ഫോളോ ചെയ്യാം

Thursday, 2 April 2026

528 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 268 دروس الحديث - വിലക്കപ്പെട്ട കച്ചവടങ്ങള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


വിലക്കപ്പെട്ട കച്ചവടങ്ങള്‍

268 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما قَالَ: (نَهَى النَّبِيُّ صلى الله عليه وسلم عَنْ الْمُخَابَرَةِ وَالْمُحَاقَلَةِ، وَعَنْ الْمُزَابَنَةِ وَعَنْ بَيْعِ الثَّمَرَةِ حَتَّى يَبْدُوَ صَلاحُهَا، وَأَنْ لا تُبَاعَ إلاَّ بِالدِّينَارِ وَالدِّرْهَمِ، إلاَّ الْعَرَايَا) الْمُحَاقَلَةِ: بيعُ الحِنْطَةِ في سُنْبُلِها بِحِنْطَة. أهـ

ജബിർ ബിൻ അബ്ദില്ല رضي الله عنهما നിവേദനം ചെയ്യുന്നു: നബി صلى الله عليه وسلم മുഖാബറ (الْمُخَابَرَة), മുഹാഖല (الْمُحَاقَلَة), മുസാബന (الْمُزَابَنَة) എന്നിവയും, ഫലങ്ങൾ പാകമാകുന്നതിന് (വിളവ് ഉറപ്പാകുന്നതിന്) മുൻപുള്ള കച്ചവടവും വിലക്കി. അവ (ഈ ഫലങ്ങൾ) ദീനാറിനും ദിർഹമിനും (പണത്തിന്) പകരമായല്ലാതെ കച്ചവടം ചെയ്യാൻ പാടില്ലെന്നും അവിടുന്ന് നിർദ്ദേശിച്ചു. എന്നാൽ (الْعَرَايَا) ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

(الْمُحَاقَلَة): കതിരിലുള്ള ഗോതമ്പ്, വൈക്കോലിൽ നിന്ന് ശുദ്ധീകരിച്ചെടുത്ത അളന്നുവെച്ച ഗോതമ്പിന് പകരമായി കച്ചവടം ചെയ്യുക.

الْمُخَابَرَة: قالَ النوويُّ: هي المعاملةُ على الأَرضِ ببعضِ مايخرجُ منَ الأَرضِ منَ الزَّرْعِ كالثُلثِ أَوِ الرُّبعِ أَوغيرِ ذلكَ منَ الأَجزاءِ المعلومةِ لكنْ يكونُ البِذْرُ منَ العاملِ بخلافِ المُزارَعةِ التي يكونُ البِذْرُ فيها منْ صاحبِ الأَرضِ.
  • (الْمُخَابَرَة): കൃഷിഭൂമിയിൽ നിന്ന് ലഭിക്കുന്ന വിളവിന്‍റെ നിശ്ചിത ശതമാനം (മൂന്നിലൊന്ന് അല്ലെങ്കിൽ നാലിലൊന്ന് എന്നിങ്ങനെ) നൽകാമെന്ന വ്യവസ്ഥയിൽ ഭൂമി കൃഷിക്ക് നൽകുന്ന രീതി. ഇതിൽ വിത്ത് നൽകുന്നത് കൃഷി ചെയ്യുന്ന തൊഴിലാളിയായിരിക്കും. (വിത്ത് ഭൂവുടമ നൽകുന്ന 'മുസാറഅ'യിൽ നിന്ന് ഇത് വ്യത്യസ്തമാണ് എന്ന് ഇമാം നവവി വിശദീകരിക്കുന്നു).
  • (الْعَرَايَا): ഇതിന്‍റെ വിശദീകരണം പിന്നീട് വരുന്നതാണ്.

വിവരണം

  ജനങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും അത് അന്യായമായി നഷ്ടപ്പെടാതിരിക്കുന്നതിനും ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നു. അതിനാൽ തന്നെ, കച്ചവടമെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ അന്യായമായി സ്വത്ത് കൈക്കലാക്കുന്നതോ അല്ലെങ്കിൽ വഞ്ചനയും  അജ്ഞതയും നിറഞ്ഞതോ ആയ ഇടപാടുകളെ ഇസ്‌ലാം വിലക്കിയിരിക്കുന്നു. 

   പഴങ്ങളുമായി ബന്ധപ്പെട്ട വിവിധതരം കച്ചവടങ്ങളെ നബി صلى الله عليه وسلم വിലക്കിയിട്ടുണ്ട്. അവയിൽ കക്ഷികൾക്ക് (വിൽക്കുന്നയാൾക്കോ വാങ്ങുന്നയാൾക്കോ) ഉപദ്രവം അടങ്ങിയിട്ടുണ്ട് എന്നതാണതിന് കാരണം. അവയിൽ ചിലത് താഴെ പറയുന്നവയാണ്:

    (المخابرة): കൃഷിഭൂമിയിൽ നിന്ന് ലഭിക്കുന്ന വിളവിന്‍റെ നിശ്ചിത ശതമാനം (മൂന്നിലൊന്ന് അല്ലെങ്കിൽ നാലിലൊന്ന്) നൽകാമെന്ന വ്യവസ്ഥയിൽ ഭൂമി കൃഷിക്ക് നൽകുന്ന രീതിയാണിത്. എന്നാൽ ഈ വിലക്കിന്‍റെ വിധി പിന്നീട് മാറ്റം വന്നിട്ടുണ്ട് (നസ്ഖ് ചെയ്യപ്പെട്ടു). ഖൈബർ നിവാസികളുമായി നബി صلى الله عليه وسلم അവിടുത്തെ വിളവിന്‍റെ പകുതി നൽകാമെന്ന വ്യവസ്ഥയിൽ കരാറിൽ ഏർപ്പെട്ടത് ഇതിന് തെളിവാണ്.

   (المحاقلة): കതിരിലുള്ള ഗോതമ്പ്, അളവ് നിശ്ചയിച്ച ശുദ്ധമായ ഗോതമ്പിന് പകരമായി വിൽക്കുന്ന രീതി. കതിരിലുള്ള ഗോതമ്പിന്‍റെ കൃത്യമായ അളവ് അറിയാത്തതിനാൽ ഇതിൽ അജ്ഞത അടങ്ങിയിരിക്കുന്നു.

    (المزابنة): മരത്തിലുള്ള ഈന്തപ്പഴം പറിക്കുന്നതിന് മുൻപ് തന്നെ, നിലത്തുള്ള ഉണങ്ങിയ ഈന്തപ്പഴത്തിന് പകരമായി ഏകദേശ അളവ് നിശ്ചയിച്ച് വിൽക്കുന്ന രീതി. മുന്തിരിയുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇതിൽ അളവിലും തൂക്കത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു.

  വിളവ് പാകമാകുന്നതിന് മുൻപുള്ള കച്ചവടം: പഴങ്ങൾ പാകമാകുന്നതിന് മുൻപ് അവ വിൽക്കുന്നത് നബി صلى الله عليه وسلم വിലക്കി. പഴങ്ങൾ നിറം മാറുകയും മധുരം വെക്കുകയും പരുവമാകുകയും ചെയ്യുന്നത് അവ നാശങ്ങളിൽ നിന്ന് സുരക്ഷിതമായി എന്നതിന്‍റെ അടയാളമാണ്. അതിനു മുൻപ് വിൽക്കുന്നത് കച്ചവടക്കാരന് നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.

   പണമിടപാട്: പഴങ്ങൾ പാകമായ ശേഷം അവ പകരമായി ഉണങ്ങിയ പഴങ്ങൾ നൽകി വാങ്ങുന്നതിന് പകരം ദീനാറോ ദിർഹമോ (ഇന്നത്തെ കറൻസികൾ) നൽകി വാങ്ങാനാണ് നബി صلى الله عليه وسلم നിർദ്ദേശിച്ചത്. ഒരേ വർഗ്ഗത്തിലുള്ള ആഹാരസാധനങ്ങൾ തമ്മിൽ അളവിൽ വ്യത്യാസം വരുത്തി വിൽക്കുന്നത് പലിശയിൽ ഉൾപ്പെടും എന്നതാണ് ഇതിന്‍റെ കാരണം.

    (العرايا) :  നബി صلى الله عليه وسلم നൽകിയ പ്രത്യേക ഇളവാണ് 'അരായ'. മരത്തിലുള്ള പഴുത്ത പഴം (റുത്വബ്) കഴിക്കാൻ ആഗ്രഹിക്കുകയും എന്നാൽ കയ്യിൽ പണമില്ലാതെ ഉണങ്ങിയ പഴം മാത്രം ഉണ്ടാവുകയും ചെയ്യുന്ന പാവപ്പെട്ടവർക്ക് വേണ്ടിയാണ് ഈ ഇളവ്. അഞ്ച് 'വസ്ഖ്' (ഒരു വസ്ഖ് എന്നാൽ 60 സ്വാഅ്) വരെയുള്ള അളവിൽ ഇപ്രകാരം കച്ചവടം ചെയ്യാൻ നബി صلى الله عليه وسلم അനുവാദം നൽകിയിട്ടുണ്ട്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മുഖാബറ, മുഹാഖല, മുസാബന (المخابرة، والمحاقلة، والمزابنة) എന്നീ ഇടപാടുകൾ നിരോധിക്കപ്പെട്ടിരിക്കുന്നു.

2- ആവശ്യക്കാർക്ക് വേണ്ടിയുള്ള പ്രത്യേക ഇളവായി 'അരായ' (العرايا) എന്ന കച്ചവടത്തെ മുസാബനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

3- പകരമായി നൽകുന്ന രണ്ട് വസ്തുക്കളും ഒരേ അളവിലാണോ എന്നതിലുള്ള അറിവില്ലായ്മ (അനിശ്ചിതത്വം) കാരണമാണ് ഈ കച്ചവടങ്ങൾ വിലക്കിയത്. ഇത്തരം അറിവില്ലായ്മ നമ്മെ പലിശയിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്.

4- ഒരേ വർഗ്ഗത്തിൽപ്പെട്ട, പലിശ നിയമങ്ങൾ ബാധകമായ രണ്ട് വസ്തുക്കൾ തമ്മിൽ വിൽക്കുമ്പോൾ അവയുടെ അളവിൽ വ്യത്യാസമുണ്ടെന്ന്  ഉറപ്പാണെങ്കിൽ അത് നിഷിദ്ധമാണെന്ന് ഇതിൽ നിന്ന് കൂടുതൽ വ്യക്തമാകുന്നു.

5- പഴങ്ങൾ പാകമാകുന്നതിന് മുൻപ് അവ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു; കാരണം ആ ഘട്ടത്തിൽ അവ നാശങ്ങളിൽ (രോഗങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ) നിന്ന് സുരക്ഷിതമല്ല.

6- 'അരായ' എന്ന കച്ചവടത്തിൽ നബി صلى الله عليه وسلم ഇളവ് നൽകി. കാരണം, പഴുത്ത ഈന്തപ്പഴത്തിന്‍റെ (റുത്വബ്) സീസണിൽ പാവപ്പെട്ടവരുടെ കയ്യിൽ അത് വാങ്ങാൻ പണമുണ്ടാവില്ല. എന്നാൽ അവരുടെ പക്കൽ ഉണങ്ങിയ ഈന്തപ്പഴം ഉണ്ടാവുകയും അത് നൽകി പഴുത്ത പഴം വാങ്ങാൻ അവർ ആഗ്രഹിക്കുകയും ചെയ്താൽ ഏകദേശ അളവ് നിശ്ചയിച്ച് അത് വാങ്ങാവുന്നതാണ്. മറ്റ് ഹദീസുകളിൽ വന്നത് പ്രകാരം ഇത് അഞ്ച് 'വസ്ഖിന്' (ഏകദേശം 6 കിന്റലിനു) താഴെയുള്ള അളവിൽ മാത്രമേ അനുവദനീയമാവുകയുള്ളൂ.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...