عَنْ
عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ ، يَقُولُ: كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ
يَخْلُقَ السَّمَاوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، قَالَ: وَعَرْشُهُ عَلَى
الْمَاءِ.- رواه مسلم: 6842
അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ് رضي الله عنه പറഞ്ഞു: റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയുന്നതായി ഞാന്‍ കേട്ടു: ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ അല്ലാഹു സൃഷ്ടികളുടെ കണക്കുകള്‍ (ക്വദറുകള്‍) എഴുതി വെച്ചു.- മുസ്ലിം: 6842
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുല്ലാഹി ബ്നു അംറു ബ്നുല്‍ ആസ്വ് അസ്സഹ്മി അല്‍ക്വുറശി, മരണം ഹിജ്റ: 63.
# സൃഷ്ടികളുടെ വിധിനിര്‍ണ്ണയങ്ങള്‍ അവരെ സൃഷ്ടിക്കുന്നതിന് മുമ്പേ അല്ലാഹു രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. വിധി വിശ്വാസത്തില്‍ പെട്ട കാര്യമാണിത്. മുഴുവന്‍ മുസ്ലീംകളും ക്വദറില്‍ വിശ്വസിക്കണം എന്നത് അവര്‍ക്ക് നിര്‍ബന്ധമാണ്.
# അല്ലഹു പറയുന്നു:
(ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു). (അല്‍ഹദീദ്:22)
# ഈ പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ രേഖപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അവന്‍റെ അറിവോട് കൂടിയാണ്.
# ക്വദറിന്‍റെ ഘട്ടങ്ങള്‍ നാലെണ്ണമാണ്. ഇത് മനസ്സിലാക്കിയാല്‍ ക്വദറിലുള്ള കുറേ സംശയങ്ങള്‍ക്ക് പരിഹാരമാകും. അവ:
ഒന്ന്: ജ്ഞാനം (العلم)
രണ്ട്:രേഖപ്പെടുത്തല്‍ (الكتابة)
മൂന്ന്: ഉദ്ദേശം (المشيئة)
നാല്: സഷ്ടിപ്പ് (الخلق)
# ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല കാര്യങ്ങളെ കുറിച്ചും അറിവുള്ളവനാണ് അല്ലാഹു.
# ഓരോ വസ്തുക്കളേയും സൃഷ്ടിക്കുന്നതിന് മുമ്പേ അല്ലാഹുവിന് ആ കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ട്. ആ അറിവ് അനുസരിച്ചാണ് ഓരോ വസ്തുവിനെ കുറിച്ചും അല്ലാഹു എഴുതിവെച്ചത്. വഴിപിഴക്കുന്ന ആളുകള്‍; അവര്‍ വഴി തെറ്റിയ ജീവിതമാണ് നയിക്കുക എന്ന് അല്ലാഹുവിന് മുന്നേ തന്നെയുള്ള അറിവുണ്ട്. അതവന്‍ എഴുതി വെച്ചിരിക്കുന്നു. അന്യായമായി ആരെയും വഴി തെറ്റിക്കുക എന്നത് അല്ലാഹു ചെയ്യുന്നില്ല.
# അല്ലാഹുവിന്‍റെ അറിവിന്‍റെ അടിസ്ഥാനത്തില്‍ ഓരോന്നിനെ കുറിച്ചും അല്ലാഹു ലൗഹുല്‍ മഹ്ഫൂദ്വില്‍ രേഖപ്പെടുത്തി വെച്ചു. ഈ കാര്യമാണ് ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വര്‍ഷം മുമ്പ് എഴുതി വെച്ചു എന്ന് പറഞ്ഞത്. ഈ എഴുതി വെച്ച കാര്യങ്ങള്‍ അല്ലാഹു ഉദ്ദേശിക്കുന്നതിനനുസരിച്ച് അല്ലാഹു നടപ്പില്‍ വരുത്തുന്നു. അല്ലാഹു ഉദ്ദേശിക്കുന്നത് ലോകത്ത് സംഭവിക്കും, അല്ലാഹു ഉദ്ദേശിക്കാത്തത് സംഭവിക്കില്ല. സൃഷ്ടിപ്പ് എന്ന ഘട്ടം ഇതിലെ നാലമത്തേതാണ്.
# നമുക്ക് സംഭവിക്കുന്ന ഏത് കാര്യവും, അത് നന്‍മയാണെങ്കിലും, തിന്‍മയാണെങ്കിലും അല്ലാഹുവിന്‍റെ വിധിയനുസരിച്ച് മാത്രമാണെന്ന് ആശ്വസിക്കാന്‍ നമുക്ക് സാധിക്കണം.

No comments:
Post a Comment