عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉള്ള പ്രാര്‍ത്ഥന
318 - عَنْ ابْنِ عَبَّاسٍ رضي الله عنهما قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم (لَوْ أَنَّ أَحَدَهُمْ: إذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ: بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا فَإِنَّهُ إنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ، لَمْ يَضُرَّهُ الشَّيْطَانُ أَبَداً) .
ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: "നിങ്ങളിൽ ഒരാൾ തന്‍റെ ഭാര്യയെ സമീപിക്കാൻ ഉദ്ദേശിക്കുമ്പോൾ ഇപ്രകാരം പറയുകയാണെങ്കിൽ: 'بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا' (അല്ലാഹുവിന്‍റെ നാമത്തിൽ. അല്ലാഹുവേ, ഞങ്ങളിൽ നിന്ന് നീ പിശാചിനെ അകറ്റേണമേ, ഞങ്ങൾക്ക് നീ നൽകുന്ന സന്തതിയിൽ നിന്നും പിശാചിനെ അകറ്റേണമേ), അതിലൂടെ അവർക്കിടയിൽ ഒരു കുട്ടി ഉണ്ടാകാൻ വിധി ഉണ്ടെങ്കിൽ, തീർച്ചയായും ആ കുട്ടിയെ പിശാച് ഒരിക്കലും ഉപദ്രവിക്കുകയില്ല."
വിവരണം
പ്രാർത്ഥന വിപത്തുകളെ തടുക്കുകയും, പിശാചിന്‍റെ ദുർബോധനങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു.
ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم ഒരാൾ തന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിക്കുമ്പോൾ ചൊല്ലേണ്ട ഒരു പ്രാർത്ഥനയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നു. റസൂല്‍ صلى الله عليه وسلم പറയുന്നു:
بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا
"ബിസ്മില്ലാഹി, അല്ലാഹുമ്മ ജന്നിബ്നിശ്ശൈത്വാ,ന്‍ വ ജന്നിബിശ്ശൈത്വാന മാ റസഖ്തനാ" (അല്ലാഹുവിന്‍റെ നാമത്തിൽ. അല്ലാഹുവേ, ഞങ്ങളിൽ നിന്ന് നീ പിശാചിനെ അകറ്റേണമേ, ഞങ്ങൾക്ക് നീ നൽകുന്ന സന്തതിയിൽ നിന്നും പിശാചിനെ അകറ്റേണമേ). അതായത്: അല്ലാഹുവേ, എനിക്കും പിശാചിനുമിടയിൽ നീ അകലം ഉണ്ടാക്കേണമേ, ഈ ബന്ധത്തില്‍ നീ ഞങ്ങൾക്ക് നൽകുന്ന കുട്ടിയിൽ നിന്നും അവനെ അകറ്റേണമേ.
തുടർന്ന് റസൂല്‍ صلى الله عليه وسلم ഈ പ്രാർത്ഥനയുടെ ഗുണത്തെക്കുറിച്ച് വ്യക്തമാക്കുന്നു; തീർച്ചയായും അല്ലാഹുവിന്‍റെ വിധിയാലെ ആ ബന്ധത്തിലൂടെ അവർക്ക് ഒരു കുട്ടി ലഭിച്ചാല്‍, ആ കുട്ടി ജീവിതകാലം മുഴുവൻ പിശാചിൽ നിന്നും അല്ലാഹുവിന്‍റെ സംരക്ഷണത്തിലായിരിക്കും. അവനെ ഉപദ്രവിക്കാൻ പിശാചിന് സാധിക്കുകയില്ല. ഇതിനർത്ഥം പിശാചിന് ആ കുട്ടിയുടെ മേൽ പൂർണ്ണമായ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല എന്നാണ്. എന്നാൽ (തിന്മയിലേക്കുള്ള) ദുർബോധനങ്ങൾ (വസ്‌വാസ്) എല്ലാവർക്കും ഉണ്ടാകുന്നതുപോലെ അവനും ഉണ്ടായേക്കാം. എങ്കിലും അല്ലാഹുവിന്‍റെ അനുവാദത്തോടെ അതൊന്നും ആ കുട്ടിയെ ഉപദ്രവിക്കുകയില്ല.
ഇമാം നവവി رحمه الله ഉൾപ്പെടെയുള്ളവർ ഖാളി ഇയാദ് رحمه الله യിൽ നിന്ന് ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്: "എല്ലാവിധ ഉപദ്രവങ്ങളും ദുർബോധനങ്ങളും വഴിപിഴപ്പിക്കലുകളും ഇതിൽ ഉൾപ്പെടുന്നു എന്ന പൊതുവായ അർത്ഥത്തിൽ ആരും ഇതിനെ എടുത്തിട്ടില്ല."
മറിച്ച്, "അവനെ പിശാച് ഒരിക്കലും ഉപദ്രവിക്കുകയില്ല" എന്നതിന്‍റെ യഥാർത്ഥ അർത്ഥം: ഇസ്‌ലാമിൽ നിന്നും സ്വാഭാവികമായ നന്മയുടെ അവസ്ഥയിൽ (فطرة) നിന്നും അവനെ പുറത്താക്കുന്ന രീതിയിലുള്ള ഒരു ആധിപത്യം പിശാചിന് അവന്‍റെ മേൽ ഉണ്ടായിരിക്കുകയില്ല എന്നാണ്. ഒരുപക്ഷേ പിശാച് അവനെ സ്പർശിച്ചേക്കാം (സ്വാധീനിച്ചേക്കാം), എന്നാൽ അവൻ പെട്ടെന്ന് തന്നെ അത് തിരിച്ചറിയുകയും ബോധവാനാകുകയും ചെയ്യും. അങ്ങനെ അവൻ തന്‍റെ റബ്ബിലേക്ക് മടങ്ങുകയും അവന് മുന്നിലുള്ള തന്‍റെ പദവിയെക്കുറിച്ച് ഓർക്കുകയും ചെയ്യും. ഇത് അല്ലാഹുവിന്‍റെ ഈ വചനത്തിന് അനുസൃതമാണ്:
إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ- الأعراف: 201
"തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവർക്ക് പിശാചിൽ നിന്നുള്ള വല്ല ദുർബോധനവും ബാധിച്ചാൽ അവർ (അല്ലാഹുവെ) ഓർക്കുകയും, അപ്പോൾ അവരതാ ഉൾക്കാഴ്ചയുള്ളവരാകുകയും ചെയ്യുന്നു." (സൂറത്തുൽ അഅ്റാഫ്: 201).
മനുഷ്യരിലും ജിന്നുകളിലും മൃഗങ്ങളിലും ഉള്ള ധിക്കാരികൾക്കാണ് 'ശൈത്വാൻ' (പിശാച്) എന്ന് പറയപ്പെടുന്നത്. എന്നാൽ ഇവിടെ (ഈ ഹദീസില്‍) ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ജിന്നുകളിലെ പിശാചിനെയാണ്. അതായത് അല്ലാഹു ശപിച്ച ഇബ്‌ലീസിനെ. ഈ പദം ഉത്ഭവിച്ചിട്ടുള്ളത് 'കരിഞ്ഞുപോയി' എന്നർത്ഥമുള്ള 'ശാത്വ' എന്ന വാക്കിൽ നിന്നോ, അല്ലെങ്കിൽ 'അകന്നുപോയി' എന്നർത്ഥമുള്ള 'ശത്വന' എന്ന വാക്കിൽ നിന്നോ ആണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment