عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
വില്‍പന നിഷിദ്ധമായ വസ്തുക്കള്‍
275 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ عَامَ الْفَتْحِ: (إنَّ اللَّهَ وَرَسُولَهُ حَرَّمَ بَيْعَ الْخَمْرِ وَالْمَيْتَةِ وَالْخِنْزِيرِ وَالأَصْنَامِ. فَقِيلَ: يَا رَسُولَ اللَّهِ، أَرَأَيْتَ شُحُومَ الْمَيْتَةِ؟ فَإِنَّهُ يُطْلَى بِهَا السُّفُنُ، وَيُدْهَنُ بِهَا الْجُلُودُ. وَيَسْتَصْبِحُ بِهَا النَّاسُ. فَقَالَ: لا، هُوَ حَرَامٌ. ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم عِنْدَ ذَلِكَ: قَاتَلَ اللَّهُ الْيَهُودَ. إنَّ اللَّهَ لَمَّا حَرَّمَ عَلَيْهِمْ شُحُومَهَا، جَمَلُوهُ ثُمَّ بَاعُوهُ فَأَكَلُوا ثَمَنَهُ)) .
ജാബിറു ബ്നു അബ്ദില്ല رضي الله عنهما നിവേദനം ചെയ്യുന്നു: മക്ക വിജയത്തിന്‍റെ വർഷം അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: "തീർച്ചയായും അല്ലാഹുവും അവന്‍റെ റസൂല്‍ صلى الله عليه وسلم യും മദ്യം, ചത്ത മൃഗം, പന്നി, വിഗ്രഹങ്ങൾ എന്നിവയുടെ വിൽപന നിഷിദ്ധമാക്കിയിരിക്കുന്നു." അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്‍റെ റസൂലേ, ചത്ത മൃഗത്തിന്‍റെ കൊഴുപ്പിന്‍റെ കാര്യത്തിൽ അങ്ങയുടെ അഭിപ്രായമെന്താണ്? അത് കപ്പലുകളിൽ പൂശാനും, ചർമ്മങ്ങൾ മെഴുക്കുവരുത്താനും, ജനങ്ങൾ വിളക്ക് കത്തിക്കാനും ഉപയോഗിക്കാറുണ്ടല്ലോ." അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "അരുത്, അത് നിഷിദ്ധമാണ്." തുടർന്ന് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "അല്ലാഹു യഹൂദികളെ ശപിക്കട്ടെ (അല്ലെങ്കിൽ നശിപ്പിക്കട്ടെ). തീർച്ചയായും അല്ലാഹു അവർക്ക് കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോൾ, അവരത് ഉരുക്കുകയും എന്നിട്ടത് വിറ്റ് അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു."
- (جَمَلُوهُ): അവരത് ഉരുക്കി (അലിയിപ്പിച്ചു).
- (يَسْتَصْبِحُ): പ്രകാശത്തിനായി ഉപയോഗിക്കുന്നു (വിളക്ക് കത്തിക്കുന്നു).
ശിർക്കിൽ നിന്നും (അല്ലാഹുവിൽ പങ്കുചേർക്കൽ) മ്ലേച്ചകാര്യങ്ങളില്‍ നിന്നുമുള്ള ജാഹിലിയ്യാ കാര്യങ്ങളെ ഇസ്‌ലാം നിഷിദ്ധമാക്കുകയും, തൗഹീദ് സ്ഥിരപ്പെടുത്തുകയും, ജനങ്ങൾക്ക് ഉത്തമമായ കാര്യങ്ങൾ അനുവദിച്ചു നൽകുകയും ചെയ്തു.
ഹിജ്റ എട്ടാം വർഷം മക്ക വിജയ സമയത്ത് മക്കയിൽ വെച്ച് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم നൽകിയ നിർദ്ദേശമാണ് ഈ ഹദീസിലുള്ളത്.
റസൂലിന്‍റെ നാമം പറയുന്നതിന് മുമ്പ് അല്ലാഹുവിന്‍റെ നാമം പറഞ്ഞത്, റസൂൽ صلى الله عليه وسلم നിഷിദ്ധമാക്കുന്നത് അല്ലാഹു നിഷിദ്ധമാക്കുന്നതിന് തുല്യമാണെന്ന് ബോധ്യപ്പെടുത്താനാണ്. ഹദീസിലെ പരാമർശങ്ങൾ താഴെ പറയുന്നവയാണ്:
മദ്യത്തിന്‍റെ വിൽപന: ബുദ്ധിയെ മറക്കുന്ന ദ്രാവക രൂപത്തിലുള്ളതോ ഖരരൂപത്തിലുള്ളതോ ആയ എല്ലാ ലഹരി വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.
ചത്ത മൃഗത്തിന്‍റെ വിൽപന: സ്വാഭാവികമായി ചത്തതോ, ഇസ്‌ലാമിക രീതിയിലല്ലാതെ അറുക്കപ്പെട്ടതോ ആയ എല്ലാ മൃഗങ്ങളും ഇതിൽ ഉൾപ്പെടും.
പന്നിയുടെ വിൽപന: പന്നിയുടെ ശരീരവും അതിന്‍റെ ആന്തരികവും ബാഹ്യവുമായ എല്ലാ ഭാഗങ്ങളും വിൽക്കുന്നത് നിഷിദ്ധമാണ്.
വിഗ്രഹങ്ങളുടെ വിൽപന: ശിർക്കിനായി നിർമ്മിക്കപ്പെട്ട എല്ലാ രൂപങ്ങളും (വിഗ്രഹങ്ങൾ, കുരിശുകൾ തുടങ്ങിയവ) വിൽക്കുന്നത് നിഷിദ്ധമാണ്.
തുടർന്ന് സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, ചത്ത മൃഗത്തിന്‍റെ കൊഴുപ്പിന്‍റെ കാര്യത്തിൽ എന്താണ് വിധി? അത് കപ്പലുകളിൽ പൂശാനും, തോലുകൾ മെഴുക്കുവരുത്താനും, വിളക്ക് കത്തിക്കാനും ഉപയോഗിക്കാറുണ്ടല്ലോ." അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "അരുത്, അത് ഹറാമാണ്." അതായത്, ഇത്രയൊക്കെ ഉപകാരങ്ങളുണ്ടെങ്കിലും അതിന്‍റെ വിൽപന അനുവദനീയമല്ല.
ശേഷം നബി صلى الله عليه وسلم പറഞ്ഞു: "അല്ലാഹു യഹൂദികളെ നശിപ്പിക്കട്ടെ!" അവർക്ക് കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോൾ അവരത് ഉരുക്കി എണ്ണയാക്കി മാറ്റുകയും എന്നിട്ടത് വിറ്റ് അതിന്‍റെ പണം ഉപയോഗിക്കുകയും ചെയ്തു. നിഷിദ്ധമായ കാര്യങ്ങളിൽ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിനെതിരെയുള്ള താക്കീതാണിത്.
"അരുത്, അത് ഹറാമാണ്" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്‍റെ വിൽപനയാണ്, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല (ഉദാഹരണത്തിന് ചത്ത മൃഗത്തിന്‍റെ തോൽ ശുദ്ധീകരിച്ചാൽ ഉപയോഗിക്കാം). ചത്ത മൃഗത്തിന്‍റെ കൊഴുപ്പിന് പല ഉപകാരങ്ങളുമുള്ളതിനാൽ അതിന്‍റെ വിൽപനക്ക് അനുവാദം ലഭിക്കുമെന്ന് കരുതിയാണ് മുസ്‌ലിംകൾ ഈ ചോദ്യം ചോദിച്ചത്, എന്നാൽ നബി صلى الله عليه وسلم അത് അനുവദിച്ചില്ല.

No comments:
Post a Comment