ഫോളോ ചെയ്യാം

Sunday, 26 April 2026

551 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 291 دروس الحديث - സമ്മാനം തിരിച്ചു വാങ്ങുന്നവന്‍റെ ഉപമ

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


സമ്മാനം 

തിരിച്ചു വാങ്ങുന്നവന്‍റെ ഉപമ 

291 - وعن ابن عباس رضي الله عنهما: أن رسول الله صلى الله عليه وسلم قال: "العائد في هبته، كالعائد فيى قيئه" .
وفي لفظ: "فإن الذى يعود في صدقته كالكلب [يقئ ثم] يعود في قيئه" .

ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "നൽകിയ സമ്മാനം തിരിച്ചുവാങ്ങുന്നവൻ താൻ ഛർദ്ദിച്ചത് വീണ്ടും കഴിക്കുന്നവനെപ്പോലെയാണ്."

മറ്റൊരു നിവേദനത്തിൽ: "താൻ നൽകിയ ധർമ്മം (സദഖ) തിരിച്ചുവാങ്ങുന്നവൻ, (ഛർദ്ദിക്കുകയും പിന്നീട്) ആ ഛർദ്ദിയിലേക്ക് തന്നെ മടങ്ങുകയും (അത് ഭക്ഷിക്കുകയും) ചെയ്യുന്ന നായയെപ്പോലെയാണ്."

വിവരണം

  നൽകിയ സമ്മാനം തിരിച്ചുവാങ്ങുന്നത് മര്യാദക്ക് നിരക്കാത്തതും സ്വഭാവമഹിമയ്ക്ക് വിരുദ്ധവുമായ നിന്ദ്യമായ പ്രവർത്തിയാണ്. ഉന്നതമായ സ്വഭാവമുള്ളവർക്ക് ഇത് അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ നബി صلى الله عليه وسلم അത്തരം പ്രവർത്തികളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയും, അത് ചെയ്യുന്നവരെ ഏറ്റവും മ്ലേച്ഛമായ രൂപത്തോട് ഉപമിക്കുകയും ചെയ്തു.

    നമുക്ക് തന്നെ മോശമായി തോന്നുന്ന ഇത്തരം ഉദാഹരണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ലെന്ന് ഈ ഹദീസിലൂടെ നബി صلى الله عليه وسلم വ്യക്തമാക്കുന്നു. "നൽകിയ സമ്മാനം തിരിച്ചുവാങ്ങുന്നവൻ താൻ ഛർദ്ദിച്ചത് വീണ്ടും കഴിക്കുന്ന നായയെപ്പോലെയാണ്." അതായത്, വയറ്റിലുള്ളത് ഛർദ്ദിച്ചു കളയുകയും പിന്നീട് അത് തന്നെ വീണ്ടും ഭക്ഷിക്കുകയും ചെയ്യുന്ന നായയുടെ അങ്ങേയറ്റം അറപ്പുണ്ടാക്കുന്ന പ്രവൃത്തിയോടാണ് സമ്മാനം തിരിച്ചുവാങ്ങുന്നതിനെ നബി صلى الله عليه وسلم ഉപമിച്ചത്.

    സത്യവിശ്വാസികളായ നാം മൃഗങ്ങളിൽ വെച്ച് ഏറ്റവും അധമമായ ഒന്നിനോട് സാമ്യമുള്ള ഇത്തരം ഹീനമായ സ്വഭാവങ്ങൾ വെച്ചുപുലർത്താൻ പാടില്ല എന്നതാണ്. ശരീഅത്തിൽ ഇത്തരം ഉപമകൾ വളരെ അപൂർവ്വമായേ വന്നിട്ടുള്ളൂ. ഈ പ്രവൃത്തി എത്രത്തോളം വെറുക്കപ്പെട്ടതാണെന്നാണ് ഇത് കാണിക്കുന്നത്. ഇതിനെ മറ്റ് നിഷിദ്ധമായ കാര്യങ്ങളോട് ഉപമിക്കാതെ 'ഛർദ്ദിയോട്' തന്നെ ഉപമിച്ചത് അതിന്‍റെ മ്ലേച്ഛത ബോധ്യപ്പെടുത്താനാണ്. ഛർദ്ദിച്ചതിലേക്ക് മടങ്ങുന്നതിനെ മനുഷ്യ മനസ്സ് എത്രത്തോളം വെറുക്കുകയും അറപ്പോടെ കാണുകയും ചെയ്യുന്നുവോ, അതുപോലെ തന്നെ നൽകിയ സമ്മാനം തിരിച്ചുവാങ്ങുന്നതിനെയും വെറുപ്പോടെ കാണേണ്ടതുണ്ട്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നൽകിയ സമ്മാനം തിരിച്ചുവാങ്ങുന്നതിലെ നിഷിദ്ധതക്ക് (ഹറാം) ഈ ഹദീസ് തെളിവാണ്. കാരണം ഇത് സ്വഭാവത്തിലെ നീചത്വത്തെയും നിന്ദ്യതെയുമാണ് കാണിക്കുന്നത്. ഇബ്നു ദഖീഖുൽ ഈദ് رحمه الله പറയുന്നു: "രണ്ട് രീതിയിലുള്ള കർക്കശമായ ഉപമകൾ ഇതിൽ വന്നിട്ടുണ്ട്: ഒന്ന്, തിരിച്ചുവാങ്ങുന്നവനെ നായയോട് ഉപമിച്ചു. രണ്ട്, ആ തിരിച്ചുവാങ്ങുന്ന പ്രവൃത്തിയെ ഛർദ്ദിയോട് ഉപമിച്ചു."

2- അങ്ങേയറ്റം മ്ലേച്ഛവും അറപ്പുണ്ടാക്കുന്നതുമായ ഈ ഉദാഹരണത്തിലൂടെ അത്തരം പ്രവൃത്തികളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയാണ്  ചെയ്യുന്നത്.

3- മക്കൾക്ക് പിതാവ് നൽകുന്ന സമ്മാനങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണെന്ന് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. സുന്നത്തിൽ വന്ന പ്രത്യേക പരാമർശങ്ങൾ (ഹദീസ് 290-ൽ നുഅ്മാൻ ബിൻ ബഷീര്‍ رضي الله عنه വിനോട് പിതാവ് സമ്മാനം തിരിച്ചുവാങ്ങിയത്  പോലുള്ളവ) അടിസ്ഥാനമാക്കി മക്കളുടെ കാര്യത്തിൽ അത്യാവശ്യമെങ്കില്‍ പിതാവിന് അത് തിരിച്ചുവാങ്ങാൻ അനുവാദമുണ്ട്.

4- സമ്മാനം നൽകിയ ആൾ സമ്പന്നനാണോ ദരിദ്രനാണോ എന്നതിൽ ഇവിടെ വ്യത്യാസമില്ല. ഒരാൾ ദാനമായി നൽകിയ ശേഷം പിന്നീട് അയാൾ (നല്‍കിയ ആള്‍) ദരിദ്രനായാൽ പോലും അത് തിരിച്ചുവാങ്ങാൻ പാടുള്ളതല്ല.

5- നേരിട്ടുള്ള വാക്കുകൾ വഴിയോ തന്ത്രങ്ങൾ വഴിയോ ഇത് തിരിച്ചുവാങ്ങുന്നത് ഒരുപോലെയാണ്. നേരിട്ടുള്ള രൂപം: ഒരാളുടെ അടുത്ത് ചെന്ന് "ഞാൻ തന്നത് എനിക്ക് തിരിച്ചുതരൂ" എന്ന് പറയുക. തന്ത്രം പ്രയോഗിക്കൽ: നൽകിയ വസ്തു വിപണി വിലയേക്കാൾ കുറഞ്ഞ വിലക്ക് അയാളിൽ നിന്ന്  തിരിച്ചുവാങ്ങുക.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...