عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വിലക്കപ്പെട്ട സമ്പാദ്യങ്ങള്‍
269 - عَنْ أَبِي مَسْعُودٍ الأَنْصَارِيِّ رضي الله عنه (أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ ثَمَنِ الْكَلْبِ، وَمَهْرِ الْبَغِيِّ، وَحُلْوَانِ الْكَاهِنِ) .
അബൂ മസ്ഊദ് അൽ അൻസാരി رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم മൂന്ന് കാര്യങ്ങളെ വിലക്കി: പട്ടിയുടെ വില, വ്യഭിചാരിണിയുടെ പ്രതിഫലം, ജോത്സ്യന് നൽകുന്ന ദക്ഷിണ.
- (مَهْر الْبَغِيِّ): വ്യഭിചാരത്തിന് പ്രതിഫലമായി ഒരു സ്ത്രീ കൈപ്പറ്റുന്ന ധനം.
- (حُلْوَان الْكَاهِنِ): ഭാവി കാര്യങ്ങളും അദൃശ്യ കാര്യങ്ങളും അറിയുമെന്ന് അവകാശപ്പെടുന്നവനാണ് ജോത്സ്യൻ (കാഹിൻ). അവന്‍റെ വ്യാജവാദങ്ങൾക്കും കള്ളങ്ങൾക്കും പ്രതിഫലമായി നൽകപ്പെടുന്ന ധനമാണ് 'ഹുൽവാൻ'.
അല്ലാഹു തന്‍റെ അടിമകള്‍ക്ക് വിശിഷ്ടമായവ അനുവദിച്ചു നൽകുകയും നികൃഷ്ടമായവ വിലക്കുകയും ചെയ്തിരിക്കുന്നു. ഭക്ഷണപാനീയങ്ങൾ, വരുമാനമാർഗ്ഗങ്ങൾ, കച്ചവടം തുടങ്ങി എല്ലാ കാര്യങ്ങളിലും ഈ ശുദ്ധീകരണമുണ്ട്. ഒരു മുസ്‌ലിം ഉന്നതമായ സ്വഭാവമുള്ളവനും നീചമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവനും ആയിരിക്കണമെന്ന് ഇസ്‌ലാം നിഷ്കർഷിക്കുന്നു.
ഈ ഹദീസിലൂടെ അബൂ മസ്ഊദ് അൽ അൻസാരി رضي الله عنه നബി صلى الله عليه وسلم വിലക്കിയ മൂന്ന് കാര്യങ്ങൾ വിവരിക്കുന്നു:
ഒന്ന്: പട്ടിയുടെ വില. പട്ടിയെ വിൽക്കുന്നതും അതിന്‍റെ വില കൈപ്പറ്റുന്നതും നബി صلى الله عليه وسلم വിലക്കി. ആ രീതിയിൽ സമ്പാദിക്കുന്നത് നിഷിദ്ധമാണ്. ആടുമാടുകളെ സംരക്ഷിക്കാനോ കൃഷി കാക്കാനോ അല്ലാതെ പട്ടിയെ വളർത്തുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. വേട്ടപ്പട്ടിയോ കാവൽപ്പട്ടിയോ ആണെങ്കിൽ പോലും അതിന്‍റെ വില വാങ്ങുന്നത് പാടില്ലെന്ന് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.
രണ്ട്: വ്യഭിചാരിണിയുടെ പ്രതിഫലം. ഒരു സ്ത്രീ വ്യഭിചാരത്തിന് പ്രതിഫലമായി വാങ്ങുന്ന പണമാണിത്. വിവാഹമൂല്യത്തോട് രൂപസാദൃശ്യമുള്ളതിനാലാണ് ഇതിനെ 'മഹ്‌ർ' എന്ന് വിശേഷിപ്പിച്ചത്. ജാഹിലിയ്യാ കാലഘട്ടത്തിൽ അടിമസ്ത്രീകളെ വ്യഭിചാരത്തിന് നിർബന്ധിച്ച് പണം സമ്പാദിക്കുന്ന രീതിയുണ്ടായിരുന്നു. ഇതിനെ ഖുർആൻ ശക്തമായി എതിർക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്ന്: ജോത്സ്യന് നൽകുന്ന ദക്ഷിണ. അദൃശ്യകാര്യങ്ങൾ പ്രവചിക്കുന്ന ജോത്സ്യന്മാർക്കും മന്ത്രവാദികൾക്കും പ്രതിഫലമായി നൽകുന്ന ധനമാണിത്. ഭാവികാര്യങ്ങൾ അറിയുമെന്ന് അവകാശപ്പെടുന്നവരും, നക്ഷത്രനോട്ടക്കാരും ഇതിൽ ഉൾപ്പെടും. യാതൊരു അധ്വാനവുമില്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നായതിനാലാണ് ഇതിനെ മധുരപലഹാരത്തോട് ഉപമിച്ച് 'ഹുൽവാൻ' എന്ന് വിളിക്കുന്നത്.

No comments:
Post a Comment