عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഭൂമി വാടകക്ക് നൽകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
295 - وَلِمُسْلِمٍ عَنْ حَنْظَلَةَ بْنِ قَيْسٍ قَالَ: (سَأَلْتُ رَافِعَ بْنَ خَدِيجٍ عَنْ كِرَاءِ الأَرْضِ بِالذَّهَبِ وَالْوَرِقِ؟ فَقَالَ: لا بَأْسَ بِهِ. إنَّمَا كَانَ النَّاسُ يُؤَاجِرُونَ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم بِمَا عَلَى الْمَاذِيَانَاتِ، وَأَقْبَالِ الْجَدَاوِلِ، وَأَشْيَاءَ مِنْ الزَّرْعِ فَيَهْلِكُ هَذَا، وَيَسْلَمُ هَذَا وَلَمْ يَكُنْ لِلنَّاسِ كِرَاءٌ إلاَّ هَذَا. وَلِذَلِكَ زَجَرَ عَنْهُ. فَأَمَّا شَيْءٌ مَعْلُومٌ مَضْمُونٌ: فَلا بَأْسَ بِهِ) .
ഹൻളലത്ത് ബിൻ ഖൈസിൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: (സ്വർണ്ണത്തിനും വെള്ളിക്കും (പണത്തിന്) ഭൂമി വാടകക്ക് നൽകുന്നതിനെക്കുറിച്ച് ഞാൻ റാഫിഅ് ബിൻ ഖദീജ് رضي الله عنه വിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: അതിൽ കുഴപ്പമില്ല. അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ കാലത്ത് ആളുകൾ വലിയ തോടുകളുടെ അരികിലുള്ള വിളവുകൾക്കും, ചെറിയ ചാലുകൾക്ക് ചുറ്റുമുള്ള വിളവുകൾക്കും, കൃഷിയിലെ നിശ്ചിത ഭാഗങ്ങൾക്കും പകരമായാണ് ഭൂമി വാടകക്ക് നൽകിയിരുന്നത്. അങ്ങനെ (ചിലപ്പോൾ) ഒരിടത്തെ കൃഷി നശിക്കുകയും മറ്റൊരിടത്തേത് സുരക്ഷിതമാവുകയും ചെയ്യും. അക്കാലത്ത് ഇങ്ങനെയല്ലാതെ അവർക്ക് വാടക ഇടപാടുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് നബി صلى الله عليه وسلم അത് വിലക്കിയത്. എന്നാൽ നിശ്ചയിക്കപ്പെട്ടതും ഉറപ്പുള്ളതുമായ ഒന്നാണെങ്കിൽ (പണം പോലുള്ളവ), അതിൽ കുഴപ്പമില്ല).
- الْمَاذِيَانَات: വലിയ നദികൾ (തോടുകൾ).
- الْجَدْوَلُ: ചെറിയ തോട്.
ജാഹിലിയ്യാ കാലഘട്ടത്തിൽ അനീതിയും അതിക്രമവും നിറഞ്ഞ പലതരം ഇടപാടുകള്‍ നിലനിന്നിരുന്നു. ഇസ്‌ലാം വന്നപ്പോൾ നീതിപൂർണ്ണമായ കച്ചവടത്തെ അത് അംഗീകരിക്കുകയും, അനീതി നിറഞ്ഞ ഇടപാടുകളെ നിരോധിക്കുകയും ചെയ്തു. ആളുകൾക്കിടയിലുള്ള തർക്കങ്ങളും പിണക്കങ്ങളും അവസാനിപ്പിക്കാനായി വഞ്ചനയും, ചതിയും, അവ്യക്തതയുമുള്ള ഇടപാടുകളെ ഇസ്‌ലാം വിലക്കി. ഇത് ശറഇയ്യായ ലക്ഷ്യങ്ങളിൽ ഒന്നാണ്.
നബി صلى الله عليه وسلم യുടെ കാലത്ത് ഭൂമിയിലെ വിളവിന്‍റെ ഒരു ഭാഗം വാടകയായി നിശ്ചയിച്ചുകൊണ്ടായിരുന്നു ഭൂമി പാട്ടത്തിന് നൽകിയിരുന്നത്. അതിനാൽ താബിഈ ആയ ഹൻളലത്ത് ബിൻ ഖൈസ് അൽ-അൻസ്വാരി, സ്വഹാബിയായ റാഫിഅ് ബിൻ ഖദീജ് رضي الله عنه വിനോട് സ്വർണ്ണത്തിനോ വെള്ളിക്കോ (ദിനാറിനും ദിർഹമിനും) പകരം ഭൂമി വാടകക്ക് നൽകുന്നതിനെക്കുറിച്ച് ചോദിച്ചു. അതായത്, വിളവിന്‍റെ ഭാഗത്തിന് പകരമല്ലാതെ പണത്തിന് ഭൂമി വാടകക്ക് നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യമായിരുന്നു അത്.
അപ്പോൾ റാഫിഅ് رضي الله عنه മറുപടി നൽകി: സ്വർണ്ണമോ വെള്ളിയോ വാടകയായി നിശ്ചയിക്കുന്നതിൽ തടസ്സമില്ല. അദ്ദേഹം പറഞ്ഞു: "നബി صلى الله عليه وسلم യുടെ കാലത്ത് ആളുകൾ ഭൂമി വാടകക്ക് നൽകിയിരുന്നത് 'മാദിയാനാത്തു'കൾക്ക് (വലിയ പുഴകളിൽ നിന്നുള്ള നീർച്ചാലുകൾ അല്ലെങ്കിൽ അവയുടെ തീരത്ത് മുളക്കുന്ന വിളകൾ) പകരമായിരുന്നു. കൂടാതെ 'അഖ്‌ബാലുൽ ജദ്‌വൽ' (ചെറിയ തോടുകളുടെ തുടക്കഭാഗം), മറ്റ് ചിലയിടങ്ങളിലെ കൃഷി എന്നിവയും വാടകയായി നിശ്ചയിച്ചിരുന്നു. അതായത്, ഭൂവുടമ ഏറ്റവും നല്ല വിളവ് ലഭിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ തനിക്കായി മാറ്റിവെക്കുകയും ബാക്കിയുള്ളവ വാടകക്കാരന് നൽകുകയും ചെയ്തിരുന്നു.
റാഫിഅ് رضي الله عنه തുടർന്നു: "അപ്പോൾ ഒരു ഭാഗത്തെ കൃഷി നശിക്കുകയും മറ്റൊരു ഭാഗത്തെ കൃഷി രക്ഷപ്പെടുകയും ചെയ്യും (അല്ലെങ്കിൽ തിരിച്ചും). ഇതിനാൽ തന്നെ ഏതെങ്കിലും ഒരാളുടെ അവകാശം നഷ്ടപ്പെടാൻ ഇടയാകും.
അക്കാലത്ത് ആളുകൾക്ക് ഇതല്ലാതെ മറ്റൊരു വാടക രീതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് നബി صلى الله عليه وسلم ഇത് തടഞ്ഞത്. ഇതിൽ അടങ്ങിയിരിക്കുന്ന അവ്യക്തതയും അനിശ്ചിതത്വവുമാണ് വിലക്കിന് കാരണം. എന്നാൽ അറിയപ്പെടുന്നതും നിശ്ചിതവുമായ (പണം പോലുള്ളവ) ഒന്നാണ് വാടകയെങ്കിൽ, ഭൂമി പാട്ടത്തിന് നൽകുന്നതിൽ യാതൊരു തടസ്സവുമില്ല.

No comments:
Post a Comment