ഫോളോ ചെയ്യാം

Sunday, 21 September 2025

337 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 77- دروس الحديث - നമസ്കാരത്തിന് സ്വഫ്ഫായി നില്‍ക്കുന്ന വിധം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


നമസ്കാരത്തിന് സ്വഫ്ഫായി നില്‍ക്കുന്ന വിധം

77 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه : ((أَنَّ جَدَّتَهُ مُلَيْكَةَ دَعَتْ رَسُولَ اللَّهِ صلى الله عليه وسلم لِطَعَامٍ صَنَعَتْهُ ، فَأَكَلَ مِنْهُ ، ثُمَّ قَالَ: قُومُوا فَلأُصَلِّيَ لَكُمْ؟ قَالَ أَنَسٌ: فَقُمْتُ إلَى حَصِيرٍ لَنَا قَدْ اسْوَدَّ مِنْ طُولِ مَا لُبِسَ ، فَنَضَحْتُهُ بِمَاءٍ ، فَقَامَ عَلَيْهِ رَسُولُ اللَّه صلى الله عليه وسلم وَصَفَفْتُ أَنَا وَالْيَتِيمُ وَرَاءَهُ ، وَالْعَجُوزُ مِنْ وَرَائِنَا. فَصَلَّى لَنَا رَكْعَتَيْنِ ، ثُمَّ انْصَرَفَ)) . 

അനസു ബ്നു മാലിക് رضي الله عنه നിവേദനം. അനസ് رضي الله عنه വിന്‍റെ വലിയുമ്മ 'മുലൈക' അവരുണ്ടാക്കിയ ഭക്ഷണത്തിലേക്ക് റസൂല്‍ صلى الله عليه وسلم യെ ക്ഷണിച്ചു, അങ്ങനെ റസൂല്‍ صلى الله عليه وسلم അതില്‍ നിന്ന് ഭക്ഷിച്ചു. എന്നിട്ട് പറഞ്ഞു: നിങ്ങള്‍ എഴുന്നേല്‍ക്കൂ.. ഞാന്‍ നിങ്ങള്‍ക്ക് (ഇമാം ആയി) നമസ്കരിക്കട്ടെയോ? അനസ്‌ رضي الله عنه പറഞ്ഞു:  അപ്പോള്‍ ഞാന്‍ ഞങ്ങളുടെ ഒരു പായ എടുക്കാന്‍ നിന്നു, അത് ഉപയോഗം കൊണ്ട് കറുത്ത് പോയിരുന്നു. അങ്ങനെ ഞാന്‍ അതില്‍ വെള്ളം കുടഞ്ഞ്‌ (വൃത്തിയാക്കി). അങ്ങനെ റസൂല്‍ صلى الله عليه وسلم എഴുന്നേല്‍ക്കുകയും ഞാനും ഒരു അനാഥ കുട്ടിയും റസൂല്‍ صلى الله عليه وسلم യുടെ പിറകിലും പ്രായമായവര്‍ നിങ്ങളുടെ പിന്നിലും അണിയായി നിന്നു. റസൂല്‍ صلى الله عليه وسلم ഞങ്ങള്‍ക്കായി രണ്ട് റക്അ'ത്ത് നമസ്കരിക്കുകയും പിന്നെ പിരിഞ്ഞു പോവുകയും ചെയ്തു. 

وَلِمُسْلِمٍ ((أَنَّ رَسُولَ اللَّهِ صلى الله عليه وسلم صَلَّى بِهِ وَبِأُمِّهِ فَأَقَامَنِي عَنْ يَمِينِهِ ، وَأَقَامَ الْمَرْأَةَ خَلْفَنَا)) .

ഇമാം മുസ്‌ലിം رحمه الله യുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: നിശ്ചയം റസൂല്‍ صلى الله عليه وسلم അദ്ദേഹത്തിന്‍റെയും (അനസ്‌ رضي الله عنه വിന്‍റെയും) അദ്ദേഹത്തിന്‍റെ ഉമ്മയുടെയും കൂടെ നമസ്കരിച്ചു. എന്നെ റസൂല്‍ صلى الله عليه وسلم യുടെ വലത് ഭാഗത്തും സ്ത്രീയെ ഞങ്ങളുടെ പിറകിലും റസൂല്‍ صلى الله عليه وسلم നിര്‍ത്തി. 

اليتيمُ: ضُميرة جدُّ حسين بن عبد اللهِ بن ضميرة.

ഇതില്‍ പറയുന്ന അനാഥന്‍റെ പേര് ദുമൈറ എന്നാണ്.


വിവരണം

റസൂല്‍ صلى الله عليه وسلم തന്‍റെ അനുയായികള്‍ക്ക് ഉത്തമ മാതൃകയായിരുന്നു. ഓരോ സന്ദര്‍ശനങ്ങളിലും റസൂല്‍ صلى الله عليه وسلم അവര്‍ക്ക് ഓരോ വിധികളും, അദബുകളും പഠിപ്പിച്ച് കൊടുക്കുമായിരുന്നു. സ്വഹാബികള്‍ ആ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അറിയിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു. 

അനസ്‌ رضي الله عنه വിന്‍റെ ഉമ്മയുടെ ഉമ്മ മുലൈക ഒരിക്കല്‍ ഭക്ഷണമുണ്ടാക്കി അതിലേക്ക് റസൂല്‍ صلى الله عليه وسلم യെ ക്ഷണിക്കുകയുണ്ടായി. റസൂല്‍ صلى الله عليه وسلم ആ ക്ഷണം സ്വീകരിക്കുകയും അതിലേക്ക് വരികയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം എല്ലാവരോടും നമസ്കരിക്കാന്‍ നില്‍ക്കാന്‍ റസൂല്‍ صلى الله عليه وسلم അറിയിച്ചു. സ്വഹാബികള്‍ അവരെയും കൊണ്ട് റസൂല്‍ صلى الله عليه وسلم അവരുടെ വീടുകളില്‍ വെച്ച്  നമസ്കരിക്കാന്‍ റസൂല്‍ صلى الله عليه وسلم യെ ക്ഷണിക്കാറുണ്ടായിരുന്നു. നമസ്കാരത്തിന്‍റെ രൂപങ്ങള്‍ കൃത്യമായി നേരിട്ട് പഠിപ്പിച്ച് കൊടുക്കുന്നതിനായിരുന്നു നമസ്കരിക്കാന്‍ നില്‍ക്കാന്‍ പറഞ്ഞത്. അങ്ങനെ അനസ്‌ رضي الله عنه ഒരു പായ (നമസ്കരിക്കാന്‍ തയ്യാറാക്കിയ വിരി) എടുക്കാന്‍ എണീറ്റു. അത് ധാരാളം ഉപയോഗിച്ചത് കൊണ്ട് കറുത്ത് പോയിരുന്നു. അനസ്‌ رضي الله عنه അതിലേക്ക് കുറച്ച് വെള്ളം കുടഞ്ഞ്‌ അത് വൃത്തിയാക്കി. റസൂല്‍ صلى الله عليه وسلم അതില്‍ നില്‍ക്കുകയും സ്വഫ്ഫ് നേരെയാക്കുകയും ചെയ്തു. സ്വഫ്ഫ് നേരെയാക്കുന്ന രീതി അവര്‍ക്ക് ബോധ്യപ്പെടുത്തി. പുരുഷന്മാര്‍ (അനസ്‌ رضي الله عنه വും ഒരു യതീം -ദംറ അല്ലെങ്കില്‍ ദുമൈറ എന്ന- കുട്ടിയും) റസൂല്‍ صلى الله عليه وسلم യുടെ പിറകില്‍ സ്വഫ്ഫായി നിന്നു. അനസ്‌ رضي الله عنه  വിന്‍റെ വലിയുമ്മയായ മുലൈക അവരുടെ പിറകിലും നിന്നു. ഇങ്ങനെ സ്വഫ്ഫായി നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ ഏറ്റവും പുറകിലെ അണികളിലാണ് നില്‍ക്കേണ്ടത്. 

 പിന്നെ റസൂല്‍ صلى الله عليه وسلم രണ്ട് റക്അത്ത് നമസ്കരിക്കുകയും  ശേഷം അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്തു. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

 1- റസൂല്‍ صلى الله عليه وسلم യുടെ വിനയവും നല്ല പെരുമാറ്റവും ഈ ഹദീസ് വ്യക്തമാക്കുന്നു. 

2- യതീം എന്നാല്‍ പിതാവ് മരിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടി എന്നാണ് അര്‍ഥം.

3- പുരുഷന്‍ ഇമാം ആയി നമസ്കരിക്കുമ്പോള്‍ മഅ'മൂമുകള്‍ ഇമാമിന്‍റെ പിന്നില്‍ നില്‍ക്കലാണ് ശ്രേഷ്ടം.

4- നമസ്കാരത്തിന് അണിയായി നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ അണികളുടെ ഏറ്റവും പിറകിലാണ് നില്‍ക്കേണ്ടത്. 

5- ഭക്ഷണത്തിനു ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കലും അതില്‍ പങ്കെടുക്കലും ഉത്തമമായ കാര്യമാണ്. 

6-ഹാഫിദ് ഇറാഖി رحمه الله പറഞ്ഞു: 'സുന്നത്ത് നമസ്കാരങ്ങള്‍ ഇമാമിന് പിറകില്‍ സംഘമായി നമസ്കരിക്കല്‍ അനുവദനീയമാണെന്ന് ഈ ഹദീസില്‍ തെളിവുണ്ട്' എന്ന് പറഞ്ഞിട്ടുണ്ട്. 

7- ചെറിയ കുട്ടികള്‍ വകതിരിവുള്ളവരാണെങ്കില്‍ അവരെയുമായി നമസ്കാരത്തിനുള്ള സ്വഫ്ഫ് കെട്ടാവുന്നതാണ്. 

8- സ്വഫ്ഫുകള്‍ക്ക് പിന്നില്‍ ഒരു സ്ത്രീ ഒറ്റക്ക് സ്വഫ്ഫായി നിന്നാല്‍ അവളുടെ നമസ്കാരം ശരിയാകുന്നതാണ്. എന്നാല്‍ കാരണമില്ലാതെ പുരുഷന് ഒറ്റക്ക് ഒരു സ്വഫ്ഫില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. 



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...