عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
പണയം
بابُ الرَّهْنِ وغيرِهِ
അധ്യായം: പണയം, മറ്റു വിനിമയങ്ങൾ
285 - عَنْ عَائِشَةَ رضي الله عنها (أَنَّ
رَسُولَ اللَّهِ صلى الله عليه وسلم اشْتَرَى مِنْ يَهُودِيٍّ طَعَاماً،
وَرَهَنَهُ دِرْعاً مِنْ حَدِيدٍ) .
ആഇശ رضي الله عنها നിവേദനം ചെയ്യുന്നു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഒരു ജൂതനിൽ നിന്ന് ഭക്ഷണസാധനം വാങ്ങുകയും, തന്‍റെ ഇരുമ്പ് പടയങ്കി അദ്ദേഹത്തിന് പണയമായി (ഈടായി) നൽകുകയും ചെയ്തു."
വിവരണം
കടം വീട്ടാൻ കഴിയാതെ വന്നാൽ കടത്തിന് ഈടായി നൽകുന്ന ധനത്തിനാണ് പണയം (الرَّهْنِ) എന്ന് പറയുന്നത്. ഇത് ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ടും പണ്ഡിത ഏകോപനം (ഇജ്മാഅ്) കൊണ്ടും അനുവദനീയമായ കാര്യമാണ്.
നബി صلى الله عليه وسلم ദുന്‍യാവിൽ ഏറ്റവും കൂടുതൽ ഭൗതിക വിരക്തിയുള്ള വ്യക്തിയായിരുന്നു. ലഭിക്കുന്ന കുറഞ്ഞ കാര്യങ്ങളിൽ അവിടുന്ന് സംതൃപ്തനായിരുന്നു. അല്ലാഹു തനിക്ക് നൽകുന്ന സമ്പത്തെല്ലാം ദരിദ്രർക്കും ആവശ്യക്കാർക്കുമായി അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അവിടുന്ന് ചെലവഴിക്കുമായിരുന്നു.
ഈ ഹദീസിൽ ആഇശ رضي الله عنها വിവരിക്കുന്നത് ഇപ്രകാരമാണ്: ഒരിക്കല്‍ നബി صلى الله عليه وسلم ഒരു ജൂതനിൽ നിന്ന് ബാർലി വാങ്ങുകയും പിന്നീട് പണം നൽകാമെന്ന് പറയുകയും ഇതിന് ഈടായി (പണയമായി) യുദ്ധങ്ങളിൽ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന തന്‍റെ ഇരുമ്പ് പടയങ്കി അദ്ദേഹത്തിന്‍റെ അടുക്കൽ പണയം വെക്കുകയും ചെയ്തു. അവിടുത്തെ വീട്ടിൽ ആ സമയത്ത് ഭക്ഷണമായി ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഇതിന് കാരണം.
നബി صلى الله عليه وسلم ഇപ്രകാരം പറയുന്നത് അനസ് رضي الله عنه കേട്ടിട്ടുണ്ട്: "മുഹമ്മദിന്‍റെ കുടുംബത്തിൽ ഒരു സ്വാഅ് ഗോതമ്പോ ധാന്യമോ വൈകുന്നേരമായിട്ടും ബാക്കിയില്ല."
അനസ് رضي الله عنه പറഞ്ഞു: "ആ സമയത്ത് അവിടുത്തേക്ക് ഒമ്പത് ഭാര്യമാരുണ്ടായിരുന്നു." അതായത്, ഭക്ഷണത്തിന് ഏറെ ആവശ്യമുള്ള സന്ദര്‍ഭത്തിലാണ് നബി صلى الله عليه وسلم കടം വാങ്ങുന്നതിനും പടയങ്കി പണയം വെക്കുന്നതിനും തയ്യാറായത്.
ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി رحمه الله ഈ ഹദീസിനെക്കുറിച്ച് വിവരിക്കുന്നു: "ഇടപാട് നടത്തുന്ന വസ്തു നിഷിദ്ധമാണെന്ന് ഉറപ്പില്ലാത്ത കാലത്തോളം അവിശ്വാസികളുമായി ഇടപാടുകൾ നടത്തുന്നത് അനുവദനീയമാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അവർക്കിടയിലുള്ള വിശ്വാസപരമായ തകരാറുകളോ അവരുടെ പരസ്പരമുള്ള വിനിമയങ്ങളോ നാം പരിഗണിക്കേണ്ടതില്ല. സമ്പാദ്യത്തിൽ അധികവും ഹറാമായവരുമായി ഇടപാട് നടത്താമെന്നതും ഇതിൽ നിന്ന് വേർതിരിച്ചെടുക്കാം. യുദ്ധം ചെയ്യുന്ന ശത്രു (ഹർബി) അല്ലാത്ത കാലത്തോളം അവിശ്വാസികൾക്ക് ആയുധം വിൽക്കുന്നതും പണയം വെക്കുന്നതും വാടകക്ക് നൽകുന്നതും അനുവദനീയമാണ്. അമുസ്‌ലിംകളായ പ്രജകളുടെ (അഹ്‌ലുദ്ദിമ്മ) കൈവശമുള്ള സ്വത്തുക്കളിലുള്ള അവരുടെ ഉടമസ്ഥാവകാശം സ്ഥിരപ്പെട്ടതാണെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. പണം പിന്നീട് നൽകാമെന്ന വ്യവസ്ഥയിൽ (അവധി നിശ്ചയിച്ച്) സാധനങ്ങൾ വാങ്ങുന്നതും, പടയങ്കികളും യുദ്ധസാമഗ്രികളും (ഇതിന്) സ്വീകരിക്കുന്നതും അനുവദനീയമാണ്. ഇവയൊന്നും തവക്കുലിന് (അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിന്) വിരുദ്ധമല്ല..........
ലഭ്യമായതിലൊക്കെയും കഴിവുണ്ടായിട്ടും നബി صلى الله عليه وسلم കാണിച്ച വിനയം, ലൗകിക സുഖങ്ങളോടുള്ള വിരക്തി, മിതത്വം എന്നിവ ഇതിൽ ദൃശ്യമാണ്. തന്‍റെ പടയങ്കി പണയം വെക്കേണ്ടി വരുന്നത് വരെ സമ്പാദ്യമൊന്നും കരുതിവെക്കാതെ അവിടുന്ന് കാണിച്ച ഔദാര്യവും, പ്രയാസകരമായ ജീവിതസാഹചര്യങ്ങളിലെ ക്ഷമയും, ലളിതമായതിലെ സംതൃപ്തിയും ഇതിൽ പ്രകടമാണ്. അവിടുത്തോടൊപ്പം ഈ പ്രയാസങ്ങൾ ക്ഷമയോടെ സഹിച്ച ഭാര്യമാരുടെ ശ്രേഷ്ഠതയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ മറ്റു പല പാഠങ്ങളും ഇതിലുണ്ട്.
പണ്ഡിതന്മാർ പറഞ്ഞു: ഐശ്വര്യവാന്മാരായ സ്വഹാബികളുമായി ഇടപാട് നടത്താതെ നബി صلى الله عليه وسلم ഒരു ജൂതനെ തിരഞ്ഞെടുത്തതിലെ യുക്തി ഇതാണ്; ഒന്നുകിൽ ഇത് അനുവദനീയമാണെന്ന് വ്യക്തമാക്കിത്തരാൻ, അല്ലെങ്കിൽ അവരുടെ പക്കൽ അന്ന് സ്വന്തം ആവശ്യത്തിന് കഴിഞ്ഞ് അധികമായ ഭക്ഷണം ഇല്ലാതിരുന്നതുകൊണ്ട്, അതുമല്ലെങ്കിൽ അവിടുത്തെ കയ്യിൽ നിന്ന് അവർ വിലയോ പകരമോ വാങ്ങില്ലെന്ന് അവിടുന്ന് ഭയപ്പെട്ടതുകൊണ്ടും അവരെ പ്രയാസപ്പെടുത്താൻ ആഗ്രഹിക്കാത്തതുകൊണ്ടും ആയിരിക്കാം. കാരണം അന്നത്തെ സ്വഹാബികളിൽ അത്രയും നൽകാൻ കഴിവുള്ളവർ ഇല്ല എന്ന് പറയാൻ കഴിയില്ല. ഒരുപക്ഷേ നബി صلى الله عليه وسلم അവരെ ഈ വിവരം അറിയിച്ചിട്ടുണ്ടാകില്ല. ഈ വിവരം റിപ്പോർട്ട് ചെയ്തവരും ആ സമയത്ത് സാമ്പത്തിക ശേഷിയുള്ളവർ ആയിരുന്നില്ല. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ." (ഫത്ഹുല്‍ ബാരി 5/141-142)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment