ഫോളോ ചെയ്യാം

Sunday, 1 February 2026

468 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 208 دروس الحديث - രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ നോമ്പെടുക്കല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ നോമ്പെടുക്കല്‍

208 - عَنْ أَبِي عُبَيْدٍ مَوْلَى ابْنِ أَزْهَرَ وَاسْمُهُ سَعْدُ بْنُ عُبَيْدٍ قَالَ: ((شَهِدْت الْعِيدَ مَعَ عُمَرَ بْنِ الْخَطَّابِ رضي الله عنه فَقَالَ: هَذَانِ يَوْمَانِ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ صِيَامِهِمَا: يَوْمُ فِطْرِكُمْ مِنْ صِيَامِكُمْ، وَالْيَوْمُ الآخَرُ: تَأْكُلُونَ فِيهِ مِنْ نُسُكِكُمْ)) .

ഇബ്നു അസ്ഹറിന്‍റെ മൗലയായ അബൂ ഉബൈദ് (സഅ്ദ് ബിൻ ഉബൈദ്) നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: "ഉമർ ബ്നുല്‍ ഖത്താബ് رضي الله عنه നോടൊപ്പം ഞാൻ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഈ രണ്ട് ദിവസങ്ങളിൽ നോമ്പ് നോൽക്കുന്നത് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم വിലക്കിയിരിക്കുന്നു. നിങ്ങളുടെ നോമ്പ് അവസാനിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ദിവസവും, നിങ്ങളുടെ ഉദ്‌ഹിയ്യത്തില്‍ നിന്ന് നിങ്ങൾ ആഹാരം കഴിക്കുന്ന  (ഈദുൽ അദ്ഹാ) ദിവസവുമാണവ."

വിവരണം

 സ്വഹാബത്ത് തങ്ങളുടെ ദീനീപരവും ഭൗതികവുമായ സകല കാര്യങ്ങളും നബി صلى الله عليه وسلم  യില്‍ നിന്നാണ് സ്വീകരിച്ചിരുന്നത്. നബി صلى الله عليه وسلم യുടെ വാക്കുകളും പ്രവൃത്തികളുമാണ് അവരുടെ പ്രമാണവും മാതൃകയും. താബിഈ പ്രമുഖനായ അബൂ ഉബൈദ് (സഅ്ദ് ബിൻ ഉബൈദ്) ഉമറു ബ്നുല്‍  ഖത്താബ് رضي الله عنه, ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه, അലിയ്യു ബ്നു അബീ ത്വാലിബ് رضي الله عنه എന്നിവരോടൊപ്പം പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കെടുത്ത അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. 

    ഉമർ رضي الله عنه തന്‍റെ ഖുതുബയിൽ രണ്ട് ദിവസങ്ങളിലെ നോമ്പ് നബി صلى الله عليه وسلم വിലക്കിയതായി ഓർമ്മിപ്പിച്ചു; ചെറിയ പെരുന്നാൾ ദിനവും ബലി പെരുന്നാൾ ദിനവുമാണവ. 

    അല്ലാഹു മുസ്‌ലിംകൾക്കായി നിശ്ചയിച്ച ഈ രണ്ട് ആഘോഷദിനങ്ങളും മഹത്തായ ആരാധനകളുമായി ബന്ധപ്പെട്ടതാണ്. നോമ്പ് പെരുന്നാൾ റമദാനിലെ നോമ്പ് പൂർത്തിയാക്കിയതിന്‍റെ നന്ദിസൂചകമായി അല്ലാഹു നല്‍കിയ സമ്മാനമാണെങ്കില്‍, ബലി പെരുന്നാൾ അല്ലാഹുവിന്‍റെ കല്പനപ്രകാരം ബലിമൃഗങ്ങളെ അറുത്ത് അതിന്‍റെ മാംസം ഭക്ഷിക്കാനുള്ള ദിവസമാണ്. ആരാധനകൾ അല്ലാഹു നിശ്ചയിച്ച പരിധിയിൽ നിൽക്കുമ്പോഴാണ് അത് സ്വീകാര്യമാകുന്നത്. 

    റമദാനിൽ പകൽ ഭക്ഷണം ഉപേക്ഷിക്കൽ ആരാധനയായതുപോലെ, പെരുന്നാൾ ദിനത്തിൽ ഭക്ഷണം കഴിക്കലും അല്ലാഹുവിനോടുള്ള കീഴ്പെടലാണ്.    

    ഇസ്‌ലാമിക നിയമപ്രകാരം വർഷത്തിൽ അഞ്ച് ദിവസങ്ങളിൽ നോമ്പ് നോൽക്കൽ ഹറാമാണ്; രണ്ട് പെരുന്നാൾ ദിനങ്ങളും  ദുല്‍ഹിജ്ജ 11, 12, 13 തീയതികളിലെ അയ്യാമുത്തശ'രീഖും ആണവ. അയ്യാമുത്തശ'രീഖ് ദിവസങ്ങൾ ഭക്ഷണത്തിന്‍റെയും പാനീയത്തിന്‍റെയും അല്ലാഹുവെ സ്മരിക്കേണ്ടതിന്‍റെയും ദിനങ്ങളാണെന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു. 

    എന്നാൽ ഹജ്ജിന് പോയവർക്ക് ബലിമൃഗത്തെ (ഹദ്‌യ്) ലഭിച്ചില്ലെങ്കിൽ മാത്രം അയ്യാമുത്തശ'രീഖ് ദിവസങ്ങളിൽ നോമ്പ് നോൽക്കാൻ ഇളവുണ്ട്.

    പെരുന്നാൾ ദിനങ്ങളിൽ നോമ്പ് വിലക്കിയതിന് പിന്നിൽ നിരവധി യുക്തികളുണ്ട്. റമദാൻ മാസത്തെ മറ്റ് മാസങ്ങളിൽ നിന്ന് വേർതിരിക്കുക, ആരാധനയുടെ തുടക്കവും ഒടുക്കവും കൃത്യമായി അടയാളപ്പെടുത്തുക എന്നിവ അതിൽ പ്രധാനമാണ്. കൂടാതെ, ഈ ദിവസങ്ങളിൽ വിശ്വാസികൾ അല്ലാഹുവിന്‍റെ അതിഥികളാണ്; അതിനാൽ അല്ലാഹുവിന്‍റെ വിരുന്ന് സ്വീകരിച്ച് നോമ്പ് ഒഴിവാക്കൽ നിർബന്ധമാണ്. പെരുന്നാൾ ദിനങ്ങളിൽ നോമ്പ് നോറ്റാൽ അത് സാധുവാകുകയില്ല (ബാത്വിലാകും), അത് സുന്നത്ത് നോമ്പായാലും നേർച്ചയായാലും ഖദാഅ് വീട്ടുന്ന നോമ്പായാലും ശരി. ഇത്തരം ദിവസങ്ങളിൽ നോമ്പ് നോൽക്കുന്നത് ഇസ്‌ലാമിക നിയമത്തോടുള്ള വെല്ലുവിളിയും അനാവശ്യമായ അതിരു കവിയലുമാണ്. 

    പെരുന്നാൾ ദിനങ്ങളിൽ ഖുതുബ പറയുന്ന ഇമാം ആ സന്ദർഭത്തിന് അനുയോജ്യമായ കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കണം. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ), ഈദുൽ അദ്ഹാ (ബലി പെരുന്നാൾ) എന്നീ ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്.

2- ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള മൂന്ന് ദിവസങ്ങളിലും (അയ്യാമുത്തശ്‌രീഖ്) നോമ്പ് നോൽക്കൽ നിഷിദ്ധമാണ്. എന്നാൽ ഹജ്ജിന് പോയവർക്ക് ബലിമൃഗത്തെ (ഹദ്‌യ്) ലഭിച്ചില്ലെങ്കിൽ ഈ ദിവസങ്ങളിൽ നോമ്പ് നോൽക്കാവുന്നതാണ്.

3- നോമ്പ് പെരുന്നാൾ ദിനത്തിലെ ഫിത്‌ർ (ഭക്ഷണം കഴിക്കൽ) നോമ്പ് പൂർത്തിയായതിനെ അടയാളപ്പെടുത്തുന്നതിനും, ബലി പെരുന്നാൾ ദിനത്തിൽ അല്ലാഹുവിന്‍റെ പ്രീതിക്കായി അറുത്ത ബലിമൃഗത്തിന്‍റെ മാംസം കഴിക്കുന്നതിനും വേണ്ടിയാണ്.

4- ആരാധനകൾ നമ്മുടെ താല്പര്യത്തിനനുസരിച്ചല്ല, മറിച്ച് നബി صلى الله عليه وسلم കാണിച്ചുതന്ന രീതിയിൽ നിർവ്വഹിക്കുമ്പോഴാണ് അത് അല്ലാഹുവിങ്കൽ സ്വീകാര്യമാകുന്നത്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...