ഫോളോ ചെയ്യാം

Saturday, 18 April 2026

544 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 284 دروس الحديث - സ്വര്‍ണ്ണം വെള്ളി പോലെയുള്ളവയിലെ വിനിമയങ്ങളിലെ നിബന്ധനകള്‍

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

സ്വര്‍ണ്ണം വെള്ളി പോലെയുള്ളവയിലെ

വിനിമയങ്ങളിലെ നിബന്ധനകള്‍

284 - عَنْ أَبِي بَكْرَةَ رضي الله عنه قَالَ: (نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ الْفِضَّةِ بِالْفِضَّةِ، وَالذَّهَبِ بِالذَّهَبِ، إلاَّ سَوَاءً بِسَوَاءٍ، وَأَمَرَنَا: أَنْ نَشْتَرِيَ الْفِضَّةَ بِالذَّهَبِ، كَيْفَ شِئْنَا. وَنَشْتَرِيَ الذَّهَبَ بِالْفِضَّةِ كَيْفَ شِئْنَا. قَالَ: فَسَأَلَهُ رَجُلٌ فَقَالَ: يَدًا بِيَدٍ؟ فَقَالَ: هَكَذَا سَمِعْتُ) .

 അബൂ ബക്‌റ رضي الله عنه നിവേദനം ചെയ്യുന്നു: "വെള്ളി വെള്ളിക്ക് പകരമായും സ്വർണ്ണം സ്വർണ്ണത്തിന് പകരമായും അവ തുല്യ അളവിൽ (സമമായി) ആയിട്ടല്ലാതെ വിൽക്കുന്നത് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم നിരോധിച്ചു; . വെള്ളി സ്വർണ്ണത്തിന് പകരമായും സ്വർണ്ണം വെള്ളിക്ക് പകരമായും നമുക്ക് ഇഷ്ടമുള്ളതുപോലെ (അളവിൽ വ്യത്യാസപ്പെട്ട്) വാങ്ങാൻ അവിടുന്ന് കൽപ്പിച്ചു." അബൂ ബക്‌റ رضي الله عنه പറയുന്നു: അപ്പോൾ ഒരാൾ ചോദിച്ചു: "കൈമാറ്റം നേരിട്ടാവണമെന്ന നിബന്ധനയുണ്ടോ?". അദ്ദേഹം മറുപടി പറഞ്ഞു: "അപ്രകാരമാണ് ഞാൻ കേട്ടിട്ടുള്ളത്."


വിവരണം

  നബി صلى الله عليه وسلم സ്വർണ്ണത്തിലും വെള്ളിയിലുമുള്ള പലിശയുടെ രൂപങ്ങളെ നിരോധിക്കുകയും, നിഷിദ്ധമായതിൽ വീഴാതെ അവ വാങ്ങുകയും വിൽക്കുകയും ചെയ്യേണ്ട രീതികൾ കാണിച്ചുതരികയും ചെയ്തു. അവിടുന്ന് പറഞ്ഞു: "നിങ്ങൾ സ്വർണ്ണം സ്വർണ്ണത്തിന് പകരമായി വിൽക്കരുത്, അവ തുല്യമായിട്ടല്ലാതെ." അതായത്, തൂക്കത്തിൽ അവ സമമായിരിക്കണം. വെള്ളിയുടെ കാര്യത്തിലും വിധി ഇതുതന്നെയാണ്.

 മുമ്പ് സൂചിപ്പിച്ച പോലെ വസ്തുക്കളുടെ മൂല്യമായി കണക്കാക്കപ്പെടുന്നവക്കെല്ലാം ഇതേ വിധി ബാധകമാകും. വിനിമയങ്ങളിൽ പലിശ കടന്നുവരാൻ സാധ്യതയുള്ള ആധുനിക പേപ്പർ കറൻസികൾ ഇതിന് ഉദാഹരണമാണ്.

    കൂടാതെ, ഇടപാട് നടക്കുന്ന സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം നടക്കൽ നിബന്ധനയാണ്. അതിലൊന്ന് വൈകിപ്പിക്കുന്നത് അനുവദനീയമല്ല. കച്ചവട കരാര്‍ നടത്തുന്ന സദസ്സില്‍ നിന്ന് പിരിയുന്നതിന് മുമ്പ് തന്നെ അവ പരസ്പരം കൈമാറണം.

   എന്നാൽ വർഗ്ഗങ്ങൾ മാറുകയാണെങ്കിൽ - ഉദാഹരണത്തിന് സ്വർണ്ണം വെള്ളിക്ക് പകരം വിൽക്കുക - അളവിൽ വ്യത്യാസം വരുന്നത്  അനുവദനീയമാണ്. നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ സ്വർണ്ണം വെള്ളിക്ക് പകരമായും വെള്ളി സ്വർണ്ണത്തിന് പകരമായും നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വിൽക്കുക." അതായത്, അളവിൽ വ്യത്യാസമുണ്ടാകുന്നതിൽ കുഴപ്പമില്ല. പക്ഷേ, അപ്പോഴും അത് അവധി നിശ്ചയിച്ചുള്ളതാകാൻ പാടില്ല എന്ന നിബന്ധനയുണ്ട്. കൈമാറ്റം ആ സദസ്സില്‍ വെച്ച് തന്നെ നടക്കണം. സ്വഹീഹ് മുസ്‌ലിമിൽ വന്ന ഹദീസ് ഇപ്രകാരമാണ്: "ഈ ഇനങ്ങൾ വ്യത്യസ്തമായാൽ, അത് നേരിട്ടുള്ള കൈമാറ്റമാണെങ്കിൽ നിങ്ങൾ ഇഷ്ടമുള്ളതുപോലെ വിറ്റുകൊള്ളുക." ബുഖാരിയിലുള്ള റിപ്പോർട്ടിൽ ഇങ്ങനെയുണ്ട്: "നിലവിലില്ലാത്ത (പിന്നീട് നൽകാം എന്ന് പറയുന്ന) ഒന്നിന് പകരം നിലവിലുള്ളതിനെ നിങ്ങൾ വിൽക്കരുത്." 

ചുരുക്കത്തില്‍: സ്വർണ്ണം സ്വർണ്ണത്തിന് പകരമായും വെള്ളി വെള്ളിക്ക് പകരമായും അളവിൽ വ്യത്യാസപ്പെടുത്തി (ഒന്ന് മറ്റൊന്നിനേക്കാൾ കൂട്ടി) വിൽക്കുന്നത് പലിശയായതിനാൽ, അവ രണ്ടും തൂക്കത്തിൽ കൃത്യം സമമാകാത്ത പക്ഷം നബി صلى الله عليه وسلم അത് നിരോധിച്ചു. എന്നാൽ സ്വർണ്ണം വെള്ളിക്ക് പകരമായോ വെള്ളി സ്വർണ്ണത്തിന് പകരമായോ വിൽക്കുന്നതിൽ വിരോധമില്ല; അവയുടെ അളവിൽ വ്യത്യാസമുണ്ടെങ്കിലും. എങ്കിലും അത്തരം ഇടപാടുകൾ ശരിയാകണമെങ്കിൽ കരാർ നടക്കുന്ന സദസ്സില്‍ വെച്ച് തന്നെ അവ നേരിട്ട് കൈമാറേണ്ടത് നിബന്ധനയാണ്. അല്ലാത്തപക്ഷം അത് നിഷിദ്ധമായ 'ربا النسيئة' (അവധി നിശ്ചയിച്ചുള്ള പലിശ) ആയി മാറും. കാരണം, വർഗ്ഗങ്ങൾ മാറിയപ്പോൾ അളവിൽ വ്യത്യാസം വരുത്തുന്നത് അനുവദനീയമായെങ്കിലും, പലിശയുടെ പൊതുസ്വഭാവം  രണ്ടിലും ഉള്ളതുകൊണ്ട് സദസ്സില്‍ വെച്ച് തന്നെ കൈമാറണം എന്ന നിബന്ധന ബാക്കിനിൽക്കുന്നു.


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- പലിശ ബാധകമായ ഒരേ വർഗ്ഗത്തിൽപ്പെട്ട വസ്തുക്കൾ (സ്വർണ്ണത്തിന് പകരം സ്വർണ്ണം, വെള്ളിക്ക് പകരം വെള്ളി) അളവിൽ വ്യത്യാസപ്പെടുത്തി വിൽക്കുന്നത് നിഷിദ്ധമാണ്. കാരണം പകരമായി നൽകുന്നതും വാങ്ങുന്നതും ഒരേ വർഗ്ഗത്തിലാണ് വരുന്നത്.

2- സ്വർണ്ണം സ്വർണ്ണത്തിന് പകരമായും വെള്ളി വെള്ളിക്ക് പകരമായും വിൽക്കുന്നത് രണ്ട് നിബന്ധനകളോടെ അനുവദനീയമാണ്: 
  • ഒന്ന്: അളവിലെ കൃത്യത (രണ്ടും തുല്യമായിരിക്കണം). 
  • രണ്ട്: കരാർ നടക്കുന്ന സദസ്സില്‍ വെച്ച് തന്നെ നേരിട്ടുള്ള കൈമാറ്റം. സ്വർണ്ണത്തിലും വെള്ളിയിലും പറയുന്ന ഈ നിയമം പലിശ ബാധകമായ മറ്റ് വസ്തുക്കൾ (ഉദാഹരണത്തിന് ഗോതമ്പ് ഗോതമ്പിന് പകരം വിൽക്കുമ്പോൾ) തമ്മിൽ വിൽക്കുമ്പോഴും ബാധകമാണ്.
2- സ്വർണ്ണം വെള്ളിക്ക് പകരമായോ തിരിച്ചോ അളവിൽ വ്യത്യാസപ്പെടുത്തി വിൽക്കാവുന്നതാണ്; കാരണം അവ രണ്ടും വ്യത്യസ്ത വർഗ്ഗങ്ങളാണ്. എന്നാൽ അവിടെയും കച്ചവടം നടത്തുന്ന സദസ്സില്‍ വെച്ച് തന്നെ നേരിട്ട് കൈമാറണം എന്ന നിബന്ധനയുണ്ട്. പലിശ ബാധകമായ ഒരു വസ്തു മറ്റൊരു വർഗ്ഗത്തിൽപ്പെട്ട വസ്തുവിന് പകരം വിൽക്കുമ്പോഴും ഇതേ നിയമം ബാധകമാണ്; അളവിൽ വ്യത്യാസമാകാമെങ്കിലും കൈമാറ്റം ഉടൻ നടക്കണം.

3- സ്വർണ്ണവും വെള്ളിയും തമ്മിലുള്ള വിനിമയത്തിൽ കരാർ വെക്കുന്ന സദസ്സില്‍ വെച്ച് തന്നെ പരസ്പരം കൈമാറേണ്ടത് നിർബന്ധമാണ്. കൈമാറ്റത്തിന് മുമ്പ് അവർ പിരിഞ്ഞുപോയാൽ ആ കരാർ അസാധുവാകും; കാരണം പലിശയുണ്ടാകാൻ കാരണമാകുന്ന പൊതുസ്വഭാവം  രണ്ടിലുമുണ്ട്. അതുപോലെ പലിശ ബാധകമായതും ഒരേ സ്വഭാവമുള്ളതുമായ (അളക്കാവുന്നതോ തൂക്കാവുന്നതോ ആയ ഭക്ഷണസാധനങ്ങൾ) മറ്റ് വസ്തുക്കൾ തമ്മിൽ വിൽക്കുമ്പോഴും സഭയിൽ വെച്ച് തന്നെ കൈമാറ്റം നടക്കൽ നിർബന്ധമാണ്.

4- അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പണ്ഡിതന്മാരോട് ചോദിച്ചു മനസ്സിലാക്കുന്നതിന്‍റെ പ്രാധാന്യം ഈ ഹദീസ് വ്യക്തമാക്കുന്നു. സദസ്സിലുണ്ടായിരുന്ന ഒരാൾ 'നേരിട്ടുള്ള കൈമാറ്റം വേണോ' എന്ന് ചോദിച്ചപ്പോൾ സ്വഹാബി അത് സ്ഥിരീകരിച്ചു നൽകിയത് ഇതിന് ഉദാഹരണമാണ്.

5- താൻ നബി صلى الله عليه وسلم യിൽ നിന്ന് എങ്ങനെ കേട്ടുവോ അത് അപ്രകാരം തന്നെ കൈമാറുന്ന സ്വഹാബികളുടെ സത്യസന്ധതയും കൃത്യതയും ഇതിൽ വെളിപ്പെടുന്നു.

6- കച്ചവടങ്ങളിൽ പലിശ കടന്നുവരാൻ സാധ്യതയുള്ള എല്ലാ പഴുതുകളും ഇസ്‌ലാം അടച്ചിരിക്കുന്നു. ഇത് വിശ്വാസികളുടെ സമ്പാദ്യം പരിശുദ്ധമായിരിക്കാൻ സഹായിക്കുന്നു.

7- ഈ കാലഘട്ടത്തിലെ കറൻസികൾക്ക് (നോട്ടുകൾക്ക്) സ്വർണ്ണവും വെള്ളിയും തമ്മിലുള്ള വിനിമയത്തിന് ബാധകമായ അതേ നിയമങ്ങൾ തന്നെയാണ് ബാധകമാവുക. അതായത്, ഒരു കറൻസിക്ക് പകരമായി മറ്റൊരു കറൻസി (ഉദാഹരണത്തിന് ഇന്ത്യൻ രൂപ നൽകി സൗദി റിയാൽ വാങ്ങുമ്പോൾ) കൈമാറ്റം ചെയ്യുകയാണെങ്കിൽ ഇരുപക്ഷവും തൃപ്തിപ്പെടുന്ന രീതിയിൽ അളവിൽ വ്യത്യാസം വരുത്തുന്നത് അനുവദനീയമാണ്. എന്നാൽ അത്തരം ഇടപാടുകൾ ആ സഭയിൽ വെച്ച് തന്നെ നേരിട്ട് കൈമാറേണ്ടത് നിർബന്ധമാണ്. അല്ലാത്തപക്ഷം ആ കരാർ അസാധുവാകുകയും അത് നിഷിദ്ധമായ പലിശ ഇടപാടായി മാറുകയും ചെയ്യും.

8- പലിശ ഇടപാടുകൾ അനുവദനീയമല്ല. ഇരുവിഭാഗവും അതിൽ തൃപ്തരാണെങ്കിൽ പോലും അത്തരം കരാറുകൾ അസാധുവാണ് (ബാത്വിലാണ്). കാരണം, ഒരു വ്യക്തി തന്‍റെ അവകാശങ്ങൾ വിട്ടുകൊടുത്താൽ പോലും, വ്യക്തിയുടെയും സമൂഹത്തിന്‍റെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഇസ്‌ലാം ബാധ്യസ്ഥമാണ്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...