ഫോളോ ചെയ്യാം

Thursday, 19 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 63 دروس الحديث - അഞ്ച് ചോദ്യങ്ങള്‍, താങ്കള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും

 



عَنِ ابْنِ مَسْعُودٍ عَنِ النَّبِىِّ صلى الله عليه وسلم قَالَ لاَ تَزُولُ قَدَمَا ابْنِ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتَّى يُسْأَلَ عَنْ خَمْسٍ عَنْ عُمْرِهِ فِيمَا أَفْنَاهُ وَعَنْ شَبَابِهِ فِيمَا أَبْلاَهُ وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ وَمَاذَا عَمِلَ فِيمَا عَلِمَ- الترمذي:2416- صحيح

ഇബ്നു മസ്ഊദ് رضي الله عنه നിവേദനം, നബി صلى الله عليه وسلم പറഞ്ഞു:  അന്ത്യദിനത്തില്‍ അഞ്ച് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ റബ്ബിന്‍റെ അടുക്കല്‍ നിന്ന് മനുഷ്യന്‍റെ ഇരു പാദങ്ങളും മുന്നോട്ട് നീങ്ങുകയില്ല. അവന്‍റെ ആയുസ്സ് എന്തില്‍ നശിപ്പിച്ചു, അവന്‍റെ യുവത്വം എന്തില്‍ തീര്‍ത്തു കളഞ്ഞു, അവന്‍റെ സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു, അത് ഏതൊന്നില്‍ ചിലവഴിച്ചു, അറിഞ്ഞതനുസരിച്ച് അവന്‍ എന്ത് പ്രവര്‍ത്തിച്ചു എന്നിവയാണവ. (തിര്‍മിദി:2416)

 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: നദ്വ്ലത്തു ബ്നു ഉബൈദ് അബൂബര്‍സതുല്‍ അസ്ലമി  


# പരലോകത്ത് ശക്തമായ വിചാരണയുണ്ട് എന്ന് ഈ ഹദീസ് അറിയിക്കുന്നു.


# ആ വിചാരണയില്‍ വിജയിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നും ഹദീസ് നമ്മെ പഠിപ്പിക്കുന്നു.


# ഈ ജീവിതത്തില്‍ കഠിന പ്രയത്നം നടത്തിയാലേ അതില്‍ വിജയിക്കാന്‍ സാധ്യമാകൂ എന്ന് ഹദീസിന്‍റെ ആശയത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.


#  ഈ ഹദീസില്‍ പറയപ്പെട്ട നാല് കാര്യങ്ങളെ ഒരാള്‍ തന്‍റെ ജീവിതത്തില്‍ ഒരു ആത്മ വിചാരണക്ക് വിധേയമാക്കിയാല്‍ പരലോകത്തെ വിചാരണ എളുപ്പമാക്കാം, ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി കര്‍മത്തിലൂടെ കാണിക്കണമെന്ന് മാത്രം.


# ആത്മ വിചാരണ നല്ലതാണ്. ഓരോ കര്‍മത്തിലും അത് പ്രാവര്‍ത്തികമാക്കിയാല്‍ നമ്മുടെ കര്‍മങ്ങള്‍ നന്നാക്കാന്‍ അത് കാരണമാകും.


#  സലഫുകള്‍ സ്വയം വിചാരണ ചെയ്യുന്നതില്‍ വളരെ നിഷ്ട പുലര്‍ത്തിയിരുന്നവരായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. അവരുടെ ജീവിതം സംശുദ്ധവും, തക്വ്വയിലധിഷ്ടിതവും ആയിരുന്നിട്ട് കൂടി അവര്‍ പരലോക വിചാരണയെ അങ്ങേയറ്റം ഭയപ്പെട്ടിരുന്നു എന്നത് വ്യക്തമാണ്.


#  അഞ്ച്  കാര്യങ്ങളെ കുറിച്ചുള്ള ചോദ്യമാണ് ഇവിടെ അറിയിച്ചിട്ടുള്ളത്. ആ ചോദ്യങ്ങള്‍ മുഴുവന്‍ മനുഷ്യരും അഭിമുഖീകരിക്കേണ്ടി വരും.


#   വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ ഇതില്‍ പെടില്ല എന്ന് പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായമുണ്ട്.


#  ഒന്നാമത്തെ ചോദ്യം ആയുസ്സിനെ കുറിച്ചാണ്. അത് നമുക്ക് അല്ലാഹു തന്ന ഒരു സമ്മാനമാണ്. അത് ഏതൊക്കെ വിഷയത്തിലാണ് ചിലവഴിച്ചത് എന്ന ചോദ്യമാണത്. അല്ലാഹു പഠിപ്പിച്ച രൂപത്തില്‍ അതിനെ മുന്നോട്ട് കൊണ്ട് പോകണം. ഇല്ലെങ്കില്‍ ഖേദിക്കേണ്ടി വരും എന്ന് നാം മനസ്സിലാക്കി വെക്കുക.


#  രണ്ടാമത്തെ ചോദ്യം യുവത്വത്തെ കുറിച്ചാണ്. യുവത്വം ഒരു അനുഗ്രഹമാണ്. അതിന്‍റെ വില പല യുവാക്കളും അറിയുന്നില്ല എന്നതാണ് വാസ്തവം. യുവത്വത്തെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ പാഴാക്കുന്നവരാണ് കൂടുതലും എന്ന് നമുക്ക് കാണാം. എന്തായാലും യുവത്വമെന്ന ഘട്ടം അതിപ്രധാനമായത് കൊണ്ടാണ് അതിനെ എന്തില്‍ തീര്‍ത്തു എന്ന വിചാരണ നടത്തുന്നത്.


#  മൂന്നും നാലും ചോദ്യം സമ്പത്തിനെ കുറിച്ചാണ്. മനുഷ്യന്‍ എവിടുന്ന് സമ്പാദിക്കുന്നു, സമ്പത്ത് ഏതൊന്നില്‍ ചിലവഴിക്കുന്നു എന്നിവ. രണ്ടും വളരെ പ്രധാനപ്പെട്ടതാണ്.


#  നല്ല വഴികളിലൂടെയേ സമ്പത്ത് നേടിയെടൂക്കാവൂ.. അനര്‍ഹവും, അന്യായവുമായ വഴികളിലൂടെ സമ്പാദിച്ചാല്‍ അതിന്‍റെ അനന്തര ഫലം അവന്‍ അനുഭവിക്കേണ്ടി വരും.


#  അതേ പോലെ സമ്പത്ത് ചിലവഴിക്കുമ്പോഴും ഏറെ ശ്രദ്ധിക്കാനുണ്ട്. സകാത്ത് നല്‍കണം, നല്ല വഴിക്ക് ചിലവഴിക്കണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അതില്‍ പാലിക്കാനുണ്ട്. നിഷിദ്ധമായ മാര്‍ഗ്ഗങ്ങളില്‍ അത് ചിലവഴിച്ചാല്‍ ഇഹലോകത്തും പരലോകത്തും അവന് പ്രയാസങ്ങളായിരിക്കും.


#  അഞ്ചാമത്തെ ചോദ്യം അറിവിനെ കുറിച്ചാണ്. നേടിയ അറിവനുസരിച്ച് എന്തൊക്കെ ചെയ്തു എന്നതാണ് ചോദ്യം. ഒരു മുസ്ലിം അറിവുള്ളവനായിരിക്കണം, അറിവ് നേടാനുള്ള വഴികള്‍ അവന് ഏറെയാണ്. വിശുദ്ധ ക്വുര്‍ആനും ഹദീസുമാണ് അറിവിന്‍റെ ഉറവിടങ്ങള്‍. അവ പഠിക്കാനും മനസ്സിലാക്കാനും അവന് കഴിയണം. അങ്ങനെ മനസ്സിലാക്കിയതനുസരിച്ച് എന്തു ചെയ്തു എന്നാണ് വിചാരണയില്‍ ചോദിക്കപ്പെടുന്നത്. 


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...