ഫോളോ ചെയ്യാം

Wednesday, 26 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 131 دروس الحديث - അല്ലാഹുവില്‍ ഭരമേല്‍പിക്കുക

 


عَنْ عُمَرَ بْنِ الخَطَّابِ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا-رواه الترمذي، صحيح  

ഉമറു ബ്നുല്‍ ഖത്താബ് رضي الله عنه പറഞ്ഞു: റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ   പറഞ്ഞിരിക്കുന്നു. നിശ്ചയം നിങ്ങള്‍ അല്ലാഹുവില്‍ യഥാര്‍ത്ഥ വിധം ഭരമേല്‍പ്പിക്കുന്നു എങ്കില്‍ പക്ഷിക്ക് വിഭവം നല്‍കപ്പെടുന്ന പോലെ നിങ്ങള്‍ വിഭവം നല്‍കപ്പെടും. അത് രാവിലെ വയറൊട്ടിയതായി പോവുകയും വൈകുന്നേരം വയര്‍ നിറഞ്ഞതായി വരികയും ചെയ്യുന്നു. (തിര്‍മിദി)

വിവരണം

തവക്കുലിന്‍റെ ശ്രേഷ്ടത അറിയിക്കുന്ന ഹദീസാണിത്.

v ഒരു മനുഷ്യന്‍റെ എല്ലാ കാര്യങ്ങളിലും അവന്‍ യഥാര്‍ത്ഥ രൂപത്തില്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുന്നുവെങ്കില്‍ അവന് ലഭിക്കേണ്ടത് അവന് ലഭിക്കുക തന്നെ ചെയ്യുന്നതാണ്.

v പക്ഷികള്‍ രാവിലെ വയറൊട്ടിയവരായി ദൂരേക്ക് പറന്ന് പോകുന്നു, അവക്ക് യഥാര്‍ത്ഥത്തില്‍ ഒരു സമ്പാദ്യവുമില്ല. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്കും അവക്ക് വിശപ്പകറ്റാനുള്ളത് അവര്‍ക്ക് ലഭിക്കുന്നു. ഈ രൂപത്തില്‍ എല്ലാവര്‍ക്കും അല്ലാഹു കണക്കാക്കിയത് ലഭിക്കുന്നതാണ്.

v മനുഷ്യന്‍റെ എല്ലാ കാര്യത്തിലും അല്ലാഹുവിനെ അവലംബിക്കാന്‍ ഹദീസ് പഠിപ്പിക്കുന്നു.

v വലുതും ചെറുതുമായ എല്ലാ ജീവികള്‍ക്കുമുള്ള ഭക്ഷണ വിഭവങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്. അല്ലാഹു പറയുന്നു:

ﱡﭐ   وَمَا مِنْ دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُبِينٍ   هود: ٦

ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്.

v അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമായിരിക്കണം നമ്മള്‍ക്കുണ്ടാവേണ്ടത്. അല്ലാഹുവില്‍ മോശം ചിന്തകള്‍ വെച്ച് പുലര്‍ത്തുന്നവര്‍ വഴിപിഴച്ചിരിക്കുന്നു. മക്കള്‍ അധികരിച്ചാല്‍ വിഭവങ്ങളില്‍ പ്രയാസം ഉണ്ടാകുമെന്നൊക്കെ അവര്‍ കരുതുന്നു. അത് ശുദ്ധ കളവും അല്ലാഹുവിനെ കുറിച്ചുള്ള തെറ്റിദ്ധാരണയുമാണ്. അല്ലാഹുവിന്‍റെ സൃഷ്ടികള്‍ക്ക് വിഭവങ്ങള്‍ നല്‍കല്‍ അല്ലാഹുവിന് നിസ്സാരമായ കാര്യമാകുന്നു.

v ഒരാള്‍ അല്ലാഹുവില്‍ തവക്കുല്‍ (ഭരമേല്‍പിക്കല്‍) ചെയ്യുന്നതോടൊപ്പം കാര്യങ്ങള്‍ സംഭവിക്കാനുള്ള കാരണങ്ങള്‍ അവന്‍ ചെയ്യേണ്ടതുണ്ട്. കാര്യങ്ങള്‍ നേടാനുള്ള കാരണങ്ങള്‍ ചെയ്യാതെ ഭരമേല്‍പിക്കുന്നവര്‍ വിവരമില്ലായ്മയാണ് ചെയ്യുന്നത്. പക്ഷികള്‍ ഭക്ഷണം തേടിപ്പോകുന്നു, അല്ലാഹു അവര്‍ക്ക് ആവശ്യത്തിനുള്ളത് നല്‍കുന്നു. ഈ നിലക്കായിരിക്കണം തവക്കുല്‍ ചെയ്യേണ്ടത്.

v അല്ലാഹുവിന്‍റെ സൃഷ്ടികളൊക്കെയും അല്ലാഹുവിനെ അറിയുന്നു. അവര്‍ അല്ലാഹുവിനെ വാഴ്ത്തുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു:

ﱡﭐ تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَنْ فِيهِنَّ وَإِنْ مِنْ شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَكِنْ لَا تَفْقَهُونَ تَسْبِيحَهُمْ إِنَّهُ كَانَ حَلِيمًا غَفُورًا  الإسراء: ٤٤ 

ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.

v സൂറത്തുല്‍ ഹജ്ജിലെ 18-ാമത്തെ ആയത്തിലും ഈ കാര്യം അറിയിച്ചിരിക്കുന്നു.

v എല്ലാ കാര്യങ്ങളിലും തവക്കുല്‍ നിലനിര്‍ത്തുന്ന മനുഷ്യന്‍റെ മനസ്സില്‍ സദാ അല്ലാഹുവിന്‍റെ ഓര്‍മകള്‍ നിലനില്‍ക്കും. അതിലൂടെ അല്ലാഹുവിലേക്ക് അടുക്കാനും അല്ലാഹുവിന്‍റെ സാമീപ്യം നേടാനും അവന് സാധിക്കും.

v കാരണങ്ങള്‍ ചെയ്യാതെ തവക്കുല്‍ ചെയ്യുന്നവര്‍ മടിയന്‍മാരാണ്. അവരുടെ പ്രവൃത്തിയെ تَوَاكُل 'തവാക്കുല്‍' എന്നാണ് പറയുന്നത്. അവര്‍ക്ക് അവര്‍ ഉദ്ദേശിച്ചത് കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല.

v അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍ എന്നാല്‍ നന്‍മകള്‍ നല്‍കുന്നതിലും തിന്‍മകള്‍ തടുക്കുന്നതിലും അല്ലാഹുവിന്‍റെ മേലുള്ള ഹൃദയത്തിന്‍റെ അവലംബത്തെ സത്യമാക്കല്‍ ആണ്.

v  ദുന്‍യാവിന്‍റേയും പരലോകത്തിന്‍റേയും കാര്യത്തില്‍ ഇത് സംഭവിക്കുന്നു. എല്ലാ നന്‍മകളേയും നല്‍കുന്നതും നല്‍കാതിരിക്കുന്നതും, ദോഷങ്ങള്‍ തടഞ്ഞ് വെക്കുന്നതും അത് ബാധിപ്പിക്കുന്നവനും എല്ലാം അല്ലാഹു ആണ് എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കല്‍ കൂടിയാണ് തവക്കുല്‍.

v ഭരമേല്‍പ്പിക്കുന്നവന് അല്ലാഹു മതിയായവനാണെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു.

ﱡﭐ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا الطلاق: ٣ 

വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്.

v മരിച്ചവരോടോ മറ്റു സൃഷ്ടികളോടോ തവക്കുല്‍ ചെയ്യാന്‍ പാടില്ല. കാരണം തവക്കുല്‍ ആരാധനയുടെ ഒരു ഇനമാണ്. അത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതുമാണ്. മക്വ്ബറകളിലും മറ്റും പോയി തന്‍റെ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നവര്‍ വലിയ ശിര്‍ക്കാണ് ചെയ്യുന്നത്.

v ഹജ്ജിനും ഉംറക്കും പോകുന്നവര്‍ വരെ മക്വ്ബറകളിലും ജാറങ്ങളിലും അവരുടെ കാര്യങ്ങള്‍ മരിച്ച് മണ്‍മറഞ്ഞ് പോയവരോട് ഭരമേല്‍പിച്ച് ശിര്‍ക്ക് ചെയ്യുന്ന അവസ്ഥകള്‍ നാം കാണുന്നു. അത്തരക്കാര്‍ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങല്‍ അവര്‍ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കിക്കൊള്ളട്ടെ..

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...