عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നബി صلى الله عليه وسلم മക്കയിലേക്ക് വരികയും പോവുകയും ചെയ്ത വഴി
229 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما: ((أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ مَكَّةَ مِنْ كَدَاءٍ، مِنْ الثَّنِيَّةِ الْعُلْيَا الَّتِي بِالْبَطْحَاءِ، وَخَرَجَ مِنْ الثَّنِيَّةِ السُّفْلَى)) .
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما വിൽ നിന്ന് നിവേദനം: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم മക്കയുടെ മുകൾ ഭാഗത്തുള്ള 'കദാഅ്' വഴി, അൽ-ബത്ഹാഅ് പ്രദേശത്തെ ഉയർന്ന മലയിടുക്കിലൂടെ മക്കയിൽ പ്രവേശിക്കുകയും, താഴ്ന്ന മലയിടുക്കിലൂടെ (الثَّنِيَّةِ السُّفْلَى) പുറത്തുപോവുകയും ചെയ്തു."
- كداء : മക്കയുടെ ഉയര്‍ന്ന ഭാഗത്തുള്ള ഒരു സ്ഥലത്തിന്‍റെ പേരാണിത്. നിലവിൽ ഈ സ്ഥലം 'രീഅ് അൽ-ഹജൂൻ' (ريع الحجون) എന്നാണ് അറിയപ്പെടുന്നത്.
- الثَّنِيَّةِ السُّفْلَى : രണ്ട് പർവ്വതങ്ങൾക്കിടയിലുള്ള പാതയെയാണ് 'സനിയ്യ' എന്ന് വിളിക്കുന്നത്. (ഇവിടെ 'താഴ്ന്ന മലയിടുക്ക്' എന്ന് ഉദ്ദേശിക്കുന്നു). നിലവിൽ 'ഹാറത്തുൽ ബാബ്' (حارة الباب) എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തുനിന്നും പുറത്തേക്ക് പോകുന്ന പാതയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ മലയിടുക്കിനെ ഇപ്പോൾ 'രീഅ് അർ-റസ്സാം' (ريع الرسام) എന്ന് വിളിക്കുന്നു.
വിവരണം
സ്വഹാബികൾ നബി صلى الله عليه وسلم യെ അങ്ങേയറ്റം സ്നേഹിക്കുകയും അവിടുത്തെ ചര്യകളെയും (സുന്നത്ത്) പ്രവൃത്തികളെയും സൂക്ഷ്മമായി പിന്തുടരുകയും ചെയ്തിരുന്നവരായിരുന്നു. നബി صلى الله عليه وسلم യാത്ര ചെയ്ത ഓരോ സ്ഥലങ്ങളിലും അവിടുന്ന് ചെയ്ത കാര്യങ്ങൾ വിവരിക്കാൻ അവർ അതീവ താല്പര്യം കാണിച്ചിരുന്നു.
ഈ ഹദീസിൽ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما വിവരിക്കുന്നത്, അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم മക്കയുടെ ഉയര്‍ന്ന ഭാഗത്തുള്ള മലയിടുക്കിലൂടെ (الثَّنِيَّةِ الْعُلْيَا) ആണ് മക്കയിൽ പ്രവേശിച്ചിരുന്നത് എന്നാണ്. 'സനിയ്യ' എന്നാൽ പർവ്വതത്തിലെ പാത എന്നാണ് അർത്ഥം.
الثَّنِيَّةِ الْعُلْيَا (ഉയർന്ന പാത): ഇത് മക്കക്കാരുടെ ഖബറിസ്ഥാനായ 'അൽ-മഅ്ലാ' (المعلاة) ഭാഗത്തേക്ക് ഇറങ്ങുന്ന വഴിയാണ്. 'അൽ-മുഹസ്സബ്' പ്രദേശത്തിന് അടുത്താണിത് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിനാണ് 'കദാഅ്' (كداء) എന്ന് പറയുന്നത്. ഇതിനെ 'അൽ-ഹജൂൻ' എന്നും വിളിക്കുന്നു. പണ്ട് കയറാൻ വളരെ പ്രയാസകരമായിരുന്ന ഈ വഴി പിന്നീട് എളുപ്പമാക്കി മാറ്റി.
റസൂൽ صلى الله عليه وسلم മക്കയിൽ നിന്ന് പുറത്തുപോയിരുന്നത് താഴ്ന്ന മലയിടുക്കിലൂടെ (الثَّنِيَّةِ السُّفْلَى) ആയിരുന്നു.
الثَّنِيَّةِ السُّفْلَى (താഴ്ന്ന പാത): ഇതിന്‍റെ പേര് 'കുദാ' (كُدًى) എന്നാണ്. ഈ പാതയും പിന്നീട് സഞ്ചാരയോഗ്യമാക്കി മാറ്റിയിട്ടുണ്ട്. നിലവിൽ 'ജർവൽ' (جرول) ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
പ്രവേശിക്കാൻ ഉയർന്ന പാതയും പുറത്തുപോകാൻ താഴ്ന്ന പാതയും തിരഞ്ഞെടുത്തത് ഓരോ സ്ഥലത്തിന്‍റെയും ഭൂപ്രകൃതിക്ക് അനുയോജ്യമായതിനാലാണ്. അത് പോലെ പെരുന്നാൾ ദിനങ്ങളിൽ ചെയ്യുന്നതുപോലെ രണ്ട് വഴികള്‍ തെരെഞ്ഞെടുക്കലും ഇതിന്‍റെ ഉദ്ദേശ്യമായിരിക്കാം, നിലവിലെ അവസ്ഥയേക്കാൾ ഉത്തമമായ ഒന്നിലേക്ക് കാര്യങ്ങൾ മാറിമറിയട്ടെ എന്ന ശുഭപ്രതീക്ഷ (തഫാഉൽ) മുൻനിർത്തിയാണ് പ്രവേശനത്തിനും വിടവാങ്ങലിനും രണ്ട് വഴികൾ തിരഞ്ഞെടുത്തത് എന്നും പറയപ്പെടുന്നു. കൂടാതെ, രണ്ട് വഴികളും അവിടുത്തെ യാത്രക്ക് സാക്ഷ്യം വഹിക്കാനും ആ രണ്ട് വഴികളിലുള്ളവർക്ക് അവിടുത്തെ സാന്നിധ്യം കൊണ്ട് അനുഗ്രഹം ലഭിക്കാനും വേണ്ടിയാകാം ഇതെന്നും പണ്ഡിതന്മാർ വിശദീകരിക്കുന്നു.
അൽ-മുഹല്ലബ് رحمه الله പറഞ്ഞു: "നബി صلى الله عليه وسلم ഒരിക്കൽ മക്കയുടെ മുകൾ ഭാഗത്തിലൂടെയും മറ്റൊരിക്കൽ താഴ്ന്ന ഭാഗത്തിലൂടെയും പ്രവേശിച്ചത്, ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്ക് വിശാലതയും എളുപ്പവും ഉണ്ടെന്ന് പഠിപ്പിക്കാനാണ്. അവർക്ക് അനായാസം സാധ്യമാകുന്ന ഏത് വഴിയും അവർക്ക് മതിയാകുന്നതാണ് (അത് സുന്നത്തായി പരിഗണിക്കപ്പെടും). അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയാവുന്നത്." (ശര്‍ഹു സ്വഹീഹില്‍ ബുഖാരി - ഇബ്നു ബത്ത്വാല്‍: 4/262)
മക്കയിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും പ്രത്യേക വഴികൾ സ്വീകരിക്കുന്നത് പുണ്യകരമാണെങ്കിലും, സാഹചര്യത്തിനനുസരിച്ച് എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുന്നതിന് ഇസ്‌ലാമിൽ തടസ്സമില്ലെന്നാണ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.
ആരാധനകളിൽ മനഃപൂർവ്വം പ്രയാസങ്ങൾ തേടിപ്പോകുന്നത് പുണ്യമാണോ എന്ന കാര്യത്തിലുള്ള വിശദീകരണം നോക്കൂ:
ഇബ്നുതൈമിയ്യ رحمه الله പറയുന്നു: " 'പ്രതിഫലം പ്രയാസത്തിന് അനുസരിച്ചാണ്' എന്ന ചിലരുടെ പൊതുവായ പ്രസ്താവന എല്ലാ അർത്ഥത്തിലും ശരിയല്ല. മറിച്ച്, 'പ്രതിഫലം എന്നത് പ്രവൃത്തിയുടെ ഗുണത്തിനും അതിന്‍റെ പ്രയോജനത്തിനും അനുസരിച്ചാണ്' എന്ന് പറയുന്നതാണ് കൂടുതൽ ശരി". (മജ്മൂഉല്‍ ഫതാവ)
ഇബ്നു തൈമിയ്യ رحمه الله പറയുന്നു: ചില ഉത്തമമായ പ്രവൃത്തികൾ സ്വാഭാവികമായും പ്രയാസകരമായിരിക്കാം; എന്നാൽ ആ പ്രവൃത്തികളുടെ ശ്രേഷ്ഠത വരുന്നത് അവയിലുള്ള പ്രയാസം കൊണ്ടല്ല, മറിച്ച് അവയുടെ അന്തർലീനമായ മൂല്യം കൊണ്ടാണ്. എന്നാൽ അത്തരം പ്രവൃത്തികളിൽ നേരിടുന്ന പ്രയാസങ്ങളെ ക്ഷമയോടെ അതിജീവിക്കുന്നത് പ്രതിഫലം വർദ്ധിക്കാൻ കാരണമാകും. ഹജ്ജിനും ഉംറക്കും ദൂരപ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് അടുത്തുള്ളവരേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുന്നത് ഇതിനാലാണ്. ആഇശ رضي الله عنها യോട് ഉംറയുടെ വേളയിൽ നബി صلى الله عليه وسلم അരുളി: 'നിന്‍റെ പ്രതിഫലം നിന്‍റെ അദ്ധ്വാനത്തിന് (ക്ഷീണത്തിന്) അനുസരിച്ചായിരിക്കും.' ഇവിടെ യാത്രയുടെ ദൂരം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി അദ്ധ്വാനവും വർദ്ധിക്കുന്നു, അതോടൊപ്പം പ്രതിഫലവും കൂടുന്നു. ജിഹാദിന്‍റെ കാര്യവും ഇപ്രകാരം തന്നെ. ചുരുക്കത്തിൽ, മിക്കപ്പോഴും പ്രതിഫലം വർദ്ധിക്കുന്നത് പ്രയാസത്തിനും ക്ഷീണത്തിനും അനുസരിച്ചാണ്; എന്നാൽ അത് ആ പ്രയാസവും ക്ഷീണവും ആരാധനയുടെ ലക്ഷ്യമായതുകൊണ്ടല്ല, മറിച്ച് ആ ആരാധനയുടെ പൂർത്തീകരണം അത്തരം പ്രയാസങ്ങൾ അനിവാര്യമാക്കുന്നത് കൊണ്ടാണ്." (മജ്മൂഉല്‍ ഫതാവാ 10/622)
ഇസ്‌ലാമിക ശരീഅത്തിൽ ഒരു കാര്യത്തിൽ പ്രയാസം അനുഭവിക്കുക എന്നത് ആ കാര്യത്തിന്‍റെ ലക്ഷ്യമല്ല. അതായത്, "കൂടുതൽ കഷ്ടപ്പെട്ടാൽ കൂടുതൽ പുണ്യം കിട്ടും" എന്ന ധാരണയോടെ ഒരാൾ മനഃപൂർവ്വം പ്രയാസകരമായ വഴി തിരഞ്ഞെടുക്കുന്നത് ശരിയല്ല. അല്ലാഹു തന്‍റെ ദാസന്മാർ പ്രയാസപ്പെടണമെന്നല്ല, മറിച്ച് അവർക്ക് എളുപ്പമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഹദീസ് ഗ്രന്ഥങ്ങളിൽ ഈ വിവരണം പ്രധാനമായും രണ്ട് സന്ദർഭങ്ങളുമായി ബന്ധപ്പെട്ടാണ് വരുന്നത്: 1- മക്കാ വിജയം (ഹിജ്റ:8) നബി صلى الله عليه وسلم വിജയശ്രീലാളിതനായി മക്കയിൽ പ്രവേശിച്ചപ്പോൾ ഈ വഴികൾ സ്വീകരിച്ചിരുന്നു. 2- ഹജ്ജത്തുല്‍ വദാഅ' (ഹിജ്റ 10), നബി صلى الله عليه وسلم തന്‍റെ ഏക ഹജ്ജിനായി വന്നപ്പോഴും ഈ രീതി പിന്തുടർന്നു എന്നും പറയപ്പെടുന്നു.
2- നബി صلى الله عليه وسلم ഒരേ വഴിയിലൂടെ പോകാതെ രണ്ട് വ്യത്യസ്ത വഴികൾ സ്വീകരിച്ചതിന് പിന്നിൽ പണ്ഡിതന്മാർ താഴെ പറയുന്ന യുക്തികൾ വിവരിക്കുന്നു:
ഇമാം നവവി رحمه الله പറഞ്ഞു:
ഒരു അവസ്ഥയിൽ നിന്ന് അതിനേക്കാൾ ഉത്തമമായ മറ്റൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ മാറട്ടെ എന്ന ശുഭപ്രതീക്ഷ ഇതിന് പിന്നിലുണ്ട്.
പരലോകത്ത് രണ്ട് വഴികളും നബി صلى الله عليه وسلم യുടെ ആരാധനക്കും സഞ്ചാരത്തിനും സാക്ഷ്യം വഹിക്കും.
രണ്ട് വ്യത്യസ്ത വഴികളിലൂടെ പോകുമ്പോൾ കൂടുതൽ സ്ഥലങ്ങൾക്കും ആളുകൾക്കും അവിടുത്തെ സാന്നിധ്യം കൊണ്ട് അനുഗ്രഹം ലഭിക്കുന്നു. (ശര്‍ഹുന്നവവി 9/3)
ഇസ്‌ലാമിന്റെ വളർച്ചയും കരുത്തും ശത്രുക്കളെയും കപടവിശ്വാസികളെയും ബോധ്യപ്പെടുത്തുക എന്നതും,
ജനങ്ങൾക്ക് സൗകര്യപ്രദമായ വഴി സ്വീകരിക്കാമെന്നും ദീനിൽ ഇത്തരം കാര്യങ്ങളിൽ കർക്കശമായ നിയമങ്ങളില്ലെന്നും (വിശാലതയുണ്ടെന്നും) പഠിപ്പിക്കാനും ഇത് ഉപകരിക്കുന്നു. (ഉംദതുല്‍ ക്വാരി : 9/209)

No comments:
Post a Comment