عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇമാമിനെ പിന്തുടരല്‍
80 - عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم قَالَ: ((إنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ. فَلا تَخْتَلِفُوا عَلَيْهِ. فَإِذَا كَبَّرَ فَكَبِّرُوا ، وَإِذَا رَكَعَ فَارْكَعُوا. وَإِذَا قَالَ: سَمِعَ اللَّهُ لِمَنْ حَمِدَهُ ، فَقُولُوا: رَبَّنَا وَلَكَ الْحَمْدُ. وَإِذَا سَجَدَ فَاسْجُدُوا. وَإِذَا صَلَّى جَالِساً فَصَلُّوا جُلُوساً أَجْمَعُونَ)) .
അബൂ ഹുറൈറ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: പിന്തുടരപ്പെടാന്‍ വേണ്ടിയാണ് ഇമാം ചുമതലയാക്കപ്പെട്ടത്. ഇമാമിനോട് നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. അദ്ദേഹം തക്ബീര്‍ ചൊല്ലിയാല്‍ നിങ്ങളും തക്ബീര്‍ ചൊല്ലുക. അദ്ദേഹം റുകൂഅ' ചെയ്‌താല്‍ നിങ്ങളും റുകൂഅ' ചെയ്യുക. അദ്ദേഹം سَمِعَ اللَّهُ لِمَنْ حَمِدَه (അല്ലാഹുവിനെ സ്തുതിക്കുന്നവരെ അല്ലാഹു കേട്ടിരിക്കുന്നു) എന്ന് പറഞ്ഞാല്‍ നിങ്ങള്‍ رَبَّنَا وَلَكَ الْحَمْدُ (ഞങ്ങളുടെ റബ്ബേ.. നിനക്കാണ് സര്‍വ്വ സ്തുതിയും) എന്ന് പറയുക. അദ്ദേഹം സുജൂദ് ചെയ്‌താല്‍ നിങ്ങളും സുജൂദ് ചെയ്യുക. അദ്ദേഹം ഇരുന്ന് നമസ്കരിച്ചാല്‍ നിങ്ങള്‍ എല്ലാവരും ഇരുന്ന് നമസ്കരിക്കുക.
വിവരണം
നമസ്കാരത്തില്‍ ഇമാമിനെ നിശ്ചയിച്ചിരിക്കുന്നത് ജനങ്ങള്‍ പരിപൂര്‍ണ്ണമയും അദ്ദേഹത്തെ പിന്തുടരാന്‍ വേണ്ടിയാണ്. നമസ്കാരത്തില്‍ ഇമാമിനോട് ഒരു നിലക്കും എതിരാകാന്‍ പാടില്ല. ഇമാം ചെയ്യുന്ന ഓരോ കാര്യങ്ങളും അതേപടി പിന്തുടരാന്‍ പിന്നില്‍ നമസ്കരിക്കുന്നവര്‍ ബാധ്യസ്ഥരാണ്.
ഇമാം തക്ബീര്‍ ചൊല്ലി കൈകള്‍ കെട്ടിയാല്‍ പിന്നില്‍ നമസ്കരിക്കുന്നവര്‍ അത് പോലെ ചെയ്യണം. ഇമാം റുകൂഅ' ചെയ്‌താലും, അതില്‍ നിന്ന് ഉയര്‍ന്നു നിന്നാലും അത് പോലെ പിന്തുടരണം. ഇമാം سَمِعَ اللَّهُ لِمَنْ حَمِدَهُ എന്ന് പറഞ്ഞാല്‍ മഅ'മൂമുകള്‍ رَبَّنَا وَلَكَ الْحَمْدُ എന്നാണ് പറയേണ്ടത്. ഇമാം സുജൂദ് ചെയ്‌താല്‍ പിന്നിലുള്ളവര്‍ സുജൂദ് ചെയ്യുകയും, ഇനി ഒരു പക്ഷേ ഇമാം ഇരുന്ന് നമസ്കരിക്കുന്ന അവസ്ഥയുണ്ടായാല്‍ എല്ലാവരും ഇരുന്ന് നമസ്കരിക്കുകയും വേണം.
ഇമാമിനെ പരിപൂര്‍ണ്ണമായി പിന്തുടരണം എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. ഇമാമിനെ മുന്‍കടക്കാനോ ഇമാമിന്‍റെ പ്രവര്‍ത്തനങ്ങളോട് ഏറെ പിന്തി നില്‍ക്കാനോ പാടില്ല. കൃത്യമായി പിന്തുടരുകയാണ് വേണ്ടത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നമസ്കാരത്തില്‍ ഇമാമിനെ കൃത്യമായി പിന്തുടരണം. ഇമാം ചെയ്യുന്ന ഓരോ കാര്യങ്ങളും പിന്നില്‍ നിന്ന് നമസ്കരിക്കുന്നവര്‍ പിന്തുടരണം. ഇമാമിന് നമസ്കാരത്തില്‍ നില്‍ക്കാന്‍ കഴിയാതെ ഇരുന്ന് നമസ്കരിക്കേണ്ടി വന്നാല്‍ പിന്നിലുള്ളവര്‍ക്ക് നിന്ന് നമസ്കരിക്കാന്‍ സാധിച്ചാലും അവര്‍ ഇമാമിനെ പിന്തുടര്‍ന്ന് ഇരുന്ന് നമസ്കരിക്കണം.
2- മതകാര്യങ്ങളില്‍ നേതൃത്വം ഏല്‍പിക്കപ്പെട്ടവരെ അനുസരിക്കണം എന്ന പാഠം ഈ ഹദീസില്‍ നിന്നും ലഭിക്കുന്നു.
3- ഇമാമിനോട് എതിരായിക്കൊണ്ട് ഒരാള്‍ നമസ്കരിച്ചാല്‍ അവന്‍റെ നമസ്കാരം സ്വീകരിക്കപ്പെടില്ല.
4- ഇമാമിനെ പിന്തുടരല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇമാം ചെയ്യുന്ന കാര്യം അദ്ദേഹം ചെയ്ത ഉടന്‍ അത് പോലെ ചെയ്യലാണ്.
5- ഇമാം ഇരുന്ന് നമസ്കരിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടായാല്‍ മഅ'മൂമുകളും ഇരുന്ന് നമസ്കരിക്കണം.
6- നമസ്കാരത്തില്‍ റുകൂഇല്‍ നിന്ന് ഉയരുമ്പോള്‍ ഇമാം سَمِعَ اللَّهُ لِمَنْ حَمِدَهُ എന്ന് പറഞ്ഞാല്‍ പിന്നിലുള്ളവര്‍ رَبَّنَا وَلَكَ الْحَمْدُ എന്നാണ് പറയേണ്ടത്.

No comments:
Post a Comment