عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ജനങ്ങളെ അകറ്റരുത്..
അവരെ മാനിക്കുക
85 - وَمَا فِي مَعْنَاهُ
തൊട്ടു മുമ്പത്തെ ഹദീസിന്‍റെ അതെ ആശയത്തില്‍ ഉള്ള ഒരു ഹദീസ് കൂടി,
مِنْ حَدِيثِ أَبِي
مَسْعُودٍ الأَنْصَارِيِّ رضي الله عنه قَالَ: ((جَاءَ رَجُلٌ إلَى رَسُولِ
اللَّهِ صلى الله عليه وسلم فَقَالَ: إنِّي لأَتَأَخَّرُ عَنْ صَلاةِ
الصُّبْحِ مِنْ أَجْلِ فُلانٍ ، مِمَّا يُطِيلُ بِنَا ، قَالَ: فَمَا رَأَيْتُ
النَّبِيَّ صلى الله عليه وسلم غَضِبَ فِي مَوْعِظَةٍ قَطُّ أَشَدَّ مِمَّا
غَضِبَ يَوْمَئِذٍ ، فَقَالَ: يَا أَيُّهَا النَّاسُ ، إنَّ مِنْكُمْ مُنَفِّرِينَ
، فَأَيُّكُمْ أَمَّ النَّاسَ فَلْيُوجِزْ ، فَإِنَّ مِنْ وَرَائِهِ الْكَبِيرَ
وَالضَّعِيفَ وَذَا الْحَاجَةِ)) .
അബൂ മസ്ഊദ് അല്‍അന്‍സ്വാരി رضي الله عنه പറഞ്ഞു: ഒരാള്‍ റസൂല്‍ صلى الله عليه وسلم യുടെ അടുക്കലേക്ക് വന്നു പറഞ്ഞു: ഇന്ന വ്യക്തി ഞങ്ങളെയും കൊണ്ട് (നമസ്കാരം) ദീര്‍ഘിപ്പിക്കുന്നതിനാല്‍ ഞാന്‍ സ്വുബ്ഹി നമസ്കാരത്തിന് വൈകി വരേണ്ട അവസ്ഥ ഉണ്ടാകുന്നു. അബൂമസ്ഊദ് رضي الله عنه പറഞ്ഞു: അപ്പോൾ അന്ന് നബി صلى الله عليه وسلم കോപിച്ചതിനേക്കാൾ ശക്തമായി ഒരു ഉപദേശത്തിലും അദ്ദേഹം കോപിക്കുന്നത് ഞാൻ തീരെ കണ്ടിട്ടില്ല. നബി صلى الله عليه وسلم പറഞ്ഞു: അല്ലയോ ജനങ്ങളെ.. നിങ്ങളില്‍ (ആളുകളെ) അകറ്റുന്നവര്‍ ഉണ്ട്, നിങ്ങളില്‍ ആര് ആളുകള്‍ക്ക് ഇമാമായി നില്‍ക്കുന്നുവോ അവന്‍ (നമസ്കാരം) ചുരുക്കണം, നിശ്ചയം അവന്‍റെ പിന്നില്‍ വലിയവരും (പ്രായമായവരും), ദുര്‍ബലനും, അത്യാവശ്യങ്ങള്‍ ഉള്ളവരുമൊക്കെയുണ്ടാകും.
വിവരണം
ഒരു ഇമാം നമസ്കാരം അമിതമായി ദീർഘിപ്പിച്ചതു കാരണം ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ വൈകുന്നു എന്ന് ഒരു സ്വഹാബി പരാതിപ്പെട്ടപ്പോഴുള്ള നബി صلى الله عليه وسلم യുടെ പ്രതികരണമാണ് ഈ ഹദീസിൽ വിവരിക്കുന്നത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ നമസ്കാരം ദീർഘിപ്പിക്കുന്നത് ശരിയല്ലെന്നും, മറ്റുള്ളവരുടെ അവസ്ഥയെ പരിഗണിക്കണമെന്നും ഈ ഹദീസ് അറിയിക്കുന്നു.
ഇസ്‌ലാമിക ശരീഅത്ത്, മതനിയമങ്ങൾ ബാധകമായവർക്ക് ആരാധനാകർമ്മങ്ങളിലും അല്ലാത്തവയിലും എളുപ്പവും പ്രയാസങ്ങൾ ഇല്ലാതെയുമാണ് നിശ്ചയിക്കപ്പെട്ടത്. പ്രത്യേകിച്ചും ഒഴികഴിവുകളുള്ളവരുടെ (പ്രയാസങ്ങളനുഭവിക്കുന്നവരുടെ) കാര്യത്തിൽ ഇത് കൂടുതല്‍ ലളിതമാണ്.
ഈ ഹദീസിൽ അബൂ മസ്ഊദ് ഉഖ്ബത്ത് ബ്നു അംറ് അൽ-അൻസാരി رضي الله عنه റിപ്പോർട്ട് ചെയ്യുന്നു: ഒരാൾ നബി صلى الله عليه وسلم യുടെ അടുക്കൽ വന്ന് പരാതിപ്പെട്ടു, താൻ ആരുടെ പിന്നിലാണോ നമസ്കരിക്കുന്നത് ആ ഇമാം നമസ്കാരം ദീർഘിപ്പിക്കുന്നത് കാരണം തനിക്ക് സുബ്ഹ് നമസ്കാരത്തിന് വൈകേണ്ടി വരുന്നു എന്ന്. നബി صلى الله عليه وسلم അത് കേട്ടപ്പോൾ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം അവിടുന്ന് ശക്തമായി കോപിച്ചു. ശേഷം എഴുന്നേറ്റുനിന്ന് ആ വിഷയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു, അപ്പോള്‍ റസൂല്‍ صلى الله عليه وسلم കഠിനമായി കോപിച്ച അവസ്ഥയിലായിരുന്നു. അവിടുന്ന് പറഞ്ഞു: "ഓ ജനങ്ങളേ, നിശ്ചയം നിങ്ങളിൽ (മറ്റുള്ളവരെ) അകറ്റുന്നവരുണ്ട്". അതായത്: അവർ ജനങ്ങളെ നമസ്കാരത്തിൽ നിന്ന് അകറ്റുകയും, നമസ്കാരത്തോട് വെറുപ്പുണ്ടാക്കുകയും, അതവർക്ക് ഭാരമാക്കിത്തീർക്കുകയും ചെയ്യുന്നു.
നമസ്കാരം ദീർഘിപ്പിച്ച വ്യക്തിയെ പേരെടുത്ത് പറയാതെ വിഷയം പൊതുവായി പറയുകയാണ് ചെയ്തത്. തെറ്റ് ചെയ്തയാളെ ജനമധ്യത്തിൽ വെച്ച് വഷളാക്കാതിരിക്കാനും, ഉപദേശം എല്ലാവർക്കും ബാധകമാക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്, അർഹിക്കുന്നവരെ പേരെടുത്തു പറഞ്ഞ് ശാസിക്കാതിരിക്കുന്നത് നബി صلى الله عليه وسلم യുടെ പതിവായിരുന്നു. തെറ്റ് തിരുത്തുമ്പോഴും വിമര്‍ശിക്കുമ്പോഴും നാം പകര്‍ത്തേണ്ട വലിയൊരു മര്യാദയാണ് ഇത്.
പിന്നീട് അവിടുന്ന് ജനങ്ങളെ ഉപദേശിച്ചു: ആരെങ്കിലും ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കുന്നുവെങ്കിൽ, അവൻ തൻ്റെ നമസ്കാരം ലഘൂകരിക്കട്ടെ. കാരണം, പിന്തുടർന്ന് നമസ്കരിക്കുന്നവരിൽ പ്രായമായവരും, ദുർബലരും, തങ്ങളുടെ മറ്റു ആവശ്യങ്ങള്‍ പൂർത്തിയാക്കാൻ ഉള്ളവരും ഉണ്ടാകാം. നമസ്കാരം ദീർഘിപ്പിക്കുന്നത് ജമാഅത്ത് നമസ്കാരത്തിൽ നിന്ന് ആളുകളെ അകറ്റാനും അതിനോടുള്ള താൽപര്യം കുറയ്ക്കാനും കാരണമായേക്കാം. എന്നാൽ നമസ്കാരം ലഘൂകരിക്കുന്നതിൽ മഅ്മൂമീങ്ങൾക്ക് (പിന്തുടർന്ന് നമസ്കരിക്കുന്നവർക്ക്) എളുപ്പവും സൗകര്യവുമുണ്ടാവും. അങ്ങനെ, നമസ്കാരത്തോട് താല്പര്യമുള്ളവരായി അവർക്ക് പിരിഞ്ഞുപോകാൻ സാധിക്കുകായും ചെയ്യും.
എല്ലാവര്‍ക്കും എളുപ്പമുണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്, അവരെ അകറ്റാനല്ല. ആരാധനകളില്‍ പോലും ഇത് പാലിക്കപ്പെടണം എന്ന പാഠമാണ് ഈ ഹദീസ് നല്‍കുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment