ഫോളോ ചെയ്യാം

Friday, 28 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 133 دروس الحديث - നന്‍മ കല്‍പിക്കുക, തിന്‍മ വിരോധിക്കുക ..പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടും

 

നന്‍മ കല്‍പിക്കുക, തിന്‍മ വിരോധിക്കുക ..

പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടും

عَنْ حُذَيْفَةَ بْنِ اليَمَانِ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالمَعْرُوفِ وَلَتَنْهَوُنَّ عَنِ الْمُنْكَرِ أَوْ لَيُوشِكَنَّ اللَّهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ ثُمَّ تَدْعُونَهُ فَلاَ يُسْتَجَابُ لَكُمْ-الترمذي -حسن

ഹുദൈഫതു ബ്നുല്‍ യമാന്‍ رضي الله عنه നിവേദനം, നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നിങ്ങള്‍ നന്‍മ കല്‍പിക്കുകയും തിന്‍മ വിരോധിക്കുകയും ചെയ്യുക തന്നെ വേണം, ഇല്ലെങ്കില്‍ അല്ലാഹു അവനില്‍ നിന്നുള്ള ശിക്ഷ നിങ്ങളുടെ മേല്‍ അയക്കും, പിന്നെ നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കും എന്നാല്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യപ്പെടുകയില്ല. (തിര്‍മിദി)

വിവരണം

  •  പ്രബോധന പ്രവര്‍ത്തനങ്ങളുടേയും നന്‍മ കല്‍പിക്കലിന്‍റേയും തിന്‍മ വിരോധിക്കലിന്‍റേയും പ്രാധാന്യം അറിയിക്കുന്ന ഹദീസ് ആണിത്.
  • നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും നാം ചര്യയാക്കണം. അത് ഇല്ലാത്ത അവസ്ഥ വന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷ വരികയും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും.
  • ഓരോ വിശ്വാസിക്കും വിശ്വാസിനിക്കും നിര്‍ബന്ധ ബാധ്യതയാണ് ഇത്. ഓരോരുത്തരും അവന്‍റെ കഴിവനുസരിച്ച് ഇത് ചെയ്യണം. അല്ലാഹു പറയുന്നു:

ﭐﱡﭐوَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ التوبة: ٧١  

സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.

  •  وَالَّذِي نَفْسِي بِيَدِهِ എന്നത് സത്യം ചെയ്ത് പറയലാണ്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ഇങ്ങനെ ധാരാളമായി സത്യം ചെയ്ത് പറഞ്ഞതായി ഹദീസുകളില്‍ കാണാം. ഇതിന്‍റെ അര്‍ത്ഥം: അല്ലാഹുവിന്‍റെ കയ്യിലാണ് അടിമകളുടെ ആത്മാവുകള്‍, അവന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അവക്ക് ഹിദായത്ത് കൊടുക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അവയെ വഴികേടില്‍ തന്നെ നിര്‍ത്തുന്നു, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ മരിപ്പിക്കുന്നു, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ ജീവിക്കാന്‍ വിടുന്നു. ആത്മാവിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണം അല്ലാഹുവിന്‍റെ പക്കലാകുന്നു.
  • നന്‍മ ചെയ്യുന്നത് ഇല്ലാതിരിക്കുമ്പോള്‍ നന്‍മ കല്‍പിക്കാനും തിന്‍മ ചെയ്യുന്നത് കാണപ്പെടുമ്പോള്‍ തിന്‍മ വിരോധിക്കാനും നമുക്ക് സാധിക്കണം.
  • വളരെ പ്രാധാന്യമുള്ള സംഗതികളില്‍ സത്യം ചെയ്ത് പറയാന്‍ ഈ ഹദീസ് തെളിവാണ്. നിസാരവും പ്രാധാന്യമില്ലാത്തതുമായ വിഷയങ്ങളില്‍ ഇപ്രകാരം സത്യം ചെയ്ത് പറയാതിരിക്കലാണ് നല്ലത്.
  • നന്‍മ കല്‍പിക്കാനും തിന്‍മ വിരോധിക്കാനും അറിയിക്കുന്ന ധാരാളം ആയത്തുകള്‍ വിശുദ്ധ ക്വുര്‍ആനില്‍ ഉണ്ട്. അല്ലാഹു പറയുന്നു:

ﱡﭐ كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ آل عمران: ١١٠ 

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.

  • നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും ഒഴിവാക്കിയാല്‍ അത് വലിയ അപകടമാണ്. സമൂഹത്തില്‍ വിവിധ തിന്‍മകള്‍ക്കും ദുരന്തങ്ങള്‍ക്കും അത് കാരണമാകും. അത്തരക്കാര്‍ക്ക് അല്ലാഹുവിന്‍റെ ശാപ കോപങ്ങള്‍ ഉണ്ടാകുന്നതുമാണ് (മാഇദ:78-79)
  • നന്‍മ കല്‍പിക്കുന്നവരും തിന്‍മ വിരോധിക്കുന്നവരും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതനുസരിച്ചായിരിക്കണം അത് നിര്‍വ്വഹിക്കേണ്ടത്. അവയില്‍ പെട്ടതാണ്:

1- അതിലൂടെ തന്‍റെ സഹോദരന്‍ നന്നാവണം എന്നായിരിക്കണം അവന്‍റെ ഉദ്ദേശം. അവനെ ശകാരിക്കാനോ, നിന്ദിക്കാനോ ആയിരിക്കരുത്. ഇത് തന്‍റെ ബാധ്യതയാണെന്നും അവന് ഗുണമാവട്ടെ എന്നും കരുതി ചെയ്താലേ ഈ കാര്യം കൃത്യമായി നിര്‍വ്വഹിക്കുന്നവനാവുകയുളളൂ..

2- നന്‍മ കല്‍പിക്കുന്നവരും തിന്‍മ വിരോധിക്കുന്നവരും അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ അറിവും ഉള്‍ക്കാഴ്ചയും ഉള്ളവരായിരിക്കണം. വിവരക്കേട് പറയുന്നവരാകരുത്.

3- യുക്തിയോടും, സദുപദേശത്തോടും കൂടിയായിരിക്കണം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത്.

4- അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. നല്‍മ കല്‍പിക്കുമ്പോഴും തിന്‍മ വിരോധിക്കുമ്പോഴും ദഅ്വത്ത് ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണിത്.

5- മയത്തോടെയും മനസ്സിലാക്കാന്‍ പറ്റുന്ന വിധേനയും വ്യക്തമായി വിശദീകരിക്കുന്നതാവണം. ഉത്തമ ശൈലികള്‍ ഉപയോഗിക്കല്‍ നല്ലതാണ്.

6- നന്‍മ കല്‍പിക്കുകയും തിന്‍മ വിരോധിക്കുകയും ചെയ്യുമ്പോള്‍ ആളുകളുടെ സ്ഥാനങ്ങളും പദവികളും അവസ്ഥകളും മനസ്സിലാക്കി വേണം അത് ചെയ്യാന്‍. അതിലൂടെ ചെയ്യുന്ന കാര്യം ഭംഗിയാക്കാന്‍ സാധിക്കും.

7- ക്ഷമയും പ്രയാസങ്ങള്‍ സഹിക്കാനുള്ള മനസ്സും ഇത് ചെയ്യുന്നവരിലുണ്ടാവണം. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: (ഇതിന്) അറിവും, അലിവും, ക്ഷമയും വേണം. നന്‍മ കല്‍പിക്കുന്നതിനും തിന്‍മ വിരോധിക്കുന്നതിനും മുമ്പേ അറിവ് വേണം, അലിവും കാരുണ്യവും അതിനോടൊപ്പവും ക്ഷമ അതിന് ശേഷവും ഉണ്ടാവണം.

8- ആള്‍കൂട്ടത്തില്‍ വെച്ച് ഒരാളോട് പരസ്യമായി നന്‍മ കല്‍പിക്കുകയോ തിന്‍മ വിരോധിക്കുകയോ ചെയ്യാതിരിക്കുക. അവനോട് മാത്രം പറയേണ്ടത് അവനെ സ്വകാര്യമായി വിളിച്ച് പറയുക. എല്ലാവരെയും ബാധിക്കുന്നതാണെങ്കില്‍ മാത്രം അതിന്‍റേതായ ശൈലിയില്‍ ആള്‍ക്കൂട്ടത്തില്‍ പറയാം.

9- ക്വുത്വ് ബയിലും പ്രഭാഷണങ്ങളിലും ആരെയെങ്കിലും ഉദ്ദേശിച്ച് കാര്യങ്ങള്‍ പറയുകയാണെങ്കില്‍ അവരെ പേര് വിളിച്ച് അവഹേളിക്കാതെ നല്ല ശൈലിയില്‍ പറയുക. എന്താണ് ഈ കൂട്ടരുടെ അവസ്ഥ, ഇങ്ങനെ ചെയ്യുന്നവര്‍ തിന്‍മയിലായിരിക്കുന്നു എന്നിങ്ങനെ സൂചനകളിലൂടെ പറയാം.

10- രഹസ്യമായി പറഞ്ഞ് കൊടുക്കേണ്ടവരില്‍ പെട്ടവരെ അങ്ങനെ തന്നെ പരിഗണിക്കണം. ഭരണാധികാരികള്‍, ഉന്നതങ്ങളിലുള്ളവര്‍ എല്ലാം ഈ പരിധിയില്‍ പെടുന്നവരാണ്.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...