ഫോളോ ചെയ്യാം

Wednesday, 15 April 2026

541 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 281 دروس الحديث - സ്വര്‍ണ്ണവും വെള്ളിയും വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

 

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


സ്വര്‍ണ്ണവും വെള്ളിയും വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് 


 281 - عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: (لا تَبِيعُوا الذَّهَبَ بِالذَّهَبِ إلاَّ مِثْلاً بِمِثْلٍ. وَلا تُشِفُّوا بَعْضَهَا عَلَى بَعْضٍ. وَلا تَبِيعُوا الْوَرِقَ بِالْوَرِقِ إلاَّ مِثْلاًّ بِمِثْلٍ. وَلا تُشِفُّوا بَعْضَهَا عَلَى بَعْضٍ. وَلا تَبِيعُوا مِنْهَا غَائِباً بِنَاجِزٍ) .

وَفِي لَفْظٍ ((إلاَّ يَداً بِيَدٍ)) .

وَفِي لَفْظٍ ((إلاَّ وَزْناً بِوَزْنٍ، مِثْلاً بِمِثْلٍ سَوَاءً بِسَوَاءٍ)) .

അബൂ സഈദ് അൽ ഖുദ്‌രി رضي الله عنه നിവേദനം ചെയ്യുന്നു, അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ സ്വർണ്ണത്തിന് പകരമായി സ്വർണ്ണം വിൽക്കരുത്; തുല്യത്തിന് തുല്യമായിട്ടല്ലാതെ. അവയിൽ ചിലതിനെ മറ്റുള്ളവയെക്കാൾ വർദ്ധിപ്പിക്കുകയും (കൂട്ടുകയും) ചെയ്യരുത്. വെള്ളിക്ക് പകരമായി വെള്ളി വിൽക്കരുത്; തുല്യത്തിന് തുല്യമായിട്ടല്ലാതെ. അവയിൽ ചിലതിനെ മറ്റുള്ളവയെക്കാൾ വർദ്ധിപ്പിക്കുകയും ചെയ്യരുത്. അവയിൽ ഹാജരില്ലാത്തതിനെ ഹാജറുള്ളതിന് (നേരിട്ടുള്ളതിന്) പകരമായി വിൽക്കരുത്."

മറ്റൊരു നിവേദനത്തിൽ: "കൈക്കു കൈയായി (നേരിട്ട്) അല്ലാതെ." എന്ന് വന്നിട്ടുണ്ട്. 

വേറൊരു നിവേദനത്തിൽ: "തൂക്കത്തിന് തൂക്കം, തുല്യത്തിന് തുല്യം, ഒരുപോലെ (സമമായി) അല്ലാതെ" എന്നും വന്നിട്ടുണ്ട്.

  • لا تُشِفُّوا بَعْضَهَا عَلَى بَعْضٍ: അവയിൽ ഒന്നിനെ മറ്റൊന്നിനേക്കാൾ കൂടുതൽ ആക്കരുത് (അളവ് കൂട്ടരുത്).

വിവരണം

   അല്ലാഹു തന്‍റെ അടിമകള്‍ക്ക് കച്ചവടവും വാങ്ങലും അനുവദനീയമാക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: {അല്ലാഹു കച്ചവടം അനുവദനീയമാക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു} [അൽ-ബഖറ: 275].

    ഈ ഹദീസിൽ നബി صلى الله عليه وسلم സ്വർണ്ണം, വെള്ളി എന്നിവയിലെ പലിശയുടെ രൂപങ്ങളെ നിരോധിക്കുകയും, ഹറാമിൽ വീഴാതെ അവ വാങ്ങാനും വിൽക്കാനുമുള്ള രീതികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. അവിടുന്ന് പറഞ്ഞു: "നിങ്ങൾ സ്വർണ്ണത്തിന് പകരമായി സ്വർണ്ണം വിൽക്കരുത്; (അത്) തുല്യത്തിന് തുല്യമായിട്ടല്ലാതെ." അതായത്, വർദ്ധനവോ വ്യത്യാസമോ ഇല്ലാതെ. "അവയിൽ ചിലതിനെ മറ്റുള്ളവയെക്കാൾ വർദ്ധിപ്പിക്കുകയും ചെയ്യരുത്." അതായത്, കൈമാറ്റം ചെയ്യുന്ന രണ്ട് വസ്തുക്കളിൽ ഒന്നിനെ മറ്റൊന്നിനേക്കാൾ കൂട്ടരുത്. ഉദാഹരണത്തിന് 20 ഗ്രാം സ്വർണ്ണം 30 ഗ്രാം സ്വർണ്ണത്തിന് പകരമായി വിൽക്കാൻ പാടില്ല; അത്തരം എല്ലാ വർദ്ധനവും പലിശയാണ്. വെള്ളിയുടെ കാര്യത്തിലും ഇത് തന്നെയാണ് നിയമം. 

  തുടർന്ന് അവിടുന്ന് പറഞ്ഞു: "അവയിൽ ഹാജരില്ലാത്തതിനെ ഹാജറുള്ളതിന് പകരമായി വിൽക്കരുത്." അതായത്, അവിടെയില്ലാത്തതും അവധി നിശ്ചയിച്ചതുമായ ഒന്നിനെ നേരിട്ടുള്ള പണത്തിന് പകരമായി വിൽക്കരുത്.

  സ്വര്‍ണ്ണവും വെള്ളിയും പോലെ ഇതേ സ്വഭാവമുള്ള എല്ലാ വസ്തുക്കളെയും ഇതിനോട് ചേർത്ത് മനസ്സിലാക്കാവുന്നതാണ്. സ്വർണ്ണത്തിലും വെള്ളിയിലും ഉള്ള പൊതുസ്വഭാവം അവ 'മൂല്യം' ആണ് എന്നതാണ്. അതിനാൽ വസ്തുക്കളുടെ മൂല്യമായി കണക്കാക്കപ്പെടുന്നവക്കെല്ലാം സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും അതേ വിധി തന്നെയാണ് ബാധകമാവുക. ആധുനിക കാലത്തെ പേപ്പർ കറൻസികൾ ഇതിന് ഉദാഹരണമാണ്.

  ഒരേ വർഗ്ഗത്തിലുള്ള വസ്തുക്കൾ തമ്മിൽ വിൽക്കുമ്പോൾ (ഉദാ: സ്വർണ്ണത്തിന് പകരം സ്വർണ്ണം) അവ അളവിൽ തുല്യമായിരിക്കണമെന്നും ഇടപാട് നടക്കുന്ന സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം ചെയ്യണമെന്നും നിബന്ധനയുണ്ട്. എന്നാൽ വർഗ്ഗങ്ങൾ വ്യത്യാസപ്പെടുകയും പൊതുസ്വഭാവം (മൂല്യം) ഒന്നായിരിക്കുകയും ചെയ്താൽ - ഉദാഹരണത്തിന് സ്വർണ്ണം നൽകി വെള്ളി വാങ്ങുക - അളവിൽ തുല്യത നിർബന്ധമില്ല, പക്ഷേ ഇടപാട് നടക്കുന്ന സഭയിൽ വെച്ച് തന്നെ കൈമാറ്റം നടക്കൽ നിർബന്ധമാണ്. സ്വഹീഹ് മുസ്‌ലിമിലെ നബി صلى الله عليه وسلم യുടെ വചനം ഇതിന് തെളിവാണ്: "ഈ വർഗ്ഗങ്ങൾ വ്യത്യാസപ്പെട്ടാൽ, നേരിട്ട് (കൈക്കു കൈയായി) ആണെങ്കിൽ നിങ്ങൾ ഇഷ്ടമുള്ളതുപോലെ വിറ്റുകൊള്ളുക."

    പഴയ സ്വർണ്ണം പുതിയതിന് പകരമായി പണിക്കൂലി കണക്കാക്കി കൂടുതൽ പണം നൽകി വിൽക്കുന്നത് അനുവദനീയമല്ല. മറിച്ച്, തൂക്കത്തിന് തൂക്കം കൃത്യമായി സമമായി മാത്രമേ സ്വർണ്ണത്തിന് പകരം സ്വർണ്ണം വിൽക്കാൻ പാടുള്ളൂ. പുതിയ സ്വർണ്ണത്തിന്‍റെ ഉടമ (കടക്കാരൻ) അതിന് തയ്യാറല്ലെങ്കിൽ, അദ്ദേഹം പഴയ സ്വർണ്ണം സ്വതന്ത്രമായ ഒരു വിലക്ക് വാങ്ങണം. ആ വില അദ്ദേഹം സ്വർണ്ണ ഉടമക്ക് നൽകണം. അതിനുശേഷം സ്വർണ്ണ ഉടമ ആ പണം കൊണ്ട് പുതിയ സ്വർണ്ണം മറ്റൊരു കച്ചവടമായി വാങ്ങണം.

    എന്നാൽ പണിക്കൂലിയുടെ പേരിലോ മറ്റെന്തിന്‍റെ പേരിലോ സ്വർണ്ണത്തിന് പകരം സ്വർണ്ണം നൽകുമ്പോൾ പണം അധികം നൽകുന്നത് അനുവദനീയമല്ല. സ്വർണ്ണം പഴയതായാലും പുതിയതായാലും, ഗുണമേന്മ കുറഞ്ഞതായാലും കൂടിയതായാലും നബി صلى الله عليه وسلم ഇവ തമ്മിൽ വ്യത്യാസം കല്പിച്ചിട്ടില്ല. നബി صلى الله عليه وسلم പറഞ്ഞു: "സ്വർണ്ണത്തിന് പകരം സ്വർണ്ണം തുല്യത്തിന് തുല്യമായി നേരിട്ട് കൈമാറണം. ആരെങ്കിലും കൂടുതൽ നൽകുകയോ ആവശ്യപ്പെടുകയോ ചെയ്താൽ അത് പലിശയാണ്." ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള അനുവദനീയമായ മാർഗ്ഗം, പഴയ സ്വർണ്ണം മറ്റൊരാൾക്കോ അല്ലെങ്കിൽ അതേ കടക്കാരനോ തന്നെ നിശ്ചിത വിലക്ക് വിൽക്കുക എന്നതാണ്. ആ പണം കയ്യിൽ കിട്ടിയ ശേഷം അത് ഉപയോഗിച്ച് പുതിയ സ്വർണ്ണം വാങ്ങുകയും ബാക്കി പണം സ്വന്തം കയ്യിൽ നിന്ന് നൽകുകയും ചെയ്യാം.

  ഇപ്പോൾ നടക്കുന്നത്, കടക്കാരൻ പഴയ സ്വർണ്ണത്തിന്‍റെ വില നിശ്ചയിക്കുന്നു, എന്നിട്ട് പുതിയ സ്വർണ്ണത്തിന്‍റെ വിലയിൽ നിന്ന് അത് കുറച്ച് ബാക്കി തുക വാങ്ങുന്നു. ഇത് പാടില്ല, അത് ശരിയല്ല. കച്ചവടം സ്വതന്ത്രമായിരിക്കണം. സ്വർണ്ണത്തിന് പകരം സ്വർണ്ണം നൽകുമ്പോൾ അത് തൂക്കത്തിൽ ഒരുപോലെ ആയിരിക്കണം.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സ്വർണ്ണത്തിന് പകരം സ്വർണ്ണം, വെള്ളിക്ക് പകരം വെള്ളി വില്‍ക്കല്‍: വെള്ളിക്ക് പകരമായി വെള്ളിയോ സ്വർണ്ണത്തിന് പകരമായി സ്വർണ്ണമോ വിൽക്കുമ്പോൾ അവ അളവിൽ തുല്യമായിരിക്കൽ നിർബന്ധമാണ്. അവയിലൊന്ന് ആഭരണമാണെങ്കിൽ പോലും (ഹദീസിന്‍റെ പൊതുവായ താല്പര്യം അനുസരിച്ച്) അളവിൽ മാറ്റം വരുത്താൻ പാടില്ല. ആഭരണം നിർമ്മിക്കാനെടുത്ത പണിക്കൂലി ഇതിൽ കണക്കിലെടുക്കില്ല; തൂക്കം കൃത്യമായിരിക്കണം. ഇതിൽ ചെറിയ വർദ്ധനവ് വരുത്തുന്നത് പോലും പലിശയായി കണക്കാക്കപ്പെടുന്നു.

2- സ്വർണ്ണവും വെള്ളിയും തമ്മിലുള്ള വിനിമയ നിയമം: വെള്ളി സ്വർണ്ണത്തിന് പകരമായോ തിരിച്ചോ വിൽക്കുന്നത് അനുവദനീയമാണ്. അവയുടെ അളവിൽ വ്യത്യാസമുണ്ടെങ്കിൽ പോലും (ഉദാഹരണത്തിന് സ്വർണ്ണത്തിന്‍റെ വിലക്ക് അനുസരിച്ച് കൂടുതൽ തൂക്കം വെള്ളി നൽകാം). എന്നാൽ, ഇടപാട് നടക്കുന്ന സഭയിൽ വെച്ച് തന്നെ അവ നേരിട്ട് കൈമാറണം എന്നത് നിർബന്ധമാണ്.

3- സ്വർണ്ണത്തിനും വെള്ളിക്കും പകരമായി ഇന്ന് നാം ഉപയോഗിക്കുന്ന പേപ്പർ കറൻസികൾക്കും (രൂപ, റിയാൽ, ഡോളർ തുടങ്ങിയവ) ഇതേ നിയമം തന്നെയാണ് ബാധകമാവുക. കറൻസികൾ വിനിമയം ചെയ്യുമ്പോൾ (ഉദാഹരണത്തിന് രൂപ നൽകി റിയാൽ വാങ്ങുമ്പോൾ) അത് അപ്പപ്പോൾ തന്നെ കൈമാറേണ്ടതാണ്.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...