عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇഅ്തികാഫിലിരിക്കുമ്പോൾ അനുവദനീയമായവ
215 - عَنْ عَائِشَةَ رضي الله عنها:
((أَنَّهَا كَانَتْ تُرَجِّلُ النَّبِيَّ صلى الله عليه وسلم وَهِيَ حَائِضٌ،
وَهُوَ مُعْتَكِفٌ فِي الْمَسْجِدِ. وَهِيَ فِي حُجْرَتِهَا: يُنَاوِلُهَا
رَأْسَهُ)) .
وَفِي رِوَايَةٍ: ((وَكَانَ لا يَدْخُلُ الْبَيْتَ إلاَّ لِحَاجَةِ الإِنْسَانِ))
.
وَفِي رِوَايَةٍ أَنَّ عَائِشَةَ رضي الله عنها قَالَتْ «إنْ كُنْتُ لأَدْخُلُ
الْبَيْتَ لِلْحَاجَةِ وَالْمَرِيضُ فِيهِ. فَمَا أَسْأَلُ عَنْهُ إلاَّ وَأَنَا
مَارَّةٌ» . الترجيل: تسريح الشعر. أهـ
ആഇശ رضي الله عنها വിൽ നിന്ന് നിവേദനം: "അവർ ആർത്തവാവസ്ഥയിലായിരിക്കെ നബി صلى الله عليه وسلم മസ്ജിദിൽ ഇഅ്തികാഫിലിരിക്കുമ്പോൾ നബി صلى الله عليه وسلم യുടെ തല ചീകിക്കൊടുക്കാറുണ്ടായിരുന്നു. അവർ തന്‍റെ മുറിയിലായിരിക്കെ നബി صلى الله عليه وسلم തന്‍റെ തല അവർക്ക് നീട്ടിക്കൊടുക്കുമായിരുന്നു."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "മനുഷ്യസഹജമായ ആവശ്യങ്ങൾക്കല്ലാതെ (മലമൂത്രവിസർജനം പോലുള്ളവ) അദ്ദേഹം വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു."
മറ്റൊരു റിവായത്തിൽ ആഇശ رضي الله عنها പറയുന്നു: "ആവശ്യങ്ങൾക്കായി ഞാൻ വീട്ടിൽ പ്രവേശിക്കുമ്പോൾ അവിടെ രോഗിയുണ്ടാകും; എന്നാൽ നടന്നുപോകുന്നതിനിടയിലല്ലാതെ (അവിടെ തങ്ങിനിന്ന്) ഞാൻ അവരെക്കുറിച്ച് അന്വേഷിക്കാറില്ലായിരുന്നു."
(الترجيل): മുടി ചീകി ഒതുക്കൽ.
(حاجة الإنسان): മലമൂത്രവിസർജനം പോലുള്ള മനുഷ്യന്‍റെ അത്യാവശ്യ കാര്യങ്ങൾ.
വിവരണം
യഹൂദർക്കിടയിൽ ഒരു സ്ത്രീ ആർത്തവാവസ്ഥയിലായാൽ അവർ അവളെ വീട്ടിൽ നിന്ന് പുറത്താക്കുകയും അവളോടൊപ്പം ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ വീട്ടിൽ ഒന്നിച്ച് താമസിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ നമ്മുടെ ശരീഅത്തിൽ, ആർത്തവകാരിയെ അല്ലാഹു നിശ്ചയിച്ച ഈ സ്വാഭാവിക അവസ്ഥയുടെ പേരിൽ മാറ്റിനിർത്തുന്നില്ല; അവളുടെ ശരീരം ശുദ്ധമാണ്, അശുദ്ധിയുള്ള രക്തവും അത് പുരണ്ട വസ്തുക്കളും സ്ഥലങ്ങളുമാണ് നിഷിദ്ധമായിട്ടുള്ളത്.
താബിഈ പണ്ഡിതനായ ഹിശാം ബിൻ ഉർവ رحمه الله തന്‍റെ പിതാവായ ഉർവതു ബ്നു സുബൈറിനോട് ഒരാൾ ഇപ്രകാരം ചോദിച്ചതായി നിവേദനം ചെയ്യുന്നു: "ആർത്തവകാരിയോ ജനാബത്തുകാരോ (ഉറക്കത്തിലോ അല്ലാതെയോ ഇന്ദ്രിയസ്ഖലനം സംഭവിച്ചവർ) സേവനം ചെയ്യുന്നതോ അടുത്തിരിക്കുന്നതോ അനുവദനീയമാണോ?" ആർത്തവകാരിയോ ജനാബത്തുകാരോ സേവനം ചെയ്യുന്നതിലോ അടുത്തിരിക്കുന്നതിലോ യാതൊരു പ്രയാസമോ കുറ്റമോ ഇല്ലെന്ന് ഉർവ رضي الله عنه വ്യക്തമാക്കി. തുടർന്ന് അദ്ദേഹം ആഇശ رضي الله عنها യുടെ അനുഭവം ഉദ്ധരിച്ചു: നബി صلى الله عليه وسلم പള്ളിയിൽ ഇഅ്തികാഫിലായിരിക്കെ, ആഇശ رضي الله عنها ആർത്തവാവസ്ഥയിലായിരുന്നിട്ടും നബി صلى الله عليه وسلم യുടെ മുടി ചീകിക്കൊടുക്കാറുണ്ടായിരുന്നു. നബി صلى الله عليه وسلم പള്ളിയിൽ ഇരുന്നുകൊണ്ട് തന്നെ തന്‍റെ തല മുറിയിലേക്കുവച്ച് നീട്ടിക്കൊടുക്കും (മുറി പള്ളിയോട് ചേർന്നായിരുന്നു). അവർ ആർത്തവകാരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നബി صلى الله عليه وسلم ഇപ്രകാരം ചെയ്തിരുന്നത്.
ആർത്തവകാരി ഭർത്താവിനെയോ മറ്റോ സേവിക്കുന്നതും അവരുടെ ശുചിത്വ കാര്യങ്ങളിൽ സഹായിക്കുന്നതും അനുവദനീയമാണ്. ഇഅ്തികാഫിലിരിക്കുന്ന ആൾ തന്‍റെ തലയോ കൈയോ കാലോ പള്ളിക്ക് പുറത്തേക്ക് നീട്ടിയാൽ ഇഅ്തികാഫ് മുറിയില്ല. പല പണ്ഡിതന്മാരും ഇതിൽ നിന്ന് ഒരു തത്വം രൂപപ്പെടുത്തി: ഒരു സ്ഥലത്ത് നിന്ന് പുറത്തുപോകില്ല എന്ന് സത്യം ചെയ്ത ആൾ, ശരീരത്തിന്‍റെ ഒരു ഭാഗം മാത്രം പുറത്തേക്ക് നീട്ടിയാൽ അയാൾ സത്യം ലംഘിച്ചവനാകില്ല.
"മനുഷ്യസഹജമായ ആവശ്യങ്ങൾക്കല്ലാതെ നബി صلى الله عليه وسلم വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു" എന്ന വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് മലമൂത്രവിസർജനം പോലുള്ള ഒഴിവാക്കാനാവാത്ത കാര്യങ്ങളാണ്. ഇത്തരം ആവശ്യങ്ങൾക്കായി പള്ളിയിൽ നിന്ന് പുറത്തുപോകുന്നത് ഇഅ്തികാഫിനെ ബാധിക്കില്ല. എന്നാൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നത് ഇഅ്തികാഫിനെ തടയുന്നതാണ്. ആഇശ رضي الله عنها യുടെ മറ്റൊരു നിവേദനത്തിൽ സൂചിപ്പിക്കുന്നത്, അവർ വീട്ടിൽ പ്രവേശിക്കുമ്പോൾ രോഗികളുണ്ടെങ്കിൽ നടന്നുപോകുന്നതിനിടയിൽ അല്ലാതെ, പ്രത്യേകം അവിടെ തങ്ങിനിന്ന് രോഗവിവരങ്ങൾ അന്വേഷിക്കാറില്ലായിരുന്നു എന്നാണ്. ഇത് അനാവശ്യമായി ഇഅ്തികാഫ് സ്ഥലത്തുനിന്ന് മാറിനിൽക്കാതിരിക്കാനുള്ള ജാഗ്രതയെ സൂചിപ്പിക്കുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നബി صلى الله عليه وسلم യുടെ ഉത്തമമായ സ്വഭാവവും തന്‍റെ പത്നിമാരുടെ അവസ്ഥകൾ പരിഗണിക്കുന്നതിലെ കാരുണ്യവും ഇതിൽ ദൃശ്യമാണ്.
2- ആർത്തവകാരിയുടെ ശരീരം ശുദ്ധമാണെന്നതിനും അവൾ സ്പർശിക്കുന്ന വസ്തുക്കൾ അശുദ്ധമാകില്ലെന്നതിനും ഇത് തെളിവാണ്.
3- ആർത്തവകാരിയായ സ്ത്രീ ഭർത്താവിന്‍റെ തല കഴുകിക്കൊടുക്കുന്നതും മുടി ചീകിക്കൊടുക്കുന്നതും അനുവദനീയമാണ്.
4- ഇഅ്തികാഫിലിരിക്കുന്ന ആൾ തന്‍റെ തലയോ കൈയോ കാലോ പള്ളിക്ക് പുറത്തേക്ക് നീട്ടിയാൽ ഇഅ്തികാഫ് മുറിയില്ല.
5- ആർത്തവകാരിയായ സ്ത്രീയുടെ സേവനം സ്വീകരിക്കൽ അനുവദനീയമാണ്.
6- മലമൂത്രവിസർജനം പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഇഅ്തികാഫിലിരിക്കുന്ന ആൾ പള്ളിയിൽ നിന്ന് പുറത്തുപോകരുത്.
7- ഇഅ്തികാഫിലിരിക്കുന്ന ആൾക്ക് മുടി ചീകൽ അനുവദനീയമാണ്. അതുപോലെ ശുചിത്വം പാലിക്കൽ, സുഗന്ധം പൂശൽ, കുളിക്കൽ, മുടി കളയൽ, അലങ്കരിക്കൽ എന്നിവയും ഇതിനോട് ചേർക്കാവുന്നതാണ്; പള്ളിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഇതിൽ പെടില്ല.
8- ഇഅ്തികാഫിലിരിക്കുന്ന ആൾക്ക് നിഷിദ്ധമായ 'സമ്പർക്കം' എന്നത് ലൈംഗികബന്ധവും അതിലേക്ക് നയിക്കുന്ന കാര്യങ്ങളുമാണ്.
9- ആർത്തവകാരിയായ സ്ത്രീ പള്ളിയിൽ പ്രവേശിക്കാൻ പാടില്ല. ആര്‍ത്തവ സമയത്തെ നിഷിദ്ധങ്ങള്‍ ഏതൊക്കെയെന്ന് സ്ത്രീ അറിഞ്ഞിരിക്കണം.
10- ഇഅ്തികാഫിലിരിക്കുന്ന ആൾക്ക് രോഗിയെ സന്ദര്‍ശിക്കല്‍ അനുവദനീയമല്ല. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പള്ളിയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ വഴിയില്‍ വെച്ച് രോഗിയെ കണ്ടാല്‍ സുഖവിവരം അന്വേഷിക്കാവുന്നതാണ്.
No comments:
Post a Comment