ഫോളോ ചെയ്യാം

Monday, 24 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 129 دروس الحديث - അന്ത്യദിനത്തിന്‍റെ അടയാളങ്ങള്‍

 

അന്ത്യദിനത്തിന്‍റെ അടയാളങ്ങള്‍ അടയാളങ്ങള്‍ 

سَهْلِ بْنِ سَعْدٍ السَّاعِدِيِّ، صَاحِبِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "بُعِثْتُ أَنَا وَالسَّاعَةَ كَهَذِهِ مِنْ هَذِهِ، أَوْ: كَهَاتَيْنِ " وَقَرَنَ بَيْنَ السَّبَّابَةِ وَالوُسْطَى- رواه البخاري ومسلم

സഹ്ലു ബ്നുസ്സാഇദി رضي الله عنه  നിവേദനം. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഞാനും അന്ത്യദിനവും ഇപ്രകാരമാണ് നിയോഗിക്കപ്പെട്ടത്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ചൂണ്ടു വിരലും നടുവിരലും ചേര്‍ത്ത് വെച്ചു. (ബുഖാരി, മുസ്ലിം)

വിവരണം

§ അന്ത്യദിനത്തിന്‍റെ അടുപ്പത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഹദീസ് ആണിത്. അന്ത്യദിനം വളരെ അടുത്തെത്തിയിരിക്കുന്നു എന്ന് ഹദീസ് പഠിപ്പിക്കുന്നു.

§ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ക്ക് ശേഷം ഇനി അന്ത്യദിനം വരെ മറ്റു പ്രവാചകന്‍മാര്‍ വരാനില്ല എന്ന് ഈ ഹദീസ് അറിയിക്കുന്നു. ഇമാം അബൂ ഹാതിം رحمه الله പറയുന്നു: "ഞാനും അന്ത്യദിനവും ഇപ്രകാരമാണ് നിയോഗിക്കപ്പെട്ടത്" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്; നിശ്ചയം ഞാനും അന്ത്യദിനവും ചൂണ്ടുവിരലും നടുവിരലും ഉള്ളത് പോലെ ഞങ്ങള്‍ക്കിടയില്‍ ഒരു പ്രവാചകന്‍ ഇല്ലാത്ത വിധമാണ്. ഞാന്‍ അവസാനത്തെ പ്രവാചകനാണ്, എന്‍റെ ഉമ്മത്തിലാണ് അന്ത്യദിനം സംഭവിക്കുക. (സ്വഹീഹു ഇബ്നി ഹിബാന്‍ 13/15).

§ ക്വുര്‍ത്വുബി رحمه الله പറയുന്നു: അന്ത്യദിനത്തിന്‍റെ ആദ്യത്തെ അടയാളമാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ. കാരണം നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അവസാന കാലത്തെ പ്രവാചകനാണ്, അദ്ദേഹം നിയോഗിക്കപ്പെട്ടത് അദ്ദേഹത്തിനും അന്ത്യദിനത്തിനും ഇടയില്‍ ഒരു നബിയും ഇല്ലാത്ത വിധമാണ്. (തദ്കിറ പേജ്: 111)

§ ശൈഖ് സുലൈമാന്‍ അശ്ക്വര്‍ رحمه الله പറഞ്ഞു: അന്ത്യദിനം എങ്ങനെയാണ് അടുത്തിരിക്കുന്നു എന്ന് പറയുക, ഇത് അറിയിച്ചിട്ട് തന്നെ 1400 വര്‍ഷങ്ങള്‍ കഴിഞ്ഞല്ലോ? എന്ന് ചോദിക്കപ്പെട്ടേക്കാം.

അതിനുള്ള മറുപടി: അല്ലാഹുവിന്‍റെ അറിവിലും, കണക്ക് കൂട്ടലിലും പെട്ടതായിട്ടുള്ള അടുപ്പമാണത്. മനുഷ്യ കണക്കു കൂട്ടലുകള്‍ അത് വിദൂരത്താണെന്ന് കണ്ടാലും ശരി.

ﭐﱡﭐ إِنَّهُمْ يَرَوْنَهُ بَعِيدًا * وَنَرَاهُ قَرِيبًا المعارج: ٦ ٧   

(തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. * നാം അതിനെ അടുത്തതായും കാണുന്നു.) അല്‍ക്വിയാമത്തു സ്സ്വുഗ്റാ: 115.

§ മുമ്പ് കഴിഞ്ഞ കലായളവ് അനുസരിച്ച് ലോകത്ത് ബാക്കിയുള്ള കാലയളവ് വളരെ നിസാരമാണെന്ന് മനസ്സിലാക്കാനും ഈ ഹദീസിലൂടെ സാധിക്കുന്നതാണ്.

§ അന്ത്യദിനം അടുത്തിരിക്കുന്ന എന്ന് പറയുന്നതിലൂടെ മനുഷ്യന്‍ അതിനായി ഒരുങ്ങാന്‍ ശ്രമിക്കേണ്ടതുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാഹു പറയുന്നു:

ﭐﱡاقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُعْرِضُونَ   الأنبياء: ١ 

ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു.

§ അന്ത്യദിനം സംഭവിക്കുന്നതിന് മുമ്പായി അതിന്‍റെ വലുതും ചെറുതുമായ അടയാളങ്ങള്‍ ലോകത്ത് സംഭവിക്കും. അല്ലാഹു പറയുന്നു:

ﱡﭐفَهَلْ يَنْظُرُونَ إِلَّا السَّاعَةَ أَنْ تَأْتِيَهُمْ بَغْتَةً فَقَدْ جَاءَ أَشْرَاطُهَا فَأَنَّى لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ   محمد: ١٨ 

ഇനി ആ (അന്ത്യ)സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത് അവര്‍ക്കു വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉല്‍ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും?

അന്ത്യദിനത്തിന്‍റെ ചെറിയ അടയാളങ്ങള്‍

1- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ നിയോഗം

2- നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ മരണം.

3- ബൈത്തുല്‍ മുക്വദ്ദസ് വിജയം

4-ഉമര്‍ رضي الله عنه വിന്‍റെ കാലത്ത് ഉണ്ടായ അംവാസ് പ്ലേഗ് ഇതിന്‍റെ അടയാളമായി പറയപ്പെടുന്നു. ബൈത്തുല്‍ മുക്വദ്ദസ് ജയിച്ചടക്കിയതിന് ശേഷമായിരുന്നു അത്. (ഫത്ഹുല്‍ബാരി, ഇബ്നു ഹജര്‍)

5- ദാനം സ്വീകരിക്കാന്‍ ആളില്ലാത്ത വിധം സമ്പത്ത് വ്യാപിക്കല്‍.

6- കുഴപ്പങ്ങള്‍ വെളിവാകല്‍

7- പ്രവാചകത്വം വാദിക്കുന്നവര്‍ വരല്‍

8- നിര്‍ഭയത്വം വ്യാപിക്കല്‍

9- ഹിജാസില്‍ നിന്ന് തീ പ്രത്യക്ഷപ്പെടല്‍

10-അമാനത്ത് പാഴാകല്‍

11-അറിവ് ഉയര്‍ത്തപ്പെടലും അജ്ഞത പ്രകടമാകലും

12-വ്യഭിചാരം വെളിവാകല്‍

13- അക്രമികളായ ഭരണാധികാരികളും അവരെ സഹായിക്കുന്നവരും പെരുകല്‍

14- പലിശ വ്യാപിക്കല്‍

15- സംഗീതോപകരണങ്ങള്‍ വ്യാപകമാകലും, അത് അനുവദനീയമാക്കലും

16-മദ്യപാനം വര്‍ദ്ധിക്കലും അത് അനുവദനീയമാക്കലും

17- പള്ളികള്‍ ഭംഗികൂട്ടുന്നതില്‍ പെരുമ പറയലും മത്സരിക്കലും

18-കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ മത്സരിക്കല്‍

19-അടിമ സ്ത്രീ തന്‍റെ യജമാനനെ പ്രസവിക്കല്‍. മക്കള്‍ തന്‍റെ മാതാവിനെ അടിമകളെ പോലെ കാണുന്ന അവസ്ഥയാണതെന്ന് ഇബ്നു തൈമിയ്യ رحمه الله പറഞ്ഞിട്ടുണ്ട്.

20- കൊലപാതകങ്ങള്‍ വര്‍ദ്ധിക്കല്‍

21- കാലം അടുക്കല്‍

തുടങ്ങിയ ധാരാളം ചെറിയ അടയാളങ്ങള്‍ അന്ത്യദിനത്തിനുണ്ട്. അവ നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

അന്ത്യ ദിനത്തിന്‍റെ വലിയ അടയാളങ്ങളില്‍ ചിലത്.

1- മഹ്ദിയുടെ ആഗമനം

2- ദജ്ജാലിന്‍റെ വരവ്

3- ഈസാعليه السلام യുടെ ഇറക്കം

4- യഅ്ജൂജ് മഅ്ജൂജ് വരല്‍

5- മൂന്ന് ഭൂകമ്പങ്ങള്‍ (ഭൂമി അടിയിലേക്ക് താഴ്ന്ന് പോകല്‍)

6- പുകയുടെ വരവ് (സൂറത്തുദ്ദുഖാന്‍ 10-11)

7- സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍

8- ദാബ്ബത്ത് (ഒരു ജീവി) പ്രത്യക്ഷപ്പെടല്‍. (നംല്:82)

9- ക്വുര്‍ആന്‍ ഉയര്‍ത്തപ്പെടല്‍

10- യമനില്‍ നിന്ന് പുറപ്പെടുന്ന തീ.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...