عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
മക്കയില്‍ ചെയ്യാന്‍ പാടില്ലാത്തവ
بابُ حرمة مكةَ
മക്കയുടെ പവിത്രത
225 - عَنْ أَبِي شُرَيْحٍ خُوَيْلِدِ بْنِ عَمْرٍو الْخُزَاعِيِّ الْعَدَوِيِّ رضي الله عنه: أَنَّهُ قَالَ لِعَمْرِو بْنِ سَعِيدِ بْنِ الْعَاصِ - وَهُوَ يَبْعَثُ الْبُعُوثَ إلَى مَكَّةَ - ائْذَنْ لِي أَيُّهَا الأَمِيرُ أَنْ أُحَدِّثَكَ قَوْلاً قَامَ بِهِ رَسُولُ اللَّهِ صلى الله عليه وسلم الْغَدَ مِنْ يَوْمِ الْفَتْحِ. فَسَمِعَتْهُ أُذُنَايَ، وَوَعَاهُ قَلْبِي، وَأَبْصَرَتْهُ عَيْنَايَ، حِينَ تَكَلَّمَ بِهِ: (أَنَّهُ حَمِدَ اللَّهَ وَأَثْنَى عَلَيْهِ. ثُمَّ قَالَ: إنَّ مَكَّةَ حَرَّمَهَا اللَّهُ تَعَالَى، وَلَمْ يُحَرِّمْهَا النَّاسُ. فَلا يَحِلُّ لامْرِئٍ يُؤْمِنُ بِاَللَّهِ وَالْيَوْمِ الآخِرِ: أَنْ يَسْفِكَ بِهَا دَماً، وَلا يَعْضِدَ بِهَا شَجَرَةً. فَإِنْ أَحَدٌ تَرَخَّصَ بِقِتَالِ رَسُولِ اللَّهِ صلى الله عليه وسلم فَقُولُوا: إنَّ اللَّهَ قَدْ أَذِنَ لِرَسُولِهِ، وَلَمْ يَأْذَنْ لَكُمْ. وَإِنَّمَا أُذِنَ لِي سَاعَةً مِنْ نَهَارٍ. وَقَدْ عَادَتْ حُرْمَتُهَا الْيَوْمَ كَحُرْمَتِهَا بِالأَمْسِ. فَلْيُبَلِّغْ الشَّاهِدُ الْغَائِبَ. فَقِيلَ لأَبِي شُرَيْحٍ: مَا قَالَ لَكَ؟ قَالَ: أَنَا أَعْلَمُ بِذَلِكَ مِنْكَ يَا أَبَا شُرَيْحٍ، إنَّ الْحَرَمَ لا يُعِيذُ عَاصِياً، وَلا فَارَّاً بِدَمٍ وَلا فَارَّاً بِخَرْبَةٍ).
അബൂ ശുറൈഹ് - ഖുവൈലിദ് ബിൻ അംറ് - അൽ-ഖുസാഈ അൽ-അദവി رضي الله عنه വിൽ നിന്ന് നിവേദനം: മക്കയിലേക്ക് സൈന്യത്തെ അയച്ചുകൊണ്ടിരുന്ന സന്ദർഭത്തിൽ അദ്ദേഹം അംറ് ബിൻ സഈദ് ബിൻ ആസ്വിനോട് പറഞ്ഞു: "ഓ അമീർ! മക്ക വിജയം നേടിയതിന്‍റെ തൊട്ടടുത്ത ദിവസം അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പ്രസ്താവിച്ച ഒരു കാര്യം നിങ്ങളെ കേൾപ്പിക്കാൻ എനിക്ക് അനുവാദം നൽകിയാലും. നബി صلى الله عليه وسلم അത് സംസാരിക്കുമ്പോൾ എന്‍റെ രണ്ട് ചെവികളും അത് കേട്ടു, എന്‍റെ ഹൃദയം അത് ഉൾക്കൊണ്ടു, എന്‍റെ രണ്ട് കണ്ണുകളും അദ്ദേഹത്തെ കണ്ടു. നബി صلى الله عليه وسلم അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു: 'നിശ്ചയം, മക്കയെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു; മനുഷ്യരല്ല അതിനെ പവിത്രമാക്കിയത്. അതിനാൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾക്കും അവിടെ രക്തം ചിന്തിക്കാനോ (യുദ്ധം ചെയ്യാനോ), അവിടുത്തെ മരം മുറിക്കാനോ അനുവാദമില്ല. അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുദ്ധം ചെയ്തതിനെ ഉദാഹരിച്ചുകൊണ്ട് ആരെങ്കിലും അതിന് അനുമതി തേടുകയാണെങ്കിൽ നിങ്ങൾ അവരോട് പറയുക: അല്ലാഹു അവന്‍റെ റസൂലിന് അനുവാദം നൽകി, എന്നാൽ നിങ്ങൾക്ക് അവൻ അനുവാദം നൽകിയിട്ടില്ല. എനിക്ക് തന്നെ പകൽസമയത്തെ ഒരു ചെറിയ നേരത്തേക്ക് മാത്രമാണ് അവിടെ അനുവാദം ലഭിച്ചിരുന്നത്. ഇന്നലെ ഉണ്ടായിരുന്നതുപോലെ തന്നെ അതിന്‍റെ പവിത്രത ഇന്ന് മടങ്ങിവന്നിരിക്കുന്നു. അതിനാൽ ഇവിടെ സന്നിഹിതരായവർ ഹാജറില്ലാത്തവർക്ക് ഇത് എത്തിച്ചുകൊടുക്കട്ടെ.'"
അബൂ ശുറൈഹിനോട് ചോദിക്കപ്പെട്ടു: "അംറ് ബിൻ സഈദ് നിങ്ങളോട് എന്ത് മറുപടിയാണ് പറഞ്ഞത്? അദ്ദേഹം (അബൂ ശുറൈഹ്) പറഞ്ഞു: "അദ്ദേഹം (അമീർ) ഇപ്രകാരം പറഞ്ഞു: 'അബൂ ശുറൈഹ്! ഇതിനെക്കുറിച്ച് നിങ്ങളെക്കാൾ നന്നായി എനിക്കറിയാം. ഹറം (മക്ക) ഒരു കുറ്റവാളിക്കോ, കൊലപാതകം നടത്തി ഓടിപ്പോകുന്നവനോ, കുഴപ്പമുണ്ടാക്കി ഒളിച്ചോടുന്നവനോ അഭയം നൽകുന്നതല്ല.'"
الخَرَبَة: ഇതിന്‍റെ അർത്ഥം ചതി/വഞ്ചന എന്നോ, കുഴപ്പം/ വലിയ വിപത്ത് എന്നോ ആകാം.
യസീദ് ബിൻ മുആവിയയുടെ മദീനയിലെ ഗവർണറായിരുന്ന അംറ് ബിൻ സഈദ് ബിൻ ആസ്വ് (ഇദ്ദേഹം 'അൽഅശ്ദഖ്' എന്ന പേരിലും അറിയപ്പെടുന്നു), അബ്ദുള്ളാഹിബ്നു സുബൈർ رضي الله عنه വിനെ നേരിടാനായി മക്കയിലേക്ക് ഒരു സൈന്യത്തെ അയക്കാൻ തീരുമാനിച്ചപ്പോൾ, അദ്ദേഹത്തെ ഗുണദോഷിക്കാനായി സ്വഹാബിയായ അബൂ ശുറൈഹ് ഖുവൈലിദ് ബിൻ അംറ് അൽഖുസാഈ رضي الله عنه മുന്നോട്ടുവന്നു.
ഉപദേശിക്കപ്പെടുന്ന ആൾ (ഗവർണർ) അല്പം അഹങ്കാരമുള്ള പ്രകൃതക്കാരനായതുകൊണ്ട് തന്നെ, ഉപദേശം സ്വീകരിക്കപ്പെടാനും അതിന്‍റെ അനന്തരഫലം ഗുണകരമാകാനും വേണ്ടി അബൂ ശുറൈഹ് رضي الله عنه വളരെ സൗമ്യമായും വിവേകത്തോടും കൂടിയാണ് അദ്ദേഹത്തോട് സംസാരിച്ചത്. താൻ സൈന്യത്തെ അയക്കുന്ന കാര്യത്തിൽ ഒരു ഉപദേശം നൽകാൻ അദ്ദേഹം ഗവർണറോട് അനുവാദം ചോദിച്ചു. താൻ പറയാൻ പോകുന്ന ഹദീസ് അങ്ങേയറ്റം സത്യസന്ധമാണെന്നും, അത് നബി صلى الله عليه وسلم സംസാരിക്കുമ്പോൾ തന്‍റെ ചെവികൾ നേരിട്ട് കേട്ടതും, ഹൃദയം ഉൾക്കൊണ്ടതും, കണ്ണുകൾ നേരിട്ട് കണ്ടതുമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അബൂ ശുറൈഹിന് സംസാരിക്കാൻ അംറ് ബിൻ സഈദ് അനുവാദം നൽകി.
അബൂ ശുറൈഹ് رضي الله عنه പറഞ്ഞു: "മക്കാ വിജയത്തിന്‍റെ അന്ന് പ്രഭാതത്തിൽ അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്ത ശേഷം നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞു: 'ആകാശഭൂമികളെ സൃഷ്ടിച്ച ദിവസം തന്നെ മക്കയെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു.' അതിനാൽ മക്ക അങ്ങേയറ്റം ആദരണീയവും പരിശുദ്ധവുമാണ്. മനുഷ്യർ നിശ്ചയിച്ച താല്‍ക്കാലികമായ പുൽമേടുകളുടെയോ ജലാശയങ്ങളുടെയോ അതിരുകൾ പോലെയല്ല ഇത്. മറിച്ച് അല്ലാഹു തന്നെ നേരിട്ട് ഇതിനെ പവിത്രമാക്കിയിരിക്കുന്നു. ഈ പവിത്രത ആദ്യ കാലം മുതലുള്ളതും അല്ലാഹുവിൽ നിന്നുള്ളതുമാണെങ്കിൽ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന -തന്‍റെ ഈമാൻ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന- ഒരാൾക്കും അവിടെ രക്തം ചിന്തിക്കാനോ അവിടുത്തെ മരം മുറിക്കാനോ പാടുള്ളതല്ല.
ഇനി ആരെങ്കിലും മക്കാ വിജയദിവസം റസൂലുള്ളാഹി صلى الله عليه وسلم അവിടെ യുദ്ധം ചെയ്തതിനെ തന്‍റെ യുദ്ധത്തിന് ന്യായീകരണമായി കണ്ടാൽ നിങ്ങൾ അവരോട് പറയുക: 'നീ അല്ലാഹുവിന്‍റെ റസൂലിനെപ്പോലെയല്ല; റസൂല്‍ صلى الله عليه وسلم ക്ക് അല്ലാഹു അനുവാദം നൽകി, നിനക്ക് നൽകിയിട്ടില്ല.' ഇനി നബി صلى الله عليه وسلم ക്ക് പോലും അവിടെ യുദ്ധം ശാശ്വതമായി അനുവദിച്ചിരുന്നില്ല, പകൽസമയത്തെ ഒരു നിശ്ചിത നേരത്തേക്ക് ആ ആവശ്യത്തിന് വേണ്ടി മാത്രമായിരുന്നു അത്. ഇപ്പോൾ മക്കയുടെ പവിത്രത പഴയതുപോലെ തന്നെ മടങ്ങി വന്നിരിക്കുന്നു. അതിനാൽ ഇവിടെ സന്നിഹിതരായവർ ഹാജറില്ലാത്തവർക്ക് ഇത് എത്തിച്ചുകൊടുക്കട്ടെ. മക്കാ വിജയദിനത്തിൽ അവിടെയുണ്ടായിരുന്ന ഒരാളെന്ന നിലയിലാണ് ഹാജറില്ലാത്ത അങ്ങേക്ക് ഞാൻ ഇത് എത്തിച്ചുതരുന്നത്."
അബൂ ശുറൈഹ് رضي الله عنه വിനോട് ആളുകൾ ചോദിച്ചു: "അംറ് നിങ്ങൾക്ക് എന്ത് മറുപടിയാണ് നൽകിയത്?" അദ്ദേഹം പറഞ്ഞു: "അംറ് എന്നോട് പറഞ്ഞത് ഇതാണ്: 'അബൂ ശുറൈഹ്! നിങ്ങളെക്കാൾ നന്നായി ഇക്കാര്യം എനിക്കറിയാം. ഹറം ഒരു കുറ്റവാളിക്കോ, അക്രമം പ്രവർത്തിച്ച് ഒളിച്ചോടിയവനോ സംരക്ഷണം നൽകില്ല.'" ചുരുക്കത്തിൽ, അംറ് ബിൻ സഈദ് തന്‍റെ സ്വന്തം അഭിപ്രായം കൊണ്ട് ഹദീസിനെ എതിർക്കുകയും ഇബ്നു സുബൈർ رضي الله عنه വിനെതിരെയുള്ള സൈനിക നടപടിയിൽ നിന്ന് പിന്മാറാതെ അത് തുടരുകയും ചെയ്തു.
അംറ് ബിൻ സഈദ് പറഞ്ഞ മറുപടിയുടെ ബാഹ്യാർത്ഥം ശരിയാണെങ്കിലും (അതായത് കുറ്റവാളികൾക്ക് ഹറം സംരക്ഷണമല്ല എന്നത്), അദ്ദേഹം അത് പ്രയോഗിച്ചത് തെറ്റായ കാര്യത്തിനാണ്. കാരണം, അബൂ ശുറൈഹ് رضي الله عنه എതിർത്തത് മക്കക്ക് നേരെ സൈന്യത്തെ അയക്കുന്നതിനെയും അവിടെ യുദ്ധം പ്രഖ്യാപിച്ചതിനെയുമാണ്. എന്നാൽ അംറ് മറുപടി നൽകിയത് ശിക്ഷാവിധികൾ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. അബ്ദുല്ലാഹിബ്നു സുബൈർ رضي الله عنه അത്തരത്തിൽ ശിക്ഷാർഹമായ ഒരു തെറ്റും ചെയ്തിരുന്നില്ല. ഹറമിന് പുറത്ത് വെച്ച് കുറ്റം ചെയ്ത ഒരാൾ ഹറമിൽ അഭയം തേടിയാൽ അവിടെ വെച്ച് ശിക്ഷ നടപ്പാക്കാമോ എന്ന കാര്യത്തിലല്ല അവർ തമ്മിൽ തർക്കമുണ്ടായിരുന്നത്; മറിച്ച് മക്കയുടെ പവിത്രത ലംഘിച്ച് അവിടെ യുദ്ധം അഴിച്ചുവിടുന്നതിനെയാണ് അബൂ ശുറൈഹ് رضي الله عنه ചോദ്യം ചെയ്തത്.
അബൂ ശുറൈഹ് رضي الله عنه കൃത്യമായ തെളിവ് നിരത്തി സംസാരിച്ചപ്പോൾ, അംറ് ബിൻ സഈദ് ചോദ്യത്തിന് മറുപടി നൽകാതെ വിഷയം മാറ്റുകയാണ് ചെയ്തത്. ഒരു ഭരണാധികാരി എന്ന നിലയിൽ തന്‍റെ തെറ്റായ നിലപാടിനെ ന്യായീകരിക്കാനും ആ പ്രതിസന്ധിയിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറാനുമാണ് അംറ് ശ്രമിച്ചത്.
ശരിയായ മതവിജ്ഞാനം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് പണ്ഡിതന്മാരുടെ മേൽ നിർബന്ധമായ ഒന്നാണ്. ഫിത്‌നകളും പ്രയാസങ്ങളും നിറഞ്ഞ കാലഘട്ടത്തിൽ ഇതിന്‍റെ പ്രാധാന്യം വർദ്ധിക്കുന്നു; സത്യമേത് അസത്യമേത് എന്ന് ജനങ്ങൾക്ക് വേർതിരിച്ചു കാണിക്കാനും ഹിദായത്തിന്‍റെ വഴി അവർക്ക് വിവരിച്ചു കൊടുക്കാനും ഇത് അത്യാവശ്യമാണ്.

No comments:
Post a Comment