عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ആരാധനകളില്‍ മിതത്വം പാലിക്കല്‍
بَابُ أَفْضَلِ الصِّيَامِ وَغَيْرِهِ
ഏറ്റവും ഉത്തമമായ നോമ്പും മറ്റും
വിവരിക്കുന്ന അധ്യായം
203 - عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ
الْعَاصِ رضي الله عنهما قَالَ: ((أُخْبِرَ رَسُولُ اللَّهِ صلى الله عليه وسلم أَنِّي أَقُولُ: وَاَللَّهِ لأَصُومَنَّ النَّهَارَ، وَلأَقُومَنَّ اللَّيْلَ
مَا عِشْتُ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: أَنْتَ الَّذِي
قُلْتَ ذَلِكَ؟ فَقُلْتُ لَهُ: قَدْ قُلْتُهُ، بِأَبِي أَنْتَ وَأُمِّي.
فَقَالَ: فَإِنَّكَ لا تَسْتَطِيعُ ذَلِكَ. فَصُمْ وَأَفْطِرْ، وَقُمْ وَنَمْ.
وَصُمْ مِنْ الشَّهْرِ ثَلاثَةَ أَيَّامٍ فَإِنَّ الْحَسَنَةَ بِعَشْرِ أَمْثَالِهَا.
وَذَلِكَ مِثْلُ صِيَامِ الدَّهْرِ. قُلْتُ: فَإِنِّي أُطِيقُ أَفْضَلَ مِنْ
ذَلِكَ. قَالَ: فَصُمْ يَوْماً وَأَفْطِرْ يَوْمَيْنِ. قُلْتُ: أُطِيقُ أَفْضَلَ
مِنْ ذَلِكَ. قَالَ: فَصُمْ يَوْماً وَأَفْطِرْ يَوْماً. فَذَلِكَ مِثْلُ صِيَامِ
دَاوُد. وَهُوَ أَفْضَلُ الصِّيَامِ. فَقُلْتُ: إنِّي أُطِيقُ أَفْضَلَ مِنْ
ذَلِكَ. قَالَ: لا أَفْضَلَ مِنْ ذَلِكَ)) .
وَفِي رِوَايَةٍ: ((لا صَوْمَ فَوْقَ صَوْمِ أَخِي دَاوُد - شَطْرَ الدَّهْرِ -
صُمْ يَوْماً وَأَفْطِرْ يَوْماً)) .
അബ്ദുല്ലാഹിബ്‌നു അംറ് ബിൻ ആസ് رضي الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം പകൽ മുഴുവൻ നോമ്പ് നോൽക്കുമെന്നും രാത്രി മുഴുവൻ നിന്ന് നമസ്‌കരിക്കുമെന്നും ഞാൻ പറഞ്ഞതായി അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യെ ആരോ അറിയിച്ചു. അപ്പോൾ റസൂൽ صلى الله عليه وسلم (എന്നോട്) ചോദിച്ചു: 'നീയാണോ ഇപ്രകാരം പറഞ്ഞത്?' ഞാൻ പറഞ്ഞു: 'അങ്ങേക്കായി എന്‍റെ മാതാപിതാക്കൾ സമർപ്പിക്കപ്പെടട്ടെ, അതെ ഞാൻ അത് പറഞ്ഞിട്ടുണ്ട്.'
അപ്പോൾ റസൂൽ صلى الله عليه وسلم പറഞ്ഞു: 'നിനക്ക് അതിന് സാധിക്കുകയില്ല. അതിനാൽ നീ നോമ്പ് നോൽക്കുകയും (ചിലപ്പോൾ) ഒഴിവാക്കുകയും ചെയ്യുക; രാത്രിയിൽ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക. മാസത്തിൽ മൂന്ന് ദിവസം നോമ്പ് നോൽക്കുക; തീർച്ചയായും ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലമുണ്ട്. അത് വർഷം മുഴുവൻ നോമ്പ് നോൽക്കുന്നതിന് തുല്യമാണ്.'
ഞാൻ പറഞ്ഞു: 'എനിക്ക് അതിനേക്കാൾ ഉത്തമമായത് ചെയ്യാൻ കഴിവുണ്ട്.' അദ്ദേഹം പറഞ്ഞു: 'എങ്കിൽ ഒരു ദിവസം നോമ്പ് നോൽക്കുകയും രണ്ട് ദിവസം ഒഴിവാക്കുകയും ചെയ്യുക.' ഞാൻ വീണ്ടും പറഞ്ഞു: 'എനിക്ക് അതിനേക്കാൾ ഉത്തമമായത് ചെയ്യാൻ കഴിവുണ്ട്.' റസൂൽ صلى الله عليه وسلم പറഞ്ഞു: 'എങ്കിൽ ഒരു ദിവസം നോമ്പ് നോൽക്കുകയും അടുത്ത ദിവസം ഒഴിവാക്കുകയും ചെയ്യുക. അത് ദാവൂദ് നബി عليه السلام മിന്‍റെ നോമ്പിനെ പോലെയാണ്. അതാണ് ഏറ്റവും ഉത്തമമായ നോമ്പ്.' ഞാൻ വീണ്ടും പറഞ്ഞു: 'എനിക്ക് അതിനേക്കാൾ ഉത്തമമായത് ചെയ്യാൻ കഴിവുണ്ട്.' അപ്പോൾ റസൂൽ صلى الله عليه وسلم പറഞ്ഞു: 'അതിനേക്കാൾ ഉത്തമമായ മറ്റൊന്നില്ല.'"
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം വന്നിരിക്കുന്നു: «എന്‍റെ സഹോദരൻ ദാവൂദിന്‍റെ നോമ്പിനേക്കാൾ ഉത്തമമായ മറ്റൊരു നോമ്പില്ല - അതായത് വര്‍ഷത്തിന്‍റെ പകുതി - നീ ഒരു ദിവസം നോമ്പ് നോൽക്കുകയും അടുത്ത ദിവസം ഒഴിവാക്കുകയും ചെയ്യുക.»
(شطر الدهر): വര്‍ഷത്തിന്‍റെ പകുതി.
നബി صلى الله عليه وسلم അല്ലാഹുവിനെ ഏറ്റവും കൂടുതൽ ആരാധിക്കുന്നവരും അവന്‍റെ പ്രീതിക്കായി സദാ പരിശ്രമിക്കുന്നവരുമായിരുന്നു. എങ്കിലും, ആരാധനകളിൽ എളുപ്പമുള്ള രീതി സ്വീകരിക്കാനും സ്വന്തം ശരീരത്തെ അമിതമായി ബുദ്ധിമുട്ടിക്കാതെ ഇഹലോകവും പരലോകവും സമന്വയിപ്പിച്ചു കൊണ്ടുപോകാനുമാണ് നബി صلى الله عليه وسلم നമ്മെ പഠിപ്പിച്ചത്.
അബ്ദുല്ലാഹിബ്‌നു അംറ് ബിൻ ആസ്വ് رضي الله عنهما വിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട സംഭവമാണ് ഈ ഹദീസില്‍ ഉള്ളത്. അദ്ദേഹത്തിന്‍റെ പിതാവ് അംറ് ബിൻ ആസ്വ് رضي الله عنه ഉന്നത കുടുംബത്തിൽപ്പെട്ട ഒരു സ്ത്രീയെ മകന്‍ അബ്ദുല്ല رضي الله عنه വിന് വിവാഹം ചെയ്തുകൊടുത്തു. പിതാവ് തന്‍റെ മരുമകളെ സന്ദർശിക്കുകയും മകന്‍റെ പെരുമാറ്റത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ അവർ പറഞ്ഞു: "അദ്ദേഹം നല്ലൊരാളാണ്, പക്ഷേ ഞങ്ങൾ ഇവിടെ വന്നത് മുതൽ അദ്ദേഹം ഞങ്ങളുടെ വിരിപ്പിൽ കിടക്കുകയോ ദാമ്പത്യബന്ധത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല." ആരാധനകളിൽ മുഴുകിയത് കാരണം മകൻ ഭാര്യയുടെ അവകാശങ്ങൾ അവഗണിക്കുന്നുവെന്ന് മനസ്സിലാക്കിയ അംറ് رضي الله عنه ഈ വിവരം നബി صلى الله عليه وسلم യോട് പറഞ്ഞു.
നബി صلى الله عليه وسلم അബ്ദുല്ല رضي الله عنه വിനെ വിളിച്ചു ചോദിച്ചു: "നീ എങ്ങനെയാണ് നോമ്പ് നോൽക്കുന്നത്?" അദ്ദേഹം പറഞ്ഞു: "എല്ലാ ദിവസവും." "എങ്ങനെയാണ് ഖുർആൻ ഖത്'മ് തീർക്കുന്നത്?" അദ്ദേഹം പറഞ്ഞു: "എല്ലാ രാത്രിയും ഓരോ ഖത്'മ്." അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തോട് മാസത്തിൽ മൂന്ന് ദിവസം മാത്രം നോമ്പ് നോൽക്കാനും മാസത്തിലൊരിക്കൽ ഖുർആൻ ഖത്'മ് തീർക്കാനും നിർദ്ദേശിച്ചു. തനിക്ക് അതിൽ കൂടുതൽ ചെയ്യാൻ കരുത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, ആഴ്ചയിൽ മൂന്ന് നോമ്പ് എന്ന നിലയിലേക്കും പിന്നീട് ദാവൂദ് നബി عليه السلام മിന്‍റെ നോമ്പ് രീതിയിലേക്കും (ഒരു ദിവസം നോമ്പ്, അടുത്ത ദിവസം ഒഴിവാക്കുക) നബി صلى الله عليه وسلم അദ്ദേഹത്തെ എത്തിച്ചു. ഖുർആൻ ആഴ്ചയിലൊരിക്കൽ ഖത്'മ് തീർക്കാനും നിർദ്ദേശിച്ചു.
വാർദ്ധക്യ സഹജമായ ബലഹീനതകൾ ബാധിച്ചപ്പോൾ, അന്ന് നബി صلى الله عليه وسلم നൽകിയ ഇളവുകൾ സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് അബ്ദുല്ല رضي الله عنه ആഗ്രഹിക്കുമായിരുന്നു. എങ്കിലും നബി صلى الله عليه وسلم മരിക്കുമ്പോൾ താൻ ഏത് ആരാധനാക്രമത്തിലായിരുന്നോ അത് ഉപേക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അതിനാൽ വാർദ്ധക്യത്തിൽ പകൽ സമയം ഖുർആൻ പാരായണം ചെയ്ത് രാത്രിയിലേക്ക് തയ്യാറെടുക്കുകയും, ശാരീരികമായി തളരുമ്പോൾ ചില ദിവസങ്ങളിൽ നോമ്പ് ഒഴിവാക്കുകയും പിന്നീട് അത്രയും ദിവസങ്ങൾ പകരമായി നോറ്റ് വീട്ടുകയും ചെയ്ത് അദ്ദേഹം തന്‍റെ വാഗ്ദാനം പാലിച്ചു പോന്നു.

No comments:
Post a Comment