ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 86 دروس الحديث - ദാനം ധനത്തെ കുറക്കില്ല... വിനയം ഉയര്‍ച്ചയുണ്ടാക്കും



عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ: مَا نَقَصَتْ صَدَقَةٌ مِنْ مَالٍ، وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ  إِلاَّ عِزًّا، وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ- رواه مسلم: 6684

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞു: ദാനം സമ്പത്തിനെ കുറക്കുകയില്ല, താഴ്മ കൊണ്ട് ഒരു അടിമക്ക് അന്തസ്സല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. അല്ലാഹുവിന്‍റെ കാര്യത്തില്‍ ആരെങ്കിലും വിനയം കാണിച്ചാല്‍ അല്ലാഹു അവനെ (ഉന്നതിയിലേക്ക്) ഉയര്‍ത്തും. - മുസ്ലിം: 6684


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57


ദാനം

#      മൂന്ന് ഉത്തമ സ്വഭാവ ഗുണങ്ങളെ കുറിച്ച് അറിയിക്കുന്ന ഹദീസ് ആണ് ഇത്.


#     ദാനത്തിലൂടെ അല്ലാഹു സമ്പത്ത് വര്‍ദ്ധിപ്പിക്കും. അതിലൂടെ അല്ലാഹു അവന്‍റെ ബറകത്തുകള്‍ ഇറക്കുകയും അവന്‍റെ പക്കല്‍ നിന്നുള്ള മഹത്തായ ഔദാര്യം പകരം നല്‍കുകയും ചെയ്യും.


#      നല്ല മാര്‍ഗ്ഗത്തില്‍ സമ്പത്ത് ചിലവഴിച്ചവര്‍ക്കൊന്നും നഷ്ടം സംഭവിച്ചിട്ടില്ല. എന്നാല്‍ ദാനം നല്‍കാതെ കെട്ടിപ്പൂട്ടി വെക്കപ്പെട്ട സമ്പത്ത് അതിന്‍റെ ആളുകള്‍ക്ക് ഉപകരിക്കാതെ നഷ്ടമാകാറുമുണ്ട്.


#      നരകത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന കാര്യങ്ങളില്‍ പെട്ടതാണ് ദാനം, അതിന്‍റെ പ്രതിഫലം പരിപൂര്‍ണ്ണമായി അല്ലാഹു നല്‍കുന്നതാണെന്ന് അല്ലാഹു പറയുന്നു: 


(നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്‍റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല). (അന്‍ഫാല്‍:60).


#      ധാരാളം സമ്പത്തുണ്ടെങ്കിലും അതില്‍ ബറകത്ത് ഇല്ലെങ്കില്‍ അത് വേണ്ടവിധം പ്രയോജനകരമാവില്ല, സമ്പത്തില്‍ ബറകത്ത് ഉണ്ടാവാന്‍ കാരണമാണ് ദാനം.


#      സലഫുകളില്‍ പെട്ട ആളുകള്‍ ദരിദ്രരെ കാണുമ്പോള്‍ (ഞങ്ങളുടെ സമ്പത്ത് ഈ ലോക ഭവനത്തില്‍ നിന്ന് പരലോക ഭവനത്തിലേക്ക് വഹിക്കുന്നവര്‍ക്ക് സ്വാഗതം) എന്ന് പറയാറുണ്ടായിരുന്നു.


വിട്ടുവീഴ്ച

#      വിട്ടുവീഴ്ച്ചാ മനസ്സ് നല്ലൊരു ഗുണമാണ്. തന്നോട് മോശമായി പെരുമാറുന്നവര്‍ക്കും, ദ്രോഹിച്ചവര്‍ക്കും മാപ്പ് നല്‍കല്‍ ബലഹീനതയല്ല. ഒരാള്‍ വിട്ടുവീഴ്ച ശീലമാക്കിയാല്‍ അല്ലാഹു അവന് അന്തസ്സ് വര്‍ദ്ധിപ്പിക്കും എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞിരിക്കുന്നു.


#      വിട്ടുവീഴ്ചയിലൂടെ ഇഹലോകത്ത് അന്തസ്സും പരലോകത്ത് പ്രതിഫലവും വര്‍ദ്ധിക്കും.


#      വിട്ടുവീഴ്ച കാണിക്കാനും അവിവേകികളെ അവഗണിക്കാനും അല്ലാഹു കല്‍പിക്കുന്നു: 


(നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക). (അഅ്റാഫ്:199).


വിനയം

#      വിനയം കാണിക്കുന്നവര്‍ക്ക് അല്ലാഹു ഇഹലോകത്തും പരലോകത്തും പദവികള്‍ ഉയര്‍ത്തിക്കൊടുക്കും. അവന് ജീവിതത്തില്‍ ഔന്നിത്യം ലഭിക്കും.


#      അഹങ്കാരം ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. അഹങ്കരിച്ചവര്‍ക്കൊന്നും ദുന്‍യാവില്‍ സുഖം ഉണ്ടായിട്ടില്ല. എന്നാല്‍ വിനയത്തോടെ ജീവിച്ചവര്‍ക്ക് സമൂഹത്തില്‍ നിലയും വിലയും വര്‍ധിച്ചതായി നമുക്ക് കാണാന്‍ കഴിയും. 


#      വിനയം ഹൃദയത്തില്‍ നിന്ന് വരേണ്ടതും പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകേണ്ടതുമായ ഒരു സ്വഭാവമാണ്. വെറും പ്രകടനങ്ങളില്‍ മാത്രമുള്ള വിനയം കൊണ്ട് പ്രയോജനമില്ല.


ചില ആളുകള്‍ ദുര്‍ബലതയാല്‍ വിനയം കാണിക്കും, വേറെ ചിലര്‍ ലോകമാന്യത്തിന് വിനയം കാണിക്കും, വേറെ ചിലര്‍ അല്ലാഹുവിന്‍റെ പ്രതിഫലം ആഗ്രഹിച്ച് വിനയം കാണിക്കും. ഇതില്‍ പറഞ്ഞ മൂന്നാമത്തെ വിനയമാണ് ഹദീസില്‍ അറിയിക്കുന്നത്. അല്ലാഹുവിന് വേണ്ടിയുള്ള വിനയം കാണിക്കലാണ് പദവികള്‍ ഉയരാന്‍ കാരണമാകുന്നത്. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...