ഫോളോ ചെയ്യാം

Monday, 22 September 2025

338 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 78- دروس الحديث - ഇമാമിന്‍റെ വലത് ഭാഗത്ത് നില്‍ക്കല്‍

 

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


ഇമാമിന്‍റെ 

വലത് ഭാഗത്ത് നില്‍ക്കല്‍

78 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما: قَالَ: ((بِتُّ عِنْدَ خَالَتِي مَيْمُونَةَ. فَقَامَ النَّبِيُّ - صلى الله عليه وسلم - يُصَلِّي مِنْ اللَّيْلِ. فَقُمْتُ عَنْ يَسَارِهِ. فَأَخَذَ بِرَأْسِي فَأَقَامَنِي عَنْ يَمِينِهِ)) .

അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ഞാന്‍ എന്‍റെ മാതൃ സഹോദരിയായ മൈമൂന യുടെ അടുക്കല്‍ രാത്രി താമസിച്ചു. അപ്പോള്‍ നബി صلى الله عليه وسلم രാത്രി നമസ്കാരത്തിനായി എഴുന്നേറ്റു, ഞാന്‍ അദ്ദേഹത്തിന്‍റെ ഇടത് ഭാഗത്തായി നില്‍ക്കുകയും ചെയ്തു. അപ്പോള്‍ നബി صلى الله عليه وسلم എന്‍റെ തലയില്‍ പിടിച്ച് എന്നെ അവരുടെ വലത് ഭാഗത്തേക്ക് നിര്‍ത്തി. 

വിവരണം

  അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما  അദ്ദേഹത്തിന്‍റെ മാതൃ സഹോദരിയായ മൈമൂന رضي الله عنها യുടെ അടുക്കല്‍ ഒരു ദിവസം രാത്രി താമസിച്ചു. വിശ്വാസികളുടെ മാതാവായ മൈമൂന رضي الله عنها നബി صلى الله عليه وسلم യുടെ പത്നിയാണ്.

    തഹജ്ജുദ് നമസ്കാരത്തിന്‍റെ സമയമായപ്പോള്‍ നബി صلى الله عليه وسلم നമസ്കാരത്തിനായി എഴുന്നേറ്റു. അപ്പോള്‍ അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما യും നമസ്കാരത്തിനായി നിന്നു. അദ്ദേഹം നബി صلى الله عليه وسلم യുടെ ഇടത് ഭാഗത്തായിരുന്നു നിന്നിരുന്നത്. അപ്പോള്‍ നബി صلى الله عليه وسلم അദ്ദേഹത്തിന്‍റെ തലയില്‍ പിടിച്ച് അദ്ദേഹത്തെ വലത് ഭാഗത്തേക്ക് നിര്‍ത്തി. 

 രണ്ട് പുരുഷന്മാര്‍ നമസ്കരിക്കാന്‍ നില്‍ക്കുമ്പോള്‍ ഈ രൂപത്തില്‍ ആണ് നില്‍ക്കേണ്ടത്. അഥവാ ഒരേ സ്വഫ്ഫില്‍ ഇമാമിന്‍റെ വലത് ഭാഗത്തായി ആണ് ഈ സന്ദര്‍ഭത്തില്‍ മഅ'മൂം നില്‍ക്കേണ്ടത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- വിവാഹ ബന്ധം നിഷിദ്ധമായവരുടെ അടുക്കല്‍ കുഴപ്പങ്ങളില്ലാതിരുന്നാല്‍ രാത്രി താമസിക്കല്‍ അനുവദനീയമാണ്. 

2- രാത്രി നമസ്കാരം വളരെ പുണ്യമുള്ള ആരാധനാ കര്‍മമാണ്. 

3- സുന്നത്ത് നമസ്കാരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ജമാഅത്തായി നിര്‍വ്വഹിക്കാം. അതില്‍ പെട്ടതാണ് രാത്രി നമസ്കാരം സംഘമായി നിര്‍വ്വഹിക്കല്‍.

4- രണ്ട് പുരുഷന്‍മാര്‍ നമസ്കരിക്കുമ്പോള്‍ മഅ'മൂം ഇമാമിന്‍റെ വലത് ഭാഗത്തായി മടമ്പുകള്‍ ചേര്‍ത്ത് നില്‍ക്കണം. ഇതാണ് സുന്നത്ത്. രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ മഅ'മൂമായി ഉണ്ടാകുമ്പോഴാണ് ഇമാമിന്‍റെ പിന്നില്‍ നില്‍ക്കേണ്ടത്. 

5- രണ്ടാള്‍ നമസ്കരിക്കുമ്പോള്‍ മഅ'മൂം ഇടത് ഭാഗത്ത് നിന്നാല്‍ അവന്‍റെ നമസ്കാരം ബാത്വില്‍ ആവുകയില്ല. ഇങ്ങനെ നിന്നാല്‍ അവന്‍ നമസ്കാരത്തില്‍ യഥാര്‍ഥത്തില്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കുന്നവനാവില്ല.  ഏറ്റവും ശ്രേഷ്ടമായത് വലത് ഭാഗത്ത് നില്‍ക്കലാണ്.  

6- ഒരു മഅ'മൂം ഇമാമിന്‍റെ ഇടത് ഭാഗത്ത് നില്‍ക്കുകയും നമസ്കരിച്ച് കൊണ്ടിരിക്കേ അവനെ വലത് ഭാഗത്തേക്ക് മാറ്റുകയും ചെയ്യുമ്പോള്‍ ഇമാമിന്‍റെ പിന്‍ഭാഗത്ത് കൂടിയാണ് അവന്‍ വലത് ഭാഗത്തേക്ക് വരേണ്ടത്. 

7- നമസ്കാരത്തിന്‍റെ പരിപൂര്‍ണ്ണതക്കും ഭംഗിക്കും വേണ്ടി നമസ്കാരത്തില്‍ ചലിക്കുന്നത് കൊണ്ട് നമസ്കാരത്തിന് കുഴപ്പം സംഭവിക്കുകയില്ല. 

8- പ്രായപൂര്‍ത്തിയായ ആളോടൊപ്പം പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് സ്വഫ്ഫ് ആയി നില്‍ക്കാന്‍ പറ്റും. 



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...