عَنْ
أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ
الدِّينَ يُسْرٌ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ، فَسَدِّدُوا وَقَارِبُوا،
وَأَبْشِرُوا، وَاسْتَعِينُوا بِالْغَدْوَةِ وَالرَّوْحَةِ وَشَيْءٍ مِنَ الدُّلْجَةِ»- رواه البخاري:
39
അബൂഹുറൈറ رضي الله عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം മതം എളുപ്പമാണ്, ആരെങ്കിലും ഈ മതത്തെ കഠിനമായി അനുഷ്ടിച്ചാല്‍ അത് അവനെ പരാജയപ്പെടുത്തും. ആയതിനാല്‍ നിങ്ങള്‍ (കാര്യങ്ങള്‍) നേരാംവണ്ണം ചെയ്യുകയും (പൂര്‍ണതയോട്) അടുപ്പിക്കുകയും സന്തോഷവാര്‍ത്ത അറിയിക്കുകയും പ്രഭാതത്തിലും, പ്രദോക്ഷത്തിലും, രാത്രിയുടെ അന്ത്യ യാമത്തിലും (ആരാധനകള്‍ കൊണ്ട്) നിങ്ങള്‍ സഹായം അര്‍ത്ഥിക്കുകയും ചെയ്യുക.-ബുഖാരി: 39
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57
# മതവിഷയങ്ങളില്‍ അതിരു വിടാന്‍ പാടില്ല. കണിശത വേണം, പക്ഷേ അത് മതം പഠിപ്പിക്കാത്ത കാര്യങ്ങള്‍ കൊണ്ടോ മതവിരുദ്ധ കാര്യങ്ങള്‍ കൊണ്ടോ ആയിക്കൂടാ.
# ഒരാള്‍ മതവിഷയങ്ങളെ തനിക്ക് ചെയ്യാന്‍ സാധിക്കാത്ത വിധം ചെയ്യാന്‍ തുനിയലാണ് അത്. അങ്ങനെ ആരെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ അത് മുന്നോട്ട് കൊണ്ട് പോകാന്‍ അവനെ ക്കൊണ്ട് കഴിയില്ല.
# പല വിഷയങ്ങളിലും അതിരു വിട്ട സമീപനങ്ങള്‍ സ്വീകരിച്ച കുറച്ചാളുകള്‍ നമുക്ക് ചുറ്റുമുണ്ടായിരുന്നു, പക്ഷേ പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നത് വ്യക്തമാണ്. വസ്ത്രം പോലുള്ള വിവിധ വിഷയങ്ങളില്‍ അതിതീവ്രത കൈക്കൊണ്ടവര്‍ അവര്‍ വിമര്‍ശിച്ചത് തന്നെ പിന്നീട് ചെയ്ത് നടക്കേണ്ട അവസ്ഥ അവര്‍ക്ക് സംജാതമാവുകയാണുണ്ടായത്
# ഏറ്റവും എളുപ്പമായിട്ടുള്ള മതത്തെ സ്വന്തത്തിനും മറ്റുള്ളവര്‍ക്കും പ്രയാസകരമാക്കി അവതരിപ്പിച്ച് ചെയ്യുന്നത് മതം വിമര്‍ശിച്ച കാര്യമാണ്. മാത്രമല്ല ഇത്തരത്തില്‍ അതിരു വിടുന്ന ആളുകള്‍ നശിച്ചിരിക്കുന്നു എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുമുണ്ട്.
# നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ പത്നിമാരുടെ അടുക്കല്‍ വന്ന മൂന്നാളുകള്‍ മത വിഷയങ്ങള്‍ ചെയ്യാന്‍ മതം പഠിപ്പിക്കാത്ത വിധം പ്രതിജ്ഞ ചെയ്തതിനെയും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ എതിര്‍ത്തിട്ടുണ്ട്. എന്‍റെ സുന്നത്തിനെ വെറുക്കുന്നവര്‍ എന്നില്‍ പെട്ടവനല്ല എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അവരോട് പറഞ്ഞത്. ഇബാദത്തുകള്‍ ചെയ്യണം, പക്ഷേ അതില്‍ മിതത്വവും മതം പഠിപ്പിച്ച വഴികളും സ്വീകരിക്കണം.
# ഈ പറഞ്ഞതിന്‍റെയൊന്നും ഉദ്ദേശ്യം ആരാധനയുടെ പരിപൂര്‍ണ്ണത തേടല്‍ തടയുക എന്നതല്ല, ആരാധനകള്‍ പരിപൂര്‍ണ്ണമായി തന്നെ ചെയ്യണം, എന്നാല്‍ മടുപ്പിലേക്കം തുടര്‍ച്ച നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നതായ അതിരുവിടലിനെയാണ് ഇവിടെ വിമര്‍ശിക്കുന്നത്.
# ഒരു ഉദാഹരണം: ഒരാള്‍ രാത്രി നമസ്കാരം ധാരാളം സമയമെടുത്ത് ഭംഗിയായി നമസ്കരിക്കുന്നു, എന്നാല്‍ അവന്‍ രാത്രിയുടെ അവസാന സമയത്ത് ഉറങ്ങുകയും ഫജ്ര്‍ നമസ്കാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എങ്കില്‍ രാത്രി നമസ്കാരത്തില്‍ അവന്‍ ചെയ്തത് അതിരു വിടലാണ്, സ്ഥിരമായി ഇതാണ് അവന്‍റെ അവസ്ഥ എങ്കില്‍ മാത്രം. എപ്പോഴെങ്കിലും ഉറങ്ങിപ്പോയാല്‍ അത് ഇതില്‍ പെടില്ല.
# മതത്തില്‍ അതിരു കവിയുന്നതിനെ നിങ്ങള്‍ സൂക്ഷിക്കണം, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിക്കാന്‍ കാരണമായത് മതത്തില്‍ അതിരു വിട്ടതാണ് എന്നും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.
# നല്ല ഉണര്‍വ്വും ഉന്‍മേഷവും ഉള്ളപ്പോള്‍ നല്ലവണ്ണം ഇബാദത്തുകള്‍ ചെയ്യാം, എന്നാല്‍ മടുപ്പും ക്ഷീണവുമുള്ളപ്പോള്‍ വിശ്രമിക്കുകയാണ് വേണ്ടത് എന്ന് മതം പഠിപ്പിച്ചതില്‍ നിന്ന് ഈ വിഷയത്തിന്‍റെ പ്രാധാന്യം നമുക്ക് ബോധ്യമാകും.
# ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ പോലും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. മടുപ്പുള്ളപ്പോള്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നില്ല. അത് പോലെ ഫജ്ര്‍ നമസ്കാരത്തില്‍ വളരെയേറെ നീട്ടി നമസ്കരിച്ച ഒരാളെ കുറിച്ച് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ക്ക് പരാതി ലഭിച്ചപ്പോള്‍ ഇമാമിനെ ശക്തമായി താക്കീത് ചെയ്തതും ഹദീസില്‍ കാണാം.

No comments:
Post a Comment