ഫോളോ ചെയ്യാം

Tuesday, 25 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 130 دروس الحديث - അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക

 അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക

عَنْ أَنَسٍ، قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ»- رواه البخاري

അനസ് رضي الله عنه പറഞ്ഞു: നബി صلى الله عليه وسلم പറയാറുണ്ടായിരുന്നു: അല്ലാഹുവേ.. ഞങ്ങള്‍ക്ക് നീ ദുന്‍യാവില്‍ നന്‍മ നല്‍കേണമേ, പരലോകത്തിലും നീ നന്‍മ നല്‍കേണമേ, ഞങ്ങളെ നീ നരക ശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ. (ബുഖാരി) 

വിവരണം

 വിശ്വാസി എപ്പോഴും റബ്ബിനോട് പ്രാര്‍ത്ഥിക്കുന്നവനാകണം. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത് അവന് വലിയ ഇഷ്ടമാണ്. പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അവന്‍ ഉത്തരം നല്‍കുകയും ചെയ്യും.

  • പ്രാര്‍ത്ഥിക്കുമ്പോള്‍ ദുന്‍യാവിന്‍റെ കാര്യങ്ങള്‍ മാത്രം ചോദിക്കുന്നവരുണ്ട്. അവര്‍ക്ക് പരലോകത്തില്‍ ഒന്നും ലഭിക്കുകയില്ല. എന്നാല്‍ ദുന്‍യാവിനും പരലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരെ അല്ലാഹു പുകഴ്ത്തിയിരിക്കുന്നു.
  • പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്‍റെ അര്‍ത്ഥവും ആശയവും അറിഞ്ഞിരിക്കേണ്ടതാണ്, അത് പോലെ വലിയ അര്‍ത്ഥങ്ങള്‍ സംഗമിക്കുന്നതായ പ്രാര്‍ത്ഥനകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. അത്തരത്തിലുള്ള ഒരു പ്രാര്‍ത്ഥനയാണ് ഈ ഹദീസിലുള്ളത്.
  • അല്ലാഹുവിന്‍റെ ഉത്തമ നാമങ്ങള്‍ വിളിച്ച് കൊണ്ട് പ്രാര്‍ത്ഥിക്കുന്നത് ഏറെ ഗുണകരമായിട്ടുള്ളതും പ്രാര്‍ത്ഥനയുടെ മര്യാദകളില്‍ പെട്ടതുമാണ്. ഇത് പ്രാര്‍ത്ഥനയില്‍ വിനയവും ഭക്തിയും ഉണ്ടാകാന്‍ കാരണമാകും.
  • ഭൗതികമായി അനുവദനീയമായ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കാം. ദുന്‍യാവില്‍ നല്ലത് നല്‍കണേ എന്നതില്‍ എല്ലാം ഉള്‍പ്പെടുന്നു.
  • പരലോകത്തിലും നല്ലത് തരേണമേ എന്നത് വളരെ പ്രധാനമായ പ്രാര്‍ത്ഥനയാണ്. പരലോകത്തിലെ ഉന്നതമായ അനുഗ്രഹങ്ങളും അല്ലാഹുവിന്‍റെ ഔദാര്യങ്ങളും, അവിടത്തെ എല്ലാ ദുരിതങ്ങളില്‍  നിന്നും ശിക്ഷകളില്‍ നിന്നും ഉള്ള രക്ഷയും അതില്‍ ഉള്‍പ്പെടുന്നു.
  • പരലോകത്തിലെ നന്‍മ ചോദിക്കുന്നതോടൊപ്പം നരക ശിക്ഷയില്‍ നിന്നുള്ള രക്ഷ ചോദിക്കല്‍ ഇതില്‍ പ്രത്യേകം പറയുന്നു. ഇതില്‍ നിന്ന് നരകത്തിന്‍റെ അപകടവും, ഗൗരവവും നമുക്ക് മനസ്സിലാക്കാം.
  • നരകത്തില്‍ നിന്ന് രക്ഷ നേടല്‍ വിശ്വാസിക്ക് അനിവാര്യമാണ്. ജീവിതത്തിന്‍റെ എല്ലാ നിമിഷങ്ങളിലും അതിന് വേണ്ടി അവന്‍ പ്രയത്നിച്ച് കൊണ്ടിരിക്കണം. അതോടൊപ്പം നരകത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അല്ലാഹുവിനോട് സദാ ചോദിച്ച് കൊണ്ടിരിക്കുകയും വേണം.
  • ഈ പ്രാര്‍ത്ഥന നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ധാരാളമായി പ്രാര്‍ത്ഥിച്ചിരുന്നു എന്ന് ഹദീസില്‍ കാണാം. അതില്‍ നിന്ന് ഈ പ്രാര്‍ത്ഥനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം.
  • എല്ലാ മനുഷ്യനും രണ്ട് ലോകത്തിലേയും നന്‍മകള്‍ക്ക് ആവശ്യക്കാരാണ്.
  • എല്ലായ് പ്പോഴും അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കണം. വിശുദ്ധ ക്വുര്‍ആനിലേയും ഹദീസുകളിലേയും പ്രാര്‍ത്ഥനകള്‍ എല്ലാം അല്ലാഹുവിന്‍റെ നാമങ്ങളും വിശേഷണങ്ങളും വിളിച്ച് കൊണ്ട് മാത്രമുള്ളതാണ്.
  • സൃഷ്ടികളോടുള്ള പ്രാര്‍ത്ഥന നിരര്‍ത്ഥകരവും ഉത്തരം ലഭിക്കാത്തതും ശിര്‍ക്കായതും നരകത്തില്‍ പതിക്കാന്‍ കാരണമായതുമാണ്.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...