عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇഹ്റാമിലെ പ്രായശ്ചിത്തം
بابُ الفِدْيَةِ
ഫിദ്‌യ
224 - عَنْ عَبْدِ اللَّهِ بْنِ مَعْقِلٍ قَالَ: (جَلَسْتُ إلَى كَعْبِ بْنِ عُجْرَةَ. فَسَأَلَتْهُ عَنِ الْفِدْيَةِ؟
فَقَالَ: نَزَلَتْ فِي خَاصَّةً، وَهِيَ لَكُمْ عَامَّةً. حُمِلْتُ إلَى رَسُولِ
اللَّهِ صلى الله عليه وسلم وَالْقَمْلُ يَتَنَاثَرُ عَلَى وَجْهِي. فَقَالَ:
مَا كُنْتُ أُرَى الْوَجَعَ بَلَغَ بِكَ مَا أَرَى - أَوْ مَا كُنْتُ أُرَى
الْجَهْدَ بَلَغَ بِكَ مَا أَرَى - أَتَجِدُ شَاةً؟ فَقُلْتُ: لا. فَقَالَ: صُمْ
ثَلاثَةَ أَيَّامٍ، أَوْ أَطْعِمْ سِتَّةَ مَسَاكِينَ، لِكُلِّ مِسْكِينٍ نِصْفَ
صَاعٍ) .
وَفِي رِوَايَةٍ: (فَأَمَرَهُ رَسُولُ اللَّهِ صلى الله عليه وسلم أَنْ
يُطْعِمَ فَرَقاً بَيْنَ سِتَّةٍ، أَوْ يُهْدِيَ شَاةً، أَوْ يَصُومَ ثَلاثَةَ
أَيَّامٍ) .
അബ്ദുല്ലാഹിബ്നു മഅ്ഖിൽ رحمه الله പറയുന്നു: "ഞാൻ കഅ്ബ് ബിൻ ഉജ്‌റ رضي الله عنه യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് (ഹജ്ജിലെ) ഫിദ്‌യയെ (പ്രായശ്ചിത്തം) കുറിച്ച് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'ആ വിധി (ഖുർആൻ വചനം) പ്രത്യേകമായി എന്‍റെ കാര്യത്തിലാണ് ഇറങ്ങിയത്. എന്നാൽ അത് നിങ്ങൾക്ക് എല്ലാവർക്കും പൊതുവായുള്ളതാണ്. (ഹജ്ജിനിടെ തലയിലെ അസുഖം കാരണം) എന്‍റെ മുഖത്തിലൂടെ പേനുകൾ ഉതിർന്നുവീഴുന്ന അവസ്ഥയിൽ എന്നെ റസൂലുല്ലാഹി صلى الله عليه وسلم യുടെ അടുത്തേക്ക് കൊണ്ടുചെല്ലപ്പെട്ടു. അപ്പോൾ റസൂല്‍ صلى الله عليه وسلم ചോദിച്ചു: നിന്‍റെ വേദന (അസുഖം) ഞാൻ ഈ കാണുന്ന അത്രത്തോളം നിന്നെ ബാധിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല- അല്ലെങ്കിൽ- നിന്‍റെ പ്രയാസം ഞാൻ ഈ കാണുന്ന അത്രത്തോളം എത്തിയിട്ടുണ്ടാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. നിനക്ക് ഒരു ആടിനെ അറുക്കാൻ കഴിയുമോ? ഞാൻ പറഞ്ഞു: ഇല്ല. അപ്പോൾ റസൂല്‍ صلى الله عليه وسلم പറഞ്ഞു: "എങ്കിൽ നീ മൂന്ന് ദിവസം നോമ്പെടുക്കുക, അല്ലെങ്കിൽ ആറ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക; ഓരോരുത്തർക്കും അര സ്വാഅ് വീതം."
മറ്റൊരു നിവേദനത്തിൽ ഇപ്രകരം കൂടിയുണ്ട്: "ആറ് പേർക്കിടയിലായി ഒരു 'ഫറഖ്' (ധാന്യം) വിതരണം ചെയ്യാനോ, അല്ലെങ്കിൽ ഒരു ആടിനെ ബലി നൽകാനോ, അല്ലെങ്കിൽ മൂന്ന് ദിവസം നോമ്പെടുക്കാനോ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അദ്ദേഹത്തോട് കൽപ്പിച്ചു."
الجَهْد: പ്രയാസം
الفَرَق: മൂന്ന് സ്വാഉകള്‍ ഉള്‍ക്കൊള്ളുന്ന അളവ് പാത്രം
വിശുദ്ധ ഇസ്‌ലാം മതം ജനങ്ങൾക്ക് പ്രയാസകരമായ കാര്യങ്ങളിൽ അവർക്ക് എളുപ്പമുണ്ടാക്കി നൽകുകയും, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവർക്ക് പകരമായി ചെയ്യാവുന്ന കാര്യങ്ങൾ വിശദീകരിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.
ഈ ഹദീസിൽ താബിഈ ആയ അബ്ദുല്ലാഹിബ്നു മഅ്ഖിൽ رحمه الله ഇപ്രകാരം വിവരിക്കുന്നു: അദ്ദേഹം കൂഫയിലെ പള്ളിയിൽ വെച്ച് സ്വഹാബിയായ കഅ്ബ് ബിൻ ഉജ്‌റ رضي الله عنه വിനോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ അല്ലാഹുവിന്‍റെ ഈ വചനത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു:
فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ- البقرة : 196
{അതുകൊണ്ട് ആർക്കെങ്കിലും നോമ്പിലൂടെയോ ധർമ്മത്തിലൂടെയോ ബലികർമ്മത്തിലൂടെയോ പ്രായശ്ചിത്തം (ഫിദ്‌യ) നൽകാവുന്നതാണ്} [അൽ-ബഖറ: 196].
അപ്പോൾ കഅ്ബ് ബിൻ ഉജ്‌റ رضي الله عنه തനിക്കുണ്ടായ അനുഭവം വിവരിച്ചുകൊണ്ട് മറുപടി നൽകി. അദ്ദേഹം പറഞ്ഞു: "പേനുകൾ എന്‍റെ മുഖത്തേക്ക് ഉതിർന്നുവീഴുന്ന അവസ്ഥയിൽ എന്നെ നബി صلى الله عليه وسلم യുടെ അടുത്തേക്ക് കൊണ്ടുചെല്ലപ്പെട്ടു. എന്നെ ഈ അവസ്ഥയില്‍ കണ്ടപ്പോൾ നബി صلى الله عليه وسلم ചോദിച്ചു: 'നിന്‍റെ നിന്‍റെ പ്രയാസം ഞാൻ ഈ കാണുന്ന അത്രത്തോളം എത്തിയിട്ടുണ്ടാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.' തുടർന്ന് നബി صلى الله عليه وسلم ചോദിച്ചു: 'നിനക്ക് ഒരു ആടിനെ കണ്ടെത്താൻ കഴിയുമോ?' (ഇഹ്‌റാമിൽ നിഷിദ്ധമായ ഒരു കാര്യം ചെയ്തതിനുള്ള പ്രായശ്ചിത്തമായി അറുക്കാനുള്ള ആട്. ഇവിടെ പേൻശല്യം ഒഴിവാക്കാൻ തല മുണ്ഡനം ചെയ്യുന്നതിനാണ് ഈ ഫിദ്‌യ). കഅ്ബ് رضي الله عنه പറഞ്ഞു: 'എനിക്ക് അതിന് കഴിയില്ല' (അതായത് എന്‍റെ കൈവശം ആടോ അല്ലെങ്കിൽ അത് വാങ്ങാനുള്ള പണമോ ഇല്ല).
അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തോട് പറഞ്ഞു: 'എങ്കിൽ നീ മൂന്ന് ദിവസം നോമ്പെടുക്കുക' (തല മുണ്ഡനം ചെയ്യുന്നതിന് പകരമായി. ഇത് ഖുർആനിലെ 'നോമ്പിലൂടെ' എന്ന വചനത്തിന്‍റെ വിശദീകരണമാണ്). 'അല്ലെങ്കിൽ ആറ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക' (ഇത് ഖുർആനിലെ 'ധർമ്മത്തിലൂടെ' എന്ന വചനത്തിന്‍റെ വിശദീകരണമാണ്). ഓരോ പാവപ്പെട്ടവനും അര സ്വാഅ് വീതം ഭക്ഷണം നൽകണം. എന്നിട്ട് നീ നിന്‍റെ തല മുണ്ഡനം ചെയ്യുക.
തുടർന്ന് കഅ്ബ് ബിൻ ഉജ്‌റ رضي الله عنه തന്നോട് ചോദിച്ച ആളോട് (അബ്ദുല്ലാഹിബ്നു മഅ്ഖിൽ رحمه الله) പറഞ്ഞു: ഈ സൂക്തം (ആയത്ത്) പ്രത്യേകമായി എന്നെ സംബന്ധിച്ചാണ് ഇറങ്ങിയതെങ്കിലും, ഇത് മുസ്‌ലീംകള്‍ക്ക് എല്ലാവർക്കും പൊതുവായുള്ളതാണ്. അതായത്, ഈ വിധി അനുസരിച്ചുള്ള പ്രവർത്തനം അന്ത്യനാൾ വരെയുള്ള എല്ലാ ജനങ്ങൾക്കും ബാധകമാണ്."
ഹദീസിൽ പറയുന്ന 'ഫിദ്‌യ' എന്നത് പ്രത്യേകമായി "ഫിദ്‌യത്തുൽ അദ" (ശാരീരിക പ്രയാസമോ രോഗമോ കാരണം ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ നൽകേണ്ട പ്രായശ്ചിത്തം) ആണ്. ഖുർആനിലെ അൽ-ബഖറ സൂക്തം (196) ആണ് ഇതിന്‍റെ അടിസ്ഥാനം.
ഈ പ്രായശ്ചിത്തം ചെയ്യുന്നതിൽ വിശ്വാസിക്ക് മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇത് ഹദീസിലെ 'أو' (അല്ലെങ്കിൽ) എന്ന പദത്തിൽ നിന്ന് വ്യക്തമാണ്.
- ഒരു ആടിനെ അറുക്കുക.
മൂന്ന് ദിവസം നോമ്പെടുക്കുക.
ആറ് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക.
ഈ സംഭവം നടന്നത് ഹുദൈബിയ സന്ധി നടന്ന വർഷത്തിലാണ്. കഅ്ബ് رضي الله عنه അന്ന് മക്കയുടെ പരിധിക്ക് പുറത്തായിരുന്നു. അപ്പോള്‍ നബി صلى الله عليه وسلم അവിടെ (ഹുദൈബിയ്യയില്‍) വെച്ച് തന്നെ ആ ഫിദ്‌യ നൽകാൻ കൽപ്പിച്ചു. ഇതിൽ നിന്ന് ഹറമിന് പുറത്ത് വെച്ചും ഈ ഫിദ്‌യ നിർവ്വഹിക്കാമെന്ന് പണ്ഡിതന്മാർ മനസ്സിലാക്കുന്നു.
ഈ വചനം ഇറങ്ങിയത് കഅ്ബ് رضي الله عنه വിന്‍റെ പ്രത്യേക സാഹചര്യത്തിലാണെങ്കിലും, ഇതിലെ വിധി അന്ത്യനാൾ വരെയുള്ള എല്ലാ മുസ്‌ലീംകൾക്കും ബാധകമാണ്.
ലൈംഗിക ബന്ധം ഒഴികെയുള്ള ഇഹ്‌റാമിലെ മിക്ക നിഷിദ്ധങ്ങൾക്കും (മുടി കളയുക, നഖം വെട്ടുക, തുന്നിയ വസ്ത്രം ധരിക്കുക, സുഗന്ധം ഉപയോഗിക്കുക) ഈ ഹദീസിൽ പറഞ്ഞ ഫിദ്‌യ തന്നെയാണ് ബാധകം. എന്നാൽ ലൈംഗിക ബന്ധത്തിന് കഠിനമായ പ്രായശ്ചിത്തമാണുള്ളത്.
ഭക്ഷണം നല്‍കുകയാണെങ്കില്‍ ആറ് പാവപ്പെട്ടവർക്കായി മൂന്ന് 'സ്വാഅ്' ഭക്ഷണമാണ് നൽകേണ്ടത്. അതായത് ഓരോ പാവപ്പെട്ടവനും അര സ്വാഅ് (ഏകദേശം 1.5 കിലോയോളം) വീതം നൽകണം.
ഹാഫിള് (ഇബ്നു ഹജർ) رحمه الله പറഞ്ഞു: "(ഫറഖ് എന്നത്) മദീനയിൽ അറിയപ്പെട്ട ഒരു അളവുപാത്രമാണ്. അത് 16 റാത്തൽ തൂക്കത്തിന് തുല്യമാണ്. അഹ്മദും മറ്റുള്ളവരും നിവേദനം ചെയ്ത ഇബ്നു ഉയൈനയുടെ റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: 'ഒരു ഫറഖ് എന്നത് മൂന്ന് സ്വാഅ് ആണ്.' മുസ്‌ലിം നിവേദനം ചെയ്ത അബൂ ഖിലാബ - ഇബ്നു അബീ ലൈല വഴിയുള്ള റിപ്പോർട്ടിൽ ഇപ്രകാരം വന്നിരിക്കുന്നു: 'അല്ലെങ്കിൽ ആറ് പാവപ്പെട്ടവർക്കായി മൂന്ന് സ്വാഅ് ഈത്തപ്പഴം വിതരണം ചെയ്യുക.'" (ഫത്ഹുല്‍ ബാരി 4/16)
ഫിദ്‌യയായി നൽകുന്ന ആടിന്‍റെ മാംസമോ ഭക്ഷണമോ അത് നൽകുന്ന ആൾക്ക് (ഹാജിക്ക്) ഭക്ഷിക്കാൻ പാടുള്ളതല്ല. അത് പാവപ്പെട്ടവർക്ക് മാത്രം അവകാശപ്പെട്ടതാണ്.

No comments:
Post a Comment