ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 91 دروس الحديث - മരണ ശേഷം കര്‍മങ്ങളേ കൂടെയുണ്ടാകൂ

 



عَنْ أَنَسَ بْن مَالِكٍ، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "يَتْبَعُ المَيِّتَ ثَلاَثَةٌ، فَيَرْجِعُ اثْنَانِ وَيَبْقَى مَعَهُ وَاحِدٌ: يَتْبَعُهُ أَهْلُهُ وَمَالُهُ وَعَمَلُهُ، فَيَرْجِعُ أَهْلُهُ وَمَالُهُ وَيَبْقَى عَمَلُهُ"- رواه البخاري ومسلم

അനസു ബ്നു മാലിക് رضي الله عنه നിവേദനം, റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: മയ്യിത്തിനെ മൂന്ന് കാര്യങ്ങള്‍ പിന്തുടരും, അതില്‍ രണ്ടെണ്ണം മടങ്ങുകയും ഒന്ന് മയ്യിത്തിന്‍റെ കൂടെ അവശേഷിക്കുകയും ചെയ്യും. അവന്‍റെ കുടുംബവും, സമ്പത്തും അവന്‍റെ കര്‍മങ്ങളും അവനെ പിന്തുടരും, അനന്തരം കുടുംബവും, സമ്പത്തും മടങ്ങുകയും അവന്‍റെ കര്‍മം (മാത്രം) അവശേഷിക്കുകയും ചെയ്യും.- ബുഖാരി, മുസ്ലിം 


 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അനസു ബ്നു മാലിക് അല്‍ അന്‍സ്വാരി അന്നജ്ജാരി.  മരണം ഹിജ്റ: 92


#      ഒരാള്‍ മരിച്ചാല്‍ അവന്‍റെ ക്വബ്റിനടുത്തേക്ക് മൂന്ന് കാര്യങ്ങള്‍ അനുഗമിക്കും, അവന്‍റെ മക്കളും, ബന്ധുക്കളുമടങ്ങിയ കുടുംബം, അവന്‍ നേടിയെടുത്ത സമ്പാദ്യങ്ങള്‍, നന്‍മയും തിന്‍മയുമായിട്ട് അവന്‍ ചെയ്ത് കൂട്ടിയ പ്രവര്‍ത്തനങ്ങള്‍. കുടുംബവും, സമ്പത്തും മടങ്ങിപ്പോകും, അവന്‍റെ കൂടെ അവന്‍റെ കര്‍മങ്ങള്‍ മാത്രം അവശേഷിക്കും.


#      അവന്‍റെ സമ്പത്ത് പിന്തുടരും എന്നതിനര്‍ത്ഥം അവന്‍റെ അടിമകള്‍, വാഹനം പോലെയുള്ള അവന്‍റെ സമ്പാദ്യങ്ങളില്‍ പെട്ടവ അവനെ അനുഗമിക്കും എന്നാണ്. അല്ലെങ്കില്‍ അവന്‍റെ ബാധ്യതകള്‍ തീര്‍ക്കാനുള്ള സമ്പത്തും ഇതില്‍ ഉള്‍പ്പെടാം.


#      ഇതൊരു ഓര്‍മപ്പെടുത്തലാണ്, ഈ ലോകത്ത് നാം കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുക്കുന്ന ഭൗതിക കാര്യങ്ങള്‍ മരണത്തോടെ നമുക്ക് നഷ്ടപ്പെടും, എന്നാല്‍ നാം ജീവിതത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മരണ ശേഷവും നമ്മോടൊപ്പമായിരിക്കും.


#      നമ്മൊടൊപ്പം കര്‍മങ്ങള്‍ മാത്രമാണുണ്ടാവുക എന്ന അറിയിപ്പിലൂടെ നാം മനസ്സിലാക്കേണ്ടത് നമ്മള്‍ക്ക് ബര്‍സഖീ ലോകത്തും പരലോകത്തും ഉപകാരപ്പെടുന്ന കര്‍മങ്ങള്‍ നമ്മുടെ അടുത്ത് വേണമെന്നതാണ്. സകല കര്‍മങ്ങളും നമുക്ക് ഉപകരിക്കില്ല, സല്‍കര്‍മങ്ങള്‍ മാത്രമേ അവിടെ ഉപകാരപ്രദമാവുകയുള്ളൂ.


#      അപ്പോള്‍ ശാശ്വതമായൊരു ലോകത്തിന് വേണ്ടി നമ്മള്‍ അധ്വാനിച്ചുണ്ടാക്കിയ പല ഭൗതിക കാര്യങ്ങളും ഉപകരിക്കില്ല എന്നത് വലിയൊരു ചിന്ത നമ്മളിലുണ്ടാക്കേണ്ടതാണ്, നമ്മുടെ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും നാം ചിലവഴിക്കുന്നത് കുടുംബത്തിനും, സമ്പത്തിനും വേണ്ടിയാണ്. പാരത്രിക ജീവിതത്തില്‍ ഉപകരിക്കാനുള്ള നന്‍മകള്‍ നേടിയെടുക്കാനുള്ള സമയം കണ്ടെത്തല്‍ നമ്മുടെ ജീവിതത്തില്‍ വളരെ കുറവാണ് എന്ന് മനസ്സിലാക്കാന്‍ നമുക്കാവണം.


#      ആയതിനാല്‍ നന്‍മകള്‍ക്കുള്ള പരിശ്രമങ്ങള്‍ നാം നന്നായി നടത്തണം. കുടംബത്തിനും സമ്പത്തിനും വേണ്ടി നാം നടത്തുന്ന പ്രയത്നങ്ങള്‍ പോലും നന്‍മകളാക്കി മാറ്റാന്‍ നമുക്ക് സാധിച്ചാല്‍ പാരത്രിക ജീവിതം ധന്യമാക്കാന്‍ നമുക്കാവും. 


(നീ ദുന്‍യാവില്‍ താമസിക്കുന്നതിനനുസരിച്ച് അതിന് വേണ്ടി പ്രവര്‍ത്തിക്കുക, അത് പോലെ പരലോകത്തില്‍ നീ താമസിക്കുന്നതിനനുസരിച്ച് അതിന് വേണ്ടിയും പ്രവര്‍ത്തിക്കുക) എന്ന് നമ്മുടെ പൂര്‍വ്വികര്‍ പറയാറുണ്ടായിരുന്നു. ഇഹലോകം നശ്വരവും പരലോകം ശാശ്വതവുമാണ് എന്ന ഓര്‍മപ്പെടുത്തലാണ് അതിലുള്ളത്. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...