عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഖിബ്‌ലക്ക് നേരെ തിരിയല്‍
بابُ استقبالِ القبلةِ
عَنْ ابْنِ عُمَرَ رضي الله عنهما: ((أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُسَبِّحُ عَلَى ظَهْرِ رَاحِلَتِهِ ، حَيْثُ كَانَ وَجْهُهُ ، يُومِئُ
بِرَأْسِهِ ، وَكَانَ ابْنُ عُمَرَ يَفْعَلُهُ)) .
وَفِي رِوَايَةٍ: ((كَانَ يُوتِرُ عَلَى بَعِيرِهِ)) .
وَلِمُسْلِمٍ: ((غَيْرَ أَنَّهُ لا يُصَلِّي عَلَيْهَا الْمَكْتُوبَةَ)) .
وَلِلْبُخَارِيِّ: ((إلاَّ الْفَرَائِضَ)) .
ഇബ്നു ഉമര്‍ رضي الله عنهما നിവേദനം: റസൂല്‍ صلى الله عليه وسلم തന്‍റെ വാഹനപ്പുറത്ത് വെച്ച് തന്‍റെ മുഖം നില്‍ക്കുന്ന ഭാഗത്തേക്ക് (തിരിഞ്ഞ്) നമസ്കരിക്കാറുണ്ടായിരുന്നു. റസൂല്‍ صلى الله عليه وسلم തന്‍റെ തല കൊണ്ട് ആംഗ്യം കാണിക്കുമായിരുന്നു.
ഇബ്നു ഉമര്‍ رضي الله عنهما യും അത് ചെയ്യുമായിരുന്നു.
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം (റസൂല്‍ صلى الله عليه وسلم തന്‍റെ ഒട്ടകപ്പുറത്ത് ഇരുന്നു കൊണ്ട് വിത്ര്‍ നമസ്കരിക്കുമായിരുന്നു.
ഇമാം മുസ്‌ലിം رحمه الله വിന്‍റെ റിപ്പോര്‍ട്ടില്‍ (റസൂല്‍ صلى الله عليه وسلم അതിന് പുറത്ത് (വാഹനപ്പുറത്ത്) വെച്ച് നിര്‍ബന്ധ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കുമായിരുന്നില്ല).
ഇമാം ബുഖാരി رحمه الله യുടെ റിപ്പോര്‍ട്ടില്‍ (നിര്‍ബന്ധ നമസ്കാരങ്ങള്‍ ഒഴികെ) എന്നുമുണ്ട്.
يُسبِّحُ: يُصلَّي. നമസ്കരിക്കും
يومىءُ برأْسِه: يشيرُ برأْسِه. തല കൊണ്ട് ആംഗ്യം കാണിക്കും
വിവരണം
സുന്നത്ത് നമസ്കാരങ്ങള്‍ വാഹനത്തില്‍ വെച്ച് അല്ലെങ്കില്‍ വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കാം എന്ന് ഈ ഹദീസ് അറിയിക്കുന്നു. യാത്രയില്‍ റസൂല്‍ صلى الله عليه وسلم വാഹനം തിരിയുന്ന ഭാഗത്തേക്ക് തിരിഞ്ഞ് കൊണ്ട് നമസ്കരിക്കാറുണ്ടായിരുന്നു, ഈ സന്ദര്‍ഭത്തില്‍ ഖിബ്‌ലക്ക് നേരെ തിരിയല്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് നമസ്കരിക്കാന്‍ സൗകര്യമുള്ള കപ്പല്‍ പോലെയുള്ള വാഹനങ്ങളില്‍ വെച്ച് നമസ്കരിക്കുമ്പോള്‍ ഖിബ്‌ലയിലേക്ക് തന്നെ തിരിഞ്ഞ് നമസ്കരിക്കണം.
വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കുമ്പോള്‍ റസൂല്‍ صلى الله عليه وسلم തന്‍റെ തല കൊണ്ട് ആംഗ്യം കാണിക്കുമായിരുന്നു. അഥവാ റുകൂഅ', സുജൂദ് എന്നിവ ചെയ്യുമ്പോള്‍ തല കൊണ്ട് ആംഗ്യം കാണിക്കും. റുകൂഅ' ചെയ്യുമ്പോള്‍ തല കുനിക്കും, അത് പോലെ സുജൂദ് ചെയ്യുമ്പോള്‍ റുകൂഇന് തല കുനിച്ചതിനേക്കാള്‍ കൂടുതല്‍ ആയി തല കുനിക്കും.
തന്‍റെ പിതാവ് ഇബ്നു ഉമര്‍ رضي الله عنهما നബി صلى الله عليه وسلم ചെയ്തിരുന്ന പോലെ യാത്രയില്‍ വാഹനപ്പുറത്ത് വെച്ച് സുന്നത്ത് നമസ്കരിക്കറുണ്ടായിരുന്നു എന്ന് സാലിമു ബ്നി അബ്ദില്ലാഹി ബ്നു ഉമര്‍ رضي الله عنهم പറഞ്ഞു.
യാത്രയില്‍ വാഹനപ്പുറത്ത് വെച്ച് സുന്നത്ത് നമസ്കാരങ്ങളായിരുന്നു റസൂല്‍ صلى الله عليه وسلم നിര്‍വ്വഹിച്ചിരുന്നത്. നിര്‍ബന്ധ നമസ്കാരങ്ങള്‍ നിര്‍വ്വഹിച്ചിരുന്നില്ല എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. അഥവാ നിര്‍ബന്ധ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ ഖിബലയിലേക്ക് തിരിയല്‍ നിര്‍ബന്ധമാണ് എന്നാണ് ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സുന്നത്ത് നമസ്കാരങ്ങള്‍ക്ക് ഇത് നിര്‍ബന്ധമില്ല.
റസൂല്‍ صلى الله عليه وسلم യാത്രയില്‍ വാഹനപ്പുറത്ത് വെച്ച് വിത്ര്‍ നമസ്കാരം നിര്‍വ്വഹിച്ചിരുന്നു. വിത്റും ഫജ്റിന്‍റെ രണ്ട് റക്അത്തും അല്ലാത്ത സുന്നത്ത് നമസ്കാരങ്ങള്‍ യാത്രയില്‍ നബി صلى الله عليه وسلم കണിശമായി നിര്‍വ്വഹിച്ചിരുന്നില്ല.
ചെറിയ യാത്രകളില്‍ നമസ്കാരം കൃത്യമായി ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൊണ്ട് തന്നെ നിര്‍വ്വഹിക്കാന്‍ നാം ശ്രദ്ധിക്കണം. എന്നാല്‍ വിമാനം, ട്രെയിന്‍ പോലെയുള്ളവയില്‍ ദീര്‍ഘ ദൂര യാത്ര ചെയ്യുകയാണെങ്കില്‍ വാഹനത്തില്‍ വെച്ച് നിര്‍ബന്ധ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കാം. കഴിയുമെങ്കില്‍ ഖിബ്‌ലയിലേക്ക് തിരിയാന്‍ ശ്രമിക്കണം.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഒരു മുസ്‌ലിം എല്ലാ സന്ദര്‍ഭത്തിലും നമസ്കാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധയുള്ളവനായിരിക്കണം. യാത്രയിലും അല്ലാത്തപ്പോഴുമെല്ലാം നമസ്കാരം കൃത്യമായി നിര്‍വ്വഹിക്കണം.
2- വാഹനപ്പുറത്ത് (ഒട്ടകം, കുതിര, കഴുത എന്നിവയുടെ പുറത്ത്) യാത്രചെയ്യുമ്പോള്‍ സുന്നത്ത് നമസ്കാരങ്ങള്‍ അവയുടെ പുറത്ത് വെച്ച് നിര്‍വ്വഹിക്കാം. എന്നാല്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ ഇങ്ങനെ നിര്‍വ്വഹിക്കാന്‍ പാടില്ല.
3- റസൂല്‍ صلى الله عليه وسلم യാത്രയിലും വിത്ര്‍ നമസ്കരിച്ചിരുന്നു.
4- വിത്ര്‍, ഫജ്റിന്‍റെ മുമ്പുള്ള സുന്നത്ത് എന്നിവ യാത്രയിലും നബി صلى الله عليه وسلم കൃത്യമായി നിര്‍വ്വഹിച്ചിരുന്നു. മറ്റു സുന്നത്ത് നമസ്കാരങ്ങള്‍ യാത്രയില്‍ നബി صلى الله عليه وسلم പതിവാക്കിയിരുന്നില്ല.
5- കപ്പല്‍ പോലെയുള്ള വാഹനങ്ങളില്‍ യാത്ര പോകുമ്പോള്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൊണ്ട് തന്നെ നമസ്കരിക്കണം.
6- വിമാനത്തിലോ, തീവണ്ടിയിലോ യാത്ര ചെയ്യുമ്പോള്‍ കഴിവിന്‍റെ പരമാവധി ഖിബ്‌ലയിലേക്ക് തിരിയാന്‍ പരിശ്രമിക്കണം.
7- നിര്‍ബന്ധ സാഹചര്യങ്ങളില്‍ കഴിയുന്ന വിധം വാഹനത്തില്‍ വെച്ച് നിര്‍ബന്ധ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കാം.
8- വാഹനത്തില്‍ വെച്ച് നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍ റുകൂഅ', സുജൂദ് എന്നിവ ചെയ്യുമ്പോള്‍ തല കൊണ്ട് ആംഗ്യം കാണിച്ചാല്‍ മതിയാകും. സുജൂദ് ചെയ്യുമ്പോള്‍ റുകൂഅ' ചെയ്തപ്പോഴുള്ളതിനേക്കാള്‍ അധികം തല കുനിക്കണം.

No comments:
Post a Comment