عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഫജ്റിനു മുമ്പുള്ള രണ്ട് ബാങ്കുകള്‍
70 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما عَنْ رَسُولِ اللَّهِ - صلى الله عليه وسلم أَنَّهُ قَالَ:
((إنَّ بِلالاً يُؤَذِّنُ بِلَيْلٍ ، فَكُلُوا وَاشْرَبُوا حَتَّى تَسْمَعُوا
أَذَانَ ابْنِ أُمِّ مَكْتُومٍ)) .
അബ്ദുല്ലാഹി ബ്നു ഉമര്‍ رضي الله عنهما നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം ബിലാല്‍ രാത്രി ബാങ്ക് വിളിക്കും, ഇബ്നു ഉമ്മി മക്തൂമിന്‍റെ ബാങ്ക് കേള്‍ക്കുന്നത് വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക.
വിവരണം
ഫജ്റിന് രണ്ട് ബാങ്കുകള്‍ നബി صلى الله عليه وسلم ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒരു ബാങ്ക് രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോഴാണ്. അവര്‍ ഉണരാനും ഫജ്ര്‍ നമസ്കാരത്തിന് തയ്യാറെടുക്കാനും വേണ്ടിയാണിത്. അത് പോലെ നോമ്പെടുക്കുന്ന ആളുകള്‍ക്ക് അത്താഴം കഴിക്കാനും വേണ്ടിയാണിത്. രണ്ടാമത്തെ ബാങ്ക് ഫജ്ര്‍ സമയം ആയതിനു ശേഷമാണ്. ഈ ബാങ്ക് വിളിക്കുന്നതോടെ അത്താഴം കഴിക്കുന്നവര്‍ തിന്നലും കുടിക്കലും നിര്‍ത്തണം. ബിലാല്‍ رضي الله عنه വിന്‍റെ ബാങ്ക് പ്രഭാതോദയത്തിന് മുമ്പാണ്. അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂം رضي الله عنه വിന്‍റെ ബാങ്ക് പ്രഭാതോദയ വേളയിലുമാണ്. അദ്ദേഹം അന്ധനായ സ്വഹാബി ആയിരുന്നു.
ഫജ്റിനു നിര്‍ബന്ധമായത് ഒരു ബാങ്ക് മാത്രമാണ്. രണ്ടാമത്തെ ബാങ്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം മതി. അത് നിര്‍ബന്ധ ബാങ്കല്ല. അത് റമദാനില്‍ മാത്രമേ നബി صلى الله عليه وسلم ചെയ്തിരുന്നുള്ളൂ എന്നാണ് ഹദീസുകളില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ പണ്ഡിതരില്‍ ചിലര്‍ ഈ ബാങ്കിനെ നിരുപാധികം സുന്നത്താക്കുന്നവരുണ്ട്. ഏതായാലും ഈ ഒന്നാമത്തെ ബാങ്ക് നിര്‍ബന്ധമല്ല എന്നും രണ്ടാമത്തേത് നിര്‍ബന്ധമാണ് എന്നും നാം അറിഞ്ഞിരിക്കണം.
ഒന്നാമത്തെ ബാങ്ക് ഫജ്ര്‍ നമസ്കാരം അറിയിക്കാനുള്ളതല്ല മറിച്ച് ഉറങ്ങുന്നവരെ നമസ്കരത്തിനും അത്താഴത്തിനും ഉണര്‍ത്താനും, രാത്രി നമസ്കാരം നിര്‍വ്വഹിക്കുന്നവരെ സമയം ഓര്‍മ്മപ്പെടുത്താനും വേണ്ടിയാണ്.
ഹദീസില്‍ നിന്നുള പാഠങ്ങള്‍
1- ഫജ്റിന് മുമ്പായി രണ്ട് ബാങ്കുകള്‍ അനുവദനീയമാണ്.
2- ഒരു പള്ളിയില്‍ തന്നെ ഒന്നിലധികം ബാങ്ക് വിളിക്കുന്നവര്‍ ഉണ്ടാകാവുന്നതാണ്.
3- അന്ധതയുള്ളവരെ ബാങ്ക് വിളിക്കാന്‍ ഉത്തരവാദിത്തം ഏല്‍പിക്കാം. അവര്‍ക്ക് സമയം കൃത്യമായി മനസ്സിലാവുകയും അതിനു അവര്‍ക്ക് സാധിക്കുകയും ചെയ്യുമെങ്കില്‍ മാത്രമാണ് ഇത്.
4- അത്താഴം കഴിക്കുന്നവര്‍ തിന്നലും കുടിക്കലും നിര്‍ത്തേണ്ടത് രണ്ടാമത്തെ ബാങ്ക് കേള്‍ക്കുമ്പോഴാണ്. ആ സമയം മുതലാണ് നോമ്പ് ആരംഭിക്കുന്നത്.
5- ഒരാളുടെ സൃഷ്ടിപരമായ ന്യൂനതകള്‍ ആവശ്യമെങ്കില്‍ പറയാവുന്നതാണ്, അത് കളിയാക്കിയോ പരിഹാസത്തോടെയോ ആവരുത്.

No comments:
Post a Comment