ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 75 دروس الحديث - സൂറത്തുല്‍ ബക്വറയുടെ മഹത്വം

 


عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ، إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ- صحيح مسلم: 1774

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളെ ശ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുല്‍ ബക്വറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്ന് പിശാച് ഓടി അകന്ന് പോകും- മുസ്ലിം: 1774


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57 


#      വിശുദ്ധ ക്വുര്‍ആന്‍ പാരായണവുമായി ബന്ധപ്പെട്ട ഹദീസാണ് ഇത്. ഒരു വിശ്വാസിക്ക് ക്വുര്‍ആനുമായി നിരന്തര ബന്ധം ഉണ്ടായിരിക്കണം. എല്ലാ ദിവസവും ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന സാഹചര്യം അവന്‍ ഉണ്ടാക്കിയിരിക്കണം.


#      ഭവനങ്ങളില്‍ ക്വുര്‍ആന്‍ പാരയണം ചെയ്യുന്നതിനെ ആണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. വീടുകളില്‍ വിശുദ്ധ ക്വുര്‍ആന്‍ പാരായണം എന്നും നിലനില്‍ക്കണം. വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെടാത്ത വീടുകള്‍ ക്വബ്റിടങ്ങള്‍ പോലെയാണ് എന്നാണ് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചത്.


#      ക്വബ്റിടങ്ങളില്‍ ക്വുര്‍ആന്‍ പാരായണം പാടില്ല എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.


#      അല്ലാഹുവിനെ സ്മരിക്കാതിരിക്കാതെയും, ആരാധനകള്‍ നിര്‍വ്വഹിക്കാതെയും, ക്വുര്‍ആന്‍ പാരായണം നടത്താതെയും കഴിയുന്നവര്‍ മയ്യിത്തിനെ പോലെയാണ്.


#      നിങ്ങളുടെ സുന്നത്ത് നമസ്കാരങ്ങള്‍ വീടുകളില്‍ വെച്ചാക്കുക, അതിനെ നിങ്ങള്‍ ക്വബ്റുകളാക്കരുത് എന്നും മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്. അഥവാ നമസ്കാരത്തിനും, സുജൂദിനും ഉള്ള സ്ഥലമല്ല ക്വബ്റുകള്‍ എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിക്കുകയാണ്. വീടുകളെ ക്വബ്റിടങ്ങള്‍ പോലെയാക്കാതെ അവിടെ ആ സല്‍ക്കര്‍മങ്ങളൊക്കെയും ചെയ്യണമെന്നും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിക്കുന്നു.


#     വീടുകളെ ക്വബ്റിടങ്ങളാക്കരുത് എന്നതില്‍ അവിടെ മറവ് ചെയ്യാനും പാടില്ല എന്ന് കൂടെ മനസ്സിലാക്കാം. പണ്ഡിതന്‍മാര്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. നബിമാര്‍ എവിടെ മരിക്കുന്നോ അവിടെ മറമാടണം എന്നത് കൊണ്ടാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ക്വബ്ര്‍ ആഇശ رضي الله عنها യുടെ വീട്ടിലായത്. അബൂബക്കര്‍ رضي الله عنه, ഉമര്‍ رضي الله عنه എന്നിവരുടെ ക്വബ്റുകളും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ക്വബ്റിന്‍റെ അടുത്ത് ആക്കിയത് അവരുടെ കാര്യത്തില്‍ ജനങ്ങള്‍ അതിരു വിടുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ്.


#      ക്വബ്റിന്‍റെ അടുക്കല്‍ ക്വുര്‍ആന്‍ പാരായണം ചെയ്യലും അവിടെ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കലും ബിദ്അത്താണ്. അത് പിഴച്ച കക്ഷികള്‍ പില്‍ക്കാലത്ത് കടത്തിക്കൂട്ടിയ ആചാരങ്ങളാണ്.


#      സൂറതുല്‍ ബക്വറയുടെ മഹത്വം ഈ ഹദീസ് അറിയിക്കുന്നു. സൂറതുല്‍ ബക്വറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്ന് പിശാച് ഓടി അകന്ന് പോകും എന്നാണ് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിക്കുന്നത്. ആയതിനാല്‍ പിശാചില്‍ നിന്നുള്ള സംരക്ഷണം വീടുകളില്‍ ഉറപ്പാക്കാന്‍ നമുക്കാവണം.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...