عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ صَلَّى
اللهُ عَلَيْهِ وَسَلَّمَ قَالَ: «بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ وَجَدَ غُصْنَ
شَوْكٍ عَلَى الطَّرِيقِ فَأَخَّرَهُ، فَشَكَرَ اللَّهُ لَهُ فَغَفَرَ لَهُ»- متفق
عليه
അബൂ ഹുറൈറ رضي الله عنه നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാള്‍ ഒരു വഴിയിലൂടെ നടന്ന് പോകുമ്പോള്‍ വഴിയില്‍ ഒരു മുള്ളുള്ള മരക്കൊമ്പ് കണ്ടു, അപ്പോള്‍ അദ്ദേഹം അത് മാറ്റിയിട്ടു. അനന്തരം അല്ലാഹു അദ്ദേഹത്തിനോട് നന്ദി കാണിക്കുകയും അവന് പൊറുത്ത് കൊടുക്കുകയും ചെയ്തു. (ബുഖാരി, മുസ്ലിം)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
# ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബൂഹുറൈറ رضي الله عنه.
# വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കല്‍ വളരെ പുണ്യമുള്ള കാര്യമാണ്. അത് വിശ്വാസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കാര്യമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
# വഴിയിലും, റോഡ് സൈഡുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഈ കാലത്ത് നാം പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ട പ്രവാചകാധ്യാപനമാണിത്.
# ഒരാള്‍ നടന്ന് പോകുമ്പോള്‍ വഴിയില്‍ മുള്ളുള്ള ഒരു മരക്കൊമ്പ് കണ്ടപ്പോള്‍ അത് വഴിയില്‍ നിന്നും മാറ്റിയിട്ടതിന്‍റെ പേരില്‍ അല്ലാഹു അദ്ദേഹത്തിനോട് നന്ദി കാണിക്കുകയും പൊറുത്ത് കൊടുക്കുകയും ചെയ്തു എന്നാണ് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്.
# ജനങ്ങള്‍ക്ക് ഉപദ്രവമാകുന്ന വിധത്തില്‍ വഴിയില്‍ ഉണ്ടായിരുന്ന ഒരു മരം മുറിച്ചതിന്‍റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍ അനുഭൂതികള്‍ ആസ്വദിക്കുന്ന ഒരാളെ ഞാന്‍ കണ്ടു എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.
# ഈ ഒരു പാഠം നാം സമൂഹത്തിന് പകര്‍ന്ന് നല്‍കണം. ആര്‍ക്കും ഉപദ്രവമുണ്ടാകാത്ത നിലയില്‍ വഴികളേയും റോഡുകളേയും സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്.
# അല്ലാഹു നന്ദി കാണിക്കുക എന്ന് പറഞ്ഞതില്‍ നിന്ന് അതിന്‍റെ പ്രാധാന്യം നമുക്ക് വേഗം ബോധ്യപ്പെടും. അല്ലാഹുവിന് തൃപ്തിയുണ്ടാക്കുന്ന വിഷയമാണ് വഴിയില്‍ നിന്ന് മാലിന്യം നീക്കം ചെയ്യല്‍.
# മാത്രമല്ല അത് മുഖേന പാപങ്ങള്‍ പൊറുക്കപ്പെടുകയും സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാവുകയും ചെയ്യും.
# വഴിയില്ലാത്തവര്‍ക്ക് വഴി നല്‍കലും, സൗകര്യപ്പെടുത്തി കൊടുക്കലുമെല്ലാം ഇതിന്‍റെ ആശയത്തില്‍ ഉള്‍പ്പെടും.

No comments:
Post a Comment