ഫോളോ ചെയ്യാം

Saturday, 25 April 2026

550 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 290 دروس الحديث - ദാനം തിരിച്ചു വാങ്ങുന്നതിന്‍റെ വിധി

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


ദാനം തിരിച്ചു വാങ്ങുന്നതിന്‍റെ വിധി

290 - عَنْ عُمَرَ رضي الله عنه قَالَ: (حَمَلْتُ عَلَى فَرَسٍ فِي سَبِيلِ اللَّهِ، فَأَضَاعَهُ الَّذِي كَانَ عِنْدَهُ، فَأَرَدْتُ أَنْ أَشْتَرِيَهُ، فَظَنَنْتُ أَنَّهُ يَبِيعُهُ بِرُخْصٍ. فَسَأَلْتُ النَّبِيَّ صلى الله عليه وسلم؟ فَقَالَ: لا تَشْتَرِهِ. وَلا تَعُدْ فِي صَدَقَتِكَ، وَإِنْ أَعْطَاكَهُ بِدِرْهَمٍ. فَإِنَّ الْعَائِدَ فِي هِبَتِهِ كَالْعَائِدِ فِي قَيْئِهِ) .

ഉമർ رضي الله عنه നിവേദനം ചെയ്യുന്നു:  "(ഒരിക്കൽ) ഞാൻ അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ (ജിഹാദിനായി) ഒരാൾക്ക് ഒരു കുതിരയെ നൽകി. എന്നാൽ അത് കൈവശം വെച്ചിരുന്ന ആൾ അതിനെ ശരിയായ രീതിയിൽ പരിചരിക്കാതെ നശിപ്പിച്ചു (അതുകാരണം അതിന്‍റെ വില കുറഞ്ഞു). അത് വിലകുറച്ച് വിൽക്കുമെന്ന് കരുതി ഞാൻ അതിനെ തിരിച്ചുവാങ്ങാൻ ആഗ്രഹിച്ചു. ഇക്കാര്യം ഞാൻ നബി صلى الله عليه وسلم യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: 'നീ അത് വാങ്ങരുത്. ഒരൊറ്റ ദിർഹമിനാണ് അയാൾ അത് നൽകുന്നതെങ്കിൽ പോലും നിന്‍റെ ദാനത്തിലേക്ക് നീ മടങ്ങരുത്. കാരണം, നൽകിയ ദാനം തിരിച്ചുവാങ്ങുന്നവൻ സ്വന്തം ഛർദ്ദി തിന്നുന്നവനെപ്പോലെയാണ്.'"

വിവരണം

  അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ടുള്ള ദാനം (സ്വദഖ) പുണ്യകർമ്മങ്ങളിൽ ഏറ്റവും ഉത്തമവും വലിയ പ്രതിഫലമുള്ളതുമാണ്. അതിനാൽ ദാനം നൽകുന്ന ആൾ അത് അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം മാത്രം പ്രതീക്ഷിച്ച് നൽകേണ്ടതും, പിന്നീട് ഒരിക്കലും ആ വസ്തുവിലേക്ക് കണ്ണുവെക്കാനോ അത് തന്‍റെ ഉടമസ്ഥതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കാനോ പാടില്ലാത്തതുമാണ്.

    ഉമറു ബ്നുല്‍ ഖത്താബ് رضي الله عنه അല്ലാഹുവിന്‍റെ മാർഗത്തിൽ പോരാടുന്നതിനായി ഒരാൾക്ക് ഒരു കുതിരയെ ദാനമായി നൽകി. എന്നാൽ ആ വ്യക്തി അതിന് കൃത്യമായ ഭക്ഷണവും വെള്ളവും നൽകാതെയും പരിചരിക്കാതെയും അതിനെ അവഗണിച്ചു. തൽഫലമായി ആ കുതിര മെലിഞ്ഞുണങ്ങി നശിക്കാൻ പോകുന്ന അവസ്ഥയിലായി. ആ കുതിരയെ അതിന്‍റെ ഉടമ കുറഞ്ഞ വിലക്ക് വിൽക്കുമെന്ന് മനസ്സിലാക്കിയ ഉമർ رضي الله عنه അതിനെ തിരിച്ചുവാങ്ങാൻ ആഗ്രഹിച്ചു.

    ഇക്കാര്യത്തിൽ ഉമർ رضي الله عنه നബി صلى الله عليه وسلم യോട് ഉപദേശം തേടിയപ്പോൾ അവിടുന്ന് അത് കർശനമായി വിലക്കി. ഒരൊറ്റ ദിർഹമിനാണ് അയാൾ അത് നൽകുന്നതെങ്കിൽ പോലും നീ അത് വാങ്ങരുത് എന്ന് അവിടുന്ന് പറഞ്ഞു. അതിന്‍റെ കാരണങ്ങൾ പണ്ഡിതന്മാർ ഇപ്രകാരം വിശദീകരിക്കുന്നു: അല്ലാഹുവിന് വേണ്ടി ഒരു വസ്തു നൽകിക്കഴിഞ്ഞാൽ പിന്നീട് നിന്‍റെ മനസ്സ് അതിൽ തൂങ്ങിക്കിടക്കരുത്. അത് നിന്‍റെ കൈയിൽ നിന്ന് പുറത്തുപോയതാണ്. നീ അത് വാങ്ങാൻ ചെല്ലുമ്പോൾ, നീ അത് ദാനമായി നൽകിയ ആളായതുകൊണ്ട് അയാൾ നിനക്ക് വില കുറച്ചു തന്നേക്കാം. അങ്ങനെ വരുമ്പോൾ ദാനം ചെയ്ത വസ്തുവിന്‍റെ ഒരു ഭാഗം വിലക്കുറവിലൂടെ നീ തിരിച്ചെടുക്കുന്നതിന് തുല്യമാകും അത്. ദാനം എന്നത് നമ്മുടെ പാപങ്ങളെ കഴുകിക്കളയുന്നതും നമ്മിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതുമാണ്. ശരീരത്തിൽ നിന്ന് പുറത്തുപോയ മാലിന്യങ്ങൾ തിരികെ എടുക്കുന്നത് എത്രത്തോളം അറപ്പുണ്ടാക്കുന്നതാണോ അതുപോലെയാണ് നൽകിയ ദാനം തിരിച്ചെടുക്കുന്നതും.

    നൽകിയ ദാനം തിരിച്ചെടുക്കുന്നവനെ "ഛർദ്ദിച്ച ശേഷം അത് വീണ്ടും ഭക്ഷിക്കുന്ന നായയോടാണ്" നബി صلى الله عليه وسلم ഉപമിച്ചത്. മൃഗങ്ങളിൽ ഏറ്റവും നികൃഷ്ടമായ ഒന്നായി നായയെയും, അതിന്‍റെ ഏറ്റവും വൃത്തികെട്ട അവസ്ഥയായി ഛർദ്ദി ഭക്ഷിക്കുന്നതിനെയും ചിത്രീകരിച്ചതിലൂടെ ഈ പ്രവൃത്തി എത്രമാത്രം വെറുക്കപ്പെട്ടതാണെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുകയാണ് അവിടുന്ന് ചെയ്തത്.

    ചുരുക്കത്തിൽ, അല്ലാഹുവിന് വേണ്ടി നൽകിയ ഒരു കാര്യം പിന്നീട് ഏതെങ്കിലും തരത്തിൽ (വിലയ്ക്ക് വാങ്ങിയാണെങ്കിൽ പോലും) സ്വന്തമാക്കാൻ ശ്രമിക്കുന്നത് വിശ്വാസിയുടെ മാന്യതക്ക് ചേർന്നതല്ല.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഒരാൾക്ക് ദാനമായി നൽകിയ വസ്തു അയാൾ വിൽക്കാൻ ആഗ്രഹിച്ചാൽ പോലും അത് തിരിച്ചുവാങ്ങുന്നത് ഉചിതമല്ല. അത് നൽകിയ വ്യക്തി തന്നെ അത് വാങ്ങുന്നത് ദാനത്തിന്‍റെ മാന്യതക്ക് നിരക്കാത്തതാണ്. അത് സമ്മാനമായോ വിലക്ക് വാങ്ങിയോ സ്വന്തമാക്കുന്നത് ഇസ്‌ലാം കർശനമായി വിലക്കുന്നു.

2- അല്ലാഹുവിന്‍റെ മാർഗ്ഗത്തിലുള്ള പോരാട്ടത്തിന് വേണ്ടി സഹായിക്കുന്നത് ഏറ്റവും ഉത്തമമായ ദാനങ്ങളിൽ ഒന്നാണ്. നബി صلى الله عليه وسلم ഈ ഹദീസിൽ അതിനെ 'സ്വദഖ' എന്ന് തന്നെയാണ് വിശേഷിപ്പിച്ചത്.

3- ഉമർ رضي الله عنه ആ കുതിരയെ ആ മുജാഹിദിന് നൽകിയത് പൂർണ്ണമായ ഉടമസ്ഥാവകാശത്തോടെയാണ് (വഖ്ഫ് ആയിട്ടല്ല). അതുകൊണ്ടാണ് ആ വ്യക്തിക്ക് അത് വിൽക്കാൻ അനുവാദം ലഭിച്ചത്.

4- അല്ലാഹുവിന് വേണ്ടി നൽകിയ ഒരു വസ്തുവിൽ പിന്നീട് മനസ്സ് ഉടക്കി നിൽക്കാൻ പാടില്ല. അത് തിരിച്ചുവാങ്ങാൻ ശ്രമിക്കുന്നത് ആ വസ്തുവിനോടുള്ള മാനസികമായ അടുപ്പത്തെയാണ് കാണിക്കുന്നത്.

5- വാങ്ങുന്ന ആൾ തന്നെയാണ് അത് ദാനമായി നൽകിയതെന്ന് അറിയുമ്പോൾ വിൽക്കുന്നയാൾ വില കുറച്ചു നൽകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ ദാനം ചെയ്തതിൽ ഒരു ഭാഗം വിലക്കുറവിലൂടെ തനിക്ക് തന്നെ തിരികെ ലഭിക്കുന്ന അവസ്ഥയുണ്ടാകും. ഇത് ഒഴിവാക്കാനാണ് നബി صلى الله عليه وسلم കർശനമായി വിലക്കിയത്.

6- ദാനം തിരിച്ചുവാങ്ങുന്നതിനെ സ്വന്തം ഛർദ്ദി ഭക്ഷിക്കുന്ന നായയോടാണ് നബി صلى الله عليه وسلم ഉപമിച്ചത്. ഒരു വിശ്വാസിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്തത്ര അറപ്പുളവാക്കുന്ന കാര്യമാണിതെന്ന് ബോധ്യപ്പെടുത്താനാണ് ഇത്തരം ഒരു ഉപമ ഉപയോഗിച്ചത്.

7- സംശയമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുൻപ് അറിവുള്ളവരോടും പണ്ഡിതന്മാരോടും ചോദിച്ചറിയണം എന്നതിന് ഉമർ رضي الله عنه മാതൃകയാകുന്നു. തനിക്ക് അത് വാങ്ങാൻ താൽപ്പര്യമുണ്ടായിരുന്നിട്ടും നബി صلى الله عليه وسلم യോട് ചോദിച്ച ശേഷമേ അദ്ദേഹം തീരുമാനമെടുത്തുള്ളൂ.

8- സ്വഹാബിമാര്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതും ഉത്തമാമായതുമായവ ആയിരുന്നു ദാനം നല്‍കിയിരുന്നത്. അതിനാലാണ് ആ കുതിര അവശതയുള്ള അവസ്ഥയില്‍ കണ്ടപ്പോള്‍ ഉമര്‍ رضي الله عنه വിന് പ്രയാസമായത്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...