عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
കന്യകയെയോ വിധവയെയോ രണ്ടാം വിവാഹം കഴിച്ചാല്‍
317 - عَنْ أَنَسِ بْنِ مَالِكٍ رضي الله
عنه قَالَ: (مِنْ السُّنَّةِ إذَا تَزَوَّجَ الْبِكْرَ عَلَى الثَّيِّبِ:
أَقَامَ عِنْدَهَا سَبْعاً ثُمَّ قَسَمَ. وَإِذَا تَزَوَّجَ الثَّيِّبَ: أَقَامَ
عِنْدَهَا ثَلاثاً ثُمَّ قَسَمَ) .
قَالَ أَبُو قِلابَةَ: وَلَوْ شِئْتُ لَقُلْتُ: إنَّ أَنَساً رَفَعَهُ إلَى
النَّبِيِّ صلى الله عليه وسلم) .
അനസു ബ്നു മാലിക് رضي الله عنه നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: "ഒരാൾ കന്യകയായ സ്ത്രീയെ (രണ്ടാമതായി) വിവാഹം കഴിക്കുകയും, അദ്ദേഹത്തിന് മുമ്പ് വിവാഹം കഴിഞ്ഞ മറ്റൊരു ഭാര്യ (ثَيِّب) ഉണ്ടാവുകയും ചെയ്താൽ, പുതിയ ഭാര്യയോടൊപ്പം ഏഴു ദിവസം താമസിക്കുകയും, അതിനുശേഷം അവർക്കിടയിൽ ദിവസങ്ങൾ വീതം വെക്കുകയും ചെയ്യുക എന്നത് പ്രവാചകചര്യയിൽ (സുന്നത്ത്) പെട്ടതാണ്. എന്നാൽ അദ്ദേഹം വിവാഹം കഴിക്കുന്നത് വിവാഹിതയായ ഒരു സ്ത്രീയെയാണെങ്കിൽ, അവളോടൊപ്പം മൂന്ന് ദിവസം താമസിക്കുകയും, അതിനുശേഷം ദിവസങ്ങൾ വീതം വെക്കുകയും ചെയ്യണം."
അബൂ ഖിലാബ പറഞ്ഞു: "ഞാൻ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഈ ഹദീസ് അനസ് رضي الله عنه നബി صلى الله عليه وسلم യിലേക്ക് ചേർത്താണ് (മർഫൂഅ് ആയിട്ടാണ്) ഉദ്ധരിച്ചതെന്ന് എനിക്ക് പറയാമായിരുന്നു.
- قَسَمَ: ബഹുഭാര്യത്വമുള്ള ഒരാൾ, ഓരോ ഭാര്യയുടെയും അടുക്കൽ രാത്രി താമസിക്കുന്നതിനായി അവരുടെ ഊഴമനുസരിച്ച് ദിവസങ്ങൾ തുല്യമായി നിശ്ചയിക്കുന്നതിനെയാണ് ഇവിടെ 'القَسْمُ' എന്ന് പറയുന്നത്.
നബി صلى الله عليه وسلم തന്‍റെ ഭാര്യമാർക്കിടയിൽ നീതി കാണിക്കുന്നതിലും, ബഹുഭാര്യത്വമുള്ളപ്പോൾ കുടുംബബന്ധങ്ങൾ ക്രമീകരിക്കുന്നതിലും ഉത്തമമായ മാതൃകയാണ് കാണിച്ചുതന്നത്.
ഈ ഹദീസ് വിവാഹ സമയത്തെ ഒരു സുന്നത്തിനെ വിശദീകരിക്കുന്നു: ഒരാൾക്ക് ഭാര്യയുള്ളപ്പോൾ, (രണ്ടാമതായി) ഒരു കന്യകയെ (മുമ്പ് വിവാഹം കഴിക്കാത്തവളെ) വിവാഹം കഴിച്ചാൽ വിവാഹ ശേഷം അവളോടൊപ്പം തുടർച്ചയായി ഏഴു ദിവസം താമസിക്കണം. അതിനുശേഷം മറ്റ് ഭാര്യമാർക്കിടയിൽ നീതിപൂർവ്വം ദിവസങ്ങൾ വീതം വെക്കണം. എന്നാൽ അദ്ദേഹം വിവാഹം കഴിക്കുന്നത് ഒരു 'ثَيِّب' നെ (മുമ്പ് വിവാഹിതയായവളെ) ആണെങ്കിൽ അവളോടൊപ്പം മൂന്ന് ദിവസം താമസിക്കണം. ആ കാലാവധി കഴിഞ്ഞാൽ പിന്നീട് ഓരോരുത്തർക്കും ഓരോ രാത്രി വീതം തുല്യമായി വീതിച്ചു നൽകണം.
കന്യകയായ സ്ത്രീക്ക് പൊതുവെ ലജ്ജ കൂടുതലായിരിക്കും. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവൾക്ക് കൂടുതൽ സമയവും, ക്ഷമയും, സൗമ്യതയും ആവശ്യമാണ്. അതിനാൽ അവളോടൊപ്പം തുടർച്ചയായി ഏഴു ദിവസം താമസിക്കാൻ അനുവാദം നൽകി.
'ثَيِّب' (മുമ്പ് വിവാഹിത) ആയ സ്ത്രീ മുൻപ് പുരുഷന്മാരുമായി ഇടപഴകി പരിചയമുള്ളവളാണ്. കന്യകയെപ്പോലെ പുതിയ സാഹചര്യത്തിൽ അവൾക്ക് അത്രയധികം അപരിചിതത്വം ഉണ്ടാവില്ല. എങ്കിലും പുതിയൊരു ദാമ്പത്യം ആരംഭിക്കുന്നതിനാൽ അവളെ ആദരിച്ചുകൊണ്ട് തുടർച്ചയായ മൂന്ന് ദിവസം അവൾക്ക് നൽകുന്നു. അതിനുശേഷം ബാക്കി ഭാര്യമാർക്കൊപ്പം തുല്യമായി ദിവസങ്ങൾ വീതം വെക്കണം.
ഒരാൾ തന്‍റെ ഒന്നോ അതിലധികമോ ഭാര്യമാർ നിലവിലിരിക്കെ പുതിയൊരു സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ പാലിക്കേണ്ട സുന്നത്ത് ആണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.
ഈ ഹദീസിൽ താബിഈ വര്യനായ അബൂ ഖിലാബ അബ്ദുല്ലാഹിബ്നു സൈദ് رحمه الله പറയുന്നു: "ഞാൻ ആഗ്രഹിച്ചിരുന്നെങ്കിൽ ഇത് റസൂൽ صلى الله عليه وسلم യുടെ വാക്കുകളാണെന്ന് എനിക്ക് പറയാമായിരുന്നു, ഞാൻ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതിൽ ഞാൻ സത്യവാനാവുകയും ചെയ്യുമായിരുന്നു. എങ്കിലും അനസു ബ്നു മാലിക് رضي الله عنه എന്നോട് എങ്ങനെയാണോ ഹദീസ് ഉദ്ധരിച്ചത്, ആ വാക്കുകളോട് പൂർണ്ണമായി വിശ്വസ്തത പുലർത്താൻ വേണ്ടിയാണ് ഞാൻ അങ്ങനെ പറയാതിരുന്നത്."
അനസ് رضي الله عنه പറഞ്ഞത് "ഇത് സുന്നത്തിൽ പെട്ടതാണ്" എന്നാണ്. ഒരു സ്വഹാബി 'സുന്നത്ത്' എന്ന് പ്രയോഗിച്ചാൽ അത് 'മർഫൂഅ്' (പ്രവാചകനിലേക്ക് ചേർക്കപ്പെട്ടത്) എന്ന പദവിയിലാണ് ഇസ്‌ലാമിക നിയമപ്രകാരം കണക്കാക്കപ്പെടുക. അതായത് "റസൂൽ صلى الله عليه وسلم പറഞ്ഞു" എന്ന് പറയുന്നതിന് തുല്യമാണത്. ചില നിവേദനങ്ങളിൽ ഇത് നേരിട്ട് "റസൂൽ صلى الله عليه وسلم പറഞ്ഞു" എന്ന് തന്നെ വന്നിട്ടുമുണ്ട്.

No comments:
Post a Comment