ഫോളോ ചെയ്യാം

Saturday, 16 May 2026

572 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 312 دروس الحديث - വിവാഹത്തിലൂടെയുള്ള കരാറുകളും നിബന്ധനകളും പാലിക്കല്‍

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


വിവാഹത്തിലൂടെയുള്ള കരാറുകളും നിബന്ധനകളും പാലിക്കല്‍


312 - عَنْ عُقْبَةَ بْنِ عَامِرٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: (إنَّ أَحَقَّ الشُّرُوطِ أَنْ تُوفُوا بِهِ: مَا اسْتَحْلَلْتُمْ بِهِ الْفُرُوجَ) . 

ഉഖ്ബത്തു ബ്നു ആമിർ رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: "നിങ്ങൾ നിറവേറ്റാൻ ഏറ്റവും കൂടുതൽ ബാധ്യതയുള്ള നിബന്ധനകളില്‍ പെട്ടതാണ്: ഏതൊന്നിലൂടെയാണോ നിങ്ങൾ ഗുഹ്യാവയവങ്ങളെ ഹലാലാക്കിയത് (വിവാഹബന്ധം അനുവദനീയമാക്കിയത്) ആ നിബന്ധനകളാകുന്നു."

വിവരണം

 സത്യവിശ്വാസികൾ അവർ വെച്ചിട്ടുള്ള നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. അല്ലാഹുവിന്‍റെ കിതാബിനോടും അവന്‍റെ റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തിനോടും യോജിക്കുന്നതും, അവയോട് എതിര് ആകാത്തതുമായ എല്ലാ നിബന്ധനകളും ഒരു മുസ്‌ലിം നിറവേറ്റേണ്ടതുണ്ട്.

 ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم  പഠിപ്പിക്കുന്നത്, ഇത്തരം നിബന്ധനകളിൽ വെച്ച് ഏറ്റവും മുൻഗണനയുള്ളതും പാലിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളതും, ഏതൊന്നിലൂടെയാണോ ഗുഹ്യാവയവങ്ങൾ ഹലാലാക്കപ്പെട്ടത് ആ നിബന്ധനകളാണ് എന്നാണ്. അതായത് വിവാഹ കരാറിലുണ്ടാകുന്ന നിബന്ധനകൾ ആണ് അവ. കാരണം, അവയിലൂടെയാണ് ഒരു പുരുഷൻ തന്‍റെ ഭാര്യയുടെ ഗുഹ്യാവയവം ഹലാലാക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവ പാലിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളതും മുൻഗണനയുള്ളതുമായ നിബന്ധനകളായത്.

 ഇത് വിവാഹത്തിന്‍റെ അന്തസ്സത്തക്ക്  വിരുദ്ധമല്ലാത്തതും, എന്നാൽ അതിന്‍റെ ആവശ്യകതകളിലും ലക്ഷ്യങ്ങളിലും പെട്ടതുമായ നിബന്ധനകളെക്കുറിച്ചാണ്. ഉദാഹരണത്തിന്: നല്ല രീതിയിൽ സഹവർത്തിക്കുക, അവൾക്ക് ചെലവിനും വസ്ത്രവും പാർപ്പിടവും ഉചിതമായ രീതിയിൽ നൽകുക, അവളുടെ അവകാശങ്ങളിൽ യാതൊരു വീഴ്ചയും വരുത്താതിരിക്കുക, മറ്റുള്ളവർക്ക് നൽകുന്നത് പോലെ അവൾക്കും ഊഴം നൽകുക, അവന്‍റെ അനുവാദത്തോടെയല്ലാതെ അവൾ വീട്ടിൽ നിന്ന് പുറത്തുപോകാതിരിക്കുക, പിണങ്ങി നിൽക്കാതിരിക്കുക, അവന്‍റെ അനുവാദമില്ലാതെ സുന്നത്ത് നോമ്പ് നോൽക്കാതിരിക്കുക, അവന്‍റെ സമ്മതമില്ലാതെ മറ്റാരെയും വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കുക, അവന്‍റെ അനുമതിയോടെയല്ലാതെ അവന്‍റെ സാധനങ്ങൾ കൈകാര്യം ചെയ്യാതിരിക്കുക തുടങ്ങിയവ.

  എന്നാൽ, വിവാഹത്തിന്‍റെ അന്തസ്സത്തക്ക് വിരുദ്ധമായ നിബന്ധനകൾ, ഉദാഹരണത്തിന്: അവൾക്ക് മഹ്റോ ചെലവോ നൽകുകയില്ല എന്ന നിബന്ധന പോലുള്ളവ നിറവേറ്റൽ നിർബന്ധമില്ല. തന്നെയുമല്ല, അത്തരം നിബന്ധനകൾ  അസാധുവാകുകയും വിവാഹം സാധുവാകുകയും ചെയ്യും. സ്വഹീഹുല്‍ ബുഖാരിയിലും  സ്വഹീഹ് മുസ്‌ലിമും വന്നിട്ടുള്ള ഈ വചനം അതിന് തെളിവാണ്:- "ما كان مِن شَرطٍ ليس في كِتابِ الله فهو باطلٌ، وإنْ كان مِئةَ شَرْطٍ". "അല്ലാഹുവിന്‍റെ കിതാബിൽ ഇല്ലാത്ത ഏത് നിബന്ധനയും ബാത്വിലാണ്, അത് നൂറ് നിബന്ധനകളായാൽ പോലും."

 ഇമാം അൽ ഖത്വാബി  رحمه الله പറഞ്ഞു: വിവാഹ കരാറിലെ നിബന്ധനകൾ വ്യത്യസ്ത തരത്തിലുണ്ട്: 

  • അതിൽ ചിലത് (കരാർ പ്രകാരം) പാലിക്കൽ നിർബന്ധമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ യോജിപ്പുണ്ട്. നല്ല രീതിയിൽ കൂടെ നിർത്തുകയോ അല്ലെങ്കിൽ നല്ല രീതിയിൽ വേർപിരിയുകയോ ചെയ്യണമെന്ന അല്ലാഹുവിന്‍റെ കൽപ്പനയിൽ പെട്ട കാര്യങ്ങളാണവ. 
  • മറ്റു ചില നിബന്ധനകൾ പാലിക്കാൻ പാടില്ലാത്തവയാണെന്ന കാര്യത്തിലും ഐക്യമുണ്ട്, (വിവാഹം കഴിക്കുന്ന സ്ത്രീ തന്‍റെ) സഹോദരിയെ (ഭര്‍ത്താവിന്‍റെ ഭാര്യയെ) വിവാഹമോചനം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിബന്ധന (ഇതിന്) ഉദാഹരണമാണ്. 
  • ഇനി ചില നിബന്ധനകളുടെ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്: തന്‍റെ മേൽ മറ്റൊരു വിവാഹം കഴിക്കരുത് എന്നോ, അടിമ സ്ത്രീയെ സ്വീകരിക്കരുത് എന്നോ, അവളെ അവളുടെ വീട്ടിൽ നിന്ന് അവന്‍റെ വീട്ടിലേക്ക് താമസം മാറ്റരുത് എന്നോ ഉള്ള നിബന്ധനകൾ ഇതിന് ഉദാഹരണമാണ്. 
(ഇമാം ഖത്വാബി തന്‍റെ أعلام الحديث (شرح صحيح البخاري) എന്ന ഗ്രന്ഥത്തില്‍ വിവരിച്ചതിന്‍റെ സംഗ്രഹം, പേജ്: 3/1979)

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ദമ്പതിമാരിൽ ഒരാൾ മറ്റേയാളുടെ  മേല്‍ അറിയിച്ച നിബന്ധനകൾ നിറവേറ്റൽ നിർബന്ധമാണ്. ഹലാലായതിനെ ഹറാമാക്കുകയോ ഹറാമായതിനെ ഹലാലാക്കുകയോ ചെയ്യുന്ന നിബന്ധനകൾ ഒഴികെ.


2- വിവാഹ ഉടമ്പടിയിലെ നിബന്ധനകൾ നിറവേറ്റുക എന്നത് മറ്റുള്ളവയെക്കാൾ ഏറെ ഊന്നിപ്പറയപ്പെട്ടതാണ്. കാരണം അവ ഗുഹ്യാവയവങ്ങൾ ഹലാലാക്കുന്നതിന് പകരമായിട്ടുള്ളതാണ്.

3- ഇസ്‌ലാമിൽ വിവാഹത്തിനുള്ള മഹത്തായ പദവി. അതുകൊണ്ടാണ് അതിന്‍റെ നിബന്ധനകൾ പാലിക്കുന്ന കാര്യത്തിൽ ഇസ്‌ലാം ഇത്രയധികം ഊന്നിപ്പറഞ്ഞിട്ടുള്ളത്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...