ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 74 دروس الحديث - പാപങ്ങള്‍ മായ്ക്കുന്ന കാര്യങ്ങള്‍

 



عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا، وَيَرْفَعُ بِهِ الدَّرَجَاتِ؟ قَالُوا بَلَى يَا رَسُولَ اللهِ، قَالَ: إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ، وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ، وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ ، فَذَلِكُمُ الرِّبَاطُ- رواه مسلم: 508

അബൂ ഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞു: അല്ലാഹു പാപങ്ങള്‍ പൊറുത്ത് തരുന്നതും പദവികള്‍ ഉയര്‍ത്തിത്തരുന്നതുമായ ഒരു കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? അവര്‍ (സ്വഹാബികള്‍) പറഞ്ഞു: അതെ.. അല്ലാഹുവിന്‍റെ റസൂലേ.., റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞു: വെറുപ്പുള്ള സന്ദര്‍ഭങ്ങളില്‍ വുദ്വൂഅ് പരിപൂര്‍ണ്ണമാക്കല്‍, പള്ളികളിലേക്ക് കാലടികള്‍ വര്‍ദ്ധിപ്പിക്കല്‍, ഒരു നമസ്കാരത്തിന് ശേഷം മറ്റൊരു നമസ്കാരം പ്രതീക്ഷിച്ചിരിക്കല്‍ എന്നിവയാണത്. അതില്‍ നിങ്ങള്‍ ജാഗരൂകരാവുക. - മുസ്ലിം:508


 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57 


#      മനുഷ്യ ജീവിതത്തില്‍ പാപങ്ങള്‍ വരാന്‍ ഇടയുണ്ട്, എന്നാല്‍ ആ പാപങ്ങള്‍ മായ്ക്കപ്പെടാനുള്ള വഴികള്‍ അവന്‍ കണ്ടെത്തണം. അതിന് സഹായകമാകുന്ന ചില കാര്യങ്ങളാണ് ഈ ഹദീസിലുള്ളത്.


#      നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അനുയായികളെ ഇടക്കിടക്ക് ഉപദേശിക്കുകയും അവര്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു.


#       നല്ല ശൈലിയില്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടാവുന്ന വിധത്തിലായിരുന്നു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അവരെ അഭിസംബോധന ചെയ്തിരുന്നത്.


#      ചില കാര്യങ്ങള്‍ ചെയ്താല്‍ മനുഷ്യന്‍ ചെയ്ത് കൂട്ടിയ പാപങ്ങള്‍ അല്ലാഹു മായ്ച്ച് തരികയും അവന്‍റെ പദവികള്‍ ഉയര്‍ത്തുകയും ചെയ്യും എന്നുമാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിക്കുന്നത്. ആ കാര്യങ്ങള്‍ അനവധിയാണ്. ഈ ഹദീസില്‍ പറയപ്പെട്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


1- മടുപ്പും വെറുപ്പുമുള്ള സന്ദര്‍ഭങ്ങളില്‍ വുദൂഅ് പരിപൂര്‍ണ്ണമാക്കി ചെയ്യല്‍.


വുദ്വൂഇന് വളരെയേറെ മഹത്വം ഇസ്ലാം പഠിപ്പിച്ച് തന്നിട്ടുണ്ട്. വുദ്വൂഅ് ചെയ്യുമ്പോള്‍ ഓരോ തുള്ളി വെള്ളത്തിലൂടെയും പാപങ്ങള്‍ കൊഴിഞ്ഞ് പോകും എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്. തിന്‍മകളെ കഴുകിക്കളയാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗമാണിത്. തണുപ്പ്, തിരക്ക് പോലെയുള്ള സന്ദര്‍ഭങ്ങളില്‍ വുദ്വൂഅ് ചെയ്യുന്നതില്‍ അശ്രദ്ധ വരാനിടയുണ്ട്. എല്ലായ്പ്പോഴും വുദ്വൂഅ് നന്നാക്കി ചെയ്യണം, പ്രത്യേകിച്ച് വെറുപ്പുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍. അപ്പോള്‍ അത് കൂടുതല്‍ പുണ്യമുള്ളതായി മാറും. 


2- പള്ളികളിലേക്ക് കാലടികള്‍ വര്‍ദ്ധിപ്പിക്കല്‍


വീട്ടില്‍ നിന്ന് വുദ്വൂഅ് ചെയ്ത് പള്ളികളിലേക്ക് നടക്കല്‍ വലിയ പുണ്യമായ കാര്യമാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഓരോ കാലടി വെക്കുമ്പോഴും അത് നന്‍മയായി മാറുകയാണ്. ഒരു കാലടി വെക്കുമ്പോള്‍ പാപങ്ങള്‍ കൊഴിയുകയും, അടുത്ത കാല്‍ വെക്കുമ്പോള്‍ പദവികള്‍ ഉയരുകയും ചെയ്യും എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്. 


3- ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരം പ്രതീക്ഷിക്കല്‍


നമസ്കാരം ഇസ്ലാമിലെ പ്രധാനപ്പെട്ട ആരാധനയാണ്, അത് സമയബന്ധിതമായി തന്നെ നിര്‍വ്വഹിക്കപ്പെടണം. ഒരാള്‍ ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അവന്‍റെ പാപങ്ങള്‍ അതിലൂടെ കൊഴിഞ്ഞ് പോവുകയും അവന്‍റെ പദവികള്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിന്‍റെ ഭവനങ്ങളിലേക്ക് കാലുകളെ ചലിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണ്.


فذلكم الرباط എന്നാല്‍ അല്ലാഹുവിന് ഇബാദത്തെടുക്കുന്ന കാര്യങ്ങളില്‍ മനസ്സിനെ തടഞ്ഞ് വെക്കുക, അഥവാ മറ്റു കാര്യങ്ങളിലേക്ക് വഴി മാറിപ്പോകാത്തിരിക്കാനും, കര്‍മങ്ങള്‍ പാഴായിപ്പോകാതിരിക്കാനുമുള്ള ജാഗ്രത കൈക്കൊള്ളുക എന്നാണ്.


#      എപ്പോഴെങ്കിലും ചെയ്യുക എന്ന രീതിയല്ല വേണ്ടത്, എല്ലായ്പ്പോഴും ചെയ്യുക എന്നതാണ്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...