عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വിവാഹ മൂല്യം (മഹ്ര്‍)
بابُ الصَّدَاقِ
മഹ്ര്‍
320 - عَنْ أَنَسِ بْنِ مَالِكٍ رضي الله
عنه (أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَعْتَقَ صَفِيَّةَ،
وَجَعَلَ عِتْقَهَا صَدَاقَهَا)) .
അനസു ബ്നു മാലിക് رضي الله عنه വിൽ നിന്ന് നിവേദനം: (അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم സ്വഫിയ്യ رضي الله عنها യെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും, അവരെ മോചിപ്പിച്ചതിനെ തന്നെ അവരുടെ മഹ്‌റ് (വിവാഹമൂല്യം) ആക്കി നിശ്ചയിക്കുകയും ചെയ്തു).
വിവരണം ഹിജ്റ ഏഴാം വർഷത്തിലാണ് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഖൈബർ കീഴടക്കിയത്. മദീനയിൽ നിന്ന് ശാമിന്‍റെ ഭാഗത്തേക്ക് ഏകദേശം '173 കിലോമീറ്റർ' അകലെ യഹൂദന്മാർ താമസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു അത്.
ബനൂ നളീർ ഗോത്രത്തിലെ നേതാക്കളിൽ ഒരാളായ ഹുയയ്യിന്‍റെ മകൾ സ്വഫിയ്യ رضي الله عنها, കിനാന ബിൻ അബിൽ ഹഖീഖിന്‍റെ ഭാര്യയായിരുന്നു. ഖൈബർ യുദ്ധദിവസം അദ്ദേഹം കൊല്ലപ്പെടുകയും നബി صلى الله عليه وسلم ഖൈബർ കീഴടക്കുകയും ചെയ്തു. അങ്ങനെ സ്ത്രീകളും കുട്ടികളും മുസ്‌ലിംകളുടെ യുദ്ധത്തടവുകാരായി മാറി. അവരിൽ സ്വഫിയ്യയും ഉണ്ടായിരുന്നു. അവർ ദിഹ്‌യത്തുബ്നു ഖലീഫ അൽ കൽബി رضي الله عنه യുടെ ഓഹരിയിലാണ് ലഭിച്ചത്. എന്നാൽ, സ്വഫിയ്യ رضي الله عنها യുടെ തകർന്ന മനസ്സിന് ആശ്വാസം പകരാനും നഷ്ടപ്പെട്ടുപോയ പ്രതാപത്തോട് കരുണ കാണിക്കാനുമായി നബി صلى الله عليه وسلم അദ്ദേഹത്തിന് പകരമായി മറ്റൊരു അടിമ സ്ത്രീയെ നൽകിക്കൊണ്ട് അവളെ തനിക്കായി തിരഞ്ഞെടുത്തു.
അവിടുത്തെ ഔദാര്യത്തിന്‍റെ ഭാഗമായി, അവരെ ഒരു സാധാരണ അടിമസ്ത്രീയായി വെച്ചുകൊണ്ടിരിക്കാൻ അവിടുന്ന് ആഗ്രഹിച്ചില്ല. മറിച്ച്, അടിമത്തത്തിന്‍റെ അപമാനത്തിൽ നിന്ന് അവളെ മോചിപ്പിച്ചുകൊണ്ട് വിശ്വാസികളുടെ മാതാക്കളിൽ ഒരാളാക്കി അവളുടെ പദവി ഉയർത്തുകയാണ് അവിടുന്ന് ചെയ്തത്.
നബി صلى الله عليه وسلم അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു, അവരുടെ ആ മോചനത്തെത്തന്നെ അവരുടെ മഹ്‌റ് ആക്കി നിശ്ചയിക്കുകയും ചെയ്തു.
ഖൈബര്‍ യുദ്ധം
അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഖൈബറിലേക്ക് യുദ്ധത്തിന് പുറപ്പെട്ടു. അവർ ഖൈബറിന് സമീപം വെച്ച് ഇരുട്ടുള്ള സമയത്ത്, അതിന്‍റെ ആദ്യ വഖ്തിൽ തന്നെ സുബ്ഹി നമസ്കരിച്ചു. പിന്നീട് നബി صلى الله عليه وسلم തന്‍റെ വാഹനപ്പുറത്ത് കയറി, അബൂത്വൽഹ رضي الله عنه വും തന്‍റെ വാഹനത്തിൽ കയറി. അനസ് رضي الله عنه തന്‍റെ ഉമ്മയായ ഉമ്മു സുലൈം رضي الله عنها യുടെ ഭർത്താവ് അബൂത്വൽഹ അൽ അൻസ്വാരിയുടെ പുറകിലായിരുന്നു ഇരുന്നിരുന്നത്.
നബി صلى الله عليه وسلم തന്‍റെ വാഹനം ഖൈബറിലെ ഇടുങ്ങിയ തെരുവുകളിലൂടെ ഓടിച്ചു. അപ്പോൾ ഖൈബറിലെ വഴികളിലൂടെയുള്ള വേഗതയേറിയ ആ ഓട്ടം കാരണം അവിടുത്തെ തുടയിൽ നിന്ന് ഉടുതുണി നീങ്ങാനിടയായി. അങ്ങനെ നബി صلى الله عليه وسلم യുടെ തുടയുടെ വെളുപ്പ് അനസ് رضي الله عنه കാണുകപോലുമുണ്ടായി.
നബി صلى الله عليه وسلم ഖൈബറിൽ പ്രവേശിച്ചപ്പോൾ മൂന്ന് തവണ ഇപ്രകാരം അരുളി: "അല്ലാഹു അക്ബർ (അല്ലാഹു ഏറ്റവും മഹാനാണ്), ഖൈബർ തകർന്നിരിക്കുന്നു. അല്ലാഹു അത് നമുക്ക് വിജയിപ്പിച്ചു തന്നിരിക്കുന്നു. തീർച്ചയായും നാം ഒരു ജനതയുടെ മുറ്റത്ത് ഇറങ്ങിയാൽ...', "...താക്കീത് നൽകപ്പെട്ടവരുടെ പ്രഭാതം എത്രയോ ചീത്തയായിരിക്കും!".
ഖൈബർ വിജയിച്ചതിലുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ടാണ് നബി صلى الله عليه وسلم ഇത് മൂന്ന് തവണ ആവർത്തിച്ചത്.
മുസ്‌ലിംകൾ പ്രവേശിക്കുന്ന സമയത്ത് ഖൈബർ നിവാസികൾ അവരുടെ ജോലികൾക്കായി (കൃഷിയിടങ്ങളിലേക്ക്) പുറപ്പെടുകയായിരുന്നു; കാരണം അവർ കൃഷിക്കാരായിരുന്നു. അവർ (മുസ്‌ലിം സൈന്യത്തെ കണ്ടപ്പോൾ) പറഞ്ഞു: "മുഹമ്മദും സൈന്യവും എത്തിയിരിക്കുന്നു.".
പിന്നീട് അനസ് رضي الله عنه വിവരിക്കുന്നു: മുസ്‌ലിംകൾ സമാധാനക്കരാറിലൂടെയല്ല, മറിച്ച് യുദ്ധത്തിലൂടെ കീഴടക്കിയാണ് ഖൈബർ പിടിച്ചടക്കിയത്. യുദ്ധത്തടവുകാരെ (പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ) ഒരുമിച്ചുകൂട്ടിയപ്പോൾ ദിഹ്‌യത്തുൽ കൽബി رضي الله عنه വന്ന് ഒരു അടിമസ്ത്രീയെ ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു: "അല്ലാഹുവിന്‍റെ നബിയേ, യുദ്ധത്തടവുകാരിൽ നിന്ന് ഒരു അടിമസ്ത്രീയെ എനിക്ക് നൽകിയാലും." അവിടുന്ന് പറഞ്ഞു: "നീ പോയി ഒരു അടിമസ്ത്രീയെ എടുത്തുകൊള്ളുക." അങ്ങനെ അദ്ദേഹം സ്വഫിയ്യ ബിൻത് ഹുയയ്യെ തിരഞ്ഞെടുത്തു.
അപ്പോൾ ഒരാൾ വന്ന് നബി صلى الله عليه وسلم യോട് പറഞ്ഞു: "അവർ ഖുറൈദയുടെയും നളീറിന്‍റെയും (യഹൂദ ഗോത്രങ്ങളുടെ) നേതാവിന്‍റെ മകളാണ്, അതിനാൽ അവർ അങ്ങേക്കല്ലാതെ മറ്റാർക്കും അനുയോജ്യയല്ല." തുടർന്ന് ദിഹ്‌യയേയും അദ്ദേഹം തിരഞ്ഞെടുത്ത അടിമസ്ത്രീയേയും തിരികെ വിളിക്കാൻ നബി صلى الله عليه وسلم ഉത്തരവിട്ടു. അദ്ദേഹം അവളെ കൊണ്ടുവന്നു. നബി صلى الله عليه وسلم അവളെ നോക്കിയ ശേഷം ദിഹ്‌യയോട് പറഞ്ഞു: "യുദ്ധത്തടവുകാരിൽ നിന്ന് ഇതല്ലാത്ത മറ്റൊരു സ്ത്രീയെ നീ എടുത്തുകൊള്ളുക."
പിന്നീട് നബി صلى الله عليه وسلم അവളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈ മോചനമായിരുന്നു അവളുടെ മഹ്‌റ്. താബിഉകളിൽ പെട്ട സാബിത് അൽ ബുനാനി, അനസ് رضي الله عنه നോട് നബി صلى الله عليه وسلم അവൾക്ക് നൽകിയ മഹ്‌റിനെക്കുറിച്ച് ചോദിക്കുകയുണ്ടായി: "അബൂഹംസ, അവിടുന്ന് എന്താണ് അവൾക്ക് മഹ്‌റായി നൽകിയത്?" അദ്ദേഹം പറഞ്ഞു: "അവളുടെ ജീവനെ തന്നെയാണ്; അവളെ മോചിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു."
അങ്ങനെ നബി صلى الله عليه وسلم മദീനയിലേക്കുള്ള മടക്കയാത്രയിലായിരിക്കെ, ഉമ്മു സുലൈം رضي الله عنها അവളെ ഒരുക്കുകയും അലങ്കരിക്കുകയും രാത്രിയായപ്പോൾ നബി صلى الله عليه وسلم യുടെ അടുക്കലേക്ക് ആനയിക്കുകയും ചെയ്തു. അങ്ങനെ രാത്രി പ്രവേശിച്ചപ്പോൾ ഉമ്മു സുലൈം അവളെ നബി صلى الله عليه وسلم ക്ക് സമർപ്പിച്ചു. സ്വഫിയ്യ رضي الله عنها യുമായുള്ള വിവാഹത്തിലൂടെ നബി صلى الله عليه وسلم ഒരു മണവാളനായി പ്രഭാതത്തിൽ ഉണർന്നു. തുടർന്ന് നബി صلى الله عليه وسلم തന്‍റെ അനുചരന്മാരോട് പറഞ്ഞു: "ആരുടെയെങ്കിലും അടുക്കൽ എന്തെങ്കിലും ഭക്ഷണമുണ്ടെങ്കിൽ അത് കൊണ്ടുവരട്ടെ."
പിന്നീട് അവിടുന്ന് മണ്ണിൽ ഒരു തോൽവിരിപ്പ് (ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്ന വിരിപ്പ്) വിരിച്ചു. ജനങ്ങൾ തങ്ങളുടെ പക്കലുണ്ടായിരുന്ന ഈത്തപ്പഴം, നെയ്യ്, ഗോതമ്പുപൊടി എന്നിവയെല്ലാം അവിടെ ഒരുമിച്ചുകൂട്ടി. അവർ ഈത്തപ്പഴവും നെയ്യും പൊടിയും ചേർത്ത് 'ഹൈസ്' (ഒരുതരം പലഹാരം) ഉണ്ടാക്കി. ഇതായിരുന്നു അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ വലീമ (വിവാഹസദ്യ).
ദിഹ്‌യക്ക് നൽകിയ ശേഷം നബി صلى الله عليه وسلم സ്വഫിയ്യയെ തിരികെ വാങ്ങിയതിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് പറയപ്പെടുന്നത്: ദിഹ്‌യ സ്വന്തം തൃപ്തിയോടെയാണ് അവളെ നബി صلى الله عليه وسلم ക്ക് തിരിച്ചുനൽകിയത് എന്നാണ്. മറ്റ് ചില നിവേദനങ്ങളിൽ പറയുന്നത്: അവൾ ദിഹ്‌യയുടെ ഓഹരിയിലാണ് ലഭിച്ചതെന്നും, നബി صلى الله عليه وسلم അവളെ അദ്ദേഹത്തിൽ നിന്ന് വിലക്ക് വാങ്ങിയെന്നുമാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഒരു പുരുഷൻ തന്‍റെ അടിമസ്ത്രീയെ മോചിപ്പിക്കുകയും, ആ മോചനത്തെത്തന്നെ അവളുടെ മഹ്‌റ് (വിവാഹമൂല്യം) ആക്കി നിശ്ചയിച്ച് അവളെ ഭാര്യയാക്കുകയും ചെയ്യുന്നത് അനുവദനീയമാണ്.
2- അത്തരം സന്ദർഭങ്ങളിൽ അവളുടെ സമ്മതമോ, സാക്ഷികളോ, രക്ഷിതാവോ (വലിയ്യ്) നിബന്ധനയല്ല.
3- മഹ്‌റ് എന്നത് മതപരമോ ഭൗതികമോ ആയ ഒരു പ്രയോജനമായി നിശ്ചയിക്കുന്നത് അനുവദനീയമാണ് എന്നതിന് ഇതിൽ തെളിവുണ്ട്.
4- അടിമസ്ത്രീയെ മോചിപ്പിക്കുകയും അവരെ വിവാഹം കഴിക്കുകയും ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. അബൂദാവൂദ് റിപോർട്ട് ചെയ്യുകയും ശൈഖ് അൽബാനി സ്വഹീഹാക്കുകയും ചെയ്ത ഒരു ഹദീസിൽ ഇത് വ്യക്തമായി വന്നിട്ടുണ്ട്: "ആരെങ്കിലും തന്‍റെ അടിമസ്ത്രീയെ മോചിപ്പിക്കുകയും പിന്നീട് അവളെ വിവാഹം കഴിക്കുകയും ചെയ്താൽ അവന് രണ്ട് പ്രതിഫലമുണ്ട്."
5- നബി صلى الله عليه وسلم യുടെ വിവാഹവുമായി ബന്ധപ്പെട്ട ഇത്തരമൊരു ചരിത്രത്തിൽ, അവിടുത്തെ കാരുണ്യത്തിന്‍റെയും അനുകമ്പയുടെയും പൂർണ്ണത വ്യക്തമാക്കുന്ന കാര്യങ്ങളുണ്ട്.
6- മഹ്‌റിന്‍റെ പരമാവധി പരിധിക്കോ ചുരുങ്ങിയ പരിധിക്കോ ശരീഅത്ത് ഒരു നിശ്ചിത കണക്ക് നിശ്ചയിച്ചിട്ടില്ല. എങ്കിലും അത് ലഘൂകരിക്കലാണ് സുന്നത്ത്.
No comments:
Post a Comment