ഫോളോ ചെയ്യാം

Thursday, 27 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 132 دروس الحديث - കുടുംബ ബന്ധം ചേര്‍ക്കല്‍

 

 കുടുംബ ബന്ധം ചേര്‍ക്കല്‍

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ، أَوْ يُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» - رواه البخاري ومسلم

അനസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറയുന്നതായി അദ്ദേഹം കേട്ടു. ആരെങ്കിലും തന്‍റെ വിഭവത്തില്‍ വിശാലത നല്‍കപ്പെടാനും, ആയുസ് ദീര്‍ഘിപ്പിക്കപ്പെടാനും ഇഷ്ടപ്പെടുന്നു എങ്കില്‍ അവന്‍ തന്‍റെ കുടുംബ ബന്ധം ചേര്‍ക്കട്ടെ. (ബുഖാരി, മുസ്ലിം)

വിവരണം

  •  കുടുംബ ബന്ധം ചേര്‍ക്കല്‍ മഹത്തരമായ കാര്യമാണ്. ധാരാളം നേട്ടങ്ങള്‍ അത് മുഖേന സംഭവിക്കും. കുടുംബ ബന്ധം ചേര്‍ക്കുന്നതിന്‍റെ മഹത്വം അറിയിക്കുന്ന ഹദീസ് ആണിത്.
  • കുടുംബ ബന്ധം ചേര്‍ക്കുന്നതിലൂടെ ലഭിക്കുന്ന രണ്ട് നേട്ടങ്ങളെ കുറിച്ചാണ് ഈ ഹദീസ് അറിയിച്ചിട്ടുള്ളത്. സമ്പത്തും ആയുസ്സും വര്‍ദ്ധിക്കലാണത്. ഇവ രണ്ടും മനുഷ്യര്‍ പ്രകൃത്യാ ആഗ്രഹിക്കുന്നവയുമാണ്.
  • മനുഷ്യര്‍ ഏറെ ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യുന്ന ഈ രണ്ട് കാര്യങ്ങള്‍ നേടാന്‍ അവന്‍ ചെയ്യേണ്ട കാര്യമായി പഠിപ്പിക്കുന്നത് കടുംബ ബന്ധം ചേര്‍ക്കുക എന്നതത്രെ.
  • അല്ലാഹു മനുഷ്യരുടെ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍ണ്ണയിച്ച് വെച്ചിരിക്കേ ഇങ്ങനെ ആയുസ്സും, വിഭവങ്ങളും വര്‍ദ്ധിക്കുന്നതെങ്ങനെ എന്ന് ചോദിക്കപ്പെട്ടേക്കാം. അതിനുള്ള മറുപടി: അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും വിവിധ കാരണങ്ങളെ നിര്‍ണ്ണയിച്ചിട്ടുണ്ട്. അത് അവന്‍ വിധിച്ചിട്ടുള്ള കാര്യമാണ്. അതില്‍ പെട്ടതാണ് കുടുംബ ബന്ധം ചേര്‍ക്കല്‍ എന്ന കാരണത്തെ അവന്‍ ചെയ്താല്‍ അവന് ആയുസ്സിലും വിഭവങ്ങളിലും വര്‍ദ്ധനവ് ലഭിക്കും എന്നത്.

കുടുംബ ബന്ധം ചേര്‍ക്കല്‍ എങ്ങനെ സാധ്യമാകും എന്ന് നമുക്ക് നോക്കാം.

ബന്ധം ചേര്‍ക്കാന്‍ കാരണമാകുന്ന കാര്യങ്ങളില്‍ പെട്ടതാണ്:


1- കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തല്‍

2- കുടുംബാംഗങ്ങളെ അഥിതികളായി സ്വീകരിക്കല്‍

3- അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കല്‍.

4- സമ്പത്തില്‍ നിന്ന് അവര്‍ക്കായി ചിലവഴിക്കല്‍. കുടുംബത്തിലെ ആളുകള്‍ക്ക് സമ്പത്ത് നല്‍കുന്നതിലൂടെ സ്വദക്വയുടെ പ്രതിഫലവും, കുടുംബ ബന്ധം ചേര്‍ത്തതിന്‍റെ പ്രതിഫലവും ലഭിക്കും.

5- അവരിലെ വലിയവരെ ബഹുമാനിക്കലും, ചെറിയവരോട് കരുണ കാണിക്കലും.

6- അവരില്‍ ഓരോരുത്തര്‍ക്കുമുള്ള സ്ഥാനമാനങ്ങള്‍ വകവെച്ച് കൊടുക്കല്‍

7- കുടുംബാംഗങ്ങളുടെ സന്തോഷങ്ങളില്‍ പങ്ക് ചേരലും അവര്‍ക്ക് നന്‍മക്കും ബറകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കലും.

8- അവരിലെ രോഗികളെ സന്ദര്‍ശിക്കല്‍

9- അവരില്‍ നിന്ന് മരണപ്പെടുന്നവരുടെ ജനാസകളെ അനുഗമിക്കല്‍.

10- കുടുംബാംഗങ്ങള്‍ ക്ഷണിച്ചാല്‍ അതിന് ഉത്തരം നല്‍കല്‍, വ്യക്തമായ കാരണങ്ങളില്ലാതെ അതില്‍ നിന്ന് പിന്തിരിയാതിരിക്കല്‍.

11- എല്ലാവരോടും ഹൃദയ വിശാലതയോടെ പെരുമാറല്‍

12- കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കല്‍.

13- അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍.

14- നന്‍മ കല്‍പ്പിക്കലും തിന്‍മ വിരോധിക്കലും

15- കുടുംബ ബന്ധം മുറിയുന്നതിന് കാരണമായ ഒരു കാര്യത്തിലും ഇടപെടാതിരിക്കല്‍.


കുടുംബ ബന്ധം ചേര്‍ക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍

1- കുടുംബ ബന്ധം ചേര്‍ക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലങ്ങളും, ബന്ധം മുറിക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷകളും അറിഞ്ഞിരിക്കല്‍

2- അവരില്‍ നിന്ന് മോശം പെരുമാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് പകരമായി അവര്‍ക്ക് മാപ്പ് നല്‍കുകയും അവരോട് നല്ല നിലക്ക് വര്‍ത്തിക്കുകയും ചെയ്യല്‍.

3- അവരില്‍ നിന്ന് സംഭവിച്ച തെറ്റുകുറ്റങ്ങള്‍ക്ക് അവര്‍ മാപ്പ് ചോദിച്ചാല്‍ മാപ്പ് നല്‍കല്‍.

4- വിനയവും മയവും നിറഞ്ഞ വിധം ഇടപെടല്‍

5- അവരില്‍ നിന്ന് ഉണ്ടാകുന്ന പ്രയാസങ്ങളെ മനഃപ്പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കല്‍.

6- അവര്‍ക്ക് മനസാ വാചാ കര്‍മണാ നന്‍മകള്‍ ചെയ്യല്‍.

7- അവര്‍ക്ക് നല്‍കിയ നന്‍മകള്‍ എടുത്ത് പറയാതിരിക്കല്‍.

8- ബന്ധുക്കളില്‍ നിന്ന് അവര്‍ നിറവേറ്റുന്ന ബാധ്യതകള്‍ പൂര്‍ണ്ണമാണെങ്കിലും അല്ലെങ്കിലും അതില്‍ തൃപ്തിയുണ്ടാവല്‍.

9- കുടുംബത്തിലെ അംഗങ്ങളുടെ വ്യക്തിത്വത്തെ മനസ്സിലാക്കല്‍.

10-അവരുടെ കുറ്റങ്ങളും കുറവുകളും ചിക്കിചികയാതിരിക്കല്‍.

11- വിശേഷ സന്ദര്‍ഭങ്ങളില്‍ കുടുംബക്കാരെ വിസ്മരിക്കാതിരിക്കല്‍.



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...