عَنْ أَبِي هُرَيْرَةَ، قَالَ:
كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَسِيرُ فِي طَرِيقِ مَكَّةَ
فَمَرَّ عَلَى جَبَلٍ يُقَالُ لَهُ جُمْدَانُ، فَقَالَ: سِيرُوا هَذَا جُمْدَانُ سَبَقَ
الْمُفَرِّدُونَ قَالُوا: وَمَا الْمُفَرِّدُونَ؟ يَا رَسُولَ اللهِ، قَالَ: الذَّاكِرُونَ
اللَّهَ كَثِيرًا، وَالذَّاكِرَاتُ- رواه مسلم: 6905
അബൂഹുറൈറ رضي الله عنه പറഞ്ഞു: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ മക്കയിലെ ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു, അപ്പോള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ജുംദാന്‍ എന്ന് പറയപ്പെടുന്ന ഒരു കുന്നിനടുത്ത് കൂടെ നടന്നു, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നടക്കൂ..ഇത് ജുംദാന്‍ ആണ്, മുഫരിദുകള്‍ മുന്‍ കടന്നിരിക്കുന്നു. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. ആരാണ് മുഫരിദുകള്‍? റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്‍മാരും സ്ത്രീകളുമാണവര്‍. (മുസ്ലിം:6905)
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57
# അല്ലാഹുവിനെ സ്മരിക്കല്‍ സഷ്ടികള്‍ക്ക് ബാധ്യതയാണ്, അവര്‍ അല്ലാഹുവിനെ ഓര്‍ത്താല്‍ അല്ലാഹു അവരെയും ഓര്‍ക്കും (അല്‍ബക്വറ:152). അല്ലാഹുവിനെ ഓര്‍ക്കാത്ത ആളുകള്‍ അവരെ സ്വന്തത്തെ തന്നെയാണ് മറന്നിരിക്കുന്നത് എന്ന് അല്ലാഹു പറയുന്നു:
(അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍). (ഹശ്ര്‍:19).
# മുഫരിദുകള്‍ മുന്‍കടന്നിരിക്കുന്നു, മുഫരിദ് എന്നാല്‍ ജനങ്ങളില്‍ നിന്ന് ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഓര്‍ത്ത് കൊണ്ടിരിക്കുന്നവര്‍ അഥവാ ആരാധനകളില്‍ മുഴുകിയ ആളുകള്‍ എന്നാണര്‍ത്ഥം.
# അല്ലാഹുവിനെ എല്ലായ്പ്പോഴും ധാരാളമായി ഓര്‍ത്ത് കൊണ്ടിരിക്കുന്ന ആളുകളാണവര്‍. അതിലൂടെ അവര്‍ അല്ലാഹുവിലേക്കുള്ള അടുപ്പവും പ്രതിഫലവും കാംക്ഷിക്കുന്നു.
# അല്ലാഹുവിനെ സ്മരിക്കുക എന്നാല്‍ നാവും, ഹൃദയവും, ശരീരാവയവങ്ങളും കൊണ്ട് അല്ലാഹുവിനെ ഓര്‍ക്കാന്‍ സഹായകമാകുന്ന എല്ലാ നല്ല കാര്യങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നു. ദിക്റുകള്‍ ഉരുവിടലും, ക്വുര്‍ആന്‍ പാരായണവും, പ്രാര്‍ത്ഥനയും, അല്ലാഹുവിന്‍റെ കഴിവ് കെല്‍പുകളില്‍ ചിന്തിക്കലും എല്ലാം അതില്‍ പെടും.
# ഈ ഹദീസില്‍ നിന്നുള്ള പ്രധാനപ്പെട്ട മൂന്ന് പ്രയോജനങ്ങള്‍:
1- ഒരാള്‍ അല്ലാഹുവുമായി നിരന്തര ബന്ധം ഉള്ളവനായിരിക്കണം. അങ്ങനെയുള്ളവരെ അല്ലാഹുവിന് ഇഷ്ടമാണ്.
2- അല്ലാഹുവിനെ സ്മരിക്കല്‍ മനസ്സമാധാനം ലഭിക്കാന്‍ കാരണമാകുന്ന പ്രധാന കാര്യങ്ങളില്‍ പെട്ടതാണ്. സ്രഷ്ടാവിനോടുള്ള അടുപ്പം കൊണ്ടല്ലാതെ മനസ്സിന് യഥാര്‍ത്ഥ സമാധാനം ലഭിക്കുകയില്ല.
3- അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന സ്ത്രീകളും പുരുഷന്‍മാരും കര്‍മങ്ങളില്‍ മുന്‍കടന്നവരാണെന്ന് ഈ ഹദീസിലൂടെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നു.
# ആയതിനാല്‍ അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ ഒരിക്കലും അശ്രദ്ധ പാടില്ല. അല്ലാഹു പറയുന്നു:
(വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്). (അഅ്റാഫ്:205).
# ജുംദാന്‍ മല: മക്കാ പ്രവിശ്യയിലെ ഖുലൈസ്വ് എന്ന സ്ഥലത്തിന്‍റെ പടിഞ്ഞാറ് അതിര്‍ത്തിയില്‍ തെക്ക് വടക്കായി നീണ്ട് കിടക്കുന്ന ഒരു മലയാണ് ജുംദാന്‍. ഈ മലക്കും മക്കക്കും ഇടയില്‍ ഏകദേശം 100 കിലോമീറ്റര്‍ ദൂരമുണ്ട്.


No comments:
Post a Comment