عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വാഹനപ്പുറത്തുള്ള നമസ്കാരം
74 - عَنْ أَنَسِ بْنِ سِيرِينَ قَالَ: ((اسْتَقْبَلْنَا أَنَساً حِينَ قَدِمَ مِنْ الشَّامِ ، فَلَقِينَاهُ بِعَيْنِ
التَّمْرِ ، فَرَأَيْتُهُ يُصَلِّي عَلَى حِمَارٍ ، وَوَجْهُهُ مِنْ ذَا
الْجَانِبِ - يَعْنِي عَنْ يَسَارِ الْقِبْلَةِ - فَقُلْتُ: رَأَيْتُكَ تُصَلِّي
لِغَيْرِ الْقِبْلَةِ؟ فَقَالَ: لَوْلا أَنِّي رَأَيْتُ رَسُولَ اللَّهِ - صلى
الله عليه وسلم - يَفْعَلُهُ مَا فَعَلْتُهُ)) .
അനസു ബ്നു സീരീന്‍ رحمه الله പറഞ്ഞു: അനസു ബ്നു മാലിക് رضي الله عنه ശാമില്‍ നിന്ന് വരുന്ന വേളയില്‍ ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു, അദ്ദേഹത്തെ "ഐന്‍ തംര്‍" എന്ന സ്ഥലത്ത് വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം കഴുതപ്പുറത്ത് വെച്ച് നമസ്കരിക്കുകയായിരുന്നു. (ആ സമയം) അദ്ദേഹത്തിന്‍റെ മുഖം ഈ വശത്തേക്ക് -ഖിബ്‌ലയുടെ ഇടത് ഭാഗത്തേക്ക്- ആയിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: താങ്കള്‍ ഖിബ്‌ലയിലേക്ക് അല്ലാതെ നമസ്കരിക്കുന്നതാണല്ലോ ഞാന്‍ കണ്ടത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇപ്രകാരം റസൂല്‍ صلى الله عليه وسلم ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാനും അത് ചെയ്യുമായിരുന്നില്ല.
വിവരണം
സുന്നത്തിനെ പിന്തുടരുന്നതില്‍ സ്വഹാബിമാര്‍ക്ക് വലിയ താല്പര്യമായിരുന്നു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സുന്നത്തുകള്‍ കാണാന്‍ സാധിക്കുമായിരുന്നു.
ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത് താബിഈ ആയ അനസ് ബ്നു സീരീന്‍ رحمه الله ആണ്. ഒരിക്കല്‍ അനസ് ബ്നു മാലിക് رضي الله عنه ശാമില്‍ നിന്ന് മടങ്ങി വരികയായിരുന്നു. അപ്പോള്‍ അനസ് ബ്നു സീരീന്‍ رحمه الله യും സംഘവും അദ്ദേഹത്തെ 'ഐന്‍ തംര്‍; എന്ന സ്ഥലത്ത് വെച്ചു കണ്ടുമുട്ടി. 'ഐന്‍ തംര്‍' എന്ന സ്ഥലം ഇറാഖിലെ 'അംബാര്‍' എന്ന പട്ടണത്തിന്‍റെ പടിഞ്ഞാറ് വശം സ്ഥിതി ചെയ്യുന്ന നാടാണ്. അനസു ബ്നു മാലിക് رضي الله عنه അവിടേക്ക് എത്തുമ്പോള്‍ അദ്ദേഹം കഴുതപ്പുറത്തിരുന്നു നമസ്കരിക്കുകയായിരുന്നു. അദ്ദേഹം കഅ'ബയുടെ ഇടത് ഭാഗത്തേക്ക് തിരിഞ്ഞായിരുന്നു നമസകരിച്ചിരുന്നത്, നേരെ കഅ'ബയിലേക്ക് തിരിഞ്ഞായിരുന്നില്ല. അപ്പോള്‍ അനസുബ്നു സീരീന്‍ رحمه الله അത്ഭുതത്തോടെ ചോദിച്ചു: താങ്കള്‍ ഖിബ്‌ലക്ക് നേരെയല്ലാതെ തിരിഞ്ഞ് നമസ്കരിക്കുന്നതായി ഞാന്‍ കണ്ടല്ലോ... അപ്പോള്‍ അനസ് ബ്നു മാലിക് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم ഇപ്രകാരം വാഹനപ്പുറത്തിരുന്ന് നമസ്കരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ല. സുന്നത്ത് നമസ്കാരങ്ങള്‍ നബി صلى الله عليه وسلم ഇപ്രകാരം നമസ്കരിച്ചിരുന്നു എന്നാണ് അനസ് ബ്നു മാലിക് رضي الله عنه വ്യക്തമാക്കുന്നത്. നിര്‍ബന്ധ നമസ്കാരങ്ങള്‍ ഇങ്ങനെ നമസ്കരിക്കാന്‍ പാടില്ല. ഐച്ഛീക നമസ്കാരങ്ങള്‍ വാഹനപ്പുറത്ത് വെച്ച് അത് തിരിയുന്ന ഭാഗത്തെക്കായി നമസ്കരിക്കാം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- വാഹനപ്പുറത്ത് അല്ലെങ്കില്‍ വാഹനത്തില്‍ വെച്ച് അത് തിരിയുന്നിടത്തേക്ക് തിരിഞ്ഞ് സുന്നത്ത് നമസ്കാരങ്ങള്‍ നമസ്കരിക്കാം.
2- റസൂല്‍ صلى الله عليه وسلم യുടെ സുന്നത്ത് പിന്തുടരല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്.
3- റസൂല്‍ صلى الله عليه وسلم യുടെ സുന്നത്ത് പിന്തുടരുന്നതില്‍ സ്വഹാബികള്‍ അതീവ തല്‍പരരായിരുന്നു.
4- അത്യാവശ്യ കാരണങ്ങളില്ലാതെ വാഹനപ്പുറത്തോ വാഹനത്തില്‍ വെച്ചോ നിര്‍ബന്ധ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കാവതല്ല. അത് ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് കൊണ്ട് തന്നെ നിര്‍വ്വഹിക്കേണ്ടതാണ്.
No comments:
Post a Comment