ഫോളോ ചെയ്യാം

Friday, 27 December 2024

ദുറൂസുല്‍ ഹദീസ് - ഭാഗം 90 دروس الحديث - തശഹുദില്‍ ഇവ പ്രാര്‍ഥിക്കുക

 


عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ- رواه مسلم: 1263

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ തശഹുദ് (അത്തഹിയ്യാത്ത്) ചൊല്ലിയാല്‍ നാല് കാര്യങ്ങളെ തൊട്ട് അവന്‍ അല്ലാഹുവിനോട് രക്ഷ ചോദിക്കട്ടെ, അവന്‍ പറയണം: അല്ലാഹുവേ നിശ്ചയം ഞാന്‍ നരക ശിക്ഷയില്‍ നിന്നും, ക്വബ്റിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലേയും, മരണത്തിലേയും കുഴപ്പത്തില്‍ നിന്നും, മസീഹുദ്ദജ്ജാലിന്‍റെ ദ്രോഹത്തില്‍ നിന്നും നിന്നില്‍ ഞാന്‍ രക്ഷ തേടുന്നു. - മുസ്ലിം: 1263


 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

ഹദീസ് റിപ്പോര്‍ട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ര്‍ അദ്ദൗസി അല്‍യമാനി, മരണം ഹിജ്:57


#      നമസ്കാരത്തിലെ അവസാന ഇരുത്തത്തില്‍ അത്തഹിയ്യാത്തിന് ശേഷം ചൊല്ലേണ്ട പ്രാര്‍ത്ഥനയാണ് ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്.


#      നാല് കാര്യങ്ങളെ കുറിച്ച് അല്ലാഹുവിനോട് രക്ഷ ചോദിക്കാന്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കല്‍പിച്ചിരിക്കുന്നു. ക്വുര്‍ആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ സ്വഹാബികള്‍ക്ക് ഇത് പഠിപ്പിക്കുമായിരുന്നു എന്ന് ഹദീസിലുണ്ട്. ജീവിതത്തിലും മരണത്തിലും ഉണ്ടാകുന്ന സകല ഫിത്നകളില്‍ നിന്നുമുള്ള രക്ഷ ചോദിക്കലാണ് ഇതിലുള്ളത്.


#      ഇത് പ്രാര്‍ത്ഥിക്കുന്നതിന്‍റെ വിധിയില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇത് സുന്നത്താണെന്ന് പറയുന്നവരുണ്ട്, ഇത് വാജിബ് (നിര്‍ബന്ധം) ആണെന്ന് പറയുന്നവരും അവരിലുണ്ട്. ഭൂരിഭാഗം പണ്ഡിതരും ഇത് ചൊല്ലല്‍ സുന്നത്ത് ആണെന്ന അഭിപ്രായത്തിലാണ്. അതാണ് ശരി.


#      പൂര്‍വ്വികര്‍ ഈ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ നല്ല ശ്രദ്ധ പുലര്‍ത്തിയിരുന്നു, താഊസ് رحمه الله നമസ്കാരത്തില്‍ തന്‍റെ മകന്‍ ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാതിരുന്നപ്പോള്‍ മടക്കി നമസ്കരിക്കാന്‍ പറഞ്ഞിരുന്നു എന്ന് ഇമാം നവവി رحمه الله പറഞ്ഞിട്ടുണ്ട്. (ശര്‍ഹുന്നവവി:5/89)


#      ഈ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉഥൈമീന്‍ رحمه الله പറയുന്നത് കാണുക: ഈ നാല് കാര്യങ്ങളില്‍ നിന്നുള്ള രക്ഷ ചോദിക്കലില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്:


ഒന്നാമത്തെ അഭിപ്രായം: അത് നിര്‍ബന്ധമാണ്, ഇത് ഇമാം അഹ്മദില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ആണ്, താഴെ പറയുന്ന കാരണങ്ങളാലാണത്;


1- അതുമായി ബന്ധപ്പെട്ട് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ കല്‍പനയുള്ളത് കൊണ്ട്.


2- അതിന്‍റെ അപകടവും വലിപ്പവും കഠിനമായത് കൊണ്ട്.


രണ്ടാമത്തെ അഭിപ്രായം: അത് സുന്നത്താണ്. ഇതാണ് ഭൂരിഭാഗം പണ്ഡിതരും പറഞ്ഞത്.


അത് ഒഴിവാക്കല്‍ നല്ലതല്ല എന്നതില്‍ സംശയമില്ല, അത് (മനപ്പൂര്‍വ്വം)  ഒഴിവാക്കിയാല്‍ അവന്‍ രണ്ട് അപകടത്തിലാണ്:


1- അത് ഒഴിവാക്കല്‍ കുറ്റകരമാണ്.


2-അവന്‍റെ നമസ്കാരം ശരിയാവുകയില്ല, ഇതിനാലാണ് സലഫുകള്‍ ഇത് പ്രാര്‍ത്ഥിക്കാത്തവരോട് നമസ്കാരം മടക്കി നിര്‍വ്വഹിക്കാന്‍ പറഞ്ഞത്. (ശര്‍ഹുല്‍ മുംതിഅ്:3/199-200)


#  നരകം കുറ്റവാളികളുടെ ശിക്ഷയുടെ കേന്ദ്രമാണ്, അവിടത്തെ ശിക്ഷാമുറകളെ കുറിച്ച് ക്വുര്‍ആനിലും, ഹദീസുകളിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. നരകത്തില്‍ നിന്ന് എപ്പോഴും നാം രക്ഷ ചോദിക്കണം.


#  ക്വബ്ര്‍ ശിക്ഷയില്‍ നിന്നും രക്ഷ ചോദിക്കാന്‍ പഠിപ്പിച്ചിരിക്കുന്നു. ക്വബ്ര്‍ ശിക്ഷയെ നിഷേധിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഹദീസ്. എല്ലാ ദിവസങ്ങളിലും അതില്‍ നിന്ന് രക്ഷ ചോദിക്കണമെന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിക്കുന്നത്. അത് അത്രക്ക് ഭീകരമായത് കൊണ്ട് തന്നെയാണ്. ജീവിതത്തില്‍ തിന്‍മകള്‍ ചെയ്തവര്‍ക്ക് അവിടെ വിവിധങ്ങളായ ശിക്ഷകള്‍ ഉണ്ടായിരിക്കും.


#  മനുഷ്യന് ജീവിതത്തിലും മരണ വേളയിലും വിവിധ പരീക്ഷണങ്ങളെ നേരിടേണ്ടി വരും, കാലവിപത്തുകളും, മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാകുന്ന പരീക്ഷണങ്ങളും, മുസ്വീബത്തുകളും എല്ലാം ഇതില്‍ പെടും. തിന്‍മകളിലേക്കും ദേഹേച്ചകളിലേക്കും മനുഷ്യന്‍ ചെന്ന് പതിക്കുന്നത് ജീവിതത്തിലുണ്ടാകുന്ന വലിയ പരീക്ഷണമാണ്. ദുര്‍മരണമാണ് മനുഷ്യന് വരുന്നതെങ്കില്‍ അവന്‍റെ കാര്യം കഷ്ടമാണ്, അതില്‍ നിന്നുമെല്ലാം രക്ഷ ചോദിക്കല്‍ ഇതില്‍ പെടും.


#  ദജ്ജാലിന്‍റെ ഫിത്നകളെ കുറിച്ച് ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അന്ത്യദിനത്തിന്‍റെ മുന്നോടിയായി വരുന്ന വലിയ പ്രതിസന്ധിയും പരീക്ഷണവുമാണ് ദജ്ജാലിന്‍റെ കുഴപ്പങ്ങള്‍. അതില്‍ നിന്നും സദാ രക്ഷ ചോദിക്കാന്‍ മതം ആവശ്യപ്പെടുന്നു. 


#      അദം നബി عليه السلام നെ സൃഷ്ടിച്ചത് മുതല്‍ അന്ത്യദിനം വരേുക്കും ഭൂമിയില്‍ ഉണ്ടായ ഫിത്നകളില്‍ ഏറ്റവും ഭീകരമാണ് ദജ്ജാലിന്‍റെ കുഴപ്പങ്ങള്‍ എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.


#      അവന്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്ന മനുഷ്യനാണ്, അവന്‍ ഒറ്റക്കണ്ണനാണ്. അവന്‍ ഇലാഹ് ആണെന്ന് വാദിക്കും. കപടന്‍മാരും അവിശ്വാസികളും അവനോട് കൂട്ടുകൂടും.


#      അവന്‍റെ വരവറിഞ്ഞാല്‍ അവനില്‍ നിന്ന് അകന്ന് പോകണമെന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്, കാരണം അവന്‍ ഉണ്ടാക്കുന്ന സംശയങ്ങളും, വിദ്യകളും കൊണ്ട് വഴിതെറ്റി അവനെ പിന്തുടരാനുള്ള സാഹചര്യമുണ്ട് എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നു. 


#      സൂറത്തുല്‍ കഹ്ഫിന്‍റെ ആദ്യത്തെ പത്ത് ആയത്തുകള്‍ ആരെങ്കിലും മനഃപ്പാഠമാക്കിയാല്‍ അവന് ദജ്ജാലില്‍ നിന്നുള്ള സുരക്ഷയുണ്ട് എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.


എല്ലാ ദിവസവും അഞ്ച് നേരം ഈ നാല് കാര്യങ്ങളില്‍ നിന്ന് രക്ഷ ചോദിക്കാന്‍ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ നമ്മെ പഠിപ്പിക്കുന്നതില്‍ നിന്ന് അതിന്‍റെ ഗൗരവം നാം മനസ്സിലാക്കണം.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...