عَنِ
ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْمُؤْمِنُ
الَّذِي يُخَالِطُ النَّاسَ، وَيَصْبِرُ عَلَى أَذَاهُمْ، أَعْظَمُ أَجْرًا مِنَ الْمُؤْمِنِ
الَّذِي لَا يُخَالِطُ النَّاسَ، وَلَا يَصْبِرُ عَلَى أَذَاهُمْ»- رواه ابن ماجه، صحيح
ഇബ്നു ഉമര്‍ رضي الله عنهما നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ജനങ്ങളുമായി ഇടപഴകുകയും അവരുടെ ഉപദ്രവങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസി ആണ് ജനങ്ങളുമായി ഇടപഴകാതിരിക്കുകയും അവരുടെ ഉപദ്രവങ്ങളില്‍ ക്ഷമിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിയേക്കാള്‍ ഏറ്റവും പ്രതിഫലമുള്ളത്. (ഇബ്നുമാജ)
വിവരണം
o നന്‍മ കല്‍പിച്ചും തിന്‍മ വിരോധിച്ചും ജനങ്ങളുമായി ഇടപഴകുന്നതിനെ കുറിച്ചുള്ള അധ്യാപനമാണ് ഇതില്‍ ഉള്ളത്. ജനങ്ങളോട് ഇടപഴകുമ്പോഴൊക്കെയും നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും ഉണ്ടായിക്കൊണ്ടിരിക്കണം.
o ഇത്തരത്തില്‍ ഇടപഴകുമ്പോള്‍ ജനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുകയും വേണം.
o ഇമാം സ്വന്‍ആനി رحمه الله പറഞ്ഞു: ജനങ്ങളോട് നന്‍മ കല്‍പിച്ചും തിന്‍മ വിരോധിച്ചും അവരോടുള്ള പെരുമാറ്റം നന്നാക്കിയും ഇടപഴകുന്നതിന്‍റെ ശ്രേഷ്ടത ഈ ഹദീസ് അറിയിക്കുന്നു. നിശ്ചയം അത് ജനങ്ങളുമായി ഇടപഴകുന്നതില്‍ ക്ഷമിക്കാതെ അവരെ ഉപേക്ഷിക്കുന്നവനേക്കാള്‍ മഹത്വമേറിയതാണ്. അവസ്ഥകള്‍ വ്യക്തികള്‍ക്കും കാലങ്ങള്‍ക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. (സുബുലുസ്സലാം).
o ചിലയിടങ്ങളില്‍ എല്ലാ നിലക്കും തിന്‍മകളും തോന്നിവാസങ്ങളും വ്യാപിച്ചിട്ടുണ്ടാകും. അവിടങ്ങളില്‍ ജനങ്ങളോട് നല്ല നിലക്ക് പെരുമാറാനോ നന്‍മ കല്‍പിക്കാനോ തിന്‍മ വിരോധിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകാം. അത്തരം അവസ്ഥകളില്‍ അവരുടെ തിന്‍മകളോടാപ്പം സഹവസിക്കുവാന്‍ ഒരിക്കലും പാടുള്ളതല്ല. അപ്പോള്‍ അവരെ ഉപേക്ഷിക്കലാണ് അനുഗുണമായിട്ടുള്ളത്.
o നിരുപാധികം ജനങ്ങളുമായി ഇടപഴകുന്നതിന്‍റെ കാര്യമല്ല ഹദീസ് അറിയിക്കുന്നത്. മതത്തിന്‍റെ അടയാളങ്ങള്‍ സുവ്യക്തമായി പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള ഇടപഴകലിനെ കുറിച്ചാണ്.
o ചില സന്ദര്‍ഭങ്ങളില്‍ ഇടപഴകല്‍ ബാധ്യതയായിത്തീരുന്ന അവസ്ഥയുണ്ടാകാം. നന്‍മ കല്‍പിക്കാനും തിന്‍മ വിരോധിക്കാനും ആരുമില്ലെങ്കില്‍ അതിന് സാധിക്കുന്ന ആള്‍ക്ക് അത് ബാധ്യതയാകും.
o ഇബ്നു തൈമിയ്യ رحمه الله പറയുന്നു: നിശ്ചയം ഇടപഴകലില്‍ പുണ്യത്തിലും സൂക്ഷ്മതയിലുമുള്ള സഹകരണമുണ്ടെങ്കില്‍ അത് കല്‍പിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അതില്‍ തിന്‍മക്കും ശത്രുതക്കും ഉള്ള സഹകരണമാണ് ഉണ്ടാകുന്നതെങ്കില്‍ അത് വിരോധിക്കപ്പെട്ടതുമാണ്. (മജ്മൂഉ ഫതാവാ: 10/425)
o ജനങ്ങളോട് ഇടപഴകുന്നതോടൊപ്പം തന്നെ അവന് പ്രാര്‍ത്ഥനയും ദിക്റുകളുമായി തനിച്ചിരിക്കലും ആവശ്യമാണ്. ഈ രണ്ട് കാര്യങ്ങളും ആവശ്യവും ഗുണങ്ങളും പരിഗണിച്ച് നടപ്പിലാക്കേണ്ടവയാണ്.
o ജനങ്ങളോട് ഇടപഴകുന്നത് നാല് വിധമായി ഇബ്നുല്‍ ക്വയ്യിം رحمه الله ഭാഗിച്ചിട്ടുണ്ട്:
1- ഭക്ഷണം പോലെ കൂടെ കൂട്ടേണ്ടത്. അത് അറിവുള്ളവരെ പോലെയുള്ളവരോടുള്ള ഇടപഴകലാണ്.
2- മരുന്ന് പോലെ ഉള്ളത്. ജീവിത കാര്യങ്ങള്‍ക്കായി നമുക്ക് ആവശ്യമുള്ളവരോട് ഇടപഴകലാണ് ഇത്. ആവശ്യത്തിനനുസരിച്ച് അവരോട് ഇടപഴകാം.
3- രോഗം പോലെയുള്ളത്. ദുന്‍യാവിനും മതത്തിനും ഒരു ഉപകാരവുമില്ലാത്ത ഇടപഴകലാണത്. അതിലൂടെ നമ്മുടെ ദീനും, ദുന്‍യാവും നഷ്ടമായേക്കാം. ഇത് ഒഴിവാക്കേണ്ട ഇടപഴകലാണ്.
4- സര്‍വ്വനാശമുള്ള ഇടപഴകല്‍. വഴിപിഴച്ചവരോടും ബിദ്അത്ത് ചെയ്യുന്നവരോടുമൊപ്പമുള്ള സഹവാസമാണത്. അവര്‍ക്ക് സത്യം എത്തിച്ച് കൊടുക്കുകയല്ലാതെ അവരോടുള്ള സഹവാസം ഒരിക്കലും പാടില്ലാത്തതാണ്.
No comments:
Post a Comment