ഫോളോ ചെയ്യാം

Sunday, 19 April 2026

നമസ്കാരത്തിലെ ഇരുത്തം- ഇഫ്തിറാശ്- തവര്‍റുക് എപ്പോഴെല്ലാം?

 


നമസ്കാരത്തിലെ ഇരുത്തം

(ഇഫ്തിറാശ്- തവര്‍റുക് എപ്പോഴെല്ലാം?)

നമസ്‌കാരത്തിലെ അത്തഹിയ്യാത്തിനായുള്ള ഇരുത്തത്തിന്റെ അടിസ്ഥാനം ‘ഇഫ്തിറാശ്' (ഇടതുകാൽ വിരിച്ചു അതിന്മേൽ ഇരിക്കുക) ആണ്. എന്നാൽ രണ്ട് അത്തഹിയ്യാത്തുകളുള്ള നിസ്‌കാരത്തിലെ അവസാന അത്തഹിയ്യാത്തിൽ മാത്രമേ ‘തവർറുക്' (ഇടതുകാൽ വലതുകാലിനടിയിലൂടെ പുറത്തേക്ക് വെച്ച് നിതംബം തറയിൽ ഉറപ്പിച്ചു ഇരിക്കുക) സുന്നത്തുള്ളൂ.

قال ابن قدامة رحمه الله:  "جَمِيعُ جَلَسَاتِ الصَّلَاةِ لَا يُتَوَرَّكُ فِيهَا إلَّا فِي تَشَهُّدٍ ثَانٍ . لحَدِيثُ وَائِلِ بْنِ حُجْرٍ ( أَنَّ النَّبِيَّ صلى الله عليه وسلم لَمَّا جَلَسَ لِلتَّشَهُّدِ افْتَرَشَ رِجْلَهُ الْيُسْرَى , وَنَصَبَ رِجْلَهُ الْيُمْنَى). وَلَمْ يُفَرِّقْ بَيْنَ مَا يُسَلِّمُ فِيهِ وَمَا لَا يُسَلِّمُ . وَقَالَتْ عَائِشَةُ : ( كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ فِي كُلِّ رَكْعَتَيْنِ التَّحِيَّةَ , وَكَانَ يَفْرِشُ رِجْلَهُ الْيُسْرَى وَيَنْصِبُ الْيُمْنَى ) رَوَاهُ مُسْلِمٌ . وَهَذَانِ يَقْضِيَانِ عَلَى كُلِّ تَشَهُّدٍ بِالِافْتِرَاشِ , إلَّا مَا خَرَجَ مِنْهُ ، لِحَدِيثِ أَبِي حُمَيْدٍ فِي التَّشَهُّدِ الثَّانِي , فَيَبْقَى فِيمَا عَدَاهُ عَلَى الْأَصْلِ " انتهى باختصار . "المغنى" (1/318) :

 

ഇബ്നു ഖുദാമ رحمه الله  പറയുന്നു: “രണ്ടാമത്തെ അത്തഹിയ്യാത്തിലല്ലാതെ നിസ്‌കാരത്തിലെ ഒരു ഇരുത്തത്തിലും തവർറുക് ചെയ്യേണ്ടതില്ല. വാഇൽ ബിൻ ഹുജ്ർ رضي الله عنه നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: 'നബി صلى الله عليه وسلم അത്തഹിയ്യാത്തിനായി ഇരുന്നപ്പോൾ ഇടതുകാൽ വിരിച്ചു വെക്കുകയും വലതുകാൽ നട്ടുവെക്കുകയും ചെയ്തു.' സലാമോട് കൂടി അവസാനിക്കുന്നതും അല്ലാത്തതുമായ ഇരുത്തങ്ങൾക്കിടയിൽ അദ്ദേഹം വേർതിരിച്ചു പറഞ്ഞിട്ടില്ല. ആഇശ رضي الله عنها പറഞ്ഞു: ‘റസൂൽ صلى الله عليه وسلم എല്ലാ രണ്ട് റകഅത്തുകളിലും അത്തഹിയ്യാത്ത് ചൊല്ലാറുണ്ടായിരുന്നു. അദ്ദേഹം തന്റെ ഇടതുകാൽ വിരിക്കുകയും വലതുകാൽ നാട്ടി വെക്കുകയും ചെയ്യുമായിരുന്നു' (മുസ്‌ലിം).        

ഈ രണ്ട് ഹദീസുകളും എല്ലാ അത്തഹിയ്യാത്തുകളിലും ഇഫ്തിറാശ് ആണ് വേണ്ടതെന്ന് വ്യക്തമാക്കുന്നു. എന്നാൽ അബൂ ഹുമൈദ് നിവേദനം ചെയ്ത ഹദീസിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ അത്തഹിയ്യാത്തിനെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതിനാൽ മറ്റ് ഇരുത്തങ്ങളെല്ലാം അടിസ്ഥാനപരമായ രീതിയിൽ (ഇഫ്തിറാശ്) തന്നെ തുടരും."

سئل الشيخ ابن عثيمين رحمه الله في "لقاء الباب المفتوح" : متى يجلس المصلي جلسة التورك في الصلاة وفي أي صلاة ؟ فأجاب : " التورك يكون في التشهد الأخير في كل صلاة ذات تشهدين ، أي : الأخيرة من المغرب ، والأخيرة من العشاء ، والأخيرة من العصر ، والأخيرة من الظهر ، أما الصلاة الثنائية ، كالفجر ، وكذلك الرواتب ، فإنه ليس فيها تورك ، التورك إذاً في التشهد الأخير في كل صلاة فيها تشهدان " انتهى .

ശൈഖ് ഇബ്നു ഉഥൈമീൻ  رحمه اللهയോട് ലിഖാഉൽ ബാബിൽ മഫ്തൂഹിൽ' ഇപ്രകാരം ചോദിക്കപ്പെട്ടു: “നമസ്‌കാരത്തിൽ എപ്പോഴാണ് ഒരാൾ തവർറുക് ചെയ്യേണ്ടത്? ഏത് നിസ്‌കാരത്തിലാണത്?"

അദ്ദേഹം മറുപടി നൽകി: രണ്ട് അത്തഹിയ്യാത്തുകളുള്ള എല്ലാ നമസ്‌കാരങ്ങളിലെയും അവസാന അത്തഹിയ്യാത്തിലാണ് തവർറുക് ചെയ്യേണ്ടത്. അതായത് മഗ്‌രിബ്, ഇശാ, അസർ, ദുഹ്‌ർ എന്നിവയുടെ അവസാന അത്തഹിയ്യാത്തിൽ. എന്നാൽ സുബ്ഹി പോലെയുള്ള രണ്ട് റകഅത്തുള്ള നിസ്‌കാരങ്ങളിലും അതുപോലെ സുന്നത്തു നിസ്‌കാരങ്ങളിലും തവർറുക് ഇല്ല. അതിനാൽ രണ്ട് അത്തഹിയ്യാത്തുകളുള്ള നിസ്‌കാരത്തിലെ അവസാന അത്തഹിയ്യാത്തിൽ മാത്രമാണ് തവർറുക് ഉള്ളത്."

وعليه ؛ فإذا صليت ركعتين ، أو صليت ركعة فإنك تفترش ، وإن صليت الوتر ثلاث ركعات سردا بتسليم واحد فإنك تفترش كذلك ؛ ولا تشرع صلاة الوتر بتشهدين وتسليم واحد  . فتاوى اللجنة الدائمة (7/15)

ഇതനുസരിച്ച്; നിങ്ങൾ രണ്ട് റകഅത്തോ അല്ലെങ്കിൽ ഒരു റകഅത്തോ ആണ് നിസ്‌കരിക്കുന്നതെങ്കിൽ ‘ഇഫ്തിറാശ്' ആണ് ചെയ്യേണ്ടത്. ഇനി നിങ്ങൾ വിത്ർ നിസ്‌കാരം മൂന്ന് റകഅത്ത് തുടർച്ചയായി (ഇടയിൽ അത്തഹിയ്യാത്തില്ലാതെ) ഒരു സലാമോട് കൂടിയാണ് നിസ്‌കരിക്കുന്നതെങ്കിലും ‘ഇഫ്തിറാശ്' തന്നെയാണ് ചെയ്യേണ്ടത്. വിത്ർ നിസ്‌കാരം രണ്ട് അത്തഹിയ്യാത്തോടും ഒരു സലാമോടും കൂടി നിർവ്വഹിക്കൽ ശരീഅത്തിൽ അനുവദനീയമല്ല. -ഫതാവല്ലജ്നത്തിദ്ദാഇമ 7/15

 അതുകൊണ്ട്, രണ്ട് അത്തഹിയ്യാത്തുകളുള്ള എല്ലാ നിസ്‌കാരങ്ങളിലെയും അവസാന അത്തഹിയ്യാത്തിലാണ് തവർറുക് ചെയ്യേണ്ടത്. അല്ലാത്തപ്പോഴെല്ലാം ഇഫ്തിറാശ് ഇരുത്തമാണ് വേണ്ടത്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...