതിനെയാണ് സാധാരണയായി 'മസ്ജിദ് ആയിഷ' എന്ന് വിളിക്കുന്നത്. മക്കയിൽ നിന്ന് ഏറ്റവും അടുത്തുള്ള ഹറം പരിധിക്ക് പുറത്തുള്ള സ്ഥലമാണിത്. ജുഅ്‌റാന (الجعرانة): നബി صلى الله عليه وسلم ഉംറക്കായി ഇഹ്‌റാം ചെയ്ത മറ്റൊരു സ്ഥലമാണിത്. അറഫാത്ത് (عرفات): ഹറം പരിധിക്ക് പുറത്തുള്ള മറ്റൊരു സ്ഥലം. ഇതുപോലെ ഹറം പരിധിക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്ത് എത്തി ഇഹ്‌റാം വസ്ത്രം ധരിച്ച് ഉംറക്കുള്ള നിയ്യത്ത് വെക്കുകയും തൽബിയത്ത് ചൊല്ലി മക്കയിലേക്ക് പ്രവേശിക്കുകയും ചെയ്യണം. 

    ആഇശ رضي الله عنها ഉംറ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ, അവരെയും സഹോദരൻ അബ്ദുറഹ്മാൻ ബിൻ അബൂബക്കറിനെയും നബി صلى الله عليه وسلم ഹറമിന് പുറത്തുള്ള 'തൻഈമിലേക്ക്' അയക്കുകയും അവിടെ നിന്ന് ഇഹ്‌റാം ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു എന്നത് ഇതിന് തെളിവാണ്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഹജ്ജിനോ ഉംറക്കോ ഉദ്ദേശിക്കുന്നവർ നബി صلى الله عليه وسلم നിശ്ചയിച്ച അഞ്ച് മീഖാത്തുകൾ കടക്കുന്നതിന് മുൻപ് ഇഹ്‌റാം ചെയ്യൽ നിർബന്ധമാണ്. മീഖാത്തിന് ശേഷം ഇഹ്‌റാം ചെയ്യുന്നത് കുറ്റകരമാണ്.

2- ഇഹ്‌റാം എന്നാൽ കേവലം വസ്ത്രം ധരിക്കലല്ല, മറിച്ച് ആരാധനയിൽ പ്രവേശിക്കുന്നു എന്ന 'നിയ്യത്ത്' ആണ്. ഒരാൾക്ക് വീട്ടിൽ നിന്ന് വസ്ത്രം ധരിക്കാമെങ്കിലും മീഖാത്തിലെത്തിയ ശേഷമേ നിയ്യത്ത് ചെയ്യാവൂ. മീഖാത്തിൽ നിന്ന് കുളിക്കുന്നത് സുന്നത്താണ്.

3- ഒരാൾ തന്‍റെ നാട്ടിലെ മീഖാത്ത് വഴിയല്ല വരുന്നതെങ്കിൽ, അയാൾ ഏത് മീഖാത്ത് വഴിയാണോ കടന്നുപോകുന്നത് അവിടെ നിന്ന് ഇഹ്‌റാം ചെയ്താൽ മതിയാകും. ഇത് ശരീഅത്തിലെ വലിയൊരു എളുപ്പമാണ്.

4- മീഖാത്തുകൾക്കും മക്കക്കും ഇടയിൽ താമസിക്കുന്നവർ (ഉദാഹരണത്തിന് ജിദ്ദയിലുള്ളവർ) അവർ താമസിക്കുന്ന സ്ഥലത്ത് നിന്ന് തന്നെ ഇഹ്‌റാം ചെയ്യണം.

5- മക്കയിലുള്ളവർ ഹജ്ജിന് മക്കയിൽ നിന്ന് തന്നെ ഇഹ്‌റാം ചെയ്യണം. എന്നാൽ ഉംറക്കായി അവർ ഹറം പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ (ഉദാഹരണത്തിന് തൻഈം) പോയി ഇഹ്‌റാം ചെയ്യൽ നിർബന്ധമാണ്.

6- കച്ചവടത്തിനോ സന്ദർശനത്തിനോ വേണ്ടി മക്കയിൽ പോകുന്നവർക്ക് (ഹജ്ജോ ഉംറയോ ഉദ്ദേശിക്കുന്നില്ലെങ്കിൽ) ഇഹ്‌റാം നിർബന്ധമില്ല എന്നതാണ് പ്രബലമായ അഭിപ്രായം.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...