ഫോളോ ചെയ്യാം

Tuesday, 19 May 2026

575 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 315 دروس الحديث - വിധവയുടെയും കന്യകയുടെയും വിവാഹം നടത്തുമ്പോള്‍

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 
أبو محمد، تقي الدين (المتوفى: 600هـ) 


വിധവയുടെയും കന്യകയുടെയും വിവാഹം നടത്തുമ്പോള്‍


315 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: (لا تُنْكَحُ الأَيِّمُ حَتَّى تُسْتَأْمَرَ، وَلا تُنْكَحُ الْبِكْرُ حَتَّى تُسْتَأْذَنَ. قَالُوا: يَا رَسُولَ اللَّهِ، فَكَيْفَ إذْنُهَا قَالَ: أَنْ تَسْكُتَ) .

അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: "വ്യക്തമായി സമ്മതം ചോദിക്കുന്നതുവരെ വിധവ  വിവാഹം കഴിപ്പിക്കപ്പെടരുത്. ഒരു കന്യകയോട് അനുവാദം ചോദിക്കുന്നതുവരെ അവളും വിവാഹം കഴിപ്പിക്കപ്പെടരുത്." അവർ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, അവളുടെ അനുവാദം എങ്ങനെയാണ് (അറിയുക)?" അവിടുന്ന് അരുളി: "അവൾ മൗനം പാലിക്കലാണത്."

  • الأَيِّمُ: വിധവ.

  • تُسْتَأْمَرَ: അവളുമായി വിവാഹ കരാറിലേർപ്പെടുന്നതിന് അവളുടെ വ്യക്തമായ സമ്മതം തേടൽ.

വിവരണം
  മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീയാണ് الأَيِّمُ, മുമ്പ് വിവാഹം കഴിക്കാത്ത സ്ത്രീയാണ് الْبِكْرُ (കന്യക). ഇരുവരുടെയും അനുവാദമില്ലാതെ അവരെ വിവാഹം കഴിപ്പിക്കുന്നത് നബി صلى الله عليه وسلم വിലക്കിയിട്ടുണ്ട്. അവിടുന്ന് അരുളി: "ഒരു വിധവയോട് വ്യക്തമായി സമ്മതം ചോദിക്കുന്നതുവരെ അവളെ വിവാഹം കഴിപ്പിക്കരുത്. ഒരു കന്യകയോട് അനുവാദം ചോദിക്കുന്നതുവരെ അവളെയും വിവാഹം കഴിപ്പിക്കരുത്." 
  تُسْتَأْمَرَ എന്നാൽ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്‍റെ കാര്യത്തിൽ അവളുടെ അഭിപ്രായവും ആലോചനയും തേടലാണ്. ഒരു വിധവയുടെ കാര്യത്തിൽ അവളുടെ അഭിപ്രായം തേടുകയും അവൾ അതിന് സമ്മതം നൽകുകയും ചെയ്യുന്നതുവരെ വിവാഹ കരാർ നടത്തരുതെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ ഇതിനർത്ഥം അവളുടെ കാര്യത്തിൽ വലിയ്യ് (രക്ഷിതാവ്) നിബന്ധനയല്ല എന്നല്ല, മറിച്ച് വലിയ്യ് നിബന്ധനയാണെന്നതിലേക്കുള്ള ഒരു സൂചന കൂടിയാണ് ഇതിലുള്ളത്.
  تُسْتَأْذَنَ എന്നാൽ അവളുടെ അനുവാദം ചോദിക്കലാണ്. മുമ്പ് വിവാഹിതയായ സ്ത്രീയേക്കാൾ കന്യകക്ക്  നാണം കൂടുതലായതിനാൽ,  അവളുടെ അനുവാദം എങ്ങനെയാണെന്ന് അവർ നബി صلى الله عليه وسلم യോട്  ചോദിച്ചു; കാരണം, വിവാഹത്തോടുള്ള തന്‍റെ താല്പര്യം പരസ്യമായി പ്രകടിപ്പിക്കാൻ അവൾ മിക്കപ്പോഴും ലജ്ജിക്കും. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "അവൾ മൗനം പാലിക്കലാണത്." അതായത്, വിവാഹാലോചന അവളുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ അവൾ നിശബ്ദത പാലിക്കുന്നതാണ് അവളുടെ അനുവാദത്തിന്‍റെയും സമ്മതത്തിന്‍റെയും ലക്ഷണം.

  വിവാഹ കരാർ എന്നത് അതീവ ഗൗരവമേറിയ ഒരു കരാറാണ്. ഈ കരാറിലൂടെ അവൾ തന്‍റെ ഭർത്താവിന്‍റെ അനുസരണത്തിന്‍ കീഴില്‍ ആയി മാറുന്നു. അതുകൊണ്ടാണ്, നീതിമാനും കാരുണ്യവാനും ജ്ഞാനിയുമായ അല്ലാഹു അവൾക്ക് തന്‍റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും സ്വന്തം കാഴ്ചപ്പാടിലൂടെ അവനെ കണ്ടെത്താനുമുള്ള അവകാശം നൽകിയത്. കാരണം, അവളാണ് അവനോടൊപ്പം ജീവിക്കേണ്ടവൾ, തന്‍റെ താല്പര്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്നതും അവൾക്കാണ്. അതിനാലാണ് മുമ്പ് വിവാഹിതയായ സ്ത്രീയോട് അനുവാദം ചോദിക്കുകയും അവൾ സമ്മതം നൽകുകയും ചെയ്യുന്നതുവരെ അവളെ വിവാഹം കഴിപ്പിക്കരുതെന്ന് നബി صلى الله عليه وسلم വിലക്കിയത്. അതുപോലെ കന്യകയോടും അനുവാദം ചോദിക്കുകയും അവൾ അനുമതി നൽകുകയും ചെയ്യുന്നതുവരെ അവളെ വിവാഹം കഴിപ്പിക്കുന്നതും അവിടുന്ന് വിലക്കി. കന്യകമാർക്ക് നാണം കൂടുതലായതിനാൽ, വ്യക്തമായ സമ്മതത്തെക്കാള്‍ ലഘുവായ അവളുടെ മൗനത്തെ അവളുടെ താല്പര്യത്തിന്‍റെ തെളിവായി അവിടുന്ന് നിശ്ചയിക്കുകയും ചെയ്തു.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഒരു വിധവയുടെ (മുമ്പ് വിവാഹിതയായവളുടെ) അഭിപ്രായവും സമ്മതവും തേടുന്നതിന് മുൻപ് അവളെ വിവാഹം കഴിപ്പിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. ഈ വിലക്ക് വന്നിരിക്കുന്നത് 'നിഷേധാർത്ഥത്തിലാണ്' (അരുത് എന്ന ശക്തമായ രൂപത്തിൽ). അത് ഇതിന്‍റെ ഗൗരവം വർദ്ധിപ്പിക്കാനാണ്, അതിനാൽ അവളുടെ സമ്മതമില്ലാതെയുള്ള വിവാഹം അസാധുവാണ് (ബാത്വിലാണ്).

2- ഒരു കന്യകയുടെ അനുവാദം ചോദിക്കുന്നതിന് മുൻപ് അവളെ വിവാഹം കഴിപ്പിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. അവളോട് അനുവാദം ചോദിക്കണം എന്നതിന്‍റെ അർത്ഥം, അതില്ലാതെ നടക്കുന്ന വിവാഹവും അസാധുവാണ് (ബാത്വിലാണ്) എന്നാണ്.

3- കന്യകമാർക്ക് നാണം കൂടുതലായതിനാലാണ് അവളോട് അനുവാദം ചോദിക്കുന്നത്. അതിനാൽ വിധവയെപ്പോലെ വ്യക്തമായി ഒരു കാര്യത്തിൽ മറുപടി പറയുന്ന രീതിയിലല്ല അവളുടെ സമ്മതം ഉണ്ടാകുക.

4- കന്യകയുടെ അനുവാദത്തിന് മൗനം മതിയാകും. കാരണം സംസാരിക്കുന്നതിൽ അവൾക്ക് (സാധാരണയായി) ഉണ്ടാകുന്ന ലജ്ജയാണ്. എങ്കിലും, അവളുടെ മൗനത്തെ സമ്മതമായി കണക്കാക്കുന്നതിന് ഒരു നിശ്ചിത സമയം നൽകുന്നതാണ് ഏറ്റവും ഉചിതം. ആ സമയം കഴിഞ്ഞാൽ അവളുടെ മൗനം അനുവാദവും സമ്മതവുമായി പരിഗണിക്കപ്പെടും എന്ന് അവൾക്ക് മനസ്സിലാക്കാൻ അത് സഹായിക്കും.

5- വിധവയുടെ സമ്മതം തേടുമ്പോഴും കന്യകയുടെ അനുവാദം ചോദിക്കുമ്പോഴും വെറുതെ 'വിവാഹം നടക്കാൻ പോകുന്നു' എന്ന് അറിയിച്ചാൽ മാത്രം പോരാ. മറിച്ച്, വിവാഹം ആലോചിക്കുന്ന പുരുഷന്‍റെ പ്രായം, സൗന്ദര്യം, പദവി, കുടുംബ മഹിമ, സാമ്പത്തികാവസ്ഥ, ജോലി, ഇതിന്‍റെയെല്ലാം വിശദാംശങ്ങളും മറുവശങ്ങളും (പോരായ്മകളും), കൂടാതെ അവളുടെ നന്മക്ക് ആവശ്യമായ മറ്റ് കാര്യങ്ങളും യാഥാർത്ഥ്യത്തോട് പൂർണ്ണമായും യോജിക്കുന്ന വിധത്തിൽ കൃത്യമായ ഒരു വിവരണം അവൾക്ക് നൽകേണ്ടതുണ്ട്.

6- ഒരു സ്ത്രീക്ക് പിതാവോ പിതാവ് വഴിയുള്ള പുരുഷ ബന്ധുക്കളായ വലിയ്യ് (രക്ഷിതാവ്) ഉണ്ടെങ്കിൽ, അവളുടെ സമ്മതത്തോടെ ആ വലിയ്യ് ആണ് അവളെ വിവാഹം കഴിപ്പിക്കേണ്ടത്. പണ്ഡിതന്മാരുടെ ഏകോപിത അഭിപ്രായപ്രകാരം (ഇജ്മാഅ്) ഇതിന് ഒരു ഖാദിയുടെ (ന്യായാധിപന്‍റെ) ആവശ്യമില്ല. എന്നാൽ അവൾക്ക് വലിയ്യ് ഇല്ലെങ്കിൽ, ആ ഗ്രാമത്തിലോ പ്രദേശത്തോ ഖാദിയുടെ പ്രതിനിധി ഉണ്ടെങ്കിൽ അദ്ദേഹം അവളെ വിവാഹം കഴിപ്പിക്കട്ടെ. ഉദാഹരണത്തിന് അവിടുത്തെ ഗോത്രത്തലവനോ ഗ്രാമത്തലവനോ ആകാം. അവർക്കിടയിൽ അനുസരിക്കപ്പെടുന്ന ഒരു ഇമാമുണ്ടെങ്കിൽ അദ്ദേഹത്തിനും അവളുടെ സമ്മതത്തോടെ വിവാഹം കഴിപ്പിക്കാം. - അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ - 

7- നമ്മുടെ ഈ കാലഘട്ടത്തിൽ അമുസ്‌ലിം രാജ്യങ്ങളിലെ ഇസ്‌ലാമിക് സെന്ററുകളുടെ ഭാരവാഹികൾ ഇതിന് സമാനമാണ്.

8- വിവാഹമെന്നത് അതീവ ഗൗരവമേറിയതും വലിയ സ്ഥാനമുള്ളതുമായ ഒരു കാര്യമായതുകൊണ്ട്, ആ വിഷയത്തിൽ പരസ്പരം ആലോചനയും ഉപദേശവും തേടുന്നത് ഏറ്റവും ഉചിതമായ കാര്യമാണ്.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...