عَنْ
أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «حُجِبَتِ
النَّارُ بِالشَّهَوَاتِ، وَحُجِبَتِ الجَنَّةُ بِالْمَكَارِهِ»- رواه البخاري:
6487
അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നരകം ദേഹേച്ഛകള്‍ കൊണ്ടും, സ്വര്‍ഗ്ഗം വെറുപ്പായ കാര്യങ്ങള്‍ കൊണ്ടും മറയിടപ്പെട്ടിരിക്കുന്നു.- ബുഖാരി: 6478.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57
# ദേഹേച്ചകള്‍ നരകത്തിലേക്കുള്ള വാതിലാണ്, ആരെങ്കിലും മദ്യപാനം, പലിശ, വ്യഭിചാരത്തിന്‍റെ വിവിധ ഇനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ ചെയ്താല്‍ അവന്‍ നരകത്തില്‍ പതിക്കും. എന്നാല്‍ ആ കാര്യങ്ങളില്‍ നിന്ന് മനസ്സിനെ തടഞ്ഞ് നിര്‍ത്തി അവ ഉപേക്ഷിച്ചാല്‍ നരകത്തിന്‍റെ മറ നീക്കപ്പെടാതെ അതില്‍ നിന്നും രക്ഷപ്പെടും.
# അല്ലാഹുവിനെയും റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യേയും അനുസരിക്കാതെ ധിക്കാരം നിറഞ്ഞ ജീവിതമാണ് നയിക്കുന്നതെങ്കില്‍ സ്വര്‍ഗ്ഗത്തിന്‍റെ മറ നീക്കാന്‍ കഴിയില്ല. മനസ്സിന് വെറുപ്പും, അകല്‍ച്ചയും തോന്നുന്നതായ എല്ലാ സല്‍ക്കര്‍മങ്ങളും ചെയ്ത് കൊണ്ട് മുന്നേറിയാല്‍ ആ മറക്കപ്പുറത്തുള്ള സ്വര്‍ഗ്ഗത്തിലെത്താം.
# നരകത്തിന്‍റെ മറയായ ദേഹേച്ഛകള്‍/തിന്‍മകള്‍ ചെയ്യാതെയും സ്വര്‍ഗത്തിന്‍റെ മറയായ സല്‍കര്‍മങ്ങള്‍ ചെയ്ത് കൊണ്ടുമാണ് മനുഷ്യന്‍ ജീവിക്കേണ്ടത്.
# (ശഹവാത്ത്) (ദേഹേച്ചകള്‍) എന്നാല്‍ മനസ്സിന് ഇഷ്ടപ്പെടുന്നതായ വിവിധ തിന്‍മകളാണ്. അവ ചെയ്യുമ്പോള്‍ അവന്‍ നരകത്തിലേക്കുള്ള മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കുകയാണ്. അങ്ങനെ അവന്‍ നരകത്തിലേക്ക് പതിക്കും.
# അഞ്ച് നേരത്തെ നമസ്കാരം, റമദ്വാനിലെ നോമ്പ്, സകാത്ത്, ഹജ്ജ്, മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കല്‍, ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കല്‍ തുടങ്ങി മനസ്സിന് ചെയ്യാന്‍ മടിയുണ്ടാവുന്ന കാര്യങ്ങള്‍ ചെയ്താല്‍ സ്വര്‍ഗ്ഗത്തിലേക്കെത്താനുള്ള തടസ്സങ്ങള്‍ നീക്കാന്‍ അവന് കഴിയും. അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.
# ദേഹേച്ഛകളെ പിന്തുടരുന്നത് സൂക്ഷിക്കാന്‍ വിശുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:
(എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്). (മര്‍യം:59)
(തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും). (സ്വാദ്:26).
# മുത്തക്വികളുടെ വിശേഷണമായി ക്വുര്‍ആന്‍ അറിയിക്കുന്നത് അവര്‍ പൊതുവെ മനസിന് വെറുപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളായ സല്‍കര്‍മങ്ങളില്‍ മുന്നേറുന്നവരായിരുന്നു എന്ന് കാണാം. അല്ലാഹു പറയുന്നു:
(രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. * രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. * അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും). അഥവാ അവര്‍ നല്ല കാര്യങ്ങളില്‍ അധ്വാനിക്കുന്നവരായിരുന്നു.

No comments:
Post a Comment