ഫോളോ ചെയ്യാം

Tuesday, 12 May 2026

568 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 308 دروس الحديث - വിവാഹം നബി ചര്യയാണ്

 

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


വിവാഹം നബി ചര്യയാണ്


308 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه: (أَنَّ نَفَراً مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم سَأَلُوا أَزْوَاجَ النَّبِيِّ صلى الله عليه وسلم عَنْ عَمَلِهِ فِي السِّرِّ؟ فَقَالَ بَعْضُهُمْ: لا أَتَزَوَّجُ النِّسَاءَ. وَقَالَ بَعْضُهُمْ: لا آكُلُ اللَّحْمَ. وَقَالَ بَعْضُهُمْ: لا أَنَامُ عَلَى فِرَاشٍ. فَبَلَغَ ذَلِكَ النَّبِيَّ صلى الله عليه وسلم فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ: مَا بَالُ أَقْوَامٍ قَالُوا كَذَا؟ لَكِنِّي أُصَلِّي وَأَنَامُ وَأَصُومُ وَأُفْطِرُ، وَأَتَزَوَّجُ النِّسَاءَ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي) .

അനസു ബ്നു മാലിക് رضي الله عنه വിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم യുടെ അനുചരന്മാരിൽപ്പെട്ട ചിലർ നബി صلى الله عليه وسلم രഹസ്യമായി (രഹസ്യജീവിതത്തില്‍) ചെയ്യുന്ന ആരാധനാ കർമ്മങ്ങളെക്കുറിച്ച് നബി صلى الله عليه وسلم യുടെ പത്നിമാരോട് ചോദിച്ചു. (അതറിഞ്ഞപ്പോൾ) അവരിൽ ചിലർ പറഞ്ഞു: 'ഞാൻ സ്ത്രീകളെ വിവാഹം കഴിക്കില്ല.' മറ്റു ചിലർ പറഞ്ഞു: 'ഞാൻ മാംസം ഭക്ഷിക്കില്ല.' വേറെ ചിലർ പറഞ്ഞു: 'ഞാൻ വിരിപ്പിൽ കിടന്നുറങ്ങില്ല'. ഈ വിവരം നബി صلى الله عليه وسلم അറിഞ്ഞപ്പോൾ നബി صلى الله عليه وسلم അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു: "ചില ആളുകൾക്ക് എന്തുപറ്റി, അവർ ഇങ്ങനെയൊക്കെ പറയുന്നു? എന്നാൽ ഞാൻ നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു; നോമ്പെടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുന്നു; സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. അതിനാൽ ആര് എന്‍റെ ചര്യയെ (സുന്നത്തിനെ) വെറുക്കുന്നുവോ അവൻ എന്നിൽപ്പെട്ടവനല്ല."

  ഇസ്‌ലാം എന്നാല്‍ സന്യാസം അല്ല. ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ അവന്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളിലും അവന്‍ ഇടപെടണം. മുഴുവന്‍ മനുഷ്യരേക്കാളും ഉത്കൃഷ്ടനായ റസൂല്‍ صلى الله عليه وسلم മതപരമായും ഭൗതികവുമായ കാര്യങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. അതിലേറെ ഭക്തി കാണിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തിനെ പിന്തുടരല്‍ എല്ലാവര്ക്കും നിര്‍ബന്ധമാണ്‌.   

വിവരണം

    നബി صلى الله عليه وسلم യുടെ പത്നിമാരുടെ വീടുകളിൽ ചില അനുചരന്മാർ (സ്വഹാബികൾ) വരികയും, നബി صلى الله عليه وسلم തന്‍റെ വീടിനുള്ളിൽ രഹസ്യമായി ചെയ്യുന്ന ആരാധനകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. കാര്യങ്ങൾ വിശദീകരിക്കപ്പെട്ടപ്പോൾ അത് കുറഞ്ഞുപോയോ എന്ന് അവർക്ക് തോന്നി. അവർ പറഞ്ഞു: 'നമ്മൾ എവിടെ, നബി صلى الله عليه وسلم എവിടെ? നബി صلى الله عليه وسلم യുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ പൊറുക്കപ്പെട്ടിട്ടുണ്ടല്ലോ.' പാപമോചനം ലഭിക്കുമെന്ന് ഉറപ്പില്ലാത്തവർ അത് ലഭിക്കാനായി ആരാധനകളിൽ കഠിനപ്രയത്നം ചെയ്യേണ്ടതുണ്ടെന്ന് അവർ കരുതി.

  അവരിൽ ഒരാൾ മുടങ്ങാതെ എന്നും രാത്രി നമസ്കരിക്കുമെന്ന് നിശ്ചയിച്ചു. രണ്ടാമത്തെയാൾ എന്നും നോമ്പെടുക്കുമെന്നും നോമ്പ് ഒഴിവാക്കില്ലെന്നും തീരുമാനിച്ചു. മൂന്നാമത്തെയാൾ താൻ ഒരിക്കലും വിവാഹം കഴിക്കില്ലെന്നും സ്ത്രീകളിൽ നിന്ന് വിട്ടുനിൽക്കുമെന്നും പറഞ്ഞു.

   അവരുടെ സംസാരത്തെക്കുറിച്ച് അറിഞ്ഞ നബി صلى الله عليه وسلم അവരുടെ അടുക്കൽ വന്ന് അത് നിഷേധിച്ചുകൊണ്ട് ചോദിച്ചു: "ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ?! ശേഷം നബി صلى الله عليه وسلم ജനങ്ങളെ അഭിസംബോധന ചെയ്ത് അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത ശേഷം പറഞ്ഞു:

  "ചില ആളുകൾക്ക് എന്തുപറ്റി, അവർ ഇങ്ങനെയൊക്കെയോ പറയുന്നത്?! അല്ലാഹുവാണെ സത്യം, നിങ്ങളേക്കാൾ അല്ലാഹുവിനെ ഭയപ്പെടുന്നവനും അവനോട് കൂടുതൽ സൂക്ഷ്മതയുള്ളവനും ഞാനാണ്. എന്നിട്ടും ഞാൻ (രാത്രിയിൽ) ഉറങ്ങുകായും നമസ്കരിക്കുകയും ചെയ്യും, ഞാൻ നോമ്പ് ഒഴിവാക്കാറുമുണ്ട്, നോമ്പ് നോല്‍ക്കാരുമുണ്ട്,  ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ആരെങ്കിലും എന്‍റെ മാർഗ്ഗത്തിൽ നിന്ന് പിന്തിരിയുകയും പരിപൂർണ്ണത മറ്റൊന്നിലാണെന്ന് കരുതുകയും എന്‍റെ രീതിയല്ലാത്തത് സ്വീകരിക്കുകയും ചെയ്യുന്നുവോ അവൻ എന്നിൽപ്പെട്ടവനല്ല."

    ഒരു മുസ്‌ലിം തന്‍റെ കഴിവിനപ്പുറമുള്ള ആരാധനാ കർമ്മങ്ങൾക്കായി സ്വയം കഷ്ടപ്പെടാൻ പാടില്ല. സൃഷ്ടികളിൽ ഏറ്റവും കൂടുതൽ അല്ലാഹുവെ ഭയപ്പെടുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന മുഹമ്മദ് നബി صلى الله عليه وسلم യെ മാതൃകയാക്കി അതിരുകടന്ന രീതികളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കേണ്ടതുണ്ട്. കാരണം ഏറ്റവും ഉത്തമമായ മാർഗ്ഗം നബി صلى الله عليه وسلم യുടേതാണ്.

 അനന്തരം, ആരാധനകളിൽ അതിരുകടക്കുന്നതിനെതിരെയും തന്‍റെ ചര്യയിൽ (സുന്നത്തിൽ) നിന്ന് അകന്നുപോകുന്നതിനെതിരെയും നബി صلى الله عليه وسلم അവർക്ക് മുന്നറിയിപ്പ് നൽകി: "ആരെങ്കിലും എന്‍റെ ചര്യയെ (സുന്നത്തിനെ) വെറുക്കുന്നുവോ അവൻ എന്നിൽപ്പെട്ടവനല്ല." അതായത്, ആരെങ്കിലും നബി صلى الله عليه وسلم യുടെ രീതിയിൽ നിന്നും മാർഗ്ഗത്തിൽ നിന്നും മുഖംതിരിച്ചാൽ അവൻ നബി صلى الله عليه وسلم യെ പിന്തുടരുന്നതിൽ നിന്ന് ഏറെ അകലെയാണ്. ഒരാൾ നബിചര്യയെ വെറുപ്പുകൊണ്ടോ അതിൽ വിശ്വാസമില്ലാത്തതുകൊണ്ടോ ആണ് ഉപേക്ഷിക്കുന്നതെങ്കിൽ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്തുപോയ സത്യനിഷേധിയായിത്തീരും. എന്നാൽ മറ്റു കാരണങ്ങൾ കൊണ്ടാണ് മാറ്റം വരുത്തുന്നതെങ്കിൽ, നബി صلى الله عليه وسلم യുടെ ലളിതവും വിശാലവുമായ മാർഗ്ഗത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവനാണവൻ.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സ്വഹാബികൾക്ക് നന്മയോടുള്ള താൽപ്പര്യവും, പ്രവാചകൻ صلى الله عليه وسلم യെ മാതൃകയാക്കുന്നതിലുള്ള അവരുടെ ആവേശവും ഈ ഹദീസ് അറിയിക്കുന്നു.


2- ഈ മതനിയമത്തിന്‍റെ (ശരീഅത്ത്) ലാളിത്യവും എളിമയും.

3- നബി صلى الله عليه وسلم യെ മാതൃകയാക്കുന്നതിലും അവരുടെ ശ്രേഷ്ഠമായ രീതികൾ പിന്തുടരുന്നതിലുമാണ് നന്മയും ബറക്കത്തും (അനുഗ്രഹം) ഉള്ളത്.

4- കഴിവിനപ്പുറമുള്ള ആരാധനകൾ സ്വയം അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള താക്കീത് ഇതിലുണ്ട്. ഇത്തരത്തിലുള്ള കഠിനമായ രീതികൾ പുത്തനാചാരക്കാരുടെ (ബിദ്അത്തുകാർ) സ്വഭാവമാണ്.

5- ഇബ്നു ഹജർ رحمه الله പറഞ്ഞു: "ആരാധനകളിൽ കഠിനമായ രീതികൾ സ്വീകരിക്കുന്നത് മടുപ്പിന് കാരണമാവുകയും അത് ആരാധന തന്നെ പാതിവഴിയിൽ നിലച്ചുപോകാൻ ഇടയാക്കുകയും ചെയ്യും. എന്നാൽ നിർബന്ധ കർമ്മങ്ങളിൽ (ഫർദ്) മാത്രം ഒതുങ്ങിനിൽക്കുകയും ഐച്ഛിക കർമ്മങ്ങൾ (നവാഫിൽ) തീരെ ഉപേക്ഷിക്കുകയും ചെയ്യുന്നത് ആലസ്യത്തിലേക്കും ആരാധനകളോടുള്ള താൽപ്പര്യക്കുറവിലേക്കും നയിക്കും. കാര്യങ്ങളിൽ ഏറ്റവും ഉത്തമം മിതമായ രീതിയാണ്."

6- മഹത്തുക്കളുടെ ജീവിതരീതികൾ മാതൃകയാക്കാനായി അവരെ പിന്തുടരേണ്ടതുണ്ടെന്നും, പുരുഷന്മാരിൽ നിന്ന് അത്തരം വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്ത്രീകളോട് ചോദിച്ചറിയുന്നത് അനുവദനീയമാണെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.

7- ആരാധനകളിൽ മിതത്വം പാലിക്കാൻ ഉള്ള കല്‍പന ഈ ഹദീസില്‍ ഉണ്ട്. ഒപ്പം നിർബന്ധവും ഐച്ഛികവുമായ കർമ്മങ്ങൾ നിലനിർത്തുകയും വേണം. ഇത് മറ്റുള്ളവരോടുള്ള കടമകൾ കൂടി മുസ്‌ലിം നിറവേറ്റുന്നതിന് വേണ്ടിയാണ്.

8- വിവാഹത്തിന്‍റെ ശ്രേഷ്ഠതയിലേക്കും അതിനുള്ള പ്രോത്സാഹനത്തിലേക്കും ഈ ഹദീസ് വിരൽചൂണ്ടുന്നു.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...