ഫോളോ ചെയ്യാം

Tuesday, 18 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 123 دروس الحديث - ക്വുര്‍ആന്‍ മനപ്പാഠം സൂക്ഷ്മമാക്കുക

 

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّمَا مَثَلُ صَاحِبِ القُرْآنِ، كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ»- رواه البخاري ومسلم

ഇബ്നു ഉമര്‍ k പറഞ്ഞു: നിശ്ചയം റസൂല്‍ g പറഞ്ഞിരിക്കുന്നു: ക്വുര്‍ആനിന്‍റെ ആളുടെ (മനഃപ്പാഠമാക്കുന്നവന്‍റെ) ഉപമ കെട്ടിയിട്ട ഒട്ടകത്തിന്‍റെ ഉപമയാകുന്നു. അതിനെ നന്നായി ശ്രദ്ധിച്ചാല്‍ അതിനെ തടഞ്ഞ് വെക്കാം, അതിനെ അഴിച്ച് വിട്ടാല്‍ അത് പോകും. (ബുഖാരി, മുസ്ലിം)

വിവരണം

· ഇബ്നു അബ്ദില്‍ബറ് r പറഞ്ഞു: ഈ ഹദീസില്‍ ക്വുര്‍ആന്‍ പഠിക്കുന്നതിനും അതിനെ (മനസ്സില്‍) ഉറപ്പിച്ച് നിര്‍ത്താനും, അത് പാരായണം ചെയ്യുന്നത് പതിവാക്കാനും, മനഃപ്പാഠമാക്കിയതിന് ശേഷം അത് മറക്കാതിരിക്കാനും പ്രേരണയുണ്ട്. (ഇസ്തിദ്കാര്‍)

· ക്വുര്‍ആനിന്‍റെ ആള്‍ ആരാണെന്ന് ഇമാം സ്വന്‍ആനി r പറയുന്നു: (ക്വുര്‍ആനിന്‍റെ ആളുടെ ഉപമ) അഥവാ അതിനെ മനഃപ്പാഠമാക്കിയവന്‍റെ (ഉപമ); നോക്കിയോ കാണാതെയോ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് ശീലമാക്കിയവനാണ് അവന്‍. നിശ്ചയം ആര് അത് പതിവാക്കുന്നുവോ അവന് അതിന്‍റെ പാരായണം എളുപ്പമാകും. (അത്തന്‍വീര്‍)

· (സ്വാഹിബ്) എന്ന പദം നല്ലവണ്ണം ഇണക്കമുള്ള കൂട്ടുകാരന്‍ എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ക്വാദി ഇയാദ്വിന്‍റെ ഇക്മാലുല്‍ മുഅ്ലിമില്‍ ഇത് അറിയിച്ചിട്ടുമുണ്ട്.

· വിശുദ്ധ ക്വുര്‍ആനുമായി പ്രത്യേക സഹവാസം നാം സാധ്യമാക്കേണ്ടതുണ്ട്. അത് പാരായണം ചെയ്യാനും, പഠിക്കാനും, മനഃപ്പാഠമാക്കാനും, അത് മറക്കാതിരിക്കാനും, അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട്. അതിലൂടെ നേട്ടം മാതൃമാണ് നമുക്ക് ലഭിക്കുക.

· ഒട്ടകം മനുഷ്യരില്‍ നിന്ന് പെട്ടെന്ന് കുതറിപ്പോകുന്ന മൃഗമാണ്, അത് പോയാല്‍ തിരികെ കൊണ്ട് വരല്‍ പ്രയാസവുമാണ് (ഫത്ഹുല്‍ബാരി)

· ഇത് പോലെ ക്വുര്‍ആന്‍ മനസ്സില്‍ നിന്ന് വേഗത്തില്‍ മറഞ്ഞ് പോകും, ക്വുര്‍ആന്‍ പൂര്‍ണ്ണമായോ ഭാഗികമായോ മനഃപ്പാഠമാക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ മറന്ന് പോകാത്ത വിധം അതിനെ മനസ്സില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കണം. അതിന് സ്ഥിരമായ പാരായണം അത്യാവശ്യമാണ്.

· ഉന്നതമായ കാര്യങ്ങള്‍ കഠിനാദ്ധ്വാനവും പരിശ്രമവും കൂടാതെ ലഭിക്കുകയില്ല. അതില്‍ പെട്ടതാണ് ക്വുര്‍ആന്‍ മനഃപ്പാഠമാക്കല്‍. അത് വലിയൊരു അനുഗ്രഹമാണ്. അതിനെ ഉറപ്പിച്ച് നിര്‍ത്താന്‍ ക്വുര്‍ആനുമായി സ്ഥിരമായ ബന്ധം അനിവാര്യമാണ്.


ക്വുര്‍ആന്‍ പഠിക്കാനും മനഃപ്പാഠമാക്കാനും സഹായിക്കുന്ന കാര്യങ്ങള്‍

1- ക്വുര്‍ആന്‍ പാരായണം ചെയ്യാനും മനഃപ്പാഠമാക്കാനും തിരക്കുകളും ബഹങ്ങളുമില്ലാത്ത നല്ല സമയം തെരെഞ്ഞെടുക്കല്‍.

2-ക്വുര്‍ആന്‍ പഠിക്കാന്‍ അല്ലാഹുവിനോട് സഹായം തേടലും അതിനായുള്ള പരിശ്രമമുണ്ടാവലും.

3- പാപങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കല്‍, പാപങ്ങളും വിജ്ഞാനവും ഒരിക്കലും ഒന്നിച്ച് നില്‍ക്കുകയില്ല. അവ നന്‍മകളെ ഇല്ലാതെയാക്കും.

4- അല്ലാഹുവിന്‍റെ പ്രതിഫലം മാത്രം കാംക്ഷിച്ച് വിശുദ്ധ ക്വുര്‍ആന്‍ പഠിക്കാന്‍ ശ്രമിക്കല്‍.

5- ക്വുര്‍ആന്‍ പഠനത്തില്‍ സഹായിക്കാന്‍ പറ്റുന്ന നല്ല ഒരു കൂട്ടുകാരനെ കൂടെ കൂട്ടല്‍. പഠിച്ചത് ഓതിക്കേള്‍പ്പിക്കാനും തെറ്റുകള്‍ തിരുത്താനും അത് സഹായകമാകും.

6- മനുഷ്യന്‍ വേഗം മറന്ന് പോകും. ആയതിനാല്‍ അവന്‍ മനഃപ്പാഠമാക്കിയ ഭാഗം രാത്രി നമസ്കാരത്തില്‍ പാരായണം ചെയ്താല്‍ അത് മനസ്സില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കാരണമാകും.

7- ക്വുര്‍ആനിന്‍റെ അര്‍ത്ഥവും ആശയവും അറിഞ്ഞ് പാരായണം ചെയ്യല്‍ ഇതിന് കൂടുതല്‍ സഹായകരമാണ്. 

 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...