നന്‍മ പരത്തുന്ന റമദാന്‍
ﭧ ﭨ ﭽيَاأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﭼ البقرة: ١٨٣
ﭧ ﭨ ﭽشَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ ﭼ البقرة: ١٨٥
ﭧ ﭨ ﭽالتَّائِبُونَ الْعَابِدُونَ الْحَامِدُونَ السَّائِحُونَ الرَّاكِعُونَ السَّاجِدُونَ الْآمِرُونَ بِالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنْكَرِ وَالْحَافِظُونَ لِحُدُودِ اللَّهِ وَبَشِّرِ الْمُؤْمِنِينَ ﭼ التوبة: ١١٢ السائحون : الصائمون: قال ابن كثير: {السَّائِحُونَ} كما وصف أزواج النبي صلى الله عليه وسلم بذلك في قوله تعالى: {سَائِحَاتٍ } [التحريم: 5] أي: صائمات.
നന്‍മ പരത്തുന്ന റമദാന്‍
വിശുദ്ധ റമദാന്‍ വീണ്ടും ആഗതമാകാറായി. മനുഷ്യ മനസ്സുകളില്‍ നന്‍മയുടേയും തഖ് വയുടേയും പരലോക ബോധത്തിന്‍റേയും വെളിച്ചങ്ങള്‍ പരത്താന്‍ അല്ലാഹുവിന്‍റെ കാരണ്യം വരവായി.
സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയും അതിനെ സ്വീകരിക്കാനും റമദാന്‍ നല്‍കുന്ന നന്‍മകളെ ആര്‍ത്ഥിയോടെ സ്വീകരിക്കാനും അല്ലാഹു സഹായിക്കട്ടെ.. ആമീന്‍
പരിശുദ്ധ റമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്ക് പഠിക്കാം.
- റമദാന്‍ അനുഗ്രഹീത മാസമാണ്. അതിലാണ് അല്ലാഹു നമുക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
- ആകാശത്തിന്‍റെ (സ്വര്‍ഗ്ഗത്തിന്‍റെ) വാതിലുകള്‍ ഈ മാസത്തില്‍ തുറക്കപ്പെടുകയും നരകത്തിന്‍റെ വാതിലുകള്‍ ഇതില്‍ അടക്കപ്പെടുകയും ചെയ്യും.
- ശൈത്വാന്‍മാരും ജിന്നുകളിലെ വമ്പന്‍മാരുമെല്ലാം അന്ന് ബന്ധനസ്ഥരാക്കപ്പെടും.
- ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ഒരു രാത്രി അതില്‍ ഉണ്ട്. അത് പവിത്രമായി സ്വീകരിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
- റമദാനിന്‍റെ ആദ്യത്തെ രാത്രി ആയാല്‍ പിശാചുക്കളും ജിന്നുകളും ചങ്ങലക്കിടപ്പെടുകയും നരകത്തിന്‍റെ കവാടങ്ങള്‍ അതില്‍ നിന്ന് ഒന്നും തുറക്കപ്പെടാത്ത വിധം അടക്കപ്പെടുകയും സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ അതില്‍ നിന്ന് ഒന്നും അടക്കപ്പെടാത്ത വിധം തുറന്നിടുകയും ചെയ്യും.
- അത് പോലെ ഒരു മലക്ക് വിളിച്ച് പറയും: നന്‍മ ആഗ്രഹിക്കന്നവനേ മുന്നോട്ട് വരിക.. തിന്‍മ ആഗ്രഹിക്കുന്നവനേ (അവ) ചുരുക്കുക, അല്ലാഹു നരകത്തില്‍ നിന്ന് ആളുകളെ മോചിപ്പിക്കകയും ചെയ്യും. ഇത് റമദാനിലെ എല്ലാ രാത്രികളിലും സംഭവിക്കും.
- റമദാനില്‍ ഈമാനോട് കൂടിയും പ്രതിഫലം ലഭിക്കണമെന്ന ആഗ്രഹത്തോട് കൂടിയും ആരെങ്കിലും നോമ്പ് അനുഷ്ഠിക്കകയോ, രാത്രിനമസ്കാരം (തറാവീഹ്) നിര്‍വഹിക്കുകയോ, ലൈലതുല്‍ ഖദ്റില്‍ നിന്ന് നമസ്കരിക്കുകയോ ചെയ്താല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളൊക്കെ പൊറുക്കപ്പെടുന്നതാണ്.
- പ്രതിഫലം ലഭിക്കാനുള്ള ആഗ്രഹം ഉണ്ടാക്കുക എന്നത് വളരെ പ്രധാനമാണ്.
അതിന്‍റെ പ്രയോജനങ്ങള്‍:
- അല്ലാഹുവിന്‍റെ കല്‍പന നിറവേറ്റലും റസൂല്‍ صلى الله عليه وسلم യെ പിന്‍പറ്റലും അതിലൂടെ സംഭവിക്കുന്നു
- ഈമാനും ഇസ്ലാമും അവനില്‍ ഉണ്ട് എന്നതിന്‍റെ തെളിവാണത്
- ആത്മാര്‍ത്ഥത ഉണ്ട് എന്നതിന്‍റെ തെളിവുമാണത്. അവനില്‍ ലോകമാന്യമോ ഭൗതിക ലാഭങ്ങളെ മോഹിക്കലോ ഇത് മൂലം ഉണ്ടാവുകയില്ല.
- അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം ഉണ്ട് എന്നതിന്‍റെ അടയാളമാണത്.
- അല്ലാഹുവിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാനും മനസ്സമാധാനവും കണ്‍കുളിര്‍മയും ഉണ്ടാവാനും അത് കാരണമാകുന്നു.
- അത് മൂലം അവന്‍ കര്‍മങ്ങളെ നന്നാക്കുകയും ഈമാനിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
- ദൃഢനിശ്ചയവും മനോധൈര്യവും ശക്തിപ്പെടുത്താന്‍ അത് മൂലം സാധിക്കും
- ഒരു റമദാന്‍ മറ്റൊരു റമദാനിനിടക്കള്ള ചെറുപാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്.
- റമദാനായിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അവസരം ലഭിക്കാത്തവന് നാശം എന്ന് ജിബ്രീല്‍ عليه السلام പ്രാത്ഥിക്കുകയും റസൂല്‍ صلى الله عليه وسلم അതിന് ആമീന്‍ എന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ഇത്രയേറെ മഹത്വങ്ങള്‍ നിറഞ്ഞ മാസത്തിനെയാണ് നാം വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.
റമദാനിനെ വരവേല്‍ക്കാന്‍ ചില നിര്‍ദേശങ്ങള്‍:
- ധാരാളം നന്‍മകള്‍ ചെയ്യണം എന്ന ദൃഢനിശ്ചയമുണ്ടാക്കലും അതിനുള്ള വ്യക്തമായ പ്ലാനിംഗുകള്‍ തയ്യാറാക്കുകയും ചെയ്യുക.
- റമദാനിനെ കുറിച്ചും, നോമ്പിനെ കുറിച്ചും റമദാനില്‍ ചെയ്യാനുള്ള എല്ലാ കര്‍മങ്ങളെ കുറിച്ചും വിജ്ഞാനം ഉണ്ടാക്കിയെടുക്കുക.
- എല്ലാ തരം വൃത്തികേടുകളില്‍ നിന്നും മനസ്സിനേയും ഹൃദയത്തേയും ശുദ്ധിയാക്കുക.
- തിന്‍മകളിലേക്ക് മടങ്ങുകയില്ലെന്നും ചെയ്ത് പോയ തിന്‍മകളില്‍ നിന്ന് പരിപൂര്‍ണമായും മടങ്ങും എന്നും തീരുമാനമെടുക്കുക.
- മടി, കാപട്യം, അലസത തുടങ്ങിയവയില്‍ നിന്ന് പരിപൂര്‍ണ്ണമായി രക്ഷപ്പെടുക.
- പകല്‍ ഉറക്കവും, രാത്രി അനാവശ്യമായി ഉറക്കമൊഴിക്കലും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുക.
- നല്ല ഉദ്ദേശ്യത്തോടെയും ആത്മാര്‍ത്ഥ ഹൃദയത്തോടെയും റമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങുക.
നോമ്പിന്‍റെ ശ്രേഷ്ഠതകള്‍
- ആരെങ്കിലും റമദാനിലെ മുഴുവന്‍ നോമ്പും അതിന് ശേഷം ശവ്വാലിലെ ആറ് നോമ്പും അനുഷ്ഠിച്ചാല്‍ അത് ഒരു വര്‍ഷം നോമ്പനുഷ്ഠിച്ചത് പോലെയാണ്.
- ആരെങ്കിലും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ അല്ലാഹു അവന്‍റെ മുഖത്തെ നരകത്തില്‍ നിന്ന് 70 വര്‍ഷത്തെ വഴി ദൂരം അകറ്റും.
- നോമ്പ് നരകത്തില്‍ നിന്നുള്ള ഒരു പരിചയാണ്.
- നോമ്പ് നോറ്റ് ഭാര്യാ ഭര്‍തൃ ബന്ധത്തിലേര്‍പ്പെടുകയോ, തോന്നിവാസങ്ങള്‍ ചെയ്യുകയോ അവിവേകം കാണിക്കുകയോ അരുത്.
- ആരെങ്കിലും നോമ്പുകാരനായിരിക്കെ ഉപദ്രവിക്കപ്പെടുകയോ ചീത്ത വിളിക്കപ്പെടുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് അതില്‍ നിന്ന് ഒഴിഞ്ഞ് പോകണം. ആ വിവരക്കേടുകളില്‍ അവന്‍ ഇടപെടാന്‍ പാടില്ല.
- നോമ്പുകാരന്‍റെ വായയുടെ ഗന്ധം അല്ലാഹുവിന്‍റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധ പൂരിതമാണ്.
- നോമ്പുകാരന്‍ അവന്‍റെ ഭക്ഷണപാനീയവും വികാരവും ഞാന്‍ കാരണമാണ് ഒഴിവാക്കുന്നത് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്, അതിനാല്‍ തന്നെ ഞാന്‍ അവന് ഇരട്ടിയായി പ്രതിഫലം നല്‍കും എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു.
- നോമ്പ് എനിക്കുള്ളതാണ് ഞാന്‍ അതിന് പ്രതിഫലം നല്‍കും എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞിട്ടുണ്ട്.
- നോമ്പും വിശുദ്ധ ക്വുര്‍ആനും അന്ത്യദിനത്തില്‍ അടിമക്ക് വേണ്ടി ശുപാര്‍ശ പറയുന്നതാണ്. നോമ്പ് പറയും റബ്ബേ.. ഞാന്‍ അവന് ഭക്ഷണവും വികാരവും എല്ലാം തടഞ്ഞിട്ടുണ്ട്. അതിനാല്‍ അവന്‍റെ കാര്യത്തില്‍ എന്‍റെ ശുപാര്‍ശ സ്വീകരിക്കണേ..
- കുടുംത്തിലൂടെയും സമ്പത്തിലൂടെയും സന്താനങ്ങളിലൂടെയും അയല്‍ക്കാരിലൂടെയുമെല്ലാം ഒരാള്‍ക്കുണ്ടാകുന്ന കുഴപ്പങ്ങള്‍ നമസ്കാരം കൊണ്ടും നോമ്പ് കൊണ്ടും ദാനധര്‍മ്മം കൊണ്ടും നന്‍മ കല്‍പ്പിക്കല്‍ കൊണ്ടും തിന്‍മ വിരോധിക്കല്‍ കൊണ്ടും ഇല്ലാതാക്കപ്പെടുന്നതാണ്.
- ആരെങ്കിലും അല്ലാഹുവിന്‍റെ വജ്ഹ് ഉദ്ദേശിച്ച് കൊണ്ട് നോമ്പ് അനുഷ്ഠിക്കുകയും നോമ്പുകാരനായി അവന്‍ മരണപ്പെടുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.
റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മങ്ങള്‍
- മുകളില്‍ സൂചിപ്പിച്ച പോലെ നോമ്പ് റമദാനിലെ വളരെ പ്രധാനപ്പെട്ട കര്‍മമാണ്
- അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ അതാതിന്‍റെ സമയത്ത് നിര്‍വ്വഹിക്കല്‍
- വിശുദ്ധ ക്വുര്‍ആന്‍ പാരായണവും അത് പഠിക്കലും
- പ്രാര്‍ത്ഥനകളും ദിക്റുകളും, പാപമോചനത്തിന് തേടലും പശ്ചാത്താപവും
- നോമ്പ് തുറപ്പിക്കല്‍. നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്‍റെ തുല്യ പ്രതിഫലം ലഭിക്കുന്നതാണ്.
- ഇഅ്തികാഫ്.
- രാത്രി നമസ്കാരം (തറാവീഹ്)
- ലൈലത്തുല്‍ ഖദ്റില്‍ കര്‍മനിരതരാവല്‍
- റമദാനില്‍ ഉംറ ചെയ്യല്‍. അതിന് ഹജ്ജിന്‍റെ പ്രതിഫലം ലഭിക്കന്നതാണ്. റസൂല്‍ صلى الله عليه وسلم യുടെ കൂടെ ഹജ്ജ് ചെയ്തതിന് തുല്യമാണെന്നും ഹദീസില്‍ കാണാം.
- ദാന ധര്‍മ്മങ്ങള്‍
- സകാത്തുല്‍ ഫിത്വ് ര്‍
- നാം ചെയ്യേണ്ടതായ മറ്റുള്ള എല്ലാ നല്ല കര്‍മങ്ങളും ഭംഗിയായി ചെയ്യല്‍.
നോമ്പുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ കൃത്യമായി നാം പഠിച്ചിരിക്കണം. അടുത്ത ആഴ്ച്ച അവയില്‍ ചിലത് നമുക്ക് പഠിക്കാം.
നോമ്പിന്‍റെ വിധികളും വിലക്കുകളും
നോമ്പ് കൊണ്ടുള്ള യുക്തി
1- അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ ഒരു കാരണമാണ് നോമ്പ്. അല്ലാഹു ധാരാളം അനഗ്രഹങ്ങള്‍ അടിമകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചില അനഗ്രഹങ്ങള്‍ ആണ് നോമ്പിലൂടെ ഒഴിവാക്കുന്നത്. ഒരു അനുഗ്രഹം നഷ്ടപ്പെടുമ്പോഴോ ആസ്വദിക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ് അതിന്‍റെ വില മനസ്സിലാക്കാന്‍ സാധിക്കുക. നോമ്പിലൂടെ മനുഷ്യര്‍ക്ക് അനുഗ്രഹങ്ങളെ കുറിച്ച് ബോധമുണ്ടാക്കാനും അതിലൂടെ അല്ലാഹുവിന് നന്ദികാണിക്കാനും സാധ്യമാകുന്നു.
2- നോമ്പ് തഖ് വക്കുള്ള മാര്‍ഗ്ഗമാണ്. മനുഷ്യന്‍ നോമ്പിലൂടെ പല കാര്യങ്ങളേയും സൂക്ഷിച്ച് കൊണ്ട് ജീവിക്കുന്നു. അനുവദനീയമായ കാര്യങ്ങള്‍ വരെ അവന്‍ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് ചെയ്യുന്നത്. നിഷിദ്ധമായ കാര്യങ്ങളെ അവന്‍റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ നല്ലൊരു സൂക്ഷ്മതാ ബോധം അവന് കൈവരുന്നു.
3- ദേഹേച്ചകളോട് എതിരിടാന്‍ നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കും'. വിശപ്പില്ലാത്തപ്പോള്‍ മനുഷ്യന്‍റെ ഇച്ഛകള്‍ ഉണരും. എന്നാല്‍ വിശപ്പുള്ള സന്ദര്‍ഭങ്ങളില്‍ അതിന് ശക്തി കുറയും.
4- അശരണരോട് കാരുണ്യവും അനുകമ്പയും ഉളവാക്കാന്‍ നോമ്പ് കാരണമാകുന്നു. നോമ്പ്കാരന് വിശപ്പിന്‍റെ വില മനസ്സിലാകുമ്പോള്‍ എന്നും' വിശന്ന് കഴിയുന്ന സാധുക്കളെ കുറിച്ച് ഓര്‍ക്കാനും അവരെ സഹായിക്കാനുമുള്ള മനസ്സ് അവനിലുണ്ടാകും.
5- പിശാചിനോട് എതിരിടാനുള്ള ശക്തി നോമ്പിലൂടെ കൈവരുന്നു. മനുഷ്യരെ പിശാച് തെറ്റിക്കുന്നതായ ദേഹേച്ഛ പോലുള്ള മാര്‍ഗ്ഗങ്ങള്‍ നോമ്പിലൂടെ ബലക്ഷയം നേരിടുമ്പോള്‍ പിശാചിനോട് എതിരായി ജീവിക്കാന്‍ സാഹചര്യമുണ്ടാകും.
6- പിശാചിനോട് എതിരിടാനും തെറ്റില്‍ നിന്ന് മാറി നില്‍ക്കാനും തഖ് വ കൈവരിക്കാനം സാധിക്കുന്നതിലൂടെ മനുഷ്യന് നരകത്തില്‍ നിന്നുള്ള ഒരു പരിചയായി നോമ്പ് മാറുന്നു.
ലഖുവിവരണം
- ഭക്ഷണ പാനീയങ്ങളില്‍ നിന്നും ഭാര്യാ ഭര്‍തൃ ബന്ധങ്ങളില്‍. നിന്നും നോമ്പ് മുറിച്ച് കളയുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും മനസ്സിനെ തടഞ്ഞ് വെക്കലാണ് നോമ്പ്.
- അതിന്‍റെ സമയം സ്വുബ് ഹി ബാങ്കിന്‍റെ സമയം മുതല്‍ സൂര്യ ഉദിക്കുന്നത് വരെ ആണ്.
- ഇസ് ലാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ നാലമത്തേതാണ് നോമ്പ്. അതിനാല്‍ തന്നെ റമദാനിലെ നോമ്പ് നോല്‍ക്കല്‍ പ്രായപൂര്‍ത്തിയെത്തിയതും ബുദ്ധിയുള്ളതും നോമ്പ് അനുഷ്ഠിക്കാന്‍ കഴിവുള്ളതുമായ എല്ലാ മുസ് ലീംകള്‍ക്കും നിര്‍ബന്ധമാണ്.
നോമ്പ് നിര്‍ ബന്ധമാകാനുള്ള നിബന്ധങ്കള്‍:
1- ഇസ് ലാം. അവിശ്വാസിയായ ഒരാള്‍ക്ക് അവന്‍ ഇസ് ലാം സ്വീകരിക്കുന്നത് വരെ നോമ്പ് നിര്‍ബന്ധമില്ല
2- ബുദ്ധി. ബുദ്ധിയില്ലാത്തവന് ബുദ്ധി ഉണ്ടാകുന്നത് വരെ നോമ്പ് നിര്‍ബന്ധമില്ല.
3- പ്രായപൂര്‍ത്തിയാവല്‍. ചെറിയവര്‍ക്ക് പ്രായപൂര്‍ത്തിയാവുന്നത് വരെ നോമ്പ് നിര്‍ബന്ധമില്ല, എന്നാല്‍ കുട്ടികളെ നോമ്പ് ശീലിപ്പിക്കാന്‍ ശ്രമിക്കാവുന്നതാണ്.
4- നോമ്പ് നോല്‍ക്കാന്‍ കഴിവുണ്ടാകല്‍. രോഗം കൊണ്ടോ, വാര്‍ദ്ധഖ്യം കൊണ്ടോ നോമ്പ് നോല്‍ക്കാന്‍ ഒരിക്കലും കഴിയില്ലെങ്കില്‍ അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എന്നാല്‍ ഓരോ ദിവസത്തെ നോമ്പിനും ഒരു അഗതിക്ക് ഭക്ഷണം നല്‍കണം.
നോമ്പ് ശരിയാകാനുള്ള നിബന്ധനകള്‍:
1- ഇസ് ലാം
2- ബുദ്ധി
3- വകതിരിവുണ്ടാകല്‍
4- ആര്‍ത്തവ രക്തം നില്‍ക്കല്‍
5- പ്രസവ രക്തം നില്‍ക്കല്‍
6- നിയ്യത്തുണ്ടാവല്‍. ഫജ്റിന് മുമ്പായി നിയ്യത്ത് വെക്കണം. നിയ്യത്തിന്‍റെ സ്ഥാനം ഖല്‍ബ് ആണ്. ഉറക്കെ പറയേണ്ടതില്ല.
നോമ്പിന്‍റെ സുന്നത്തുകള്‍ ആറെണ്ണമാണ്:
1- അത്താഴം കഴിക്കലും, അത് പിന്തിപ്പിച്ച് കഴിക്കലും.
2- സൂര്യന്‍ അസ്തമിച്ചു എന്ന് ഉറപ്പിച്ചാല്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടല്‍
3- നന്‍മകള്‍ വര്‍ധിപ്പിക്കല്‍. പ്രത്യേകിച്ച് അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കലും, സകാത്തും ദാന ധര്‍മങ്ങള്‍ വര്‍ധിപ്പിക്കലും, സുന്നത്ത് നമസ്കാരങ്ങളും വിശുദ്ധ ഖുര്‍ആന്‍ പാരായണവും ദിക്റുകളും പ്രാര്‍ത്ഥനകളും പശ്ചാതാപങ്ങളും വര്‍ധിപ്പിക്കലും.
4- ആരെങ്കിലും നോമ്പുകാരനെ ഉപദ്രവിക്കകയോ ചീത്ത പറയുകയോ ചെയ്താല്‍ ഞാന്‍ നോമ്പ് കാരനാണെന്ന് പറഞ്ഞ് അതില്‍ നിന്നെല്ലാം വിട്ട് നില്‍ക്കല്‍
5- നോമ്പ് തുറക്കമ്പോള്‍ ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللهُ എന്ന് പ്രാര്‍ത്ഥിക്കല്‍. മറ്റു എല്ലാ നല്ല കാര്യങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാവന്നതാണ്.
6- പഴുത്തതോ അല്ലെങ്കില്‍ ഉണങ്ങിയതോ ആയ ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കല്‍, അത് കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട് തുറക്കല്‍.
നോമ്പ് നിര്‍ ബന്ധമില്ലാത്ത ആളുകള്‍
1- നോമ്പ് കൊണ്ട് പ്രയാസങ്ങള്‍ ഉണ്ടാകും എന്ന് ഭയപ്പെടുന്ന രോഗി.
2- ഖസ്വ് ര്‍ (ചുരുക്കി നമസ്കരിക്കാന്‍) ചെയ്യാന്‍ മാത്രം ദൂര പരിധിയില്‍ യാത്ര ചെയ്യുന്നവന്‍
ഈ രണ്ട് വിഭാഗത്തിനം നോമ്പ് നോല്‍ക്കാതിരിക്കുന്നത് ഏറ്റവും നല്ലതാണ്. നോറ്റില്ലെങ്കില്‍ അവര്‍ അത് പിന്നീട് നോറ്റ് വീട്ടണം. ഇനി അവര്‍ നോമ്പ് അനുഷ്ഠിക്കുകയാണെങ്കില്‍ അത് മതിയായതുമാണ്.
3- ആര്‍ത്തവ രക്തം, പ്രസവ രക്തം എന്നിവ ഉള്ളവര്‍ നോമ്പ് ഒഴിവാക്കേണ്ടതാണ്. ഇവര്‍ക്ക് നോമ്പ് അനഷ്ഠിക്കാവതല്ല. ഇവര്‍ പിന്നീട് നോറ്റ് വീട്ടണം
4- ഗര്‍ഭിണിയും മുലയൂട്ടുന്നവളും. ഇവര്‍ തങ്ങളുടെ മക്കള്‍ക്ക് ബുദ്ധിമുട്ടാകും എന്ന് ഭയപ്പെട്ടാല്‍ അവര്‍ക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ്. അവര്‍ പിന്നീട് അത് നോറ്റ് വീട്ടുകയും ഓരോ ദിവസത്തിനും ഒരു അഗതിക്ക് എന്ന നിലയില്‍ ഭക്ഷണം ദാനം ചെയ്യേണ്ടതുമാണ്. അവര്‍ സ്വന്തം ശരീരത്തിന് പ്രയാസമാകമെന്ന് ഭയപ്പെട്ടാല്‍ അവര്‍ക്ക് നോമ്പ് ഒഴിവാക്കാവന്നതാണ്. പിന്നീട് അവര്‍ അത് നോറ്റ് വീട്ടിയാല്‍ മതി.
5- രോഗം കൊണ്ടോ വാര്‍ദ്ധക്യം കൊണ്ടോ ഒരിക്കലും നോമ്പ് അനുഷ്ടിക്കാന്‍ കഴിയില്ല എന്നുള്ളവര്‍ക്ക് നോമ്പ് ഒഴിവാക്കാവന്നതാണ്. പകരം ഓരോ ദിവസത്തിനും ഒരു മുദ്ദ് (ഒരു പിടി) വീതം ഗോതമ്പ് അല്ലെങ്കില്‍ അര സ്വാഅ' മറ്റു ഭക്ഷണ സാധനങ്ങള്‍ ഒരു സാധുവിന് എന്ന നിലക്ക് ദാനം ചെയ്യേണ്ടതാണ്.
നോമ്പ് മുറിക്കുന്ന കാര്യങ്ങള്‍
1- ഭാര്യാ-ഭര്‍തൃ ബന്ധത്തിലേര്‍പ്പെടല്‍. ഇത് റമദാനിന്‍റെ പകലില്‍ ഹറാം ആണ്.
ഇതാരെങ്കിലും ചെയ്താല്‍ അവന്‍ അതിന് പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കണം, അതിന് കഴിയില്ലെങ്കില്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കണം, അതിനും സാധിക്കുകയില്ലെങ്കില്‍ 60 സാധുക്കള്‍ക്ക് ഭക്ഷണം നല്‍കണം.
2- മനപ്പൂര്‍വ്വം തിന്നുകയോ കുടിക്കുകയോ ചെയ്യല്‍. മറന്ന് ചെയ്താല്‍ നോമ്പിന് കുഴപ്പമുണ്ടാവുകയില്ല.
3- ഭക്ഷണ വസ്തുക്കള്‍, അല്ലെങ്കില്‍ രക്തം ശരീരത്തിലേക്ക് കുത്തി വെക്കല്‍. ഭക്ഷണ സാധനങ്ങളല്ലാത്ത മരുന്നുകള്‍ ശരീരത്തിലേക്ക് നോമ്പുകാരനായിരിക്കെ കുത്തി വെച്ചാല്‍ അതില്‍ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഏറ്റവും നല്ലത് നിര്‍ബന്ധിതാവസ്ഥയിലല്ലാതെ അത് ചെയ്യാതിരിക്കുക എന്നതാണ്.
4- സുഗമെടുത്ത് കൊണ്ടോ, ആലിംഗനം ചെയ്ത് കൊണ്ടോ അല്ലെങ്കില്‍ ചുംബനം കൊണ്ടോ ഉണര്‍വ്വില്‍ മനിയ്യ് (ശുക്ലം) പോകല്‍. ഉറക്കത്തില്‍ അത് പോയാല്‍ നോമ്പ് മുറിയുകയില്ല.
5- ആര്‍ത്തവ രക്തം പ്രസവ രക്തം എന്നിവ പുറപ്പെടല്‍. ഒരു സ്ത്രീ ഇവ എപ്പോള്‍ കണ്ടുവോ അപ്പോള്‍ അവളുടെ നോമ്പ് അസാധുവാകും.
6- മനപ്പൂര്‍വ്വം ഛര്‍ദ്ധിക്കല്‍. മനപ്പൂര്‍വ്വമല്ലാത്ത ഛര്‍ദ്ധി കൊണ്ട് നോമ്പ് മുറിയുകയില്ല.
7- മതത്തില്‍ നിന്ന് പുറത്ത് പോകല്‍.
- മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരാളില്‍ മനപ്പൂര്‍വ്വം ബോധമുള്ളവനായിരിക്കേ ഉണ്ടായാലാണ് അവന്‍റെ നോമ്പ് അസാധുവാകുന്നത്. എന്നാല്‍ അവന്‍ മറന്നോ നിര്‍ബന്ധിപ്പിക്കപ്പെട്ടോ അവനില്‍ ഇവയുണ്ടായാല്‍ അവന്‍റെ നോമ്പ് മുറിയുകയില്ല.
- തനിക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം ഛര്‍ദ്ധി, സ്വപ്ന സ്ഖലനം പൊലെയുള്ളവ കൊണ്ട് നോമ്പ് അസാധുവാകുകയില്ല.
- മുകളില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ നോമ്പ് അസാധുവാകപ്പെടുന്നവരൊക്കെയും അത് നോറ്റ് വീട്ടുകയും പ്രായശ്ചിത്തം നല്‍കേണ്ടത് നല്‍കുകയും ചെയ്യണം.
സുന്നത്ത് നോമ്പുകള്‍
1- ശവ്വാലിലെ 6 നോമ്പുകള്‍. റമദാനിലെ നോമ്പിന് ശേഷം ഈ ആറു നോമ്പുകള്‍ അനുഷ്ഠിക്കന്നതിലൂടെ ഒരു വര്‍ഷം മുഴുവന്‍ നോമ്പെടുത്ത പ്രതിഫലം ലഭിക്കും.
2- എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ച്ചയും.
3- എല്ലാ അറബി മാസങ്ങളിലെയും 13,14,15 ദിവസങ്ങളിലെ നോമ്പുകള്‍
4- ദുല്‍ഹിജ്ജ 9 ന് അനുഷ്ഠിക്കുന്ന അറഫ നോമ്പ്
5- അല്‍ മുഹറം 9, 10 നോമ്പുകള്‍
വിരോധിക്കപ്പെട്ട നോമ്പുകള്‍
1- സംശയമുള്ള ദിവസത്തില്‍ നോമ്പനുഷ്ഠിക്കല്‍.
2- രണ്ട് പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കല്‍
3- അയ്യാമുത്തശ് രീഖിന്‍റെ ദിനങ്ങളില്‍ നോല്‍ക്കല്‍. ദുല്‍ഹിജ്ജ 11, 12, 13 ദിനങ്ങളാണ് അവ.
4- ജുമുഅ ദിവസം പ്രത്യേകമായി നോമ്പനുഷ്ഠിക്കല്‍
5- ഭര്‍ത്താവിന്‍റെ അനുമതിയില്ലാതെ സ്ത്രീ ഐച്ഛിക നോമ്പനുഷ്ഠിക്കല്‍
പ്രയോജനങ്ങള്‍
1- ഈമാനോട് കൂടിയും പ്രതിഫലം കിട്ടണമെന്ന ആഗ്രഹത്തോടെയും ആയിരിക്കണം റമദാനിലേയും അല്ലാത്തതുമായ നോമ്പുകള്‍ അനുഷ്ഠിക്കേണ്ടത്. മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല.
2- മനപ്പൂര്‍വ്വമല്ലാതെ മുറിവ് പറ്റി രക്തം ഒലിക്കുകയോ ഛര്‍ദ്ദിക്കകയോ തൊണ്ടയിലേക്ക് വെള്ളമോ മറ്റോ ഇറങ്ങുകയോ ചെയ്താല്‍ അത് കൊണ്ട് നോമ്പിന് കുഴപ്പം ഉണ്ടാവില്ല.
3- ജനാബത്തുകാരന് രാത്രി നോമ്പിന് നിയ്യത്ത് വെക്കാം. ഫജ് ര്‍ ഉദിച്ചതിന് ശേഷം അയാള്‍ കുളിച്ച് ശുദ്ധിയായാല്‍ മതി.
4- പ്രസവ രക്തമുള്ളവര്‍ 40 ദിവസത്തിന് മുമ്പായി ശുദ്ധിയായാല്‍ അവര്‍ കുളിക്കുകയും നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും വേണം.
5- നോമ്പുകാരന് രാവിലേയും വൈകുന്നേരവുമെല്ലാം പല്ലുകള്‍ വൃത്തിയാക്കാവുന്നതാണ്.
6- നോമ്പുകാരന്‍ നല്ല കര്‍മങ്ങള്‍ അധികരിപ്പിക്കുകയും ചീത്ത കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യേണ്ടതുണ്ട്.
7- ഹൃദയം ശുദ്ധിയാവാന്‍ വേണ്ട എല്ലാ കാര്യങ്ങളിലും നോമ്പുകാരന്‍ അത്യാര്‍ത്ഥി കാണിക്കേണ്ടതുണ്ട്.
8- നാവ്, കണ്ണ് പോലുള്ള ശാരീരികാവയവങ്ങള്‍ തിന്‍മകള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ നല്ല കരുതല്‍ നോമ്പുകാരനില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്. നിഷിദ്ധമായ ഒന്നിലും ഇടപെടാതിരിക്കാന്‍ അവന്‍ നന്നായി ശ്രദ്ധിക്കണം.
9- നോമ്പ് ഒഴിവാക്കാന്‍ വേണ്ടി ആരെങ്കിലൂം യാത്ര ചെയ്താല്‍ ആ യാത്ര നിഷിദ്ധമായതാണ്.
10- ഒരാള്‍ നോമ്പുകാരനായി മറന്നോ, വിവരമില്ലാതെയോ പകലില്‍ എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്യുന്നത് ആരെങ്കിലും കണ്ടാല്‍ അയാളെ ആ കാര്യം ഉണര്‍ത്തുകയും നോമ്പുകാരനാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യണം.
11- പൊടിയോ, പ്രാണികളോ തൊണ്ടയിലേക്ക് മനപ്പൂര്‍വ്വമല്ലാതെ പ്രവേശിച്ചാല്‍ അവന്‍റെ നോമ്പിന് പ്രശ്നമില്ല.
12- റമദാനില്‍ നന്നായി ഔദാര്യം കാണിക്കല്‍ നബി صلى الله عليه وسلم യുടെ സുന്നത്താണ്.
13- കാരണമില്ലാതെ റമദാനിലെ നോമ്പ് ഒഴിവാക്കുന്നത് വന്‍പാപമാണ്.
14- റമദാനിലെ സമയങ്ങള്‍ അനാവശ്യമായി പാഴാക്കുന്നത് ഒഴിവാക്കണം.
15- നോമ്പ് തുറപ്പിക്കുന്നതിന്‍റെ മഹത്വം മനസ്സിലാക്കി ആ കാര്യത്തില്‍ ആവേശം കാണിക്കണം.
16- അത്താഴം കഴിക്കേണ്ട സമയത്ത് അത്താഴം കഴിക്കാന്‍ മടി കാണിക്കരുത്.
17- കോപം, വിദ്വേഷം എന്നിവയെ നിയന്ത്രിച്ച് നോമ്പിന് കുഴപ്പം വരാതെ സൂക്ഷിക്കണം.
18- റമദാനിലെ അവസാനത്തെ പത്തിന് പ്രത്യേകതകളുണ്ട്. അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1- ആ ദിനങ്ങളിലെ രാത്രികളില്‍ നമസ്കാരവും മറ്റു ഇബാദത്തുകളും വര്‍ദ്ധിപ്പിക്കല്‍
2- കുടുംബത്തെ നമസ്കാരത്തിനായി വിളിച്ചുണര്‍ത്തല്‍
3- ഇഅ'തികാഫ്
സകാത്തുല്‍ ഫിത്വ് ര്‍
- എല്ലാ മുസ് ലിംകള്‍ക്കും നിര്‍ബന്ധമായിട്ടുള്ള ദാനമാണ് സകാത്തുല്‍ ഫിത്വ് ര്‍
- ഒരു സ്വാ അ' ആണ് അതിന്‍റെ അളവ്. അഥവാ ഏകദേശം 2.150 ഗ്രാം. നാട്ടിലെ മുഖ്യാഹാരമാണ് സകാത്തുല്‍ ഫിത്വ് ര്‍ ആയി നല്‍കേണ്ടത്.
- പെരുന്നാള്‍ നമസ്കാരത്തിന് മുമ്പായി അത് കൊടുത്തിരിക്കണം. പെരുന്നാളിന് മുമ്പ് ഒന്നോ രണ്ടോ ദിവസം മുമ്പും നല്‍കാവന്നതാണ്. പെരുന്നാള്‍ നമസ്കാരത്തിന് ശേഷം അത് നല്‍കിയാല്‍ സക്കാത്തുല്‍ ഫിത്വ് ര്‍ ആയി അത് പരിഗണിക്കപ്പെടുകയില്ല.
- താന്‍ താമസിക്കുന്ന നാട്ടിലാണ് അത് വിതരണം ചെയ്യേണ്ടത്.
- മുഖ്യാഹാരമായാണ് അത് നല്‍കേണ്ടത്. എന്നാല്‍ അതിന്‍റെ വില ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അവര്‍ അത് കൃത്യമായി വിതരണം ചെയ്യുകയും ചെയ്യാം.
- ഇത് നല്‍കേണ്ട സമയത്തില്‍ ജനിച്ച കുട്ടികള്‍ക്കും, ഇസ്ലാമിലേക്ക് വന്നവര്‍ക്കമെല്ലാം ഇത് നിര്‍ബന്ധമാണ്.
- അത് നോമ്പ് കാരന് ശുദ്ധിയാവലും, പാവങ്ങള്‍ക്ക് ഭക്ഷണവുമാണ്.

No comments:
Post a Comment